മഞ്ഞുമഴക്കാറ്റില്‍ മലര്‍വാടിക്കൂട്ടം

By Admin

പുലര്‍ച്ചെ അഞ്ചരയ്ക്ക്, എംജി റോഡിനരികില്‍ മഞ്ഞ് ഒരു വെള്ളത്തിരശീല നിവര്‍ത്തിക്കെട്ടി. പ്രഭാത സവാരിക്കിടെ കൊച്ചിയിലെ ചുറുചുറുക്കന്‍ യൌവനങ്ങള്‍ അതിലൊരു സിനിമാദൃശ്യം കണ്ട് സ്വാഭാവികമായും അമ്പരന്നു. മലര്‍വാടി ആര്‍ട്സ് ക്ളബ്ബിലെ മൂന്നു കഥാപാത്രങ്ങള്‍ ഏതോ തിയറ്റര്‍ സ്ക്രീനില്‍ നിന്നിറങ്ങി വന്നതുപോലെ ദേ നില്‍ക്കുന്നു! അവര്‍ യാത്രാ ഒരുക്കങ്ങളില്‍ സ്വയം ധൃതിപ്പെടുകയാണ്. പുലര്‍മഞ്ഞിന്റെ തണുപ്പ് ആ മൂന്നംഗ സംഘത്തെയും പരസ്പരം തൊട്ട് തൊട്ട് നിര്‍ത്തി. സൌഹൃദത്തിന്റെ ഇളം ചൂടില്‍ ഇത് യാത്രാരംഭത്തിന്റെ നേരം…
ഈ മഞ്ഞിന്റെ നേരിയ പുതപ്പ് വലിച്ചെറിഞ്ഞ് മലര്‍വാടിക്കൂട്ടം കെട്ടഴിഞ്ഞ് പറക്കുന്നത് കോടമഞ്ഞ് കൂടുകെട്ടുന്ന വാല്‍പ്പാറയിലേക്ക്… കൊച്ചിയില്‍ നിന്ന് 162 കിലോമീറ്ററകലെ സഹ്യന്റെ കിരീടത്തിലെ ആ മരതകക്കല്ലില്‍ കൂട്ടം ചേരാന്‍.
കൂട്ടത്തിലെ കുട്ടുവിന് കുളിരുന്നതേയില്ല. കാരണം യാത്രാസംഘത്തിന്റെ ഈ നേതാവ് ടെന്‍ഷന്‍ ചൂടില്‍ മൊബൈല്‍ കീപാഡില്‍ ഞെക്കി ആരെയൊക്കേയോ വിളിക്കുന്നു.
വണ്ടി പോട്ടെടാ… പോറ്റി ഹോട്ടലിലേക്ക്… ഇന്നസെന്റ് ശബ്ദത്തില്‍ പ്രവീണ്‍ വിശപ്പിന്റെ വിളി സംഘാംഗങ്ങള്‍ക്ക് പാസ് ചെയ്തു. അങ്കമാലി കഴിഞ്ഞപ്പോള്‍ സൈലോയുടെ പിന്നാലെ ഹോണ്‍ മുഴക്കി ഒരു ആക്സന്റ് പാഞ്ഞു വരുന്നു.
‘ആക്സന്റില്‍ പുരുഷുവാ… നിര്‍ത്തിക്കോ…’
വാല്‍പ്പാറയ്ക്ക് ഞങ്ങളുമുണ്ട് ചങ്ങായി…
അപ്പവും മുട്ടറോസ്റും. മലര്‍വാടിക്കൂട്ടത്തിന്റെ ഇഷ്ടഭക്ഷണത്തില്‍ അരമണിക്കൂര്‍ നേരം കൂടി രുചിച്ച് കടന്നുപോയി. സൈലോയുടെ ഡ്രൈവിങ് സീറ്റില്‍ ബിജു എന്ന ചുറുചുറുക്കുള്ള യുവാവ് തേരാളിയായി സീറ്റ് ബെല്‍റ്റ് മുറുക്കി. ഞാനോടിക്കാം എന്നു പറഞ്ഞു നോക്കിയ പുരുഷുവിനെ സംഘാംഗങ്ങള്‍ വിലക്കുന്നു. സൈലോ പോലെ തൊട്ടാല്‍ പറക്കുന്ന ഒരു വാഹനവും ചെവിയില്‍ തോട്ടാ പൊട്ടിക്കുന്ന തമിഴ് ഗാനവും ഉണ്ടെങ്കില്‍ പുരുഷുവിന്റെ ഡ്രൈവിംഗ് നാഗവല്ലിയുടേതാണെന്നാണ് കൂട്ടുകാരുടെ പക്ഷം. ഇതിനിടെ സൈലോയുടെ പിന്‍ സീറ്റിലേക്ക് തഞ്ചത്തില്‍ പോകാനൊരുങ്ങിയ പ്രവീണിനെ എല്ലാവരും ചേര്‍ന്ന് കൈയ്യോടെ പിടികൂടി മുന്നിലിരുത്തുന്നു. യാത്രകള്‍ ഉറങ്ങാനുള്ളതാണെന്ന പ്രവീണ്‍ ന്യായത്തെ ഏവരും കണ്ടം തുണ്ടം വെട്ടിനിരത്തി. കൂട്ടത്തിലൊരു രഹസ്യവും-പ്രവീണിന്റെ വീട്ടുപേര് ഉറക്കപ്പറമ്പില്‍ എന്നാണത്രേ!
ഇനി യാത്ര തുടങ്ങാം.

സമയം ഏഴുമണി. മലര്‍വാടി ആര്‍ട്സ് ക്ളബ്ബില്‍ പ്രേക്ഷകര്‍ കണ്ട സൌഹൃദത്തിന്റെ റീലുകള്‍ സിനിമാ തീര്‍ന്നിട്ടും ആ കൂട്ടുകാരുടെ ജീവിതങ്ങളില്‍ നിറഞ്ഞ മനസ്സില്‍ ഓടുന്നുണ്ട്. അതിനാല്‍ പരസ്പരം വിളിക്കാന്‍ ഇന്നും ഇവര്‍ നാവില്‍ സൂക്ഷിക്കുന്നത് സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ.
