If happiness is a country!!

By Admin

സമാധാനമുള്ള ഹൃദയവും സന്തോഷമുള്ള മുഖവുമാണ് ഭൂട്ടാന്‍. ഒരു സ്വപ്‌നമായി ഭൂട്ടാന്‍ മനസില്‍ കയറിക്കൂടിയിട്ട് ഏറെനാളായി. ഒടുവില്‍ അതുവരെ കേട്ടറിവുംവായിച്ചറിവും മാത്രമുള്ള ഭൂട്ടാനിലേക്ക് ബാംഗ്ലൂരില്‍ നിന്ന് എന്റെ സന്തതസഹചാരിയായ ബജാജ് പള്‍സര്‍ 200 എന്‍എസില്‍ യാത്ര തിരിച്ചു.
സിലിഗുരിയില്‍ നിന്ന് ജല്‍പൈ ഗുരി വഴി ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയായ ജയ്‌ഗോണില്‍ എത്തി. ഭൂട്ടാന്‍ ഗേറ്റ് കടന്നപ്പോള്‍ തന്നെ സമാധാനപരമായ വൃത്തിയുള്ള അന്തരീക്ഷത്തിലേക്ക് സ്വയമറിയാതെ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഫുണ്ട്‌ഷൊലിങ് എന്ന ഭൂട്ടാന്റെ അതിര്‍ത്തി ഗ്രാമത്തിലുള്ള ഇമിഗ്രേഷന്‍ ഓഫീസിലേക്ക് നേരെ ചെന്നു. ഓഫീസ് ജീവനക്കാരെല്ലാം ഭൂട്ടാന്റെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ജോലി ചെയ്യുന്നത്.
യോദ്ധ സിനിമയിലെ ഉണ്ണിക്കുട്ടനെ പോലെ സുന്ദരനായിരുന്നു ഇമിഗ്രേഷന്‍ ഓഫീസറെങ്കിലും ഞാന്‍ ഒറ്റയ്ക്കു വന്നതിനാല്‍ പെര്‍മിറ്റ് തരില്ല, അഞ്ച് കിലോമീറ്റര്‍ ഒന്നു കറങ്ങിയിട്ട് പൊയ്‌ക്കോളാന്‍ പറഞ്ഞു. എനിക്ക് തലകറങ്ങിപ്പോയി.
ഭൂട്ടാന്‍ കാണാതെ തിരിച്ചുപോകാനോ. ഓഫീസറുടെ കൈയ്യുംകാലും പിടിക്കാന്‍ തുടങ്ങിയപ്പോള്‍ നാളെ രാവിലെ വന്ന്
ഏതെങ്കിലും ഫാമിലിയുടെ കൂടെ അപ്ലൈ ചെയ്യാന്‍ പറഞ്ഞു. ( ഉള്‍പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര അനുവദിക്കാറില്ല.) എട്ടു വര്‍ഷത്തെ എന്റെ യാത്രാ സാഹസങ്ങളും ഭൂട്ടാനെ പുകഴ്ത്തിയുള്ള സംസാരവും അദ്ദേഹത്തിന് ബോധിച്ചുകാണും. ഒടുവില്‍ പത്ത് മിനുട്ടു കൊണ്ട് പെര്‍മിറ്റ് റെഡിയാക്കി തന്നു. സമയക്കുറവു മൂലം തലസ്ഥാനമായ തിമ്പു, പാരോ എന്നീ പ്രവിശ്യകള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ ഞാന്‍ അപ്ലൈചെയ്തുള്ളൂ. പിറ്റേന്ന് രാവിലെ ബൈക്ക് പെര്‍മിറ്റ് വാങ്ങി തിമ്പുവിലേക്കുള്ള യാത്ര ആരംഭിച്ചു.

