The ‘wild’ doesn’t always ‘scream’

By Admin

ഇന്ത്യക്കാര്‍ക്ക് എന്നും പഥ്യം 150 സിസി വരെയുള്ള കമ്യൂട്ടര്‍ ബൈക്കുകളാണ്. 250 സിസി വിഭാഗത്തില്‍പെട്ട ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ വിപണിയിലെത്തിയിട്ട് അധികനാളായില്ല. പക്ഷെ അവയ്ക്ക് ലഭിച്ച സ്വീകാര്യത വാഹനനിര്‍മാതാക്കളെ ചിന്തിപ്പിച്ചിരിക്കണം. അന്താരാഷ്ട്ര വിപണിയില്‍ തുടക്കക്കാര്‍ക്കുവേണ്ടിയുള്ള ഇനമാണ് 250 സിസി വാഹനങ്ങള്‍. പിന്നെ ഇന്ത്യയില്‍ ലഭ്യമായിരുന്നത് ലിറ്റര്‍ ക്ലാസ് സൂപ്പര്‍ബൈക്കുകളാണ്. ഇതിനിടയില്‍ നില്‍ക്കുന്ന വാഹനങ്ങളില്ല എന്നു മുറവിളി കൂട്ടിയിരുന്നവര്‍ക്കുവേണ്ടി ആദ്യം ഡിഎസ്‌കെ ഹ്യോസങ്ങും, പിന്നീട് കാവസാക്കിയും രണ്ടുപേരെ പുറത്തുവിട്ടു. ഇപ്പോഴിതാ ഹോണ്ടയും അതേ പാതയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഏറെ ശ്രദ്ധ നേടിയ ഹോണ്ടയുടെ സ്‌പോര്‍ട്‌സ് കാറ്റഗറിയിലെ കേമന്‍ സിബിആര്‍ 650 എഫ്. ഹ്യോസങ് ജിടി 650, കാവസാക്കി നിന്‍ജ 650 എന്നിവ ടെസ്റ്റ് റൈഡ് ചെയ്തപ്പോള്‍ തന്നെ അവരിരുവരുടെയും വിപണി സ്വീകാര്യത ചര്‍ച്ച ചെയ്തതാണ്. ഇപ്പോള്‍ പുതിയ താരോദയമായി സിബിആര്‍ 650 എഫും.
ഹോണ്ടയുടെ താരപുത്രന്‍ സിബിആറിന്റെ ടെസ്റ്റ് റൈഡ് വിശേഷങ്ങളിലേക്ക്….IMG_2205

650 സിസിയിലെ രണ്ട് ഓപ്ഷനുകളായ നിന്‍ജയും, ജിടി 650 ഉം റൈഡ് ചെയ്തപ്പോള്‍ തന്നെ ഇവര്‍ ഇന്ത്യന്‍ റൈഡര്‍മാര്‍ക്കുവേണ്ടി നിര്‍മിച്ചതാണെന്ന് വ്യക്തമായിരുന്നു. അമച്വര്‍ റൈഡര്‍മാരും, സൂപ്പര്‍സ്‌പോര്‍ട്‌സ് റൈഡര്‍മാരും നിരവധിയുണ്ടെങ്കിലും ഇവയ്ക്കിടയില്‍ മെച്വര്‍ റൈഡര്‍മാര്‍ക്കുവേണ്ടിയാണ് ഹോണ്ട സിബിആര്‍ 650നെ പുറത്തുവിട്ടിരിക്കുന്നത്. പല രാജ്യങ്ങളിലും പടിപടിയായി ലൈസന്‍സ് എടുത്ത് മാത്രമേ ലിറ്റര്‍ ക്ലാസിലേക്കെത്താന്‍ സാധിക്കൂവെന്നതും ശ്രദ്ധേയം. ഇവിടെ ലൈസന്‍സ് അത്ര കാര്യമല്ലെങ്കിലും ഈ വാഹനങ്ങള്‍ തമ്മിലുള്ള അന്തരം മനസിലാക്കിത്തരാന്‍ ഏറെ അനുയോജ്യമാണ് ഹോണ്ടയുടെ 650 സിസി കുട്ടിക്കൊമ്പന്‍. ഇന്ത്യയിലേക്കെത്തുന്നുവെന്ന് ഖ്യാതി പരന്ന സമയം മുതല്‍ തന്നെ റൈഡര്‍മാര്‍ ഗൂഗിളില്‍ പരതിയ താരമാണ് ഇവന്‍. അതിനാല്‍ തന്നെ ഇവന്റെ ഗുണഗണങ്ങളെല്ലാം വളരെയധികം ശ്രദ്ധയോടെയാണ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പക്കാ സ്‌പോ
ര്‍ട്‌സ് ബൈക്കായിരുന്ന ജിടിയെയും, ഒരു ടൂറര്‍ ഗണത്തില്‍ പെടുത്താവുന്ന നിന്‍ജയെയും ചേര്‍ത്തുനോക്കിയാല്‍ ഇവന്‍ ഇരുഗണത്തിലും ഉള്‍പ്പെടുന്നു. സ്‌പോര്‍ട്‌സ് രൂപഭംഗിയ്ക്കായി ഫുള്‍ ഫെയേഡും, ടൂറര്‍ പെര്‍ഫെക്ഷന് ഉയര്‍ന്ന ഹാന്‍ഡ്ല്‍ റൈഡ് പൊസിഷനും കോര്‍ത്തിണക്കിയ വാഹനമാണ് ഹോണ്ട സിബിആര്‍ 650.

