Appeal of the adorable

By Admin

മൂന്നുവര്‍ഷത്തോളം കോയമ്പത്തൂര്‍ ജിആര്‍ഡി കോളേജിലെ ചെത്തുപയ്യന്മാരെ പോലും ഞെട്ടിച്ചവരാണ് കൊച്ചിയില്‍നിന്നുള്ള കൃപയും രൂപയും. സഹപാഠികളെല്ലാം ചെറുകാറുകളിലും ബൈക്കുകളിലുമായി കോളേജിലെത്തുമ്പോള്‍ ബെന്‍സ് പോലെയുള്ള വലിയ കാറുകളും അപ്രീലിയ പോലുള്ള സൂപ്പര്‍ ബൈക്കുകളും ഓടിച്ചെത്തുന്ന ഈ ഇരട്ടസഹോദരിമാരെ കണ്ട്, ക്യാമ്പസ് ഒന്നടങ്കം കോയമ്പത്തൂരിന്റെ പൊള്ളുന്ന ആകാശത്തേക്ക് നോക്കി മിഴിച്ചുനിന്നു. IMG_0401
ഹോസ്റ്റലില്‍നിന്ന് കോളേജിലേക്കും കോളേജിന്റെ ചുറ്റുവട്ടത്തും മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല ഇവരുടെ യാത്രകള്‍. ചിലപ്പോഴത് നീലഗിരിക്കുന്നുകളിലേക്ക് ചുരംകയറി. മറ്റുചിലപ്പോള്‍ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും. വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞാല്‍ കൊച്ചിയിലേക്കുള്ള ദേ
ശീയപാതയിലൂടെ ഇവരുടെ വാഹനം കുതിക്കും. നഗരവും ചെറുപട്ടണങ്ങളും തമിഴ്‌നാട്ടിലെ പച്ചക്കറിപ്പാടങ്ങളും മാന്തോപ്പും വാളയാറിലെ വണ്ടിപ്പേട്ടയും വളവും തിരിവും കുണ്ടും കുഴിയുമെല്ലാം കടന്നുള്ള യാത്ര. കോയമ്പത്തൂര്‍ പീളമേട്ടില്‍ അവിനാശി റോഡിലുള്ള കോളേജിന്റെ മുറ്റത്തുനിന്നും കൊച്ചിയിലെ വീടുവരെയുള്ള 240 കിലോമീറ്റര്‍ ദൂരമത്രയും ഇരുവരും മാറിമാറി കാറോടിക്കും. കോളേജില്‍നിന്ന് പുറപ്പെട്ടാല്‍ നാലാം മണിക്കൂറില്‍ കൊച്ചിയിലെ വീട്ടുമുറ്റത്തെത്തും. തിങ്കളാഴ്ച കോയമ്പത്തൂരിലേക്കുള്ള മടക്കയാത്രയും സമാനമാണ്. പുലര്‍ച്ചെ അഞ്ചരയ്ക്ക് വീടുവിട്ടാല്‍ ഒമ്പതരയ്ക്ക് ക്ലാസ് തുടങ്ങും മുന്‍പേ കാമ്പസില്‍ ലാന്‍ഡ് ചെയ്യും.
മെഴ്‌സെഡീസ് ബെന്‍സിന്റെ തറവാട്ടുപാരമ്പര്യവുമായി കൃപയ്ക്കും രൂപയ്ക്കുമുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് ഇവരുടെ ജന്മത്തോളം പഴക്കമുണ്ട്. സൗദിയിലെ ദമാമില്‍ ഇവര്‍ ജനിക്കുമ്പോള്‍ മണലാരണ്യങ്ങളില്‍ ബിസിനസുകാരനായ ഇരട്ടക്കുട്ടികളുടെ അപ്പന്‍ അമ്മയ്ക്ക് സമ്മാനിച്ചത് ഒരു ബെന്‍സ് 300 എസ് എല്‍ ആണ്. 1994 മുതല്‍ പിന്നെയങ്ങോട്ട് ഇവരുടെ കളിക്കൂട്ടുകാരനും കളിയച്ഛനുമൊക്കെ ആ ബെന്‍സായിരുന്നു. മറ്റു പലരും ചെറുകാറുകളില്‍ ഡ്രൈവിംഗ് പഠിച്ചപ്പോള്‍ ഇവര്‍ പിച്ചവെച്ചത് ബെന്‍സിന്റെ കയ്യൂക്കിലും കായബലത്തിലുമാണ്. ദമാമിലെ ഇവരുടെ വീട്ടില്‍ അവനിപ്പോഴും രാജകീയപ്രൗഢിയോടെയുണ്ട്. ഇതിനിടെ കൊച്ചിയിലെ വീട്ടിലും അടുത്തയിടെ പുതിയൊരു ബെന്‍സ് വാഹനമെത്തി.

