ചില പ്രണയ നമ്പറുകള്‍

By Admin

മുകേഷ്:


അതിസുന്ദരിയായ കോളേജ് ബ്യൂട്ടിയുടെ പേര് അറിയാതെ ബൈഹാര്‍ട്ടാകും പോലെ കൊല്ലം എസ് എന്‍ കോളേജിലെ ആണ്‍കുട്ടികള്‍ക്ക് പണ്ട് ഒരു കാര്‍ നമ്പര്‍ മന:പ്പാഠമായിരുന്നു. 3067. എന്റെ വീട്ടിലെ അംബാസഡറിന്റെ നമ്പര്‍. കോളേജിലാരും അംബാസഡറിനെ ‘കാര്‍’ എന്നു വിളിച്ചില്ല. വിളിച്ചത് 3067 എന്നുമാത്രം.

“ഡേ… 3067 ഇന്നലെ കടപ്പാക്കടയിലൂടെ പോകുന്നതു കണ്ടല്ലോ..”
“നാളെ… 3067 – ല്‍ വരണെ… പെട്രോളടിച്ചുതരാം.”

അങ്ങനെ അഴകളവുകള്‍ തികഞ്ഞ ഒരു സുന്ദരിയെപ്പോലെ ഫെയ്മസായിരുന്നു, 3067. 3067 കോളജിലെത്തണമെങ്കില്‍ ചില സാഹചര്യങ്ങള്‍ ഒത്തുവരണം. ഒന്ന്, അച്ഛനുമ്മയും കൊല്ലം ജില്ല വിടണം. രണ്ട്, കൂട്ടുകാര്‍ പിരിവെടുത്ത് പെട്രോളടിക്കണം. എന്റെ കൈയില്‍ കാറും അത് എവിടെ വരെ വേണമെങ്കിലും ഓടിക്കാം എന്ന സ•നസ്സും മാത്രമേയുള്ളൂ. അന്നൊക്കെ ഒരു ലിറ്റര്‍ പെട്രോളടിച്ചിട്ട് വിരിഞ്ഞ് നിന്നൊരു ചോദ്യമുണ്ട് : “ഇനിപ്പറ… എവിടെപ്പോകണം.” ഒരു ലിറ്റര്‍ പെട്രോള്‍ അന്നത്തെ വലിയ ലാവിഷാണ്.
ഒരിക്കല്‍ വീട്ടില്‍ നിന്ന് എല്ലാവരും കൂടി ഒരു ദൂരയാത്രയ്ക്കിറങ്ങി. അച്ഛന്‍ പതിനഞ്ചു ലിറ്റര്‍ പ്രെട്രോളടിക്കാനുള്ള പണം തന്നു. ഞാനാണ് ഡ്രൈവര്‍. പെട്രോള്‍ പമ്പില്‍ ചെന്ന് മാനേജരോടു പറഞ്ഞു : “പതിനഞ്ച് ലിറ്റര്‍ അടിച്ചേര്….” കാറില്‍ അച്ഛനുമ്മയുമെല്ലാമിരിക്കുന്നത് മാനേജര്‍ കണ്ടില്ല. എന്റെ ആവശ്യം കേട്ടപ്പോള്‍ അയാള്‍ ഒരു പുച്ഛിച്ചു ചിരിച്ചു. കളിക്കാതെ പോടേ.. പോടേ… എന്ന മട്ട്. ദിവസവും കൂട്ടുകാരുടെയടുത്ത് നിന്ന് പിരിവെടുത്ത് കഷ്ടി ഒരു ലിറ്ററിനുള്ള കാശ് സംഘടിപ്പിക്കുന്ന എന്റെ പെടാപ്പാടുകള്‍ കണ്ടുകൊണ്ടിരിക്കുന്നയാളാണ് മാനേജര്‍. പതിനഞ്ച് ലിറ്റര്‍ സംഭവം പുള്ളിക്ക് വിശ്വസിക്കാനാവുന്നില്ല. ഞാന്‍ വീണ്ടും പറഞ്ഞു : “ചേട്ടാ… പതിനഞ്ചു ലിറ്ററ്…”