ഞാന്‍ അജു വര്‍ഗീസ്-കുട്ടു പറഞ്ഞു. പുരുഷുവിന്റെ യഥാര്‍ത്ഥ നാമം ഭഗത്. ശ്രാവണ്‍ ആണ് സിനിമയില്‍ സന്തോഷ് ദാമോദരന്‍ എന്ന പാട്ടുകാരനും കൂട്ടുകാരനുമായത്. പ്രവീണിന്റെ ഒറിജിനല്‍ പേര് ഹരികൃഷ്ണന്‍.
സൈലോ അങ്കമാലി കഴിഞ്ഞുള്ള കരയാംപറമ്പില്‍ നിന്ന് വലത്തേയ്ക്ക് ഇന്‍ഡിക്കേറ്ററിട്ടു. കൊച്ചിയില്‍ നിന്നു വരുമ്പോള്‍ കരയാംപറമ്പ് ജങ്ഷനില്‍ നിന്നു തിരിഞ്ഞാല്‍ ചാലക്കുടിയെത്താതെ 21 കിലോമീറ്ററോളം ലാഭിക്കാം.
നാട്ടുവഴികളെ പിന്നിലാക്കി സൈലോ ഉശിരുകാട്ടിത്തുടങ്ങി. ഒട്ടും കിതപ്പില്ലാത്ത കുതിപ്പ്. നാല്‍വര്‍സംഘം സൈലോയെക്കുറിച്ച് ജോണി ചേട്ടനോട് തിരക്കുന്നു. ഡ്രൈവറുള്‍പ്പെടെ ഏഴു പേര്‍ക്ക് സുഖകരമായി എവിടേക്കും യാത്ര ചെയ്യാം എന്നാണ് മാസങ്ങളായി സൈലോയെ ഒപ്പം കൊണ്ടു നടക്കുന്ന ബിജുച്ചേട്ടന്റെ സര്‍ട്ടിഫിക്കറ്റ്. “അപ്പോള്‍ വിനീതേട്ടന്‍ (വിനീത് ശ്രീനിവാസന്‍) ഉള്‍പ്പെടെ മലര്‍വാടികൂട്ടത്തിന് പറ്റിയ വാഹനം” ശ്രാവണ്‍ പറഞ്ഞു.
പ്ളന്റേഷന്‍ കോര്‍പറേഷന്റെ ചെക്ക പോസ്റ് കടന്ന് എണ്ണപ്പനകള്‍ അതിരിട്ട റോഡിലൂടെയാണ് യാത്ര. എണ്ണപ്പനകള്‍ കണ്ടതും സംഘം പാട്ട് തുടങ്ങുകയായി. ‘കരകാണാക്കടലലമേലേ മോഹപ്പൂങ്കുരുവി പറന്നേ…’
കൊല്ലത്തിനടുത്തുള്ള കളത്തൂപ്പുഴയിലും ഇതേ എണ്ണപ്പനകള്‍ കാണാമെന്ന് ജ്യോഗ്രഫിപാഠം ഹരികൃഷ്ണന്റെ വക. ഭഗത് തന്റെ ക്യാമറ ഒരുക്കുന്ന തിരക്കിലാണ്. എണ്ണപ്പനകള്‍ക്ക് നടുവില്‍ ഒരു ഫോട്ടോ സെഷനായി ബാഗില്‍ നിന്ന് കൂളിങ് ഗ്ളാസ്സുകള്‍ ഉണര്‍ന്നെഴുന്നേറ്റു.
ഇനി അധികം സമയം പാഴാക്കാനാവില്ല. കൊച്ചയില്‍ നിന്ന് 162 കിലോമീറ്റര്‍ ദൂരമേയുള്ളൂ വാല്‍പ്പാറയിലേക്ക്. എങ്കിലും ഹെയര്‍ പിന്നുകളെ മറികടക്കാന്‍ സമയത്തിന്റെ ധൂര്‍ത്ത് തന്നെ വേണം.
ട്രാഫിക് വളരെ കുറവാണ് ഈ പാതയില്‍. എട്ടുമണിയോടെ വെറ്റിലപ്പാറ പാലത്തിലെത്തി. തൊട്ടപ്പുറത്താണ് സില്‍വര്‍സ്റോം വാട്ടര്‍ തീം പാര്‍ക്ക്. ആടാം… പാടാം… കളിക്കാം… കുളിക്കാം… ഹൊയ്യാരാ ഹൊയ്യാ..
ആതിരപ്പള്ളിയില്‍ പാറകള്‍ക്കു മുകളില്‍ നിന്നും താഴേക്ക് ഡൈവിങ് നടത്തി ഒഴുകിയെത്തുന്ന ഈ കാട്ടാറ് കുറച്ചു ദൂരം കൂടി ചെന്നാല്‍ പേരുകാരനും തമാശക്കാരനുമാകും-പേര് ചാലക്കുടിപ്പുഴ.
വെറ്റിലപ്പാറ പാലത്തിനടിയില്‍ നിന്നും നാല്‍വര്‍ സംഘം കാട്ടാറിന്റെ ശബ്ദത്തില്‍ നിന്നും ഒരു കാര്യം പിടിച്ചെടുത്തു. കലാഭവന്‍ മണിയുടെ ങീീീ ഹിഹി ചിരിയോടെയാണത്രേ ചാലക്കുടി പുഴയൊഴുകുന്നത്.
നേരം പോയി… നേരം പോയി…- നാടന്‍ പാട്ടിന്റെ ശീല് എപ്പോഴാണ് ജോണിച്ചേട്ടന്‍ ഹൃദിസ്ഥമാക്കിയത്? പാലത്തിനു മുകളില്‍ വിശ്രമം കൊണ്ട നാല്‍വര്‍ സംഘം പ്രകൃതിവര്‍ണനയില്‍ ഹരം കൊണ്ടു വീണ്ടും സൈലോയില്‍ ചാടിക്കയറി.
ആതിരപ്പള്ളിയിലേക്ക് എതിരേറ്റത് ഇടതൂര്‍ന്ന മഴക്കാടുകള്‍. എല്ലാവര്‍ക്കും മണിരത്നത്തെ വര്‍ണ്ണിക്കാന്‍ ധൃതിയായി.
