ഒരു ശിരുവാണി കനവ് – Travel by laljose & Team

By Admin

“ദിയേ ജല്‍തേഹേ…
ഫൂല്‍ ഖില്‍തേഹേ…
ബഡി മുശ്കില്‍ സേ മഗര്‍
ദുനിയാ മേം ദോസ്ത് മില്‍തേ ഹേ…”

“ദീപങ്ങള്‍ തെളിയുന്നു… പൂക്കള്‍ വിരിയുന്നു
പക്ഷേ, ഏറെ ബുദ്ധിമുട്ടിയേ ലോകത്ത് നല്ല സൌഹൃദങ്ങള്‍ ലഭിക്കുകയുള്ളൂ…”

ടാറ്റയുടെ ഏറ്റവും പുതിയ വാഹനമായ ആര്യയുടെ ഉയര്‍ത്തിവെച്ച ചില്ലില്‍ ഈ ഗാനത്തിനൊപ്പിച്ച് മേഘങ്ങളില്‍ നിന്നു പരാഗരേണുക്കള്‍ പോലെ മഴയുടെ സൂചിമുനകള്‍ വന്നു പതിച്ചുകൊണ്ടിരുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസിന്റെ പ്രശസ്തമായ ഒഴുക്കന്‍ ശബ്ദത്തില്‍ ഒഴുകുകയാണ് ഈ ഗാനം. ഇത് ശിരുവാണി യാത്രയുടെ വെല്‍ക്കം സോങ്. ലാല്‍ ജോസിന് സൌഹൃദങ്ങളില്ലാത്ത യാത്രകള്‍ സങ്കല്‍പിക്കാനേയാകില്ല, യാത്രകളില്ലാതെ സൌഹൃദങ്ങളും.
പുതിയ ലാല്‍ ജോസ് ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടി തിയറ്ററില്‍ അന്‍പതു ദിനം പിന്നിടുന്നതിലുള്ള ആഘോഷക്കമ്മറ്റിയില്‍ പിറന്ന യാത്രയാണിത്. തിരക്കഥാകൃത്ത് സിന്ധുരാജ്, അസോസിയേറ്റ് ഡയറക്ടര്‍ ആനൂപ് കണ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസ്, ആര്‍ട്ട് അസിസ്റന്റ് മണി എന്നിവര്‍ ചേര്‍ന്ന് കൂട്ടിയും കിഴിച്ചും പ്ളാന്‍ ചെയ്ത യാത്ര. അമ്പത് മില്യണ്‍ വര്‍ഷങ്ങള്‍ക്കു ശേഷവും കാലത്തെ തൊടാന്‍ സമ്മതിക്കാതെ മാറ്റി നിര്‍ത്തിയിരിക്കുന്ന വനസ്ഥലിയാണ് ശിരുവാണി. പാലക്കാട്ടെ മണ്ണാര്‍ക്കാടിന് 47 കിലോമീറ്റര്‍ വടക്കു മാറി പശ്ചിമഘട്ടത്തോടു ചേര്‍ന്നുള്ള ആ പച്ചപ്പിന്റെ കൂടാരത്തില്‍ സൌഹൃദം കൂടുകയാണ് സംഘത്തിന്റെ ലക്ഷ്യം.
ശിരുവാണി നാണക്കാരിയായ കൌമാരക്കാരിയെപ്പോലെയാണ്. അത്ര പെട്ടെന്ന് മുഖം തരാത്ത പ്രകൃതം. യാത്ര പ്ളാന്‍ ചെയ്യുമ്പോള്‍ മുതലേ നാണക്കാരി ഇടയ്ക്കിടെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ശിരുവാണിയില്‍ ലഭ്യമാകുന്ന ആകെയുള്ള താമസസൌകര്യം പട്ടിയാര്‍ ബംഗ്ളാവിലാണ്. ആയിരത്തിത്തൊളളായിരത്തിന്റെ ആദ്യപാദങ്ങളില്‍ ബ്രിട്ടീഷുകാര്‍ കാനനസൌന്ദര്യത്തിലേക്ക് തുറന്നുവെച്ച കണ്ണാണ് പട്ടിയാര്‍ ബംഗ്ളാവ്. പ്രകൃതിയ്ക്ക് മനുഷ്യന് ദാനം ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച്ച പട്ടിയാര്‍ ബംഗ്ളാവിനു മുന്നിലുണ്ട്. ഈ സൌന്ദര്യത്തെക്കുറിച്ച് യാത്രികരില്‍ നിന്ന് ഏറെ വര്‍ണിച്ചു കേട്ടപ്പോള്‍ ഹരം കൊണ്ട് ട്രാവല്‍ബാഗില്‍ പല തവണ ബൈനോക്കുലറും സ്വെറ്ററും തിരുകി ലാല്‍ജോസും കൂട്ടുകാരും ഇറങ്ങിത്തിരിച്ചതുമാണ്. പക്ഷെ, പട്ടിയാര്‍ ബംഗ്ളാവില്‍ താമസിക്കണമെങ്കില്‍ ഒരാഴ്ച മുമ്പേയെങ്കിലും ഫോറസ്റ് ഡിവിഷനുമായി ബന്ധപ്പെട്ട് ബംഗ്ളാവ് ബക്കു ചെയ്യണം. ബുക്കു ചെയ്താലും ചിലപ്പോള്‍ ഫോറസ്റ് അധികൃതരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബുക്കിങ് ക്യാന്‍സലാകാം. കാത്തിരിപ്പ് നല്ല യാത്രികരുടെ ലക്ഷണമാണ്. ഒടുവില്‍ നാണക്കാരി കോടമഞ്ഞിന്റെ മുടുപടം മെല്ലെ മെല്ലെ മാറ്റി വിളിച്ചു. വരൂ…

