Safe house!!

By Admin

റോഡ് പ്രസന്‍സ് എന്ന വാക്കിന് ഏറ്റവുമധികം ഇണങ്ങുന്ന വാഹനങ്ങള്‍ ഒട്ടുമിക്കതും ടൊയോട്ടയുടെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ലാന്‍ഡ് ക്രൂസര്‍, എഫ്‌ജെ ക്രൂസര്‍ എന്നിവയെല്ലാം വിദേശരാജ്യങ്ങളിലെ റോഡ് പ്രസന്‍സുള്ള വാഹനങ്ങളാണെങ്കില്‍ ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍, ക്രിസ്റ്റ എന്നിവയുണ്ട്. കാലങ്ങളായി ഒരേ ഗാംഭീര്യത്തോടെ നിലനില്‍ക്കുന്ന വാഹനമാണ് ഫോര്‍ച്യൂണര്‍. 2009ല്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ഫോര്‍ച്യൂണറിനെ ഇന്ത്യയിലെത്തിച്ചു. ഹൈലക്‌സ് പിക്കപ്പിന്റെ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലെത്തിയ വാഹനം പെട്ടെന്നുതന്നെ വിപണിയില്‍ സ്വീകാര്യനായി. ഓഫ്‌റോഡ് പ്രേമികളും എസ്‌യുവി ആരാധകരുമെല്ലാം ഈ വാഹനത്തെ നെഞ്ചേറ്റി. ഇടയ്ക്ക് ഫേസ്്‌ലിഫ്റ്റ് മോഡല്‍ വന്നെങ്കിലും പൂര്‍ണമായും പുതിയ മോഡല്‍ വന്നത് കഴിഞ്ഞ നവംബറിലാണ്. ഓവര്‍ടേക്ക് വായനക്കാര്‍ക്കായി വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്…