(ഈ നാലുപേരുടെയും സംഭാഷണം കേട്ടിരുന്നപ്പോള്‍ തോന്നിയത് : ഇവര്‍ നാലുപേരും ശ്വസിക്കുന്നത് ഓക്സിജനല്ല സിനിമ മാത്രം!
മദ്രാസിലേക്ക് സിനിമാമോഹവുമായി വണ്ടികയറിയവന്‍ എന്ന സല്പേര് പുത്തന്‍ തലമുറയില്‍ പേറുന്ന ശ്രാവണ്‍ സ്വപ്നത്തിലേക്കുള്ള വഴികളില്‍ ദാഹം തീര്‍ത്ത കോടമ്പാക്കത്തെ പൈപ്പിന്‍ ചുവടുകളെ ഓര്‍ത്തെടുക്കുന്നു.  ഭഗത് ലണ്ടനിലെ എംബിഎ ക്ളാസ്സില്‍ നിന്ന് ജനല്‍വഴി ചാടിയാണ് മലയാള സിനിമയില്‍ ചേര്‍ന്നത്. മദ്രാസിലെ ജോലി വിട്ടാണ് അജു വന്നതെങ്കില്‍ എംജി യൂണിവേഴ്സിറ്റി കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ കപ്പിനും ലിപ്പിനുമിടയില്‍ കലാപ്രതിഭാകപ്പ്  നഷ്ടമായ കലാപാരമ്പര്യം ഹരികൃഷ്ണനുണ്ട്.)8.30 ഓടെ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യങ്ങള്‍ കണ്ടുതുടങ്ങി. ഐശ്വര്യാറായ് ഒരു പൂവ് അടര്‍ന്നതു പോലെ പാറി വീണ വെള്ളച്ചാട്ടത്തിന്റെ കോണുകളെ അന്വേഷിക്കുകയാണ് സംഘം. ഒപ്പം വിക്രം ഊര്‍ന്നുപോയ ചെങ്കുത്തായ പാറക്കൂട്ടം ഏതെന്നുള്ള അന്വേഷണവും തുടര്‍ന്നു.
എത്ര കണ്‍തുറന്നു പിടിച്ചാലും ആതിരപ്പള്ളിയുടെ ദൃശ്യമനോഹാരിത ഒറ്റനോട്ടത്തില്‍ കണ്ണില്‍ നിറയില്ല. അജു ഉമ്മറിനേപ്പോലെ കണ്ണു തുറന്നു പിടിച്ച് വെള്ളച്ചാട്ടത്തിലേക്ക് ഉറ്റു നോക്കുന്നു. വെള്ളച്ചാട്ടത്തിന്റെ അരികുകളില്‍ നീര്‍ധാരകളുടെയും ഇടതൂര്‍ന്ന കാട്ടുചെടികളിലെ ഗന്ധവും സ്പ്രേ പോലെ ശരീരത്തിലേറ്റു വാങ്ങാം. നാലുപേരും ആദ്യമായാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നത്. മണിരത്നം സിനിമകളില്‍ കണ്ടു പതിഞ്ഞിട്ടുണ്ടെങ്കിലും നേരിട്ട് ഈ മനോഹര കാഴ്ചയിലേക്ക് അലിഞ്ഞു ചേരുന്നത് ഇതാദ്യം. ഓരോ വശങ്ങളില്‍ നിന്ന് നോക്കുമ്പോഴും ഈ വെള്ളച്ചാട്ടം ഓരോ കാഴ്ചയാണ്. മണിരത്നം എത്ര കണ്ടിട്ടും തീരാത്ത ദൃശ്യങ്ങള്‍ എത്ര നേരം നോക്കിയിരുന്നിട്ടും മതിയാവുന്നില്ല.
കുഞ്ഞു കുഞ്ഞു അരഞ്ഞാണങ്ങള്‍ പോലെ മലകള്‍ ചുറ്റി വരുന്ന വെള്ളച്ചാട്ടങ്ങളുടെ കമനീയത കാത്തുവെച്ച് വാല്‍പ്പാറ ദൂരങ്ങളിലിരുന്നു വിളിക്കുന്നു. വെള്ളച്ചാട്ട ഭീമനോട് തത്കാലം യാത്രപറഞ്ഞു.
പോകും വഴിക്ക് ഒരു വെള്ളച്ചാട്ടം കൂടി സൈലോയ്ക്ക് കൈകാണിച്ചു. ചാര്‍പ്പ വെള്ളച്ചാട്ടം. വാഴച്ചാല്‍ ഫോറസ്റ് ഡിവിഷനില്‍ പെട്ടതാണ് ഈ പ്രദേശവും. ഫോറസ്റ് ഗാര്‍ഡിനോട് ഭഗത് കുശലാന്വേഷണം നടത്തി-ഒപ്പം ഒരു ചോദ്യവും വിക്രം ഇതുവഴിയല്ലേ തെന്നി വന്നത്? ഏത് വിക്രം? എന്ത് വിക്രം എന്ന മട്ടില്‍ അയാളൊന്ന് നോക്കി. ആതിരപ്പള്ളി മുതല്‍ പെരിങ്ങല്‍ വരെയുള്ള സ്ഥലങ്ങളില്‍ മണിരത്നവും സന്തോഷ് ശിവനും കാമറ തുറന്നു വെച്ചിരുന്നു. കാട്ടിനുള്ളില്‍ അലഞ്ഞ് കണ്ണേറുതട്ടാത്തയിടങ്ങളെയാണ് രാവണനുവേണ്ടി ഷൂട്ട് ചെയ്തതെന്ന് -ഒരു പീപ്പി വില്പനക്കാരന്‍ പറഞ്ഞുതന്നു.
മണിരത്നം കടന്നുപോയ വഴിത്താരകളിലൂടെ ഭാണ്ഡവും മുറുക്കി ഒരു തീര്‍ത്ഥാടനത്തിന് സ്കോപ്പുണ്ടെന്ന് ആരാധനയോടെ ശ്രാവണ്‍. ഇനിയൊരിക്കല്‍ കാടു കയറാമെന്ന് ഭഗതിന്റെ വാക്ക്. സൈലോ വേഗം കൂട്ടി.