കൃപയും രൂപയും ബെന്‍സും നഗരയാത്രയില്‍
രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്ന കൊച്ചി നഗരത്തില്‍ പിറ്റേന്ന് വെയിലുറച്ചശേഷം വാഹനങ്ങള്‍ കുത്തിയൊഴുകി തുടങ്ങുമ്പോഴാണ് ഇരട്ടസഹോദരിമാരുമായി ബെന്‍സ് ജിഎല്‍എ200 അതിരപ്പിള്ളിയിലേക്ക് യാത്രതിരിക്കുന്നത്. മെട്രോ റെയില്‍ നിര്‍മ്മാണത്തിനായി തലയ്ക്കുമീതെ സ്ഥാപിച്ച കൂറ്റന്‍ ഗര്‍ഡറുകളില്‍ കൂട്ട
ത്തോടെയിരുന്ന അന്യസംസ്ഥാനക്കാരും, നഗരപാതയിലൂടെ ഇടിമിന്നല്‍ പോലെ അന്തംവിട്ടുപാഞ്ഞ ചുവപ്പന്‍ ബസുകളിലെ യാത്രക്കാരുമെല്ലാം ബെന്‍സിന്റെ ചാരുതയിലേക്ക് കൊതിയോടെ നോക്കി. പക്ഷേ, അവര്‍ ഇമചിമ്മി തുറക്കും മുന്‍പേ കൃപയുടെ ഡ്രൈവിംഗ് മികവില്‍ ബെന്‍സ് നഗരാരവങ്ങളിലൂടെ അകലേക്ക് കുതിച്ചു.“ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നിരത്തിലെത്തിയ ബെന്‍സ് ജിഎല്‍എ ക്ലാസിനെ ചിലയിടങ്ങളില്‍ മുഖാമുഖം കണ്ടിട്ടുണ്ട്. പക്ഷേ, ഓടിക്കുന്നത് ഇതാദ്യമായാണ്. എത്ര സുഖകരമായ അനുഭവമാണിത്. ആഡംബരവും രൂപഭംഗിയും കാര്യക്ഷമതയുമെല്ലാം ഒത്തുചേര്‍ന്ന ഇവനൊരു സംഭവം തന്നെ. ഈ ജനറേഷന് തികച്ചും അനുയോജ്യമായ വാഹനമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല‘‘, കൂട്ടത്തില്‍ വാഹനക്കമ്പം കൂടുതലുള്ള കൃപയുടെ സാക്ഷ്യപ്പെടുത്തല്‍. ഉഗ്രന്‍ സ്റ്റൈല്‍, അസാമാന്യമായ രൂപഭംഗി, ഉയര്‍ന്ന സുരക്ഷ, ലക്ഷ്വറി കാറുകളുടെ യാത്രാസുഖം, കരുത്തുറ്റ എന്‍ജിന്‍, അമ്പരപ്പിക്കുന്ന വേഗതാനിയന്ത്രണം എന്നിവയെല്ലാം ഒത്തുചേര്‍ന്നതാണ് ബെന്‍സ് ജിഎല്‍എ. ഇക്കാലമത്രയും മറ്റുപലരും കൈവശം വെച്ചിരുന്ന നിരത്തു
കളെ വെട്ടിപ്പിടിക്കാന്‍ ബെന്‍സിന്റെ കിടിലന്‍ മികവുമായെത്തിയ ഈ കോംപാക്ട് എസ്‌യുവിയുടെ പടയോട്ടത്തില്‍ എതിരാളികള്‍ പകച്ചുനില്‍ക്കുന്നു. ബെന്‍സിന്റെ എ ക്ലാസ്, സി ക്ലാസ് മോഡലുകളുടെ അത്യാധുനിക പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ജിഎല്‍എയുടെയും നിര്‍മ്മാണം.
