Daily buddy! Achiever

By Admin

ഇന്ത്യന്‍ വാഹനവിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് കമ്യൂട്ടര്‍ ബൈക്ക് സെഗ്മെന്റാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇരുചക്രവാഹനങ്ങളില്‍ ആഗോള ബ്രാന്‍ഡുകളുടേതടക്കം പലവിധ ബൈക്ക് മോഡലുകള്‍ ദിനംപ്രതിയെന്നോണം വിപണിയിലെത്തുന്നുണ്ടെങ്കിലും എന്‍ട്രിലെവല്‍ കമ്യൂട്ടറുകളുടെ വില്പനയ്ക്ക് യാതൊരു കുറവുമില്ല. ഈസി മെയ്ന്റനന്‍സും കൂടിയ മൈലേജും പരിഗണിക്കുന്ന ഉപയോക്താക്കള്‍ നിത്യോപയോഗത്തിനായി തെരഞ്ഞെടുക്കുന്നത് 150 സിസി ഡെയ്‌ലി യൂസ് കമ്യൂട്ടറുകളാണ്. ഹീറോ മോട്ടോകോര്‍പ്പിന് കമ്യൂട്ടര്‍ സെഗ്മെന്റിന്റെ പള്‍സറിയാവുന്നതു കൊണ്ടാണ് ഹീറോ അച്ചീവര്‍ 150 തിരികെയെത്തുന്നത്. എന്‍ട്രിലെവല്‍ കമ്യൂട്ടറുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുകയാണ് അച്ചീവര്‍. വിശദമായ ടെസ്റ്റ് റൈഡ് റിപ്പോര്‍ട്ട്.