ലുക്ക്‌സ്

പഴയ ബോക്‌സി രൂപത്തില്‍ നിന്ന് ഉടച്ചുവാര്‍ത്ത സ്ട്രക്ചറിലേക്കാണ് ഫോര്‍ച്യൂണര്‍ കുടിയേറിയത്. പഴയ മോഡലിനെ അപേക്ഷിച്ച് പ്രസന്‍സ് വര്‍ദ്ധിച്ചുവെന്നു പറയാം. ഹൈ ലൈന്‍ ബംപറാണ് മുന്നില്‍ നിന്നുമുള്ള ലുക്കില്‍ എടുത്തുനില്‍ക്കുന്നത്. നിലത്തുനിന്നും ഒരുപാട് മുകളിലേക്ക് കയറി നില്‍ക്കുന്ന ഈ ബംപറില്‍ ഉയരത്തില്‍ റേഡിയേറ്റര്‍ ഗ്രില്ലിനോടുചേര്‍ന്നുതന്നെയാണ് എയര്‍ഡാം. ഫോഗ് ലാംപ് ക്ലസ്റ്ററില്‍ വീതി കൂടിയ ക്രോം പാറ്റേണുകള്‍ നല്‍കി. മുന്നില്‍ നിന്നുമുള്ള കാഴ്ചയില്‍ ക്രോം അല്‍പം കൂടുതലായില്ലേ എന്നു തോന്നും. റേഡിയേറ്റര്‍ ഗ്രില്ലിലും ക്രോമിയം ധാരാളമായി ഉപയോഗിക്കപ്പെട്ടു. നീളമുള്ള ഹെഡ്‌ലാംപ് യൂണിറ്റില്‍ എല്‍ഇഡി എക്വിപ്പ്ഡ്, പ്രൊജക്ടര്‍ ലാംപുകളുമുണ്ട്. ഹെഡ്‌ലാംപിന്റെ വെയ്സ്റ്റ് ലൈനിലും ക്രോമിയം മയം കാണാം. മുന്‍ഭാഗത്തുനിന്നുള്ള കാഴ്ചഭംഗിയില്‍ ഫോര്‍ച്യൂണര്‍ എതിരാളികളായ മിത്സുബിഷി പജേറോ സ്‌പോര്‍ട്, ഫോഡ് എന്‍ഡെവര്‍, ഷെവര്‍ലെ ട്രെയ്ല്‍ബ്ലെയ്‌സര്‍ എന്നിവരെ കടത്തിവെട്ടും.
വാഹനത്തിന് ഏറ്റവുമധികം ഭംഗി ലഭിച്ചിരിക്കുന്നത് വശങ്ങളിലാണെന്ന് പറയാം. ഉയരമുള്ള വീല്‍ ആര്‍ച്ചില്‍ ബ്ലാക്ക് ക്ലാഡിങ് ചേര്‍ന്നതോടെ ടഫ് ലുക്ക് കൈവന്നു. ഇതിനുള്ളില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ക്കൊപ്പം സില്‍വര്‍-ബ്ലാക്ക് കോംബിനേഷനുള്ള അലോയ് വീല്‍ കൂടി ചേരുന്നതോടെ ഫോര്‍ച്യൂണര്‍ ഒരു പ്യുവര്‍ സ്‌പെക് ഓഫ്‌റോഡര്‍ ആകും. വലിയ ഡോറുകള്‍ക്ക് മുന്‍മോഡലിനോടു സാമ്യമുണ്ട്. മുന്‍ഡോറിന്റെ എ പില്ലറിലാണ് റിയര്‍ വ്യൂ മിററിന്റെ സ്ഥാനം. വിന്‍ഡോയുടെ താഴെ എ പില്ലറില്‍ നിന്നും ആരംഭിച്ച് ക്വാര്‍ട്ടര്‍ ഗ്ലാസിനു താഴെ അവസാനിക്കുന്ന ക്രോം ലൈന്‍ മനോഹരമാണ്. വശങ്ങളില്‍ നിന്നുള്ള ക്യാരക്ടര്‍ നിര്‍ണയിക്കുന്നത് ഈ ലൈന്‍ ഫിനിഷാണ്. റണ്ണിങ് ബോര്‍ഡ് അലുമിനിയം ഫിനിഷില്‍ നിര്‍മിച്ചിരിക്കുന്നു. മൂന്നാംനിര ഗ്ലാസിന്റെ മനോഹാരിത പ്രത്യേകമായി പറയേണ്ടതാണ്.
പിന്നിലെ വിന്‍ഡ്ഷീല്‍ഡിനോട് ഇഴുകിചേര്‍ന്നാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ റഗ്ഡ് ലുക്കാണ് ലഭിക്കുന്നത്. റാപ് എറൗണ്ട് ടെയ്ല്‍ ലാംപും വളരെ ഉയരത്തിലാണെന്നു തോന്നും. മെലിഞ്ഞുനീണ്ട വിധത്തിലാണ് ടെയ്ല്‍ ലാംപി
ന്റെ നിര്‍മാണം. വലിയ ക്രോം ഇന്‍സെര്‍ട്ട് ടെയ്ല്‍ ലാംപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ഉയരമുള്ള ബംപറും പിന്നിലേക്ക് നീണ്ട വിധത്തിലുള്ള സ്‌പോയ്‌ലറും വാഹനത്തിനു പിന്നിലും റഫ് ലുക്ക് നല്‍കും. ലാന്‍ഡ് ക്രൂസറിനെ ഒന്നുചെറുതാക്കിയ പോലെയാണ് ഈ ഭാഗത്തിന്റെ ഭംഗി.