മുകളിലും താഴെയുമൊഴികെ എല്ലായിടത്തും ചെറുതും വലുതുമായ വാഹനങ്ങള്‍ ഇരമ്പിയാര്‍ക്കുന്ന നഗരത്തിലെ പൊളിഞ്ഞ പാതകളിലൂടെ ബെന്‍സ് ജിഎല്‍എ മുന്നോട്ടുകുതിച്ചു. വഴിയോരത്തെ പീടികകളിലെല്ലാം തിരക്ക് തുടങ്ങിയിരിക്കുന്നു. അവിടെയൊരിടത്ത് തൂക്കിയിട്ടിരുന്ന ദിനപത്രത്തില്‍ രാജ്യമെമ്പാടും കുതിച്ചുയരുന്ന താപനിലയെയും അത്യുഷ്ണത്തിലെ മരണസംഖ്യയെയും കുറിച്ചുള്ള വലിയ തലക്കെട്ടുകള്‍. എന്നാല്‍ മികവുറ്റ എയര്‍കണ്ടീഷണര്‍ നല്‍കുന്ന ബെന്‍സിന്റെ കുളിര്‍മ്മയിലിരിക്കുമ്പോള്‍ അതൊന്നും എളുപ്പത്തില്‍ മനസിലാകുന്നതായിരുന്നില്ല.IMG_0152
“വീട്ടില്‍ അപ്പനും ചേട്ടനും എനിക്കുമൊന്നും നഗരത്തിലൂടെയുള്ള ഡ്രൈവിംഗ് തീരെ ഇഷ്ടമല്ല. പക്ഷേ, കൃപയ്ക്കാണെങ്കില്‍ നേരെ തിരിച്ചാണ്. ഏതുതിര
ക്കിലൂടെയും കൃപ അനായാസം വാഹനമോടിക്കും. നാലുചുറ്റുമുള്ള തിരക്കുകളെ കുറിച്ചൊന്നും തീരെ വേവലാതിയില്ല‘‘, രൂപ പറയുന്നു.“ബെന്‍സ് പോലെയുള്ള വാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ നമ്മളെന്തിന് വേവലാതിപ്പെടണം. ഏതുനിമിഷവും ആയാസം ഒട്ടുമില്ലാതെ നമുക്ക് കാര്‍ നിയന്ത്രിക്കാനാവും. ഗതാഗതക്കുരുക്കില്‍ വാഹനത്തിന്റെ വേഗത കുറവായിരിക്കും എന്നതൊഴിച്ചാല്‍ മറ്റ് അസ്വസ്ഥതകളൊന്നും നമ്മളെ ബാധിക്കുന്നതേയല്ല‘‘ കൃപയുടെ കൂട്ടിച്ചേര്‍ക്കല്‍.

ബെന്‍സ് ജിഎല്‍എ നഗരത്തിന് പുറത്തേക്ക്
ഇടപ്പള്ളിയില്‍ ലുലുമാളിന് പുറത്തെ നഗരത്തിരക്കും മെട്രോറെയില്‍ നിര്‍മ്മാണത്തിനടിയിലെ വീതികുറഞ്ഞ പാതകളും കടന്ന് ബെന്‍സ് നഗരാതിര്‍ത്തിയിലേക്ക്
ഒഴുകിനീങ്ങി. പലപ്പോഴും തൊട്ടടുത്തുകൂടി കടന്നുപോയവരൊക്കെ ഈ സെഡാന്റെ തലയെടുപ്പിനെയും രൂപഭംഗിയെയും തെല്ലൊരു അമ്പരപ്പോടെ നോക്കിനിന്നു. സാധാരണഗതിയില്‍ കൊച്ചി മുതല്‍ ആലുവ വരെയുള്ള തിരക്കുപിടിച്ച പാത പിന്നിടുമ്പോഴേക്കും യാത്രക്കാര്‍ അവശരാകേണ്ടതാണ്. പക്ഷെ, ബെന്‍സിന്റെ സുരക്ഷയിലും യാത്രാസുഖത്തിലും സഞ്ചരിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല. “സൗദിയിലൊക്കെ എത്ര സുന്ദരമായ പാതകളാണ്. ഗതാഗത