“അനിയാ… തമാശയൊക്കെ കൊള്ളാം…. ഡേ… ഒരു ലിറ്ററ് അടിച്ചു കൊട്…” മാനേജര്‍ അവിടെ നിന്ന പയ്യനോട് വിളിച്ചു പറഞ്ഞു. ഞാന്‍ പൈസയെടുത്ത് കാണിച്ചു. അയാള്‍ പിന്നെയും വിശ്വസിച്ചില്ല. “അടിച്ചു കഴിഞ്ഞ് തിരിച്ചു ചോദിക്കാനല്ലേ… വേല കൈയില്‍ വെച്ചാ മതി…” മാനേജര്‍ എന്നെ വിശ്വസിക്കുന്ന മട്ടില്ല.
ഒടുവില്‍ അച്ഛന്‍ കാറിലിരിക്കുന്നത് കാണിച്ചുകൊടുത്ത് വിശ്വസിപ്പിക്കേണ്ടി വന്നു.

അന്നൊക്കെ പ്രധാനമായും കാറുകള്‍ക്ക് വരുന്ന പ്രധാന പ്രശ്നം ടാങ്ക് തുരുമ്പിക്കലാണ്. ടാങ്കിലേക്ക് പോകുന്ന ലോഹക്കുഴല്‍ തുരുമ്പിക്കാത്ത വണ്ടികള്‍ തീരെക്കുറവ്. കാരണം അവിടെയൊന്നും പെട്രോള്‍ നിന്ന ചരിത്രമേയില്ല. പെട്രോള്‍ അടിക്കാനുള്ള കാശ് പിരിവെടുത്ത് അദ്ധ്വാനിച്ചുണ്ടാക്കേണ്ട ഒന്നായതുകൊണ്ട് എന്റെ കോളേജ് യാത്രകള്‍ വിജയ് സൂപ്പര്‍ സ്കൂട്ടറിലായിരുന്നു.

നായകനും നായികയും കൈവിട്ട് പ്രേമഗാനവും പാടി സ്കൂട്ടറില്‍ പോകുന്ന സിനിമകളുണ്ടെങ്കിലും അത്രയ്ക്ക് സാഹസികരായ പെണ്‍കുട്ടികള്‍ അന്ന് കൊല്ലത്തില്ല. പരസ്യമായി ആണും പെണ്ണും സംസാരിച്ചാല്‍ത്തനെ വലിയ അപരാധമെന്നു കരുതിയ കാലമാണ്. പ്രേമിക്കുന്ന പെണ്ണിനെയും വെച്ച് സ്കൂട്ടറോ കാറോ ഓടിക്കുക – എന്നത് റോക്കറ്റില്‍ കയറി ചൊവ്വയില്‍ പോകുന്നതിനേക്കാള്‍ അസംഭവ്യമായ കാര്യവും.

പക്ഷേ, ഇതിനിടയിലും ഒരു കാറില്‍ ഒരു അനുരാഗം മൊട്ടിട്ടു. വിരിഞ്ഞ് പൂവും കായുമൊക്കെയായി. വിമന്‍സ് കോളേജില്‍ പഠിക്കുന്നവളായിരുന്നു. കഥാനായിക. കൊല്ലത്തെ ഒരു മുതലാളിയുടെ ഏകപുത്രി. നായകന്‍ എന്റെ ക്ളാസ്സില്‍ പഠിക്കുന്ന ഒരു സുമുഖന്‍. ഈ സുന്ദരി വിമന്‍സ് കോളേജില്‍ വരുന്നത് ആഷ് കളറിലുള്ള കാറിലാണ്. കാമുകന്റെ വീട്ടില്‍ ഒരു കറുത്ത അംബാസഡര്‍ കാറുണ്ട്. അവന്‍ വീട്ടുകാരെ സോപ്പിട്ടോ തെറ്റിദ്ധരിപ്പിച്ചോ… എങ്ങനെയെന്നറിയില്ല കറുത്ത കളര്‍ ചുരണ്ടി മാറ്റി ആഷ് കളറാക്കി. കാമുകിയുടെ കാറിലേതുപോലുള്ള സൈഡ് കര്‍ട്ടനുമിട്ടു.