ഇന്റീരിയര്‍

ഇന്റീരിയറിന് അതിമനോഹാരിതയില്ല. ആവശ്യത്തിനുള്ള ഘടകങ്ങള്‍ മാത്രമാണ് ടൊയോട്ട ഡിസൈനര്‍മാര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉയരമുള്ള ഡാഷ്‌ബോര്‍ഡില്‍ ലെതര്‍വര്‍ക്ക് ഉണ്ട്. ഇതിനാല്‍ തന്നെ വെളിച്ചം തെല്ലും പ്രതിഫലിക്കുന്നില്ല. അനലോഗ്-ഡിജിറ്റല്‍ കോംബിനേഷനിലാണ് മീറ്റര്‍ കണ്‍സോള്‍ പാറ്റേണ്‍. വലതുഭാഗത്ത് ടാക്കോമീറ്റര്‍ ഡയല്‍. ഇതിനുള്ളില്‍ ടെംപറേച്ചര്‍ ഗേജുണ്ട്. വലതുഭാഗത്ത് സ്പീഡോമീറ്റര്‍. ഇതിലാണ് ഫ്യുവല്‍ ഗേജ്. നടുവിലെ മള്‍ട്ടി ഇന്‍ഫോ ഡിസ്‌പ്ലെയില്‍ വാഹ
നത്തെ സംബന്ധിച്ച ഒട്ടുമിക്ക വിവരങ്ങളും ലഭിക്കുന്നു. വാണിങ് ലാംപുകള്‍ റൗണ്ട് ഡയലുകളുടെ ഉള്ളിലാണുള്ളത്. ഇരു ഡയലുകളുടേയും അതിര് നിര്‍ണയിക്കുന്നത് ക്രോമിയം റിങ്ങുകളാണ്. സ്റ്റിയറിങ് കോളവും ഇതേപോലെ ലളിതമാണ്. മൂന്ന് സ്‌പോക് സ്റ്റിയറിങ് വീലില്‍ ആവശ്യമായ സ്വിച്ചുകളെല്ലാമുണ്ട്. ബ്രൗണ്‍ & ബ്ലാക്ക് കോംബിനേഷനാണ് ഇന്റീരിയറിന്റെ കളര്‍ പാറ്റേണ്‍. ഡാഷ്‌ബോര്‍ഡിനു നടുവിലെ വലിയ എസി വെന്റിനും ചെറിയ ഡിജിറ്റല്‍ ക്ലോക്കിനും താഴെയായി വലിയ ടു ഡിന്‍ ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം. ഇതിനു താഴെ പഴയകാല കാര്‍ മ്യൂസിക് പ്ലെയര്‍-റേഡിയോ സംവിധാനത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സ്വിച്ചുകള്‍. ഇതിനു താഴെ ഡ്രൈവ് മോഡ്, ഹില്‍സ്റ്റാര്‍ട്ട്
അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ സ്വിച്ചുകള്‍. ഗിയര്‍ ലിവര്‍ കണ്‍സോളിന് ബ്രൗണിഷ് വുഡന്‍ ഫിനിഷ് നല്‍കി. ക്യാപ്ടന്‍ ടൈപ്പ് സീറ്റുകളുടെ കംഫര്‍ട്ട് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അത്ര രസകരം. മികച്ച കുഷ്യനിങ്ങാണ് വാഹനത്തിന്. രണ്ടാം നിര സീറ്റുകളും അങ്ങനെ തന്നെ. എന്നാല്‍ എസി വെന്റ് നല്‍കാത്തത് കുറവായി പറയാം. ഈ സീറ്റിന്റെ നടുവിലിരിക്കുന്ന പാസഞ്ചറിന് സീറ്റ് ബെല്‍റ്റ് റൂഫിലാണ്. മൂന്നാം നിര പതിവുപോലെ തന്നെ കുട്ടികള്‍ക്കുള്ളതാണ്. മൂന്നാംനിരയ്ക്ക് റൂഫില്‍ എയര്‍വെന്റും, പവര്‍ സോക്കറ്റുകളും കപ് ഹോള്‍ഡറുകളും ലഭിച്ചു. ആവശ്യത്തിനു ലഗേജ് സ്‌പേസും വാഹനത്തിനുണ്ട്.

എഞ്ചിന്‍

2.4, 2.8 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിനു ടൊയോട്ട നല്‍കിയത്. കരുത്ത് കൂടിയ 2755 സിസി 2.8 ലിറ്റര്‍ എഞ്ചിന്‍, ഓട്ടോമാറ്റിക് വകഭേദമാണ് ഓവര്‍ടേക്ക് പരീക്ഷണവിധേയമാക്കിയത്. 3400 ആര്‍പിഎമ്മില്‍ 174.5 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. 1600-2400 ആര്‍പിഎമ്മിലെ 450 എന്‍എം ടോര്‍ക്കാണ് എഞ്ചിനിലെ ഹൈലൈറ്റ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതിനു കൂട്ടായി ചേര്‍ത്തിട്ടുള്ളത്.