ക്കുരുക്കും തകര്‍ന്ന ടാറിംഗുമൊന്നുമില്ല. വാഹനങ്ങള്‍ യാതൊരു തടസവുമില്ലാതെ ഒഴുകിനീങ്ങുന്നു. എന്നുവെച്ച് ഗതാഗതനിയമലംഘനവും കുറവാണ്. ഓവര്‍സ്
പീഡ് പോലെയുള്ള നിയമലംഘനങ്ങള്‍ പിടികൂടാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. നമ്മുടെ നാട്ടിലാണെങ്കില്‍ ആരും ചോദിക്കാനും പറയാനുമി
ല്ലാത്ത അവസ്ഥയാണ്. ഒരുവശത്ത് ടാറിംഗ് പൂര്‍ത്തിയാകുമ്പോഴേക്കും മറുവശത്ത് വെട്ടിപ്പൊളിക്കാന്‍ തുടങ്ങും. റോഡ് തനിക്കുമാത്രം വകാശപ്പെട്ടതാണെന്ന മട്ടിലാണ് ഡ്രൈവര്‍മാരില്‍ പലരുടെയും പെരുമാറ്റം‘‘ ഇക്കാര്യത്തില്‍ രണ്ടുപേര്‍ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല. ഒരുനിമിഷം ഇരുവരും സൗദിയിലെ യാത്രാസുഖത്തിന്റെ ഗൃഹാതുരതകളില്‍ ചെന്നുമുട്ടി.ബൈക്ക് റൈഡിംഗില്‍ അസാമാന്യമായ കമ്പമുള്ള ഈ മോട്ടോര്‍സൈക്കിളിസ്റ്റുകളുടെ ആറാംക്ലാസ് വരെയുള്ള പഠനം സൗദിയിലാണ്. അതുകഴിഞ്ഞപ്പോള്‍ കൊച്ചിയിലെ ചോയ്‌സ് സ്‌കൂളിലെത്തി. പിന്നെയങ്ങോട്ട് ഓണം, ക്രിസ്മസ്, മധ്യവേനലവധി തുടങ്ങി നാലുദിവസം അടുപ്പിച്ച് അവധി കിട്ടുമ്പോഴൊക്കെ ദമാമിലേക്ക് പറക്കും. അവിടുത്തെ ജീവിതാനുഭവവും ഷോപ്പിംഗ് സംസ്‌കാരവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് പക്ഷേ, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിഷേധിക്കുന്ന സൗദിയിലെ ചട്ടങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളത്.
“ദമാമില്‍നിന്നും 50 കി.മീ. മാത്രമാണ് ബഹ്‌റിനിലേക്കുള്ള ദൂരം. അവിടെയാണെങ്കില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ നിരോധനമില്ല. അതുകൊണ്ട് ഞങ്ങള്‍ ഇടയ്ക്കിടെ ബഹ്‌റിനിലെത്തും. പിന്നെയങ്ങോട്ട് ബെന്‍സിന്റെ ഡ്രൈവിംഗ് സീറ്റില്‍ അച്ഛനോ ചേട്ടനോ ഇടമില്ല. മണലാരണ്യവും ഈന്തപ്പനയും ഒട്ടകങ്ങളു
മെല്ലാം ഇടയ്ക്കിടെയെത്തുന്ന അറേബ്യന്‍ യാത്രകള്‍ മറക്കാനാവാത്ത അനുഭവമാണ്‘‘ സൗദിയുടെ ചട്ടങ്ങളെ അയല്‍രാജ്യത്തെ ഡ്രൈവിംഗ് സ്വാതന്ത്ര്യത്തിലൂടെ ഇവര്‍ മറികടക്കുന്നു.