ഇനി അടുത്ത ലക്ഷ്യം മലക്കപ്പാറ. അതിനുമുമ്പ് ഒരു കവലയില്‍ ഉച്ചഭക്ഷണം കഴിഞ്ഞു. ആതിരപ്പള്ളിയില്‍ നിന്നു വളവുകള്‍ കഴിയുമ്പോള്‍ മുതല്‍ കാട് പലവിധ രൂപങ്ങളിലേക്ക് വേഷപ്രച്ഛന്നനായിക്കൊണ്ടിരുന്നു. ഇടയ്ക്ക് പാത്യ്ക്കിരുവശത്തും പുല്‍മേടുകള്‍ ഓടിയെത്തും. കുറച്ചു കഴിഞ്ഞ് ചെങ്കുത്തായ താഴ്വരകളും മറുവശത്ത് നെടുങ്കന്‍ പാറക്കെട്ടുകളും. ഇടയ്ക്ക് പൂമരങ്ങള്‍ തണല്‍ വിരിച്ച ഒറ്റയടിപ്പാത. ഓരോ കാഴ്ചയിലും ഓരോ വിഭവങ്ങള്‍. അങ്ങ് ദൂരെ മലനിരകള്‍ക്കു മേലെ പഞ്ഞി മേഘങ്ങള്‍ മലമുകളില്‍ വിരലോടിച്ചു കടന്നു പോകുന്നു.
മലക്കപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ ഇടതു വശത്ത് ആ കാഴ്ചകണ്ട് മലര്‍വാടിക്കൂട്ടം ചാടിയിറങ്ങി. കറുത്ത കാടുകള്‍ക്കിടെ കാലത്തിന് കളിപ്പാനുള്ള കളിസ്ഥലം പോലെ വെള്ളത്തിന്റെ നിശ്ചലത. പരന്നുകിടക്കുന്ന സ്ഫടികശിലയെ തടുത്തു നിര്‍ത്തുന്ന കൂറ്റന്‍ ഡാം. ഇത് ഷോളയാര്‍ ഡാം.
ഷോളയാര്‍ ഡാമിന്റെ വിദൂരദൃശ്യം. ഒന്നു പറഞ്ഞതന്നു. മനുഷ്യന്റെ ശ്രമങ്ങളോട് പ്രകൃതി സൌഹൃദഭാവം കാണിക്കുന്നു…
മലക്കപ്പാറയെത്തുന്നതിനു തൊട്ടുമുമ്പ് മഴക്കാടുകളുടെ നീലനിറം മാഞ്ഞുതുടങ്ങി. ഇപ്പോള്‍ ആകാശത്തിന് ഇളം നീല നിറം. കോടമഞ്ഞലിയിക്കുന്ന കാറ്റേറ്റ് ആ മനോഹരദൃശ്യം  മുന്നില്‍ത്തെളിഞ്ഞു. നിറയെ കടുംപച്ചയുടെ കട്ടിവിരിപ്പ്. തേയിലച്ചെടികള്‍ മാത്രം പ്രജകളായുള്ള ഒരു മഹാസാമ്രാജ്യം.
തേയിലനാമ്പുകളില്‍ ഉച്ചനേരമായിട്ടും അവയില്‍ നീര്‍ക്കണങ്ങള്‍ പറ്റിയിരിപ്പുണ്ട്. നട്ടുച്ച നേരത്തും അവ വജ്രശോഭപരത്തി.
തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ ആനകള്‍ വിശ്രമിക്കും പോലെയുള്ള വമ്പന്‍ പാറക്കെട്ടുകള്‍. തേയിലക്കാടുകളുടെ ഹൃദയത്തിന്റെ നിഗൂഢതകളില്‍ ഉത്ഭവമെടുക്കുന്ന കറുത്ത തടാകങ്ങളുണ്ട്. മലര്‍ന്നു മയങ്ങുന്ന കുന്നിന്‍ ചെരിവുകളില്‍ അവ സഞ്ചാരികള്‍ക്ക് പലവിധ അത്ഭുതങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നു. തേയിലക്കാടുകള്‍ക്കിടയിലൂടെ ബാഗും തൂക്കി ഒരു ചെറു നടത്തത്തിനായി മലര്‍വാടിക്കൂട്ടം ഇറങ്ങി. ആകാശ ചരിവിലേക്ക് ലയിച്ചു ചേരുന്ന തേയിലക്കാടുകളില്‍ കൂകൂ… കൂകൂ…. തീവണ്ടിയായി ഉല്ലാസത്തിന്റെ നേരം.
മലക്കപ്പാറയിലെത്തുന്നതിനു മുമ്പ് കേരള സര്‍ക്കാരിന്റെ ചെക്ക പോസ്റില്‍ പരിശോധനയുണ്ട്. വാഹനത്തിലെ പ്ളാസ്റിക് കുപ്പികളുടെ എണ്ണം വരെ പറഞ്ഞുകൊടുക്കണം. പ്രകൃതിയെ നശിപ്പിക്കുന്നതൊന്നും വനത്തിലേക്കു വലിച്ചെറിയില്ലെന്ന് മനസ്സില്‍ പ്രതിജ്ഞയെടുക്കാം. കാരണം പുല്ലും പൂമ്പാറ്റയും കുഞ്ഞു പൂക്കളുമെല്ലാം വരും തലമുറയുടേതാണ്. ഇത് നമ്മള്‍ക്കു വേണ്ടി മാത്രമല്ല.
മലക്കപ്പാറ കഴിഞ്ഞപ്പോഴേക്കും ഫോണുകള്‍ നിശ്ചലമായിത്തുടങ്ങി. ഭഗത് മൊബൈല്‍ ഫോണെടുത്ത് ജീവനുണ്ടോ എന്നു നോക്കി. താങ്ക് ഗോഡ് ഇനി മനസമാധാനത്തിന്റെ റിങ്ടോണ്‍ മാത്രം. ബിഎസ്എന്‍എല്‍, റിലയന്‍സ് കണക്ഷന്‍ ഉള്ളവരെ മാത്രം ഇടയ്ക്കിടെ കോളുകള്‍ വന്ന് തോണ്ടി വിളിച്ചു. ഇവിടേക്കു വന്ന യാത്രികര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ബിഎസ്എന്‍എല്ലിനെയോ റിലയന്‍സിനെയോ ആശ്രയിക്കണം.