രാവിലെ സുന്ദരിയുടെ വീട്ടില്‍ നിന്നുള്ള കാര്‍ വിമന്‍സ് കോളേജില്‍ വരും. അരമണിക്കൂര്‍ കഴിയുമ്പോള്‍ അതേപോലുള്ള മറ്റൊരു ആഷ് കളര്‍ കാര്‍ വരും. അതില്‍ അവള്‍ കയറും. അത് കാമുകന്റെ കാറാണ്. പക്ഷേ, കണ്ടുനില്‍ക്കുന്നവര്‍ക്ക് അത് അവളുടെ വീട്ടിലെ കാറാണ്. പിന്നെ രണ്ടാളം കൂടി കറക്കമാണ്. ഞങ്ങള്‍ കൊല്ലത്തെ ഗട്ടറുകളെ ശപിച്ചു. ആഷ് കളര്‍ അസൂയയുടെ നിറമായി മാറി. വൈകുന്നേരമാകുമ്പോള്‍ പ്രണയക്കാര്‍ വന്നു നില്‍ക്കും. അതില്‍ നിന്ന് അവളിറങ്ങും. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് വീട്ടില്‍ നിന്നുള്ള കാര്‍ വരും. അവള്‍ അതില്‍ കയറി വീട്ടില്‍പ്പോകും. കുറേ വര്‍ഷങ്ങള്‍ ആഷ് കളര്‍ കാര്‍ അനുരാഗത്തിന്റെ ഹോണ്‍ കേള്‍പ്പിച്ച് കൊല്ലത്തെ വഴികളിലൂടെ ഓടി. (ഈ കഥ കേട്ടവരെല്ലാം ഈ കഥയിലെ നായകന്‍ മുകേഷ് തന്നെയല്ലേയെന്നു ചോദിച്ചിട്ടുണ്ട്. സത്യമായിട്ടും അത് ഞാനല്ല.) 3067 ല്‍ കറങ്ങി നടപ്പല്ലാതെ പ്രണയത്തിന് സഹായമൊന്നും കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതില്‍ ഞാനും കാറും ഭിന്നരായിരുന്നു. അങ്ങനെയിരിക്കെ ഞാനൊരു സുന്ദരിയെ കൈയും കലാശവും ചില്ലറ നമ്പറുമൊക്കെയിട്ട് വീഴിച്ചു. കോളേജില്‍ വെച്ച് ഡയലോഗില്ല. കണ്ണും കണ്ണും ഏതാനും സെക്കന്റ് നേരത്തേയ്ക്ക് കഥകള്‍ കൈമാറും. ഞാന്‍ ദീര്‍ഘനിശ്വാസവുമായി നെഞ്ചും തടവി അവളെക്കുറിച്ച് കിനാവുകണ്ട് കിടക്കും. പിന്നെ വല്ലപ്പോഴും ഫോണ്‍വിളിച്ചാലായി. ഫോണ്‍ വിളിയില്‍പ്പോലും പ്രേമരംഗങ്ങള്‍ അവള്‍ക്കു പേടിയായിരുന്നു. പ്രേമം, ലവ് ഇതിന്റെ ഷെയ്ഡുള്ള എന്തെങ്കിലും ഡയലോഗ് വന്നാല്‍ ഫോണ്‍ കട്ടാണ്.