ആലുവയില്‍ പെരിയാറിന് കുറുകെയുള്ള മാര്‍ത്താണ്ഡവര്‍മ്മ പാലവും മംഗലപ്പുഴ പാലവും കടന്നതോടെ തിരക്ക് അല്‍പം കുറഞ്ഞു. അതേനിമിഷത്തില്‍ സ്പീഡോ മീറ്ററിലെ നീഡില്‍ ആരോഹണത്തിന്റെ തലയെടുപ്പറിഞ്ഞു. 7.6 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍നിന്നും 100 കി.മീ വരെ വേഗതയിലേക്കെത്തുന്ന മാന്ത്രികത. അതോടെ പിന്‍സീറ്റിലിരുന്ന അമ്മയുടെ ശബ്ദമുയര്‍ന്നു. ഇരുവരുടെയും സ്പീഡ് കണ്‍ട്രോളറാണ് അമ്മ. ഋഷിരാജ്‌സിംഗ് വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ കര്‍ശനമാക്കും മുന്‍പേ ഇവര്‍ക്ക് പിന്നില്‍ അമ്മയുണ്ട്. കൃപയും രൂപയും പരസ്പരം നോക്കി. സ്പീഡോമീറ്ററില്‍ നേരിയ അവരോഹണം.IMG_0157

എണ്ണപ്പനത്തോട്ടത്തിലെ വളവും തിരിവും

“നഗരയാത്രയ്ക്ക് മാത്രമല്ല ലോംഗ് ഡ്രൈവിനും ഏറെ അനുയോജ്യമാണ് ബെന്‍സ് ജിഎല്‍എ. അത്താണിയും അങ്കമാലിയും മൂക്കന്നൂരും കടന്നുള്ള യാത്ര ഇതുവരെ എത്തിയത് അറിഞ്ഞതേയില്ല. ഇതുതന്നെയാണ് ബെന്‍സിനെ മറ്റു വാഹനിര്‍മ്മാതാക്കളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. 5500 ആര്‍പിഎമ്മില്‍ 181 ബിഎച്ച്പി കരുത്തുള്ള പവര്‍ഫുള്‍ എന്‍ജിനായതിനാല്‍ നമുക്ക് ഒരുതരത്തിലുള്ള വേവലാതിയും വേണ്ട. ഇലക്‌ട്രോ മെക്കാനിക്കല്‍ പവര്‍ സ്റ്റിയറിംഗാണെങ്കില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും ചെയ്യുന്നു‘‘ ഇടയ്‌ക്കെപ്പോഴോ ഡ്രൈവിംഗ് സീറ്റിലെത്തിയ രൂപയുടെ വാക്കുകള്‍. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എണ്ണപ്പനത്തോട്ടത്തിലൂടെ എണ്ണമിനുപ്പാര്‍ന്ന രൂപഭംഗിയുമായി ബെന്‍സ് ജിഎല്‍എ ഒഴുകിനീങ്ങുകയാണ്. പരുക്കന്‍ റോഡിലെ ഇളക്കങ്ങള്‍ക്ക് ഒരിക്കല്‍പോലും സസ്‌പെന്‍ഷന്‍ സിസ്റ്റത്തിന്റെ മെയ്‌വഴക്കം മറികടന്ന് യാത്രക്കാരിലേക്ക് എത്താനായില്ല. ഇനിയെത്ര ദൂരം വേണമെങ്കിലും താണ്ടാന്‍ തയ്യാറാണെന്ന നെഞ്ചുറപ്പ്. ഏതുദൂരത്തിലും ഏതുവേഗത്തിലും ഏതുവഴിയിലും യാത്രാസുരക്ഷ നഷ്ടമാക്കില്ലെന്ന ദൃഢനിശ്ചയം. എ-ക്ലാസിന്റെയും ബി-ക്ലാസിന്റെയും സ്‌പോര്‍ട്ടി ഇന്റീരിയറുകളുടെ സ്വാധീനം കൂടുതല്‍ സ്റ്റൈലിഷായി ഉപയോഗിച്ചിരിക്കുന്നുവെന്നത് യാത്രക്കാരുടെ സ്വാസ്ഥ്യം കൂട്ടുകയും ചെയ്യുന്നു.