ലാല്‍ ജോസും സംഘവും വിളികേട്ടു.
ദിയേ ജല്‍തേഹേ…
ഫൂല്‍ ഖില്‍തേഹേ..
കൊച്ചിയിലെ ഫ്ളാറ്റുകളില്‍ ദീപങ്ങള്‍ തെളിയുന്നു. വഴിവക്കിലെ നാട്ടു ചെടികളില്‍ പൂവുകള്‍ മഴയുടെ ചുംബന ഭാരത്തില്‍ കൂമ്പി നില്‍ക്കുന്നു. സമയം വെളുപ്പിനെ ആറര മണി. കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി മണ്ണാര്‍ക്കാട് എത്തുമ്പോള്‍ ഉച്ചനേരവും വിശപ്പും എത്തി. മണ്ണാര്‍ക്കാട് ഫോറസ്റ് ഡിവിഷന്‍ ഓഫീസില്‍ നിന്നും പട്ടിയാര്‍ ബംഗ്ളാവിലേക്കുള്ള യാത്രാ പാസ് വാങ്ങി. മണ്ണാര്‍ക്കാട്ട് നിന്നും പോകുമ്പോള്‍ പാലക്കയം ആണ് കാഴ്ചയിലെ അവസാന നാട്ടുപ്രദേശം. പട്ടിയാര്‍ ബംഗ്ളാവിനെക്കുറിച്ച് ഫോറസ്റ് ഡിവിഷനില്‍ നിന്നും കിട്ടിയ വിവരം അമ്പരപ്പിക്കുന്നതായിരുന്നു. പട്ടിയാര്‍ ബംഗ്ളാവില്‍ കറണ്ടില്ല! ആകെയുള്ളത് സോളാര്‍ ഊര്‍ജ്ജത്തില്‍ തെളിയുന്ന രണ്ടോ മൂന്നോ ബള്‍ബുകള്‍ മാത്രം. മൊബൈലില്‍ റെയ്ഞ്ചും കിട്ടില്ല. അത്താഴത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കൊണ്ടു പോയാല്‍ ഭക്ഷണം വെച്ചു തരാന്‍ ഫോറസ്റ് വക കുക്കുണ്ട് പട്ടിയാര്‍ ബംഗ്ളാവില്‍.
കൂട്ടത്തിലെ മാസ്റര്‍ ഷെഫ് എം സിന്ധുരാജ് വിഭവങ്ങളുടെ നീണ്ട കഥ എഴുതാന്‍ തുടങ്ങി. തുടര്‍ന്ന് വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റും തയാറാക്കി. മണിയും അനൂപ് കണ്ണനും ഗോകുല്‍ ദാസും ചേര്‍ന്നുള്ള പലചരക്കു കടകള്‍ ലക്ഷ്യമാക്കിയുള്ള പാച്ചിലാണ് പിന്നെ നടന്നത്. ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം – ഉപ്പു തൊട്ട് കര്‍പ്പൂരം വരെ – മെഴുകുതിരി തൊട്ട് മുട്ട സ്റാന്റ് വരെ വാങ്ങി. സാധനങ്ങള്‍ പലവിധ കവറുകളിലാക്കി നടന്നു വരുമ്പോള്‍ അനൂപ് കണ്ണന്റെ കമന്റ് – “ഇനി വാങ്ങാന്‍ മിക്സി മാത്രമേ ബാക്കിയുള്ളൂ.”
പാലക്കയം കഴിഞ്ഞതോടെ പ്രകൃതി നിത്യഹരിതമണിഞ്ഞു തുടങ്ങി. അതേ വരെ ഐഫോണില്‍ പരതിക്കൊണ്ടിരുന്ന ലാല്‍ ജോസ് ഫോണ്‍ പോക്കറ്റില്‍ തിരുകി. മനുഷ്യന്‍ സ്വതന്ത്രനാകുന്ന നേരം. മൊബൈല്‍ ഫോണിന് ഇനി വിശ്രമം. റേയ്ഞ്ച് ദാരിദ്യ്രത്തില്‍ അലമുറയിട്ട് എല്ലാവരും ഈ ദിവസത്തെ അവസാന കോളുകളുടെ ശിങ്കാരിമേളത്തിലേക്കു കടന്നു. മൊബൈല്‍ ടവര്‍ചിഹ്നം ശൂന്യമായി. പ്രകൃതി ഒരുക്കുന്ന ദൃശ്യസുന്ദര സിനിമ കാണാന്‍ മൊബൈല്‍ നിശ്ചലമായേ മതിയാകൂ…