കുറച്ചു ദൂരം കൂടിച്ചെന്നാല്‍ തമിഴ്നാട് വനം വകുപ്പിന്റെ ചെക്ക പോസ്റ്. രണ്ടു കൈവഴികള്‍ തൊട്ടുമുന്നില്‍ പിരിയുന്നു. വലത്തേയ്ക്ക് വാല്‍പ്പാറ. ഇടത്തേക്കു തിരിഞ്ഞാല്‍ ഷോളയാര്‍ ഡാം. കേട്ടതു ശരിയാണെങ്കില്‍ മനുഷ്യനിര്‍മ്മിതമായ അണക്കെട്ടുകളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയില്‍ ഷോളയാര്‍ ഡാമിന്. ഷോള വനങ്ങള്‍ക്കിടയില്‍ കാടിന്റെയും കാട്ടാറുകളുടെയും രൌദ്രത്തിനു കീഴെ മനുഷ്യന്‍ കെട്ടിയ ചിറ. ഡാമുകളില്‍ ഒന്നാം സ്ഥാനം ആന്ധ്രയിലെ നാഗാര്‍ജ്ജുന സാഗര്‍ ഡാമിന് ആണത്രെ!
തമിഴ്നാട് സര്‍ക്കാരിന്റെ ചെക്ക് പോസ്റില്‍ പാസ് എടുക്കണം. തമിഴന്റെ ആതിഥ്യമര്യാദക്കുമേല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സലാം വെച്ചിട്ടുപറഞ്ഞു -വാങ്കോ!
മലയ്ക്കപ്പാറയ്ക്കിപ്പുറമുള്ള ചെക്ക് പോസ്റില്‍ കിലോമീറ്റര്‍ എഴുതിവെച്ച് സൈന്‍ബോല്‍ഡ് കണ്ടു. ചാലക്കുടി-88 കിലോമീറ്റര്‍. ഷോളയാര്‍ ഡാം 3 കി.മീ വാല്‍പ്പാറ 23 കിലോമീറ്റര്‍. 23 കിലോമീറ്ററില്‍ 15 കിലോമീറ്ററും ഹെയര്‍പിന്നുകളാണ്.
മലമുഴക്കി വേഴാമ്പലുകളുടെയും അപൂര്‍വ സസ്യജാലങ്ങളുടെയും മൃഗവൈവിധ്യങ്ങളുടെയും കലവറയിലേക്കാണ് കയറിപ്പോകുന്നത്. മലമുഴക്കി വേഴാമ്പല്‍ കരഞ്ഞാല്‍ മഴയെത്തുമെന്ന കാടന്‍ വിശ്വാസം മാറ്റാറായിട്ടില്ല. മുഴങ്ങിയത് മേഘമോ വേഴാമ്പലോ! ഒരു ചാറ്റല്‍ മഴ സൈലോയെ തണുപ്പിച്ചു. ഒപ്പം, ഈ കൌമാരക്കൂട്ടത്തിന്റെ മനസ്സും.
മലക്കപ്പാറ ചെറിയ ടൌണാണ്. പീടികകളും കറുത്ത മണ്ണിന്റെ നിറമുള്ള മനുഷ്യരും എണ്ണത്തില്‍ തീരെ കുറവ്. മനുഷ്യരുടെ കാഴ്ചകള്‍ ദരിദ്രമെങ്കിലും പ്രകൃതി അതിന്റെ രാജകീയത കാട്ടുന്നുണ്ട്. മലക്കപ്പാറയുടെ ഒരു വശത്ത് നീണ്ട പൈന്‍മരങ്ങളും അതിലൂടെ എസ് ആകൃതിയില്‍ ഒഴുകിപ്പോകുന്ന കാട്ടുചോലകളുമുണ്ട്. മറ്റൊരു പ്രത്യേകത, ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ ദൈവങ്ങള്‍ വസിക്കുന്നു എന്നതാണ്. എവിടെത്തിരിഞ്ഞാലും കൊമ്പന്‍ മീശയും ചുവന്ന കണ്ണുകളും വീതിയുള്ള വാളുകളും ഉള്ള ദ്രാവിഡദൈവങ്ങള്‍ കുന്തിച്ചിരിക്കുന്നു. കവലകളില്‍ ഗ്രാമീണരുടെ ഇരുപ്പും ദൈവങ്ങളെ അനുകരിച്ചാണ്.
സ്വര്‍ഗ്ഗത്തിലേക്കുള്ള പാത ഇടുങ്ങിയതും ദുര്‍ഘടവുമാണെന്നുള്ളതു വളരെ ശരിയാണെന്നുറപ്പിക്കുകയാണ്.
ശ്രീ ചന്തന മാരിയമ്മന്‍ കോവില്‍ കടന്ന് ഹെയര്‍പിന്‍ വളവുകള്‍ തുടങ്ങുകയായി. കഷ്ടിടച്ച് ഒരു ബസിന് ഞെങ്ങി ഞെരുങ്ങി പോകാം. വശങ്ങളില്‍ ഒരാള്‍ പൊക്കത്തില്‍ പുല്ലുകളുടെ വേലികള്‍.
ഹെയര്‍പന്‍ കയറിച്ചെല്ലുന്ന കുന്നിന്‍ നെറുകകളില്‍ സിനിമാസെറ്റിട്ടതുപോലെയുള്ള കൊച്ചു കൊച്ചു ബസ് സ്റോപ്പുകള്‍. ഇടുങ്ങിയ വഴിയിലും സൈലോ കൃത്യതയില്‍ യാത്ര തുടര്‍ന്നു. കോടമഞ്ഞ് ചൂഴ്ന്നു നില്‍ക്കന്ന തേയിലത്തോട്ടങ്ങള്‍ ഇടയ്ക്കിടെ തെളിഞ്ഞു. പിന്നെ വെള്ള പര്‍ദ്ദയിലെന്ന പോലെ ഒളിച്ചുകളിച്ചു.

