ഉലകംചുറ്റും ക്ലൗഡ്ബ്രേക്ക്
By Admin
- Monday, November 7, 2016, 7:29
പണി തുടങ്ങും മുന്‍പേ പ്രശസ്തനായ ഒരു സൂപ്പര്‍ യോട്ടാണ് ക്ലൗഡ്ബ്രേക്ക്. ഇപ്പോള്‍ ലോകം ചുറ്റുന്ന ഈ യോട്ടിനകത്തു പ്രവേശിക്കണമെങ്കില്‍ തന്നെ നിങ്ങളൊരു കോടീശ്വരനായിരിക്കണം. അല്ലാതെ ഈ ആഡംബരം വെറുതെ കണ്ട് രസിക്കാമെന്ന് കരുതേണ്ട. ബ്രിട്ടീഷ് കൊളംബിയയിലെ എഗ്സോട്ടിക് ലൊക്കേഷനുകളില്‍ യാത്ര നടത്തുന്ന ക്ലൗഡ്ബ്രേക്ക് ലോകസഞ്ചാരികള്‍ക്ക് ഒരു കാഴ്ച തന്നെയാണ്. 72.5 മീറ്റര്‍ നീളവും 2,200 ടണ്‍ ഭാരവുമുള്ള ഈ സൂപ്പര്‍ യോട്ടിന്റെ സൗകര്യങ്ങള്‍ വിസ്മയിപ്പിക്കും. പതിവ് യോട്ട് ആഡംബരത്തിനു പുറമെ മണ്ണിലും വിണ്ണിലും വെള്ളത്തിലും വിനോദത്തിലേര്പ്പെടാവുന്നവിധം സുസജ്ജമാണ് ക്ലൗഡ്ബ്രേക്ക്. സ്കൈബോട്ടുകളും ജെറ്റ് സ്കീയികളും കയാക്കുകളും അടക്കം പലവിധ വിനോദോപാധികളാണ് ഇതിലുള്ളത്. വിമാനയാത്രകള്‍ക്കായി വലിയ ഹെലിപാഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാഹസികത വേണ്ടെന്നുള്ളവര്‍ക്ക് ശാന്തമായ കടല്‍ ജീവിതം ആസ്വദിക്കാന്‍ വിശാലമായ ഡെക് സ്പെയ്സുണ്ട്. അകത്തളങ്ങളാണെങ്കില് ഒരു ലക്ഷ്വറി റെസിഡന്‍സിക്ക് തുല്ല്യം. ജര്‍മന്‍ യോട്ട് ബില്‍ഡറായ അബേക്കിംഗ് ആന്റ് റാസ്മുസേന്സ് ആണ് ക്ലൗഡ്ബ്രേക്ക് നിര്‍മിച്ചിട്ടുള്ളത്. ജീവിതത്തില്‍ മുന്‍പൊരിക്കലും കണ്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്ത അവിസ്മരണീയമായ സഞ്ചാരങ്ങള്‍ യാത്രാപ്രേമികള്‍ക്കായി നല്‍കുന്നതിനാണ് ഈ സൂപ്പര്‍ യോട്ട് ഒരുക്കിയിരിക്കുന്നത്. നവംബറില്‍ കരീബിയന്‍ യാത്രയാണ് ലക്ഷ്യം.