കാടിന്റെ സംഗീതം

ഇരുവശത്തും പകുത്തുവെച്ച പച്ചപ്പ്, വാഹനങ്ങളോ മനുഷ്യരോ അധികം സ്പര്‍ശിക്കാത്ത കന്യാവനങ്ങളിലേക്കാണ് പ്രവേശിക്കുന്നത്. നിബിഡ വനങ്ങള്‍ക്കുള്ളില്‍ നിന്നും കാട് അതിന്റെ സംഗീതം കേള്‍പ്പിച്ചു തുടങ്ങുന്നു.പാലക്കയം കഴിഞ്ഞുള്ള ശിങ്കപ്പാറ ചെക്ക് പോസ്റില്‍ മണ്ണാര്‍ക്കാട് ഫോറസ്റ് ഓഫീസില്‍ നിന്നുള്ള പ്രവേശനപത്രം കാണിച്ചു. മുന്നിലെ ചെക്ക് പോസ്റ് ഗേറ്റ് തുറന്നു കിട്ടി. കാട്ടില്‍ പെയ്യുന്ന മഴയ്ക്കു നന്ദി. കാട്ടിലകളിലും ചോലകള്‍ക്കും മേലെ പെയ്യുന്ന മഴ വശ്യമായ സംഗീതം പൊഴിക്കുന്നു.
പച്ചത്തലപ്പുകള്‍ പൊതിഞ്ഞു പിടിച്ച കാട്ടു പാതയ്ക്കിരുവശത്തും നിന്ന് കാട്ടു ചെടികള്‍ ആര്യയെ തൊട്ടു നോക്കി തലയാട്ടി കടന്നു പോകുന്നു.
കാടിന്റെ കറുത്ത മൂടുപടം മാറി വിശാലമായ വെളിമ്പ്രദേശത്തേക്ക് ആര്യ ഓടിച്ചെന്നു നിന്നു. മുന്നില്‍ വലിയ കിടങ്ങ്. അകലെ പട്ടിയാര്‍ ബംഗ്ളാവിന്റെ തലയെടുപ്പ്. കിടങ്ങിനു മുകളിലുള്ള പാലത്തിലൂടെ കടന്നു വേണം പട്ടിയാര്‍ ബംഗ്ളാവിലേക്കു കയറാന്‍. വാഹനം കയറിയ ശേഷം പാലം മാറ്റി വെയ്ക്കും. വെച്ചില്ലെങ്കില്‍ രാത്രിയില്‍ ബംഗ്ളാവിന്റെ മുറ്റത്ത് ചില സന്ദര്‍ശകരെത്താം. ആനക്കൂട്ടം, പന്നിക്കൂട്ടം അപൂര്‍വമായി ചിലപ്പോള്‍ കാട്ടുപോത്തിന്റെ സംഘവും.