അണ്ണാമലൈ ടൈഗര്‍ റിസര്‍വ് ഫോറസ്റ് റെയ്ഞ്ചില്‍ പെട്ടതാണീ സ്ഥലം. പുല്‍പ്പരപ്പുള്ള കുന്നുകളാണ് കടുവകള്‍ക്കു പഥ്യം. പുല്‍പ്പരപ്പില്‍ കാല്പെരുമാറ്റം കേള്‍പ്പിക്കാതെ ഇരപിടിക്കാനുള്ള വൈദഗ്ദ്ധ്യം പകരുന്നതിനാല്‍ പുല്‍പ്പരപ്പുകളെ സൂക്ഷിക്കണം. വരയാടുകളോട് കടുവയുടെ കണ്ണാരം പൊത്തക്കളി കഠിനമാകും. പാറപ്പുറങ്ങളിലേക്ക് അപാരമായ ഗ്രിപ്പോടെ തുള്ളിച്ചാടിക്കയറാനും മെയ്വഴക്കത്തോടെ ഓടിമറയാനും വരയാടുകള്‍ക്കാവും.
വാല്‍പ്പാറയില്‍ നിന്ന് കാഴ്ചകള്‍ കുടിച്ച് മത്തുപിടിച്ച കണ്ണുകളോടെ അയ്യപ്പാട്രാവല്‍സ് ഇറങ്ങി വരുന്നു. ബസിനു മാത്രം കടന്നു പോകാവുന്ന വഴിയാണ്. മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിപ്പതെന്തിനു നാം വ്യഥാ… ബസ് ഒരു നാടന്‍ സുന്ദരിയെപ്പോലെ ഒതുങ്ങി നിന്നപ്പോള്‍ സൈലോ മാന്യനായ നാഗരിക ചെറുപ്പക്കാരനായി.
മണ്ണില്‍ മറഞ്ഞു കിടക്കുന്ന രത്നങ്ങള്‍ കണ്ടെത്താനുള്ള മനസ്സുമായി വേണം വാല്‍പ്പാറയിലേക്ക് യാത്ര ചെയ്യാന്‍. ഉള്ളില്‍
മോഹത്തിന്റെ നെഞ്ചുരുക്കവുമായി തേടിയാല്‍ മാത്രം പ്രത്യക്ഷപ്പെടുന്ന സുന്ദര അവതാരമുണ്ടിവിടെ. വാല്‍പ്പാറ എത്തുന്നതിനു മുമ്പ് തേയിലക്കാടുകള്‍ താണ്ടി ചെന്നാല്‍ ബിര്‍ളാ വെള്ളച്ചാട്ടം കാണാം. തുടര്‍വഴിയില്‍ സിദ്ധി വിനായക കോവില്‍. തുടര്‍ന്ന് നല്ലമുടി താഴ്വരക്കാഴ്ച. സഹ്യന്റെ കിരീടത്തിലെ ഏറ്റവും ഉയരമുള്ള തുഞ്ചത്ത് നിന്നുള്ള കാഴ്ചയിലാണ് ഈ കൂട്ടുകാരിപ്പോള്‍. ഇത് ആനമുടി പീക്ക് വ്യൂ.
വാല്‍പ്പാറയ്ക്ക് പതിനൊന്നു കിലോമീറ്റര്‍ ഇപ്പുറത്താണ് ഈ ആകാശം തൊടുന്ന മലമുടിത്തുമ്പ്.
ഉച്ചതിരിഞ്ഞ് മൂന്നുമണി. വാല്‍പ്പാറ അതിന്റെ മോഹക്കാഴ്ചകളുടെ പുല്‍ത്തലപ്പുകള്‍ നീട്ടി സ്വീകരിച്ചു തുടങ്ങുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരെ എത്തിക്കഴിഞ്ഞു. കാട് കുളിരണ്… കൂട് കുളിരണ്… സൈലോയില്‍ പാട്ട് കൊഴുക്കുകയാണ്. എങ്ങനെ പാടാതിരിക്കും. മഞ്ഞ് ഓടിവന്ന് കെട്ടിപ്പിടിക്കുന്നു. നെറുകയില്‍ മുത്തം തരുന്നു. സംഘാംഗങ്ങള്‍ ആര്‍ത്തുവിളിച്ചു.-ആഹാ…!
കുളിരിലിറങ്ങാം…  മഞ്ഞു പുതിയ്ക്കാം… ചാറുന്നത് മഴയോ മഞ്ഞോ… ദാ ഒരു മേഘം തൊട്ടുരുമ്മിപ്പോകുന്നു… ദൈവം തന്റെ മനസിലെ സൌന്ദര്യമത്രയും മനുഷ്യനു മുന്നില്‍ തുറന്നുവെയ്ക്കുന്നു. സ്വര്‍ഗങ്ങള്‍ സ്വപ്നം കാണുന്ന മലമുകള്‍ കാഴ്ച.
ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയാണ് വാല്‍പ്പാറ. വിനോദസഞ്ചാരികള്‍ അധികമൊന്നും തൊട്ടിട്ടില്ലാത്ത പ്രദേശം. വാല്‍പ്പാറയുടെ മനോഹര ദൃശ്യങ്ങളില്‍ കുറച്ച് സ്വകാര്യ തേയിലക്കമ്പനികളുടെ ഉടമസ്ഥതകളില്‍ പുറം ലോകമറിയാതെ ഒളിച്ചിരിപ്പുണ്ട്. എല്ലാ സഞ്ചാരികള്‍ക്കും അവിടേക്കു പ്രവേശനമില്ല. എസ്റേറ്റുകളുമായുള്ള പരിചയമോ അവരുടെ ബംഗ്ളാവുകളിലെ താമസമോ പരിചയപ്പെടുത്തുന്നവര്‍ക്കേ ആ അവിടങ്ങളില്‍ പ്രവേശിക്കാനാവൂ.
വാല്‍പ്പാറയില്‍ പലയിടത്തും പുല്ലുവിരിച്ച കുന്നുകള്‍ കാത്തിരിക്കുന്നുണ്ട്. അവ പലരും രാത്രി നേരങ്ങളില്‍ ആനയും കടുവയും കാടിന്റെ മഹിഷാസുരനായ കാട്ടുപോത്തും വിഹരിക്കുന്ന സ്ഥലങ്ങളാണ്.