“ഈ അരീടെയൊക്കെ വില… ഇങ്ങനെ പോയാല്‍ ക്ഷാമം വരുമായിരിക്കും…. ഏതോ കോളേജില് ആരെയൊ കുത്തിക്കൊന്നെന്ന്…” സംഭാഷണം ഇതൊക്കെയാണ്… പൊതുക്കാര്യം മാത്രമേ പറയാന്‍ പറ്റൂ. എപ്പോഴെങ്കിലും ഒരു സിനിമയിലെയെങ്കിലും പ്രേമസീനിനെക്കുറിച്ച് പറയുമ്പോഴേക്കും അവള്‍ ഫോണ്‍ കട്ടാക്കും. “ഞാനാ പടം കണ്ടു കേട്ടോ… വിന്‍സെന്റ് ലവ് അഭിനയിക്കുന്നത് എത്ര ഒറിജിനലായിട്ടാ.. അവരുടെയൊക്കെ മനസ്സില് ലവ് കാണുമായിരിക്കും..” ഞാന്‍ പറഞ്ഞു തുടങ്ങും. “ക്ണിം” അപ്പുറത്ത് ഫോണ്‍ ക്രാഡിലില്‍ വീഴുന്ന ഒച്ച. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവളുടെ അച്ഛനൊരു കഠിനഹൃദയനാണ്. അയാള്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. ഇളയവളോടാണ് എനിക്ക് ലവ്. അവളുടെ അച്ഛന്‍ അര മണിക്കൂര്‍ കൂടുമ്പോള്‍ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് വിളിക്കും. ഫോണില്‍ എന്‍ഗേജിഡ് ശബ്ദം കേട്ടാല്‍ നേരെ കാറുമെടുത്ത് വീട്ടിലെത്തും. ആരെയാണ് വിളിച്ചതെന്ന് ചോദിച്ചിട്ട് ആ നമ്പറിലേക്ക് വിളിക്കും. കള്ളം പറഞ്ഞാല്‍ തള്ളയുള്‍പ്പെടെ വീട്ടിലെ പെണ്ണുങ്ങള്‍ക്കെല്ലാം ക്രൂരമര്‍ദ്ദനമാണ്. ഇവരുടെ സി• കാണാനുള്ള പോക്കും ബഹുരമസാണ്. സെക്കന്റ് ഷോയ്ക്കേ പോകാറുള്ളൂ. പെമ്പിള്ളേരു അമ്മയുമെല്ലാം ഒരുങ്ങിയിറങ്ങും. തന്തപ്പടിക്ക് തോന്നുമ്പോള്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വ അവസരമാണ് ഈ സിനിമയ്ക്ക് പോക്ക്. സിനിമ കാണാന്‍ പോകുന്ന ദിവസം എന്റെ വീട്ടിലെ ഫോണിലേയ്ക്ക് അവള്‍ വിളിക്കും.

“ഇന്ന് സിനിമയ്ക്ക് വരും… സെക്കന്റ് ഷോ..”
ഇത്രയും പറഞ്ഞു കഴിഞ്ഞാല്‍ ഫോണ്‍ കട്ട്.

പിന്നെ ഞാന്‍ 3067-മായി തിയറ്റരിലേക്ക് ഒറ്റപാച്ചിലാണ്. മൂന്ന് പെമ്പിള്ളേരെയും കയറ്റി തന്തപ്പടി കാറും ഒടിച്ചു വരും. തിയറ്ററിനു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്ത് അകത്തേയ്ക്കു പോകും. 3067 കൊണ്ടു ചെന്ന് അവരുടെ കാറിന്റെ പിന്നിലായി കുറുകെ പാര്‍ക്കുചെയ്യലാണ് എന്റെ ഡ്യൂട്ടി. 3067 മാറ്റാതെ അവരുടെ കാര്‍ അവിടെനിന്ന് നീക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പാര്‍ക്കു ചെയ്ത് ഞാനും ടിക്കറ്റെടുത്ത് സിനിമ കാണാന്‍ കയറും. സ്ക്രീനില്‍ നിന്നുള്ള പ്രകാശത്തില്‍ കുറച്ചു ദൂരെ കാമുകിയുടെ മുഖം കാണാം. അവളും ഇടയ്ക്കിടെ പാളി നോക്കും. ഞാന്‍ സ്ക്രീനിലേക്ക് നോക്കുന്നതിനേക്കാള്‍ കൂതുല്‍ സമയം അവളുടെ മുഖവും നോക്കിയിരിക്കും. അവള്‍ എന്നെ നോക്കി ഒന്നു ചിരിച്ചാലായി….