പട്ടിയാര്‍ ബംഗ്ലാവ്

നൂറ്റമ്പത് വര്‍ഷം പഴക്കമുണ്ട് പട്ടിയാര്‍ ബംഗ്ളാവിന്. ബംഗ്ളാവിനു മുന്നില്‍ നിഷ്ക്കളങ്കമായ ചിരിയോടെ റെജി ഞങ്ങളെ സ്വീകരിച്ചു. ഇനി നാളെ വരെ ഞങ്ങളുടെ രക്ഷിതാവും അന്നദാതാവുമാണ് റെജി. ആര്യയില്‍ നിന്നിറങ്ങി പട്ടിയാര്‍ ബംഗ്ളാവിന്റെ മുറ്റത്തു നിന്നുള്ള കാഴ്ചയിലേക്ക് അത്ഭുതം വിടരുന്ന കണ്ണുകളോടെ നോക്കി വിസ്മയം കൊള്ളുകയാണ് യാത്രാ സംഘം. ‘ഇത് കേരളത്തില്‍ തന്നെയുള്ള സ്ഥലമാണോ?’ ലാല്‍ ജോസ് എന്തതിശയമേ മട്ടില്‍ സംഘാംഗങ്ങളോട്.
കാട്ടില്‍ ദിവസങ്ങളോളം അലഞ്ഞു നടന്നാല്‍ മാത്രമേ ഇതുപോലെയുള്ള പലപ്പോഴായെങ്കിലും കാണാന്‍ കഴിയൂ. പ്രകൃതി അത് ഒറ്റ ദൃശ്യത്തിലായി പകര്‍ത്തിവെച്ചിരിക്കുന്നു. നെടുങ്കന്‍ മലയുടെ കോട്ട. അരികില്‍ പച്ചവിരിച്ച ചെറു മൊട്ടക്കുന്നുകള്‍.