ലുക്ക്‌സ്

ഹോണ്ടയുടെ സഹായമുണ്ടായിരുന്ന കാലഘട്ടത്തിലാണ് അച്ചീവര്‍ മുന്‍പ് വിപണിയിലെത്തിയത്. അന്ന് വിപണിയില്‍ കാര്യമായ ശ്രദ്ധപിടിക്കാന്‍ അച്ചീവറിനു കഴിഞ്ഞില്ലെങ്കിലും ഹീറോയുടെ പോക്കറ്റില്‍ പണമെത്തിക്കാന്‍ ഈ വാഹനത്തിനു സാധിച്ചു. അതായിരിക്കണം അച്ചീവര്‍ ഈ വര്‍ഷം പുനര്‍ജനിക്കാന്‍ കാരണമായത്. സാധാരണ 150 സിസി വാഹനങ്ങളില്‍ കാണുന്ന അപക്വമായ ഗ്രാഫിക്‌സോ, ഇടിവെട്ട് ലുക്കോ ഈ വാഹനത്തിനില്ല. എന്നാല്‍ ഇന്ന് വിപണിയില്‍ ലഭ്യമായ 150 സിസി വാഹനങ്ങളെ കടത്തിവെട്ടാനുള്ളതെല്ലാം ഇവന്റെ ആവനാഴിയിലുണ്ട് താനും. ബിക്കിനി ഫെയറിങ്ങിലുള്ള ആംഗുലര്‍ ഹെഡ്‌ലാംപ് യൂണിറ്റാണ് അച്ചീവറിനുള്ളത്. 125 സിസി വിഭാഗത്തില്‍ കാണുന്ന
തരത്തില്‍പെട്ട ചെറിയ യൂണിറ്റാണിത്. ഹീറോയുടെ പുതുതലമുറ വാഹനങ്ങളിലെപ്പോലെ എപ്പോഴും തെളിഞ്ഞുനില്‍ക്കുന്ന സംവിധാനമാണ് ഈ ഹെഡ്‌ലാംപ് യൂണിറ്റിന്റേത്. മെലിഞ്ഞ ഫോര്‍ക്കുകള്‍ക്ക് ഏറെ ഇണങ്ങി നില്‍ക്കുന്ന മുന്‍ മഡ്ഗാര്‍ഡ്, 240എംഎം ഡിസ്‌ക് ബ്രേക്ക് എന്നിവയെല്ലാം ചേര്‍ന്ന് അച്ചീവറിനെ നോര്‍മല്‍ ലുക്കുള്ള മനോഹരമായ ഒരു വാഹനമാക്കുന്നു.
പക്കാ ക്ലാസിക് ടൈപ്പ് ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ് അച്ചീവറിലുള്ളത്. ഈ അനലോഗ് മീറ്റര്‍ ക്ലസ്റ്ററില്‍ സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ടാക്കോമീറ്റര്‍ എന്നിവയാണ് പ്രധാനം. താഴെയുള്ള ഭാഗത്ത് ഫ്യുവല്‍ ഗേജും അത്യാവശ്യം വാണിങ് ലാംപുകളും മാത്രം. വൈസറിനും കണ്‍സോളിനുമിടയിലുള്ള ഭാഗം ഹീറോ എന്നു മുദ്രകുത്തിയ പ്ലാസ്റ്റിക് പീസ് ഉപയോഗിച്ച് മറച്ചിരിക്കുന്നു. എന്നാല്‍ ഇവിടെ കൂളിങ് ഗ്ലാസ്, മൊബൈല്‍ഫോണ്‍ എന്നിവ സൂക്ഷിക്കാനുള്ള ഫലപ്രദമായ
സ്ഥലമാക്കാന്‍ ഹീറോയ്ക്ക് സാധിക്കുമായിരുന്നു. ഒരു പുഷ് ഓപ്പണ്‍ ഡോര്‍ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വാഹനത്തിന്റെ ഷാസിയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഹീറോയുടെ ഈ ട്യൂബുലാര്‍
ഡയമണ്ട് ടൈപ്പ് ഷാസി ഹാന്‍ഡ്‌ലിങ്ങിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ഗ്ലാമര്‍ എന്ന മോഡലിന്റെ നിഴലനക്കങ്ങള്‍ കാണാന്‍ സാധിക്കും. 13 ലിറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ കപ്പാസിറ്റിയെങ്കിലും വലിയ ടാങ്കാണെന്ന തോന്നല്‍ ഈ ടാങ്ക് നല്‍കില്ല. പേരിനു മാത്രം ഗ്രാഫിക്‌സ് ടാങ്കില്‍ നല്‍കിയിട്ടുണ്ട്. വലിയ സീറ്റാണ് വാഹനത്തിനു നല്‍കപ്പെട്ടിരിക്കുന്നത്. 2060എംഎം ആണ് വാഹനത്തിന്റെ ആകെ നീളം. അതിനാല്‍ തന്നെ സീറ്റിനും മികച്ച നീളം ലഭിച്ചു. ഉയരമുള്ളവര്‍ക്കും വണ്ണം കൂടുതലുള്ളവര്‍ക്കും വളരെയേറെ ഇണങ്ങുന്ന സീറ്റുകളാണിത്. ആദ്യകാഴ്ചയില്‍ വലുപ്പം തോന്നില്ല എങ്കിലും വലിയ വാഹനമാണ് അച്ചീവര്‍. സൈഡ് പാനലിന് ഗ്ലാമര്‍ സീരിസിനോടും പഴയ മോഡല്‍ അച്ചീവറിനോടും സാമ്യമുണ്ട്. പല ഹീറോ മോഡലുകളിലും കാണുന്നതുപോലെ സൈഡ് പാനല്‍ പിന്നിലേക്ക് കയറി ടെയ്ല്‍ ലാംപ് പാനലായി മാറുന്നു. വലിയ ഗ്രാബ് ഹാന്‍ഡ്‌ലാണ് മറ്റൊരു പ്രത്യേകത. റൈഡര്‍ വണ്ണമുള്ള ആളായാല്‍ സാധാരണഗതിയില്‍ പിന്നിലിരിക്കുന്ന ആള്‍ക്ക് ഗ്രാബ് ഹാന്‍ഡ്ല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പതിവ്. എന്നാല്‍ അച്ചീവറില്‍ അങ്ങനെയല്ല. മുന്നിലും പിന്നിലും ഒരേ തരത്തിലുള്ള ടയറുകളാണ് നല്‍കിയിരിക്കുന്നത്. 80/100-18 സൈസിലുള്ള ടയറുകള്‍ക്ക് ഹീറോയുടെ പതിവ് അലോയ് വീല്‍ നല്‍കി. നീളമുള്ള
വലിയ എക്‌സ്‌ഹോസ്റ്റിന് ശബ്ദം തീര്‍ത്തും കുറവാണ്. ചതുരത്തിലുള്ള സ്വിങ് ആമിനൊപ്പം അഡ്ജസ്റ്റബ്ള്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറാണ് അച്ചീവറില്‍.
ഹീറോ ഹോണ്ടയുടെ അംബീഷന്‍ എന്ന മോഡലിന്റെ ടെയ്ല്‍ ലാംപില്‍ നിന്നുമാണ് അച്ചീവറിന്റെ ടെയ്ല്‍ ലാംപ് രൂപപ്പെട്ടിരിക്കുന്നത്. കാഴ്ചയില്‍ പുതുമകളില്ലെങ്കിലും ബോറനല്ല അച്ചീവര്‍.