IMG_0906
“തീരെ കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഇരുവരുടെയും വാഹനസ്‌നേഹം. പ്രായത്തിനൊപ്പം അതും വളര്‍ന്നു. ബംഗലൂരുവിനും ചെന്നൈയ്ക്കും കോയമ്പത്തൂരിനുമെല്ലാം ഒറ്റയിരുപ്പില്‍ വണ്ടിയോടിക്കും. കൃപയ്ക്കാണെങ്കില്‍ സ്വന്തം വാഹനം കഴുകുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സ്വയം ചെയ്യണം. അല്ലെങ്കില്‍ തൃപ്തിക്കുറവാണ്. രൂപ അത്ര കണിശക്കാരിയല്ല. ഡ്രൈവിംഗിലാണെങ്കില്‍ ഇരുവര്‍ക്കും ഒരുപോലെ ശ്രദ്ധയുണ്ട്‘‘, മക്കളെക്കുറിച്ചുള്ള അമ്മയുടെ വിലയിരുത്തല്‍.“ഇത്രനാള്‍ ഡ്രൈവ് ചെയ്തിട്ടും ഒരിക്കല്‍പോലും പിഴവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അപകടങ്ങളിലോ പെറ്റിക്കേസിലോ പെട്ടിട്ടുമില്ല. ഇതുവരെ ആരും ലൈസന്‍സ് പോലും ചോദിച്ചിട്ടില്ലെന്നത് സന്തോഷകരമാണ്. എല്ലാം ദൈവാനുഗ്രഹം‘‘ ഇക്കാര്യത്തില്‍ കൃപയ്ക്കും രൂപയ്ക്കും ഏറെ സന്തോഷമുണ്ട്.കുറച്ചുദൂരം കൂടി കടന്നതോടെ ചാലക്കുടിപ്പുഴയുടെ അടയാളങ്ങള്‍ കണ്ടുതുടങ്ങി. മലമുകളില്‍ വേനല്‍മഴ ശക്തമായിരുന്നതിനാല്‍ ചുഴിയും തിരിവുമായി സമൃദ്ധമായൊഴുകുന്ന നദി. പുഴയോരത്തെ കാട്ടുചെടികളില്‍ പല വര്‍ണത്തിലുള്ള പൂക്കള്‍. അതിനുമീതെ വട്ടമിട്ടുപറക്കുന്ന ചിത്രശലഭങ്ങള്‍, പേരറിയാത്ത പക്ഷികള്‍. കാഴ്ചയുടെ അത്ഭുതങ്ങള്‍ പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലേക്ക് മിഴിതുറക്കുകയാണ്. അങ്ങനെയിരിക്കെ കാറ്റിനും
കരുത്തു കൂടി. എണ്ണപ്പനയുടെ ചില്ലകള്‍ കുലുക്കിയെത്തിയ കാറ്റ് പക്ഷെ, ബെന്‍സിനുള്ളില്‍ കയറാനാവാതെ ജാലകച്ചില്ലില്‍ തട്ടിച്ചിതറി.IMG_1078
ഷോളയാര്‍ക്കാടുകളില്‍നിന്നും ആദിമമായ വിശുദ്ധിയോടെ ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയുടെ തെക്കുവശത്തുകൂടിയുള്ള യാത്ര പൊടുന്നനെ ചെറിയൊരു പാലത്തിന് മുന്നിലെത്തി. ഇനി പുഴ മുറിച്ചുകടക്കുകയാണ്. പാലം കയറിയിറങ്ങിയാല്‍ ചാലക്കുടി-വാല്‍പ്പാറ-പൊള്ളാച്ചി മലമ്പാതയിലെത്തും. കൂടുതല്‍ മിനുക്ക
മുള്ള നിരത്ത് കണ്ടതോടെ ബെന്‍സ് ജിഎല്‍എയുടെ നെഞ്ചുപിടച്ചു. ആക്‌സിലറേറ്ററിന്റെയും ബ്രേക്കിന്റെയും ഏറ്റക്കുറച്ചിലിനൊപ്പം സ്പീഡോമീറ്ററിലും ചല
നങ്ങള്‍. കാട്ടിലകള്‍ക്കുതാഴെ പരിക്കേല്‍ക്കാതെ കിടന്ന മലമ്പാതയിലൂടെ കാറ്റുപോലെ ബെന്‍സ് കടന്നുപോയി. കാറ്റില്‍ തലയിളകിയ വഴിയോരസസ്യ
ങ്ങള്‍ കഥയറിയാതെ മിഴിച്ചുനിന്നു. യാത്ര അവസാനിച്ചത് അതിരപ്പിള്ളി ജലപാതത്തിന്റെ തുറന്ന കാഴ്ചകളിലേക്കാണ്. മലയിറങ്ങിവന്ന പുഴയുടെ കുതി
ച്ചുചാട്ടം. അതിന്റെ ആഘാതത്തില്‍ താഴ്‌വരയില്‍നിന്നും അന്തരീക്ഷത്തിലേക്ക് പറന്നുയരുന്ന ജലകണങ്ങള്‍. അതില്‍ കൂടുകൂട്ടാനെത്തിയ ചെറിയൊരു മഴവില്ല്. അതിനുമപ്പുറം കൊടുംകാട്. കണ്‍നിറയെ പച്ചപ്പ്. മുകളില്‍ ആകാശം. താഴെ ഭൂമി. പാതയോരത്ത് പുതുതലമുറയുടെ നെഞ്ചിളക്കിയ ബെന്‍സ് ജിഎല്‍എയുടെ ഔന്നത്യം.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 9 + 5 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.