‘പട്ടാളക്കാരുടെ മുടി ക്രോപ്പ് ചെയ്തതുപോലെ’ – കുന്നുകളുടെ ഹെയര്‍സ്റൈല്‍ കണ്ട് ലാല്‍ജോസ് പറഞ്ഞു. തൊട്ടുമുന്നില്‍ കാണുന്നതാണ് മുത്തിക്കുളം കുന്നുകള്‍. മുത്തിക്കുളം കുന്നിന്റെ നെറുകയില്‍ നിന്നും 2000 അടി താഴേക്ക് പതിക്കുന്ന കാട്ടാറിന്റെയൊച്ച പട്ടിയാര്‍ ബംഗ്ളാവിന്റെ മുറ്റത്തു നില്‍ക്കുമ്പോഴേ കേള്‍ക്കാം. മുഴക്കം കൊണ്ട് കാട്ടാറ് അരികിലേക്ക് ക്ഷണിക്കുന്നതുപോലെ പട്ടിയാര്‍ ബംഗ്ളാവിന്റെ മുറ്റത്തു നിന്നും റെജി സംഘാംഗങ്ങള്‍ക്ക് ഈ അഭൌമകാഴ്ചകള്‍ക്കു മേല്‍ ചില കഥകള്‍ കൂടി കൂട്ടിവെച്ചു. മുത്തിക്കുളം കുന്നുകളുടെ മുകളില്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് തകര്‍ന്നുവീണ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാമത്രേ! അവിടേക്കെത്തിച്ചേരാന്‍ രണ്ടു മൂന്നു ദിവസം കാട്ടിലൂടെ നടക്കണം. ഫോറസ്റ് ഉദ്യോഗസ്ഥന്മാര്‍ അവിടേക്ക് ഇടയ്ക്കിടെ നടന്നു പോകും. ഭക്ഷണം പൊതികളായി സൂക്ഷിച്ച് കാട്ടിലൂടെയുള്ള ദീര്‍ഘയാത്ര. പണ്ട് കാലങ്ങളില്‍ അവിടങ്ങളിലെല്ലാം കഞ്ചാവ് കൃഷി ചെയ്തിരുന്നത്രേ! അവ നശിപ്പിക്കാനാണ് അവരുടെ യാത്ര. കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങി പുള്ളിപ്പുലി വരെ വിഹരിക്കുന്ന കാടുകളാണ് അവിടെ. ഇവിടെ നിന്നു നോക്കുമ്പോള്‍ ദാ ഇത്ര അരികിലാണെന്നു തോന്നാം, പക്ഷേ, അവിടെയെത്തിച്ചേരാന്‍ മൂന്നാലു ദിവസത്തെ നടപ്പുണ്ട് എന്നറിഞ്ഞതോടെ ഓരോരുത്തരായി ആവേശത്തില്‍ നിന്ന് പിന്‍വാങ്ങി. പട്ടിയാര്‍ ബംഗ്ളാവിന്റെ മുന്നില്‍ നിന്നും ഇടത്തേക്കുള്ള വഴിയിലൂടെ കുറേ നടന്നാല്‍ പുല്‍പ്പരപ്പുകളിലേക്കെത്താം. എല്ലാവരും കൂടി നടത്തം തുടങ്ങി. മുന്നില്‍ വഴികാട്ടിയായി റെജി. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റെജി പറഞ്ഞു… ശബ്ദമുണ്ടാക്കരുത്… കാടിന്റെ മഹിഷാസുരന്മാരായ കാട്ടുപോത്തുകളുടെ സംഘക്കാഴ്ച. മനുഷ്യന്റെ കാല്‍പ്പെരുമാറ്റം കേട്ടതും അവ കൊമ്പും കുലുക്കി കാട്ടിലേക്ക് ഓടിമറഞ്ഞു.