സിനിമയില്‍ ഗാനരംഗങ്ങളെക്കെയുണ്ടാവുമല്ലോ. അതിലെങ്ങാനും ഒരു കെട്ടിപ്പിടുത്തം കൂടുതലുണ്ടെങ്കില്‍ പെട്ടെന്ന് അവളുടെ തന്തപ്പടി ചാടിയെഴുന്നേല്‍ക്കുന്നതു കാണാം.

‘ആ പോവാം പോവാം… ഫാമിലിയായിട്ട് കാണാന്‍ കൊള്ളാത്ത പടം… ? ഇതും പറഞ്ഞ് തന്തപ്പടി ഇറങ്ങി ഒറ്റപ്പോക്കാണ്. അപ്പോള്‍ നമുക്കു കാണാം… വരിവരിയായി.. ദു:ഖിതരായി പെമ്പിള്ളേരും അമ്മയും ഇറങ്ങിപ്പോകുന്നത്. പുറത്തിറങ്ങി തന്തപ്പടി കാറില്‍ കയറും. വണ്ടിയെടുക്കാന്‍ ഇറങ്ങുമ്പോള്‍ പിന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ് നമ്മുടെ 3067. പിന്നെയുള്ള കാര്യങ്ങള്‍ എഴുതിവെച്ച സ്ക്രിപ്റ്റ് പോലെയാണ്. തിയറ്ററിലെ സെക്യൂരിറ്റി ടോര്‍ച്ചുമായി എന്നെ തിരിക്കി വരുന്നു..

“സാര്‍.. ആ വണ്ടിയൊന്ന് മാറ്റിക്കൊടുക്കണമായിരുന്നു…” അപ്പോള്‍ എന്റെ വക ഒരു അലര്‍ച്ചയുണ്ട്… “പോടോ അവിടുന്ന്.. സിനിമ കാണുന്നതിന്റെയിടയിലാണ് കാര്‍ മാറ്റുന്നത്. ഇനി സിനിമ കഴിയട്ടെ…”

എന്റെ ഈ ഡയലോഗ് തിയറ്റര്‍ സെക്യൂരിറ്റി തന്തപ്പടിയെ അറിയിക്കുന്നു. തന്തപ്പടി പല്ലു കടിച്ച് മനസ്സില്‍ എന്നെ കുറേ ചീത്ത വിളിക്കുന്നു. ഈ സമയത്ത് തീയറ്ററിന്റെ പുറത്ത് കപ്പലണ്ടി വില്‍ക്കുന്നവനും ചായ വില്‍ക്കുന്നവനുമൊക്കെ മൂന്ന് പെമ്പിള്ളേരെയും സ്കാന്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടാവും. ഇതു കാണുമ്പോള്‍ തന്തപ്പടി വീണ്ടും ദേഷ്യം കൊണ്ട് ചുവക്കും. “വായി നോക്കികള്…” പിന്നെയും അവിടെ നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് പതിനഞ്ചോ ഇരുപതോ മിനിട്ട് കഴിയുമ്പോള്‍ പെമ്പിള്ളേരെയും അമ്മയെയും കൂട്ടി തന്തപ്പടി വീണ്ടും തിയറ്ററിനുള്ളിലെത്തും. അതും നമുക്ക് കാണാം. പോയ ഗ്രൂപ്പ് കതകു തുറന്ന് തിയറ്ററിനുള്ളിലേയ്ക്ക് വരിവരിയായി വരും. ആ സമയം കാമുകി എന്നെ നോക്കി ഒരു പുഞ്ചിരിയുണ്ട്. അതാണ് നമുക്ക് സ്വര്‍ഗ്ഗം കിട്ടുന്ന സമയം. സിനിമ കഴിഞ്ഞ് ചെല്ലുമ്പോള്‍ തന്തപ്പടി എന്നോട് തട്ടിക്കയറും.. “നിങ്ങള്‍ക്ക് കാറ് നേരെയിട്ടുകൂടേ..?”