ട്രാഫിക് ലൈറ്റുകളില്ലാത്ത തലസ്ഥാനം

പച്ച പുതച്ചുകിടക്കുന്ന മലനിരകളെ തഴുകിയെത്തുന്ന തണുത്ത കാറ്റ് ആവോളം ആസ്വദിച്ചാണ് ഞാന്‍ ഭൂട്ടാനില്‍ ബൈക്കോടിച്ചത്. ഒറ്റയ്ക്കുള്ള ബൈക്ക് യാത്രകള്‍ക്ക് ഒരുതരം മെഡിറ്റേറ്റീവ് ഇംപാക്ടുണ്ട്. പ്രത്യേകിച്ച് ഭൂട്ടാന്‍ പോലെ പ്രകൃതി സുന്ദരവും ശാന്തവുമായ സ്ഥലങ്ങളിലൂടെയുള്ള റൈഡ്. ബാംഗ്ലൂരിന്റെ തിരക്കിലും പൊടിയിലും ശ്വാസം മുട്ടിക്കഴിയുന്നതിനാല്‍ ശുദ്ധവായു പരമാവധി ഉള്ളിലേക്കെടുത്തായിരുന്നു യാത്ര. മുകളിലേക്ക് കയറുന്തോറും തണുപ്പ് കൂടിവന്നു. വിചിത്രമായിരുന്നു കാലാവസ്ഥ . ചില ചെരിവുകളില്‍ വെയിലും, ചില ഇടങ്ങളില്‍ മഞ്ഞും. വഴി ഏറെക്കുറെ നല്ലതാണ്. താഴ്‌വരകളുടെ ഭംഗി വാക്കുകളില്‍ വിവരിക്കാനാവില്ല. ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറി. എല്ലാ മാംസാഹാരങ്ങളും ലഭിക്കുമെങ്കിലും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉണങ്ങിയ ഇറച്ചികളാണെന്നു മാത്രം. ഭൂട്ടാനില്‍ കശാപ്പ് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പുകവലിച്ചാല്‍ 15,000 രൂപ പിഴ അടക്കേണ്ടി വരും. സിഗററ്റ് തന്ന കടക്കാരനും കുടുങ്ങും. പക്ഷേ മദ്യം സുലഭമാണ്. എന്നാല്‍
മദ്യപിച്ചു ലെക്കു കെട്ട് നടക്കുന്ന ആരെയും കണ്ടില്ല. താഴ്‌വരയുടെ മനോഹാരിതയില്‍ മുഴുകി ഞാന്‍ റൈഡ് തുടര്‍ന്നു .170 കിലോമീറ്റര്‍ പിന്നിട്ട് തിമ്പു എത്താന്‍ ആറു മണിക്കൂറോളം എടുത്തു. തലസ്ഥാനമാണെകിലും വളരെ ചെറിയ പട്ടണമാണ്
തിമ്പു. പരമ്പരാഗത രീതിയിലാണ് ഓരോ കെട്ടിടങ്ങളും നിര്‍മിച്ചിരിക്കുന്നത്. മനോഹരമായ റോഡുകള്‍. ബൈക്കും കാറും ഒക്കെ പാര്‍ക്ക് ചെയ്യാന്‍ വഴിയില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ ഇവിടെ കര്‍ശനമാണ്. എങ്കിലും
ട്രാഫിക് ലൈറ്റുകള്‍ ഒരിടത്തുമില്ല. ലോകത്താദ്യമായിട്ടാകും ഇങ്ങനെയൊരു സ്ഥലം. ആളുകളെല്ലാം വളരെ സ്‌നേഹവും സഹകരണവുമുള്ളവരാണ്. അമിതമായ തിരക്കുകളോ തിടുക്കമോ ആരിലും കണ്ടില്ല. മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുന്ന ഒരാളെപ്പോലും കണ്ടില്ല. മുറിയെടുത്ത ഹോട്ടലിന്റെ ഉടമയായ ദേവാടെന്‍ സിങുമായി ഞാന്‍ വേഗം ചങ്ങാത്തത്തിലായി. തിമ്പു

CAMERA

ചുറ്റിക്കാണിക്കാന്‍ അദ്ദേഹത്തിന്റെ വണ്ടിയില്‍ എന്നെ കൊണ്ടു പോകാമെന്നേറ്റു. കൊന്‍ഷ്യല്‍ ഫോദ്രാംഗിലെ ഭീമന്‍ ബുദ്ധ പ്രതിമയാണ് പ്രധാന ആകര്‍ഷണം. പിന്നെ മൊണാസ്ട്രികളും നാഷണല്‍ ലൈബ്രറി കെട്ടിടവും മറ്റും നഗരത്തിനു മാറ്റു കൂട്ടുന്നു. ആളുകളുടെ വസ്ത്രധാരണവും പരമ്പരാഗത രീതിയില്‍ തന്നെ. തിമ്പു മുഴുവന്‍ ചുറ്റിക്കാണിച്ച അദ്ദേഹം എനിക്ക് സ്‌പെഷല്‍ ഫുഡ് ഉണ്ടാക്കിതന്നു. ഫെയ്‌സ്ബുക്കിനെപ്പറ്റി ഞാനെന്തോ പറഞ്ഞപ്പോള്‍ ചെറുപ്പക്കാരനായ ഈ ഹോട്ടലുടമ അങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ലെന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു. പിറ്റേന്ന് രാവിലെ പാരോയിലേക്കു തിരിച്ചു.