കോടമഞ്ഞിന്റെ തിരശ്ശീല മാറുന്നു…

നീലഗിരി ജൈവവൈവിധ്യത്തിന്റെ ഭാഗമാണ് ശിരുവാണിക്കാടുകളും. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ റിസര്‍വ് ഫോറസ്റ് ആയി പ്രഖ്യാപിക്കപ്പെട്ട ഇവിടം ഒരു കാലത്ത് സഞ്ചാരികള്‍ക്ക് പ്രവേശനം ലഭിക്കാത്ത സ്ഥലമായിരുന്ന ു. അതിനാല്‍ ത്തന്നെ കല്ലാര്‍, നിലമ്പൂര്‍, സിംഗാര എന്നീ റിസര്‍വ്വ് വനങ്ങള്‍ക്കിടയില്‍ കന്യാവനമായി തലയെടുപ്പോടെ നില്‍ക്കുന്നു ഇന്നും ശിരുവാണി. സഞ്ചാരികളെ എത്ര അകറ്റി നിര്‍ത്തിയിട്ടും ശിരുവാണിക്കാടുകളില്‍ അലയാന്‍ നിരന്തരമെത്തിയ ഒരു സഞ്ചാരിയുണ്ട് – സാക്ഷാല്‍ വീരപ്പന്‍. വീരപ്പനെയും ശിരുവാണി തന്റെ അലൌകികമായ ദൃശ്യഭംഗികൊണ്ട് ലാല്‍ജോസ് മനസ്സുള്ളവനാക്കിയോ എന്നറിയില്ല.പക്ഷേ, വീരപ്പന്റെ ഇഷ്ട താവളമായിരുന്നു ശിരുവാണിക്കാടുകളും.
സംഘം നടത്തം മതിയാക്കി തിരിച്ചെത്തി. അപ്പോഴാണ് മുത്തിക്കുളം കുന്നുകള്‍ കോടമഞ്ഞിന്റെ തിരശ്ശീല പൂര്‍ണ്ണമായും മാറ്റിയത്. അഭൌമമായ ആ ദൃശ്യവിസ്മയം വര്‍ണിക്കാന്‍ ഒരു കവിക്കു മത്രമേ ആകൂ. ഞങ്ങളുടെ സംഘത്തില്‍ കവികളില്ലാത്തതുകൊണ്ട് പ്രകൃതി സൌന്ദര്യത്തെ തത്കാലം വെറുതെ വിടുന്നു.
കാഴ്ചയില്‍ മയങ്ങിയിരുന്ന് ലാല്‍ജോസ് പറഞ്ഞു – സോങ് കമ്പോസിങ്ങിന് പറ്റിയ സ്ഥലം.. ‘മൂന്നാറിലെ മൂവന്തിയില്‍ മുത്താരമായി മാറാമെന്ന്’ മൂന്നാറിലെ സൌന്ദര്യത്തിന്റെ നെറുകയില്‍ കയറിയിരുന്ന് കവിയെക്കൊണ്ടെഴുതിച്ച സംവിധായകന്‍ ഇവിടെ പിറക്കാനിരുന്ന പാട്ടുകളെക്കുറിച്ചോര്‍ത്ത് വീണ്ടും ഈണങ്ങളില്‍ മുഴുകുന്നു.

രസമുകുളങ്ങളെ ഉണര്‍ത്തുന്ന നീര്‍ത്തുള്ളികള്‍

ദുബായ്യില്‍ നിന്നും ഏതോ ആരാധകന്‍ കൊടുത്ത ഓട്ടോമാറ്റിക് ചൂണ്ടയെക്കുറിച്ച് ഓര്‍ത്ത് പായാരം പറയുകയാണ് ലാല്‍ജോസ്. മീന്‍പിടുത്തത്തിന്റെ രസവും ആകാമായിരുന്നു. ഗുരുവിന്റെ വാക്കുകള്‍ കേട്ടു നിന്ന ശിഷ്യന്‍ അനൂപ് കണ്ണന്‍ എവിടെ നിന്നോ സംഘടിപ്പിച്ചു കൊണ്ടു വന്ന കോരുവല കാണിക്ക വെയ്ക്കുന്നു. വലയുമായി സംഘം വീണ്ടും കാട്ടിലേക്ക്. പിടയ്ക്കുന്ന സിലോപ്പിയ മത്സ്യങ്ങളെ വലയില്‍ കൊരുത്ത് വലിച്ചു കയറ്റി.
അടുക്കളയില്‍ സിന്ധുരാജിന്റെ മേല്‍ നോട്ടത്തില്‍ സിലോപ്പിയ മത്സ്യങ്ങള്‍ മഞ്ഞളില്‍ മുങ്ങിയ മീന്‍ഫ്രൈ ആകുന്നു.
സന്ധ്യ മയങ്ങുന്നു. നക്ഷത്രങ്ങള്‍ പൂവുകളായി വിരിഞ്ഞു തുടങ്ങുന്നു. സോളാര്‍ ലൈറ്റുകള്‍ രണ്ടോ മൂന്നോ മണിക്കൂറേ കത്തുകയുള്ളൂ. കുറച്ചകലെയുള്ള വെള്ളച്ചാട്ടത്തില്‍ നിന്നും ശേഖരിച്ച് പൈപ്പുവഴി എത്തിക്കുന്ന വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും രുചിയുള്ള വെള്ളമാണ് ശിരുവാണിയിലേത്. കുടിച്ചാല്‍ നാവില്‍ പറ്റിപ്പിടിക്കുന്ന രുചി. പിന്നേയും കുടിക്കാന്‍ പ്രേരിപ്പിക്കുന്ന, രസമുകുളങ്ങളെ ഉണര്‍ത്തുന്ന നീര്‍ത്തുള്ളികള്‍. ശിരുവാണിയിലെ വെള്ളം നാവില്‍ത്തൊടുമ്പോള്‍ ഓര്‍ക്കേണ്ട പേരാണ് നരസിംഹലു നായിഡുവിന്റേത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലെവിടെയോ ശിരുവാണിയിലേക്ക് ബ്രിട്ടീഷുകാര്‍ക്കൊപ്പം വന്ന ഈ ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് ശിരുവാണി ജലത്തിന്റെ പ്രത്യേകതയെ ലോകത്തെ അറിയിച്ചത്.