1875-ല്‍ ഇംഗ്ളണ്ടിന്റെ രാജകുമാരന്‍ വെയില്‍സ് എഡ്വേര്‍ഡ് ഏഴാമന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഈ കുന്നിന്‍ പുറങ്ങളിലേക്ക് നായാട്ടിനെത്താന്‍ തീരുമാനിച്ചു. റോഡുകള്‍ റെയില്‍വേ ട്രാക്ക് എന്തിന് രാജകുമാരന് കുഞ്ഞൊരു കൊട്ടാരം വരെ തീര്‍ത്തു. മാസങ്ങള്‍ വെള്ളയും കറുപ്പും തൊലിയുള്ളവര്‍ നടത്തിയ അദ്ധ്വാനത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും കാണാം. പക്ഷെ, അന്ന് രാജകുമാരന്‍ അവസാനനിമിഷം നായാട്ട് പദ്ധതി ഉപേക്ഷിച്ചു. ആ കുന്നിന്‍ പുറങ്ങളില്‍ പ്രേക്ഷക മനസുകളിലെ നാലു രാജകുമാരന്മാര്‍ പുല്‍ത്തലപ്പില്‍ മലര്‍ന്നു കിടന്നു.വാല്‍പ്പാറയിലെ ചെറു വെള്ളച്ചാട്ടങ്ങളും മഞ്ഞ് ചൂഴ്ന്നു നില്‍ക്കുന്ന മരക്കൂട്ടങ്ങളും കടന്നു. മുന്നില്‍ ഇനി പല വഴികളുണ്ട്.
വാല്‍പ്പാറയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ പോയാല്‍ നീറാര്‍ ഡാം കാണാം. മറ്റൊരു വഴി ചിന്നകല്ലാറിലേക്കും നീളുന്നു. ചിന്ന കല്ലാറിലേക്കും പത്തു കിലോമീറ്റര്‍ പോകണം.
ചിന്നകല്ലാറില്‍ വെള്ളച്ചാട്ടം കാണാം. ഇതാണ് ചിറാപുഞ്ചിയിലേക്ക് പകരം നില്‍ക്കുന്ന പ്രദേശം. ചിന്നകല്ലാര്‍ കഴിഞ്ഞ് മുന്നോട്ട് പോയി നോക്കി. ബസ് സ്റോപ്പ് പോലൊരു സ്ഥലത്തിന്റെയരികിലൂടെ ഒരു ഒറ്റയടിപ്പാത നീളുന്നു-പ്രൈവറ്റ് എസ്റേറ്റിലേക്ക്.
വാല്‍പ്പാറ പ്രശ്സ്തമായ വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും വാല്‍പ്പാറയില്‍ റെസ്റോറന്റുകളോ ഹോട്ടലുകളോ ഇല്ല.
ബസ് സ്റാന്റിനരികില്‍ കുറച്ച് നേരം ചുറ്റി നടന്നപ്പോള്‍ ഹോട്ടല്‍ കണ്ടു. മസാലദോശ – സാദാ ദോശ മണം ഏതു നേരവും കറങ്ങിത്തിരിയുന്ന പക്കാ തമിഴ്ഹോട്ടല്‍.
വാല്‍പ്പാറയില്‍ താമസസൌകര്യത്തിന് പ്രധാനപ്പെട്ട ബംഗ്ളാവുകള്‍ ലഭ്യമാണ്. സാധാരണക്കാര്‍ക്ക് പോക്കറ്റിലൊതുങ്ങുന്ന ലോഡ്ജുകളും ധരാളം. സ്റാന്‍മോര്‍ പോലുള്ള പ്രശസ്തമായ ബംഗ്ളാവിലെ താമസത്തിന് ആറ് പേര്‍ക്ക് ഭക്ഷണമടക്കം ഒരു ദിവസത്തെ താമസച്ചിലവ് 21,000 രൂപയ്ക്ക മുകളിലാകും.
സ്റാന്‍മോര്‍ ബംഗ്ളാവിലേക്കുള്ള വഴി ചോദിക്കുകയാണ് അജു. തമിഴില്‍ കുറേ സമയം വഴി ചോദിച്ചിട്ടും കേട്ടുനിന്ന തമിഴന് ഒന്നും മനസ്സിലാകുന്നില്ല. ഒടുവില്‍ ബോറടിച്ച് അജു അയാളോട് ചോദിച്ചു-തമിഴന്‍ തന്നെയാണല്ലോ അല്ലേ.
വാല്‍പ്പാറയിലെ മറ്റൊരു മനോഹര കാഴ്ചയാണ് നല്ലമുടി. വെള്ളച്ചാട്ടങ്ങളുടെ ട്വന്റി ട്വന്റി സിനിമ കാണും പോലെ. തേയിലത്തോട്ടങ്ങളുടെ ഇടയില്‍ മറഞ്ഞിരുന്ന ഈ പ്രദേശം കണ്ടുപിടിച്ചത് ഏറെ പണിപ്പെട്ടാണ്.
വാല്‍പ്പാറയിലേക്ക് സഞ്ചാരം നടത്തുന്നവര്‍ ഒരു ദിവസം യാത്രയ്ക്കായും ഒരു ദിവസം കാഴ്ചകള്‍ കാണുന്നതിനായും മാറ്റിവെയ്ക്കുകയാണ് അഭികാമ്യം. പക്ഷെ, ഈ യാത്രാസംഘം മടങ്ങാനുള്ള തീരുമാനത്തിലാണ്. ഏഴരയോടെ മടക്കയാത്ര തുടങ്ങി. ഇനി വന്ന വഴി മടക്കയാത്ര അസാധ്യം. ആറുമണിയോടെ ചെക്ക് പോസ്റുകള്‍ അടയ്ക്കപ്പെടും. അതിനാല്‍ തിരിച്ചിറക്കം പൊള്ളാച്ചി വഴി-പാലക്കാട്-കൊച്ചി. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ പാഞ്ഞുപോകുന്ന കുരങ്ങന്മാര്‍.