ടെസ്റ്റ് ഡ്രൈവ്

വലിയ വാഹനമാണെങ്കിലും ഉയരമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരേപോലെ ഇണങ്ങുന്ന വാഹനമാണ് ഫോര്‍ച്യൂണര്‍. ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ സീറ്റ് ഇതിന് ഏറെ സഹായിക്കും. 2.8 ലിറ്റര്‍ എഞ്ചിന്റെ ശബ്ദങ്ങള്‍ കുറച്ചുപോലും ഉള്ളിലെത്താതിരിക്കാന്‍ ഇന്‍സുലേഷന്‍ ഏറെ സഹായിക്കുന്നുണ്ട്. വാഹനം വേഗതയെടുക്കുമ്പോള്‍ ഒരു കാര്യം മനസിലാകും. ഇവന്‍ ഒരു ഹൈവേ റണ്ണര്‍ അല്ല. ഹൈറേഞ്ചും, ഓഫ്‌റോഡുമാണ് ഇവന് ഏറെ ഇണങ്ങുന്നത്. പവര്‍ ഡെലിവറി ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും റോഡില്‍ ‘അള്ളിപ്പിടിച്ച് ‘ നീങ്ങുന്ന പ്രതീതിയാണ് ഫോര്‍ച്യൂണര്‍ സമ്മാനിച്ചത്. ഇക്കോ മോഡില്‍ വാഹനം ആവശ്യത്തിനുമാത്രം കരുത്താണ് പ്രകടിപ്പിക്കുന്നത്. പവര്‍ മോഡില്‍ കുതിച്ചു പായാം. പഴയ മോഡലിനെ അപേക്ഷിച്ച് ബോഡിറോള്‍ കുറവാണെങ്കിലും ഉള്ളില്‍ റോള്‍ അറിയാനുണ്ട്. സസ്‌പെന്‍ഷന്‍ വിഭാഗം സ്റ്റിഫ് ആണ്. ഡബ്ള്‍ വിഷ്‌ബോണ്‍ സെറ്റപ്പും, 5 ലിങ്ക് കോയില്‍ സ്പ്രിങ് സെറ്റപ്പും വലിയ കുഴികളെയും നിസാരമായി മറികടക്കുമെങ്കിലും ഷേക്ക് ഉള്ളിലറിയാം. 225എംഎം ഗ്രൗണ്ട് ക്ലിയറന്‍സിന് പ്രതിബന്ധങ്ങളേതുമുണ്ടാകില്ല. ഇടയ്ക്ക് ഇടപ്പള്ളി സിഗ്നലില്‍ ഒരു പഴയ മോഡല്‍ ഫോര്‍ച്യൂണര്‍ നിര്‍ത്തിയപ്പോഴാണ് ഇവന്റെ ആകാരം മനസിലായത്.

ഫൈനല്‍ വേഡ്

31.57-31.72 ലക്ഷം രൂപയാണ് 2.8 ലിറ്റര്‍ മോഡലിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില. 26.37 ലാണ് ഏറ്റവും കുറഞ്ഞ മോഡലിന്റെ വില ആരംഭിക്കുന്നത്. മുടക്കുന്ന വിലയില്‍ ലഭിക്കുന്നത് ഇരട്ടിയിലധികം അഡ്‌വെഞ്ചറാണ്. മൂന്നാറിലേയും, നെല്ലിയാമ്പതിയിലേയുമെല്ലാം അഡ്‌വെഞ്ചര്‍ ഡ്രൈവിന് ഈ തടിയന്‍ ഒപ്പമുണ്ടെങ്കില്‍ മലകയറ്റമെല്ലാം നിസാരമാകും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 12 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.