നൈറ്റ് ഈസ് സ്റില്‍ യങ്…

രാത്രി. കലാസംവിധായകന്‍ ഗോകുല്‍ ദാസ് ക്യാംപ് ഫയറിന്റെ ആര്‍ട്ട് ഡയറക്ഷന്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിക്കനു പുറത്ത് അരപ്പ് പുരട്ടി ഇലയില്‍ പൊതിഞ്ഞ് പുറത്ത് മൈദകൊണ്ടു കവചം തീര്‍ത്ത് ക്യാംപ് ഫയറിനുള്ളില്‍ വേവിച്ചെടുക്കാനും പദ്ധതിയിട്ടു. ആളുന്ന തീയില്‍ പൂക്കുന്ന നക്ഷത്രങ്ങള്‍ക്കു കീഴെ ചുവടുകള്‍ക്കൊണ്ട് സംഘം കുട്ടിച്ചുവടുകള്‍ തീര്‍ത്തു. കൂട്ടിന് സിന്ധുരാജിന്റെ കവിതയും ‘അതിരു കാക്കും മലയൊന്ന് തുടുത്തേ… തുടുത്തേ തകതകതാ..’ നൃത്തച്ചുവടില്‍ രാത്രി വീണ്ടും കനത്തു. അങ്ങകലെ കാട്ടില്‍ മൃഗങ്ങളുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു… പാതിരാപ്പുള്ളുകളുടെ ഘോഷം… പട്ടിയാര്‍ ബംഗ്ളാവിന്റെ ഉമ്മറത്ത് ചന്ദ്രബിംബം വിളക്കുവെച്ചു. ആഘോഷങ്ങളുടെ രാവ് പിന്നേയും നീണ്ടു… ലാല്‍ജോസ് പറഞ്ഞു: ‘നൈറ്റ് ഈസ് സ്റില്‍ യങ്…’

പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്..