മലര്‍വാടിക്കൂട്ടത്തിന്റെ മാര്‍ഗത്തിന് അല്പനേരമെങ്കിലും തടസമുണ്ടാക്കിയത് ഒരു മാന്‍കൂട്ടമാണ്. ശിഖരകൊമ്പുകളോടെ ഒരു കൂട്ടം. മൃഗപക്ഷിജാലം കൊണ്ട് അനുഗ്രഹീതമായ ഈ മഴക്കാട് ഒരു സാമ്പിള്‍ കാട്ടിത്തന്നതെന്ന് കരുതി യാത്ര തുടര്‍ന്നു. കടുവകള്‍, പുള്ളിപ്പുലി, കരടി, കാട്ടുനായ, സിംഹവാലന്‍ കുരങ്ങ്, നീലഗിരി കോലാടുകള്‍, കാട്ടുപോത്ത്, പുള്ളിമാന്‍, കുരയ്ക്കും മാന്‍, എലിയുടെ രൂപത്തോട് സാമ്യമുള്ള കുഞ്ഞ് മാന്‍ തുടങ്ങി ഇരുനൂറ്റമ്പതിലധികം പക്ഷിക്കൂട്ടങ്ങളും വിഹരിക്കുന്ന കാട്ടുപ്രദേശം. കേരളം തമിഴ്നാട് വനം വകുപ്പുമായി ബന്ധപ്പെട്ടാല്‍ വനം കാഴ്ചകള്‍ക്കായുള്ള വാഹനസൌകര്യം അവര്‍ ഒരുക്കിത്തരും.
തിരിച്ചിറക്കത്തിനിടയില്‍ മറ്റൊരു സര്‍പ്രൈസ് കാഴ്ച
ദേ, ആട്…..
വെറും ആടായിരുന്നില്ല, നീലഗിരി കോലാട്. സൈലോയിലിരുന്ന് പുള്ളിക്കാരനെ കണ്ടു. ഏകദേശം പത്ത് മീറ്റര്‍ അകലെ. ഭഗത് തന്റെ ക്യാമറബാഗ് തപ്പി… മാന്‍ വാക്ക് നടത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ താല്‍പര്യമില്ലാതെ കോലാട് ഓടി മറഞ്ഞു.പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓരോ ഹെയര്‍ പിന്നുകള്‍ ഓടിയിറങ്ങുമ്പോഴും ഇടതുവശത്ത് പൊള്ളാച്ചി നഗരത്തിന്റെ കമനീയ രാത്രി ദൃശ്യം. ആകാശത്തെ നക്ഷത്ര മാലകളോട് മുഖം നോക്കി വൈദ്യുത വിളക്കുകള്‍ കൊണ്ട് പൂത്ത് കിടക്കുന്ന നഗരം. നാല്പതോളം ഹെയര്‍ പിന്‍ വളവുകള്‍ പിന്നിട്ട് സൂര്യപ്രകാശത്തിന്റെ ഹെഡ്ലൈറ്റുമായി സൈലോ ഇടതടവില്ലാതെ ഓടുന്നു. മലര്‍വാടിക്കൂട്ടം സീറ്റിലേക്ക് പതിയെപ്പതിയെ ചാഞ്ഞിരുന്നു. കണ്‍തുറന്നിരിക്കുമ്പോള്‍ നിറയെ കണ്ടു തീര്‍ന്ന ഒരു സ്വപ്നത്തന്റെ പേരാണ് വാല്‍പ്പാറ. കണ്ണടച്ചും കിനാവ് കാണാന്‍ നാളെയുടെ സുന്ദരപ്രകൃതികള്‍ ഈ ചെറുപ്പക്കാരുടെ കണ്ണിലുണ്ട്. സ്വപ്നങ്ങളില്‍ മടക്കയാത്രയില്ല. അവര്‍ ദേ… സ്വപ്നങ്ങിലേക്കുള്ള യാത്ര തുടരുന്നു.
മ്യൂഡിസില്‍ നിന്നും വാല്‍പ്പാറയിലേക്ക് പോകും വഴി കാണേണ്ട സ്ഥലങ്ങള്‍.
*ബിര്‍ളാ വെള്ളച്ചാട്ടം *സിദ്ധി വിനായക കോവില്‍ *നല്ലമുടി താഴ്വര *ആനമുടി പീക്ക് വ്യൂ
വാല്‍പ്പാറയില്‍ നിന്ന് അക്കാമലൈ ദിശയില്‍
*നാടുമലൈ വെള്ളച്ചാട്ടം *വെള്ളമലൈ ടണല്‍ വ്യൂ *ബാലാജി കോവില്‍ *ഇരച്ചില്‍പാറ *വെള്ളച്ചാട്ടം.
വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചി ദിശയില്‍
*ടൈഗര്‍ താഴ്വരകള്‍ *പൂനാച്ചി വെള്ളച്ചാട്ടം *ആളിയാര്‍ വണ്ടാല്‍ ഡാമുകള്‍ *9-ാമത്തെ ഹെയര്‍പിന്‍ വളവില്‍ നിന്നാല്‍ കാണുന്ന നവമലൈ (9 മലകള്‍ ചേരുന്ന കാഴ്ച)
വാല്‍പ്പാറയില്‍ നിന്ന് മൂന്നാറിലേക്കുള്ള പാതയില്‍
*അമരാവതി ഡാം & പാര്‍ക്ക് *തിരുമൂര്‍ത്തി വെള്ളച്ചാട്ടം *ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി.
വാല്‍പ്പാറ – സിഞ്ചോണ ദിശയില്‍
*കുളങ്ങല്‍ നദി *നീറാര്‍ ഡാം – ചിന്നക്കല്ലാര്‍ ഡാം *ലോസണ്‍ വെള്ളച്ചാട്ടവും റോപ്പ് ബ്രിഡ്ജും


Related Articles

2 Comments on “മഞ്ഞുമഴക്കാറ്റില്‍ മലര്‍വാടിക്കൂട്ടം”

 • vinoy sebastian wrote on 5 February, 2011, 14:58

  Excellent, your travelogue is really good, colourful and exciting stuff….

 • iphone 5 prototype wrote on 17 September, 2011, 23:36

  Greetings! Really valuable assistance on this short article! It really is the tiny alterations that make the greatest alterations. Many thanks a great deal for sharing!

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 2 + 12 ?
Please leave these two fields as-is:

Photo Gallery

   
 1. Rony Jacob: Hello Sir, I am Rony Jacob f...
 2. Manu Suresh: I would like to subscribe over...
 3. garmin 1490t GPS problems: Thanks for your article I genu...
 4. moncler femme: Wow that was odd. I just wrote...
 5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.