ചരിത്രമുറങ്ങുന്ന തക്‌സങ്ങ്

ഭൂട്ടാനിലെ രണ്ടാമത്തെ വലിയ സ്ഥലമാണ് പാരോ. വലിയ മലനിരകള്‍. മിക്ക ഇടങ്ങളും പാരോ നദിക്കു സമാന്തരമായിട്ടാണ്. പാരോയിലെ ഒരേയൊരു എയര്‍പോര്‍ട്ടിലേക്കാണ് അന്‍പതോളം കിലോമീറ്റര്‍ പിന്നിട്ട് ചെന്നു കയറിയത് എയര്‍പോര്‍ട്ടിന് മതിലോ വലിയ കാവലോ ഒന്നും തന്നെ ഇല്ല. റോഡിനു സമാന്തരമായിട്ടുള്ള റണ്‍വേ. ഇവിടെ നിന്നാല്‍ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതും ലാന്‍ഡ് ചെയ്യുന്നതുമെല്ലാം നന്നായി കാണാം. എയര്‍പോര്‍ട്ട് കടന്ന് ടൗണില്‍ എത്തി. തിമ്പുവിനേക്കാള്‍
ചെറുതാണ്. കെട്ടിടങ്ങള്‍ എല്ലാം ഒരേ പോലെ. ഒരു ഹോട്ടലില്‍ റൂം എടുത്തു. പാരോ തക്‌സങ് അഥവാ ടൈഗര്‍ നെസ്റ്റ് മൊണാസ്ട്രി ആണ് എന്റെ ലക്ഷ്യം. 1694 ല്‍ പണിതതായി ചരിത്രം രേഖപ്പെടുത്തുന്ന ഈ ബുദ്ധവിഹാരം പതിനായിരം അടി ഉയരത്തില്‍ ചെങ്കുത്തായ പാറക്കെട്ടിലാണ് പണിതിട്ടുള്ളത്. മൂന്നര മണിക്കൂറോളം നടന്നു കയറിയാലേ ഇവിടെ എത്താന്‍ പറ്റു. പടുകൂറ്റന്‍ മരങ്ങള്‍ ഉള്ള കാട്ടിലൂടെയാണ് മുകളിലേക്കുള്ള യാത്ര. പത്ത് മിനിറ്റില്‍ കൂടുതല്‍ നടക്കാന്‍
കഴിയില്ല അത്രക്ക് കഠിനമാണ്. ഒരു വിധം മുകളില്‍ എത്തിയെന്നു നമ്മള്‍ വിചാരിക്കുമെങ്കിലും എത്തുന്നത് മറ്റൊരു മലയുടെ മുകളിലായിരിക്കും. ഈ മലയില്‍ നിന്ന് മുന്നൂറോളം പടികള്‍ താഴേക്കിറങ്ങിയാല്‍ അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട് അതും കണ്ടു വീണ്ടും മുന്നൂറോളം പടികള്‍ മുകളിലേക്ക് കയറണം മൊണാസ്ട്രിയിലെത്താന്‍. മൊണാസ്ട്രി ഒരു അലൗകിക അനുഭവമാണ്. ടൈഗര്‍ നെസ്റ്റ് എന്ന ഒരു ഗുഹയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പാറകള്‍ക്കിടയിലൂടെ ഉള്ളിലേക്ക് ഇറങ്ങാന്‍ നല്ല ബുദ്ധിമുട്ടാണെങ്കിലും ഞാനും ഉള്ളില്‍ കയറി.ഇതിനിടയില്‍ വിനായക് എന്ന മലയാളിയായ മറ്റൊരു റൈഡറെ പരിചയപ്പെട്ടു. അദ്ദേഹം ഗുവാഹത്തിയില്‍ നിന്ന് തുടങ്ങി അരുണാചല്‍ പ്രദേശ് പോയ ശേഷം ഭൂട്ടാനില്‍ വന്നതാണ്. ജീവിതത്തിലെ ഏറ്റവും മികച്ച ട്രെക്കിങ്ങ് അനുഭവവുമായി ഞങ്ങള്‍ രണ്ടുപേരും മലയിറങ്ങി. പിറ്റേന്ന് ഭൂട്ടാനിലെ ഏറ്റവും ഉയരം കൂടിയ മൗണ്ടന്‍ പാസ്സ് ആയ ചെലേല വരെ പോയിട്ട് മടങ്ങാന്‍ തീരുമാനിച്ചു. കാട്ടുപാത പോലെ തികച്ചും ഏകാന്തമായ വഴിയാണ് ചെലേല പാസിലേക്ക്. ആരും തന്നെ ഇല്ല എന്ന് പറയാം. ഉയരം കൂടും തോറും തണുപ്പും കാറ്റും കൂടി വന്നു. വണ്ടിയുടെ വലിവും തീരെ കുറവായി തോന്നി. വലിയ വളവുകളും വനത്തിന്റെ ഏകാന്തതയും ആസ്വദിച്ച് ചെലേല പാസ് കീഴടക്കി തിരിച്ചു പാരോയിലേക്കു മടങ്ങി.
ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായ ഭൂട്ടാനോട് വിട പറഞ്ഞു ഇന്ത്യന്‍ ബോര്‍ഡര്‍ ലക്ഷ്യമാക്കി മടക്കം. മേഘാലയയും അരുണാചലും പോകാന്‍ കൊതിച്ചെങ്കിലും അവധി തീര്‍ന്നിരിക്കുന്നു. 600 കിലോമീറ്റര്‍ ഓടി ഗുവാഹത്തിയില്‍ എത്തി ബൈക്ക് പാര്‍സല്‍ ചെയ്തു ബാംഗ്ലൂര്‍ക്കു വിമാനം കയറുമ്പോള്‍ ഭൂട്ടാന്‍ മനസില്‍ ലാളിത്യത്തിന്റെ തണുപ്പ് പടര്‍ത്തിയിരുന്നു.