പിറ്റേന്നു വെളുപ്പിനെ തന്നെയുണര്‍ന്ന് പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്കു നടക്കാനാണ് പ്ളാന്‍ ചെയ്തത്. കുറേ ദൂരം നടന്നു.വിവിധങ്ങളായ മരങ്ങളിലാണ് ലാല്‍ ജോസിന്റെ കണ്ണുകള്‍. ശിശിരത്തില്‍ ഇലപൊഴിഞ്ഞ് നേര്‍ത്ത രോമങ്ങളണിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ തന്റെ ഒബ്സഷന്‍ തന്നെയാണെന്ന് ലാല്‍ജോസ്.
ശിരുവാണി ഡാമിന് ഇപ്പുറത്തുള്ള റിസര്‍വോയറിലെത്തി. കെട്ടിയുയര്‍ത്തിയ ടാങ്കിനു മുകളില്‍ നിന്നുള്ള പനോരമ കാഴ്ച. വെള്ള മേഘങ്ങള്‍ കോടമഞ്ഞിനോടൊപ്പം ധൃതിയില്‍ ഓടി മറയുന്നു. പുതിയ ചിത്രത്തില്‍ ഫിലിം സ്പീഡു കൂട്ടിയാണ് ഇത്തരമൊരു ദൃശ്യം സാധ്യമാക്കിയതെന്ന് ലാല്‍ജോസ് പറയുമ്പോഴേക്കും ഒരു മേഘം ഓടി വന്ന് സംഘത്തെ തൊട്ടു കടന്നുപോയി..
കേരളത്തിന്റെ മഹാമനസ്കതയുള്ള പ്രതീകം കൂടിയാണ് ശിരുവാണി ഡാം. തമിഴ്നാടിന്റെ കുടിവെള്ള ദാഹത്തിന് അയല്‍ സംസ്ഥാന സഹോദരന്റെ സ്നേഹ സമ്മാനം. ഇപ്പോഴും കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ ജനങ്ങള്‍ കുടിക്കുന്ന വെള്ളം ശിരുവാണിയിലേതാണ്.മേഘങ്ങള്‍ മുഴങ്ങുന്നു. വീണ്ടും മഴയുടെ ആരംഭം. മഴമേഘങ്ങള്‍ തുടികൊട്ടിത്തുടങ്ങിയപ്പോഴേക്കും ലാല്‍ജോസും സംഘവും മലയിറങ്ങി. നിത്യഹരിതവനം കൂടുതല്‍ ഗാഢമാകുന്നു. മഴയില്‍ ചിറകടിച്ചുയരുന്ന മഴപ്പാറ്റകള്‍… വര്‍ണ്ണച്ചിറകുകളുള്ള ചിത്ര ശലഭങ്ങള്‍. ആദിമമായ സ്വഛത… പൂക്കളും പൂമ്പാറ്റകളും കാട്ടരുവികളും ഇലപ്പച്ചയും നിറഞ്ഞ കൂട്ടില്‍ നിന്നും പറന്നു പോരാന്‍ മനസില്ലാതെ കുറച്ചു മനസുകള്‍. തിരിച്ചിറങ്ങുമ്പോള്‍ ആര്യയില്‍ ആ മനസുകള്‍ കാടിനെ പിന്തിരിഞ്ഞു നോക്കാതെ… പിന്‍വിളിക്കുന്ന വനസൌന്ദര്യത്തെ പിരിയാനാകാതെ യാത്ര തുടര്‍ന്നു………..

നവീന്‍ ഭാസ്കര്‍

Related Articles

9 Comments on “ഒരു ശിരുവാണി കനവ് – Travel by laljose & Team”

 • appullas wrote on 16 December, 2010, 21:26

  kollam supper,

 • vinoy sebastian wrote on 5 February, 2011, 15:03

  Sir, show us the remaining pics also

 • vinoy sebastian wrote on 5 February, 2011, 15:04

  Tata ARIA looks soooo spacious

 • nasee4m veliancode wrote on 9 March, 2011, 18:20

  wow ,wonderful travelogue

 • ann wrote on 12 March, 2011, 8:56

   I am a regular overtake magazine reader. very informative and very useful to many of my friends who wanted a honest opinion and advice on buying a car.. articles on travel and especially with the film celebrities are out of the world ones. hope you will continue with your hardwork and dedication to go forward. wishing you ALL THE VERY BEST..

 • giffu melattur wrote on 8 June, 2011, 10:53

  some more fots y not post..?

 • renny wrote on 17 June, 2011, 10:32

  this is my place ,now iam from uae,iam very happy to hear about my place reji is my brother

 • renny wrote on 17 June, 2011, 10:39

  this is my place ,now iam from uae,iam very happy to hear about my place reji is my brother by – renny

 • musthafa veliancode, wrote on 9 July, 2011, 12:53

  superbbb

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 6 ?
Please leave these two fields as-is:

Photo Gallery

   
 1. Rony Jacob: Hello Sir, I am Rony Jacob f...
 2. Manu Suresh: I would like to subscribe over...
 3. garmin 1490t GPS problems: Thanks for your article I genu...
 4. moncler femme: Wow that was odd. I just wrote...
 5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.