എഞ്ചിന്‍

149.1 സിസി നാല് സ്‌ട്രോക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് അച്ചീവറിനു കരുത്ത് പകരുന്നത്. ഒപ്പം ഹീറോയുടെ ന്യൂ ജനറേഷന്‍ ടെക്‌നോളജി ഐ-3 സംവിധാനവുമുണ്ട്. 8000 ആര്‍പിഎമ്മില്‍ 13.4 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. 5000 ആര്‍പിഎമ്മില്‍ 12.80 എന്‍എം ടോര്‍ക്കാണ്.

ടെസ്റ്റ് റൈഡ്

ഹീറോയുടെ വാഹനങ്ങളില്‍ അടുത്തിടെയിറങ്ങിയ മോഡലുകളില്‍ ഏറ്റവും മികച്ചതെന്നു പറയാം അച്ചീവറിനെ. മികച്ച റൈഡിങ് പൊസിഷന്‍, നീളവും വീതിയുമേറിയ സീറ്റ്, മികച്ച സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം ചേര്‍ന്ന നല്ലൊരു കമ്യൂട്ടര്‍. അച്ചീവര്‍ 150 സിസി വാഹനമാണെങ്കിലും ആരുമായും മത്സരത്തിനിറങ്ങിയതാണെന്ന് തോന്നുന്നില്ല. എതിരാളികളെ അപേക്ഷിച്ച് കരുത്ത് താരതമ്യേന കുറവാണ്. എന്നാല്‍ എഞ്ചിന്റെ സ്മൂത്ത്‌നെസ് എതിരാളികളെ ഭയപ്പെടുത്തും. ഭയപ്പെടണം, അത്ര റിഫൈന്‍ഡാണ് ഈ എഞ്ചിന്‍. പ്രഥമ എതിരാളികളായ ഹോണ്ടയുടെ വാഹനങ്ങളെക്കാള്‍ പ്രായോഗികക്ഷമതയുള്ള സ്മൂത്ത് റിഫൈന്‍ഡ് എഞ്ചിനാണിത്.
ഗിയര്‍ ഷിഫ്ടുകളില്‍ ഇത്രയേറെ മനോഹാരിതയുള്ള വാഹനം ഈ അടുത്തകാലത്തൊന്നും റൈഡ് ചെയ്തിട്ടില്ല. രണ്ടുവര്‍ഷം മുന്‍പ് ഹീറോ വിപണിയിലെത്തിച്ച 100സിസി സ്‌പ്ലെന്‍ഡറിലെ അതേ സ്മാര്‍ട്ട് സാങ്കേതികവിദ്യയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ബൈക്ക് ന്യൂട്ട്രല്‍ പൊസിഷനില്‍ ഐഡ്‌ലില്‍ നില്‍ക്കുന്ന അവസ്ഥയില്‍ അഞ്ചു സെക്കന്‍ഡുകള്‍ക്കുശേഷം വാഹനം തനിയെ ഓഫാകും. ക്ലച്ച് അമര്‍ത്തുന്നതിലൂടെ വീണ്ടും വാഹനം സ്റ്റാര്‍ട്ടാകുകയും ചെയ്യും. ഇന്ധനം ലാഭിക്കുന്നതിലൂടെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ക്രമീകരണമാണിത്. 55 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ഫൈനല്‍ വേഡ്

ഹീറോയുടെ സൈക്കിളുകളും ബൈക്കുകളുമെല്ലാം എന്നും ഇന്ത്യക്കാരില്‍ ആവേശമുണര്‍ത്തുന്നുവെന്ന സത്യം അങ്ങനെ തന്നെ നിലകൊള്ളട്ടെ. ആ വിശ്വാസത്തിനും മുകളിലാണ് അച്ചീവറിന്റെ മികവ്. നിത്യോപയോഗത്തിനുള്ള മികച്ച കംഫര്‍ട്ട് നല്‍കുന്ന 150 സിസി വാഹനമാണ് അച്ചീവര്‍. സ്മൂത്ത്‌നെസ്, റിഫൈന്‍ഡ് എന്നിവയ്‌ക്കൊപ്പം മിതമായ പവറും മികച്ച മൈലേജുമാണ് ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവുമിണങ്ങുന്നത് അച്ചീവറാണ്. 64,329 രൂപ മുതലാണ് അച്ചീവറിനു വില ആരംഭിക്കുന്നത്. ബ്ലാക്, റെഡ്, ഗ്രേ കളര്‍ കോംബിനേഷനുകളില്‍ അച്ചീവര്‍ ലഭ്യമാണ്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 10 + 10 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.