റൈഡ് ടിപ്പ്‌സ്

ലോംഗ് റൈഡ് പ്ലാന്‍ ചെയ്യുമ്പോള്‍

#മികച്ച വാഹനം പോലെ തന്നെ പ്രധാനമാണ് മികച്ച
ആക്‌സസറീസും.
#യാത്ര പല നാടുകളിലേക്കാകുമ്പോള്‍ ഓള്‍ വെതര്‍ ജാക്കറ്റുകള്‍ കരുതണം. പ്രത്യേകം ലൈനിംഗ് ഉള്ള ജാക്കറ്റ് വാങ്ങുന്നതാണ് നല്ലത്. തോളിനും കൈമുട്ടുകള്‍ക്കുമുള്ള പാഡും ഇതില്‍ ഉണ്ടാവും.
#റൈഡിങ് പാന്റും കാല്‍മുട്ടുകളില്‍ പാഡും നിര്‍ബന്ധമാണ്.
#ഒരു സാദാ റെയ്ന്‍കോട്ടും പാന്റും കരുതുന്നതും നന്നായിരിക്കും
ഷൂ ധരിച്ചു വേണം വണ്ടി ഓടിക്കുവാന്‍. സെമി വാട്ടര്‍ പ്രൂഫ് ഷൂസായിരിക്കും നല്ലത്.
#ഉപയോഗിച്ച് പാകമായ ഒരു ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റ് വേണം.
മൂക്കും കഴുത്തും നെഞ്ചും മറച്ചു ഓടിച്ചാല്‍ പെട്ടെന്ന് തളരില്ല.
കണ്ണിനുള്ള സംരക്ഷണം പ്രധാനമാണ്. ഹെല്‍മെറ്റ് വൈസര്‍ അല്ലെങ്കില്‍ കണ്ണട ഉണ്ടാകണം.
#ബാഗും മറ്റും മൂടാന്‍ ഒരു വലിയ കവറും പെട്രോള്‍ കരുതാന്‍
ചെറിയ ഒരു കന്നാസും വേണം.
കൂടുതല്‍ തണുപ്പുള്ള സ്ഥലത്ത് പോകുമ്പോള്‍ സ്ലീപ്പിങ് ബാഗ് കരുതുക.
#നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കാനും കൈ ചൂടാക്കാനും ഒരു
ഹെയര്‍ ഡ്രയര്‍ കരുതുന്നത് ഉപകാരപ്പെടും.
#ടോര്‍ച്ച്, ലഗേജ് കെട്ടാന്‍ ക്വാളിറ്റി ഉള്ള 23 ബഞ്ചി കോര്‍ഡ്,
പഞ്ചര്‍ കിറ്റ്, ചെയിന്‍ ലുബ് എന്നിവ എടുക്കണം.
#ആന്റി സെപ്റ്റിക് ക്രീം, ഡെറ്റോള്‍, ഗ്ലൂക്കോസ്, ഹാന്‍ഡ്‌വാഷ് ,
ലിക്വിഡ് സോപ്പ് എന്നിവ ചെറിയ കുപ്പികളില്‍ ആക്കി ബാഗില്‍ സൂക്ഷിക്കണം.
#ബൈക്ക് ബാറ്ററിയില്‍ നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന ഒരു കണ്‍വെര്‍ട്ടര്‍ കരുതണം.
#ധൈര്യവും ആത്മവിശ്വാസവും തുറന്ന മനസ്ഥിതിയും നിങ്ങളെ ഏതു ദൂരവും താണ്ടാന്‍ സഹായിക്കും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.