“സിനിമ തുടങ്ങിയതിന്റെ തിരക്കില്‍ പറ്റിയതാ..” എന്റെ ഭാവി അമ്മായിയപ്പനെ പിണക്കാതിരിക്കാനായി എന്റെ വക കമന്റ്. അടുത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാമുകിയുടെ ഫോണ്‍വിളി വരുന്നതും കാത്ത് ഒരിരിപ്പുണ്ട്. കാരണം അവര്‍ തിയറ്ററില്‍ നിന്നിറങ്ങിയ പതിനഞ്ച് ഇരുപത് മിനിറ്റിനുള്ളില്‍ സിനിമാക്കഥയില്‍ എന്തു സംഭവിച്ചു എന്നറിയാനാണ് ആ വിളി. അതാണ് ഞാന്‍ കാത്തിരിക്കുന്ന അനര്‍ഘ നിമിഷം. എന്റെ കയ്യില്‍ നിന്ന് കുറച്ചു കൂടി എരിവൊക്കെയിട്ട് പൊലിപ്പിച്ചാണ് കഥ പറച്ചില്‍.

“ജയഭാരതി ഇങ്ങനെ കിടന്നുറങ്ങുമ്പോള്‍ വിന്‍സെന്റ് വരും… വിന്‍സെന്റ് വന്ന് ഒറ്റക്കെട്ടിപ്പിടുത്തമാണ്… കെട്ടിപ്പിടുത്തമെന്നു വെച്ചാലുണ്ടല്ലോ…” ഞാന്‍ കൈയില്‍ നിന്നിട്ട് പറയും. അപ്പോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ നിശബ്ദമായിരിക്കും. കഥയിലുള്ളതായതുകൊണ്ട് അവള്‍ എതിരു പറയില്ല. അങ്ങനെ സിനിമ കണ്ടു കഴിഞ്ഞ് പിന്നെ ഒരു മൂന്നുനാല് ദിവസത്തേയ്ക്ക് നല്ല കൊയ്ത്താണ്. പതിനഞ്ച് മിനിറ്റില്‍ നടന്ന കഥയെന്ന പേരില്‍ ഞാന്‍ അരമണിക്കൂറൊക്കെ വര്‍ണ്ണിച്ചു കളയും.

പിന്നെ പല ദിവസങ്ങളിലും 3067 പ്രണയത്തെ ഇത്തരത്തില്‍ രോമാഞ്ചജനകമാക്കി എന്റെ നമ്പരുകള്‍ക്ക് കൂട്ടു വന്നു, എന്റെ മനസ്സറിഞ്ഞ് കൂടെ നിന്നു. പിന്നീട് 3067 വിറ്റു. അവന്‍ വീടിന്റെ ഗേറ്റ് കടക്കുമ്പോള്‍ എന്റെ പ്രണയ സാഹസങ്ങള്‍ക്ക് സഹായിയായി വന്നിട്ടുള്ള ഒരു കൂട്ടുകാരനെ പിരിയുന്ന സങ്കമായിരുന്നു മനസ്സില്‍

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 11 + 5 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.