കാഴ്ച
കാഴ്ചയില്‍ അതിഭീകരത്വമൊന്നും വാദിക്കാനില്ലാത്ത എന്നാല്‍ കുറവുകളേതുമില്ലാത്ത ഡിസൈനിലാണ് ഹോണ്ട സിബിആര്‍ 650എഫ്. 2015 മോഡലിന്റെ വരവ്. ഫുള്‍ഫെയേഡ് മോഡലാണെങ്കിലും മുന്നില്‍ നിന്നുള്ള രൂപത്തില്‍ വളരെ ചെറിയ ബൈക്കാണെന്ന തോന്നലാണുണ്ടാകുന്നത്. സിബിആര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ക്ലാസിക് സ്‌പോര്‍ട്‌സ് രൂപഭംഗിയാണ് മനസിലെത്തുന്നതെങ്കില്‍ തെറ്റി. ഇവന്‍ ഒരുപടി മുന്നില്‍ തന്നെയാണ്. ബിക്കിനി ഫെയറിങ്ങില്‍ നല്‍കിയിരിക്കുന്ന ആംഗുലര്‍ ഹെഡ്‌ലാമ്പിന് സ്‌പോര്‍ടിനസിനെക്കാള്‍ ആഡ്യത്തമാണുള്ളത്. ഹെഡ്‌ലാമ്പിനു മുകളിലേക്ക് വലുതെന്നു തോന്നിപ്പിക്കുന്ന വിന്‍ഡ് ഷീല്‍ഡ് നല്‍കിയിരിക്കുന്നു. ഇതില്‍ അല്‍പം വലിയ റിയര്‍വ്യൂ മിററുകള്‍. മുന്‍പുണ്ടായിരുന്ന സിബിആര്‍ സീരിസിന്റെ തരത്തില്‍പെട്ട ഫോര്‍ക്കുകളാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് ബൈക്കില്‍ കാണുംവിധത്തിലുള്ള ഇന്‍വെര്‍ട്ടഡ് ടെലസ്‌കോപിക് സസ്പന്‍ഷനുകള്‍ നല്‍കിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നു. മുന്നില്‍ ഇരട്ട ഡിസ്‌കുകളാണ് നല്‍കിയിരിക്കുന്നത്. ഹെഡ്‌ലാമ്പ് സെക്ഷനില്‍ നിന്നും ചേര്‍ന്ന് ഒഴുകിയിറങ്ങുന്ന വശങ്ങളിലെ പാനല്‍ എന്‍ജിന്റെ പാതി ഭാഗവും മറച്ചിരിക്കുന്നു. വിന്‍ഡ് ഷീല്‍ഡിനുള്ളിലായി ഇഴുകിചേര്‍ന്നിരിക്കുന്ന വിധത്തിലുള്ള മീറ്റര്‍ കണ്‍സോള്‍ കാറുകളുടെ ഹെഡ്‌ലാമ്പുകളെ അനുസ്മരിപ്പിക്കുന്നവിധത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. IMG_2288പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തിരിക്കുന്ന മീറ്റര്‍ കണ്‍സോളില്‍ ആര്‍പിഎം, സ്പീഡോ മീറ്ററുകള്‍, ഫ്യുവല്‍ഗേജ്, ഡിജിറ്റല്‍ ക്ലോക്ക്, ട്രിപ്പ് മീറ്റര്‍ എന്നിവയുണ്ട്. ഉയര്‍ന്നിരിക്കുന്നതും ഒപ്പം സ്‌പോര്‍ടിയുമായ ഹാന്‍ഡ്ല്‍ ബാറാണ് ഹോണ്ട സിബിആറിനു നല്‍കിയിരിക്കുന്നത്. വശങ്ങളിലെ പാനല്‍ ടാങ്കിന്റെ പാതി ഭാഗം വരെയുള്ളതിനാല്‍ സീറ്റിങ്ങില്‍ വാഹനത്തിന് വളരെയധികം വിസ്താരമുള്ളതായി തോന്നുന്നു. അതായത് ഒരു ലിറ്റര്‍ ക്ലാസ് സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇരിക്കുന്ന ഫീല്‍. വലിയ ടാങ്ക് മസ്‌കുലര്‍ രൂപഭംഗിയിലുള്ളതാണ്. CBRസാധാരണ വലിയ ടാങ്കുകള്‍ക്കുമേല്‍ കിടന്ന് റൈഡ് ചെയ്യുന്ന വിധത്തിലുള്ള യാതൊരായാസവും ഈ ടാങ്ക് നല്‍കില്ല. ഇന്ധനടാങ്കിനു താഴെ, സൈഡ് പാനലുകള്‍ക്കുള്ളിലിരിക്കുന്ന ഇവന്റെ പവര്‍ബാങ്ക് യഥാര്‍ത്ഥത്തില്‍ ഹോണ്ടയുടെ ഏറ്റവും മികച്ച കരവിരുതാണെന്ന് സമ്മതിക്കാതെ വയ്യ. മുന്‍ഭാഗത്തിനെക്കാള്‍ വളരെയേറെ ആകര്‍ഷകമാണ് വശങ്ങളില്‍ നിന്നും സിബിആറിനു ലഭിച്ചിരിക്കുന്ന രൂപഭംഗി. എന്‍ജിനും ടാങ്കിനും ഇടയിലായി ഷാസിയുടെ ഒരുവലിയ ഭാഗം പുറത്തുകാണുന്നത് ട്രാക്ക് മോഡലുകളെ അനുസ്മരിപ്പിക്കുന്നു. സീറ്റിങ് പൊസിഷനാണ് ഇവന്റെ പ്രധാന പ്ലസ് പോയന്റ്. സ്പോര്‍ടിയും ഒപ്പം ആയാസരഹിതവുമായ റൈഡ് ഈ പൊസിഷന്‍ സമ്മാനിക്കുന്നു. പിന്നിലേക്കെത്തുംതോറും എതിരാളി ആരാണെന്ന് സ്പഷ്ടമായി മനസിലാകുന്നു. അതേ, കാവസാക്കിയുടെ 650 സിസി താരത്തെ നേരിട്ട് വെല്ലുവിളിക്കുകയാണ് ഹോണ്ട ഇവിടെ. കാവസാക്കി ഭയപ്പെടേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം. സാധാരണ ആര്‍ഭാടം കാട്ടുന്നതിന് സ്‌പോര്‍ട്‌സ് ബൈക്കില്‍ കാട്ടിക്കൂട്ടുന്ന സ്പ്ലിറ്റ് സീറ്റിന് ഹോണ്ട ഇവിടെ വിലങ്ങിട്ടു. വലിയ സിംഗിള്‍ സീറ്റാണ് ഇവനുള്ളത്. പിന്നിലേക്കു പോകുന്ന ഷാസിയില്‍ നിന്നും പക്കാ സ്‌പോര്‍ടിയായ പിന്‍ ഫുട്ട് റെസ്റ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് സിബിആറിനു നല്‍കിയിരിക്കുന്ന സ്വിങ് ആം. സിബിആര്‍ വല്യേട്ടനായ 1000 സിസി ഫയര്‍ബ്ലെയ്ഡിനു നല്‍കിയിരിക്കുന്ന അതേ രൂപത്തിലും ഭാവത്തിലുമുള്ള അലുമിനിയം സ്വിങ് ആം വശങ്ങളില്‍ നിന്നും സിബിആറിനെ കൂടുതല്‍ സ്‌പോര്‍ടിയാക്കുന്നതിന് ഏറെ സഹായിക്കുന്നുണ്ട്. പില്യണ്‍ റൈഡര്‍ക്കും തുല്യപ്രാധാന്യമാണ് ഹോണ്ട നല്‍കിയിരിക്കുന്നത്. വിശാലമായ സീറ്റില്‍ പില്യണ്‍ റൈഡര്‍ക്ക് തെല്ലും മുഷിപ്പുണ്ടാവുകയില്ല. പിന്നിലേക്ക് എത്തുംതോറും ഇവന്‍ സിബിആര്‍ ഇളമുറത്തമ്പുരാനാകുന്നു. കുട്ടിത്തമുള്ള ഫയര്‍ബ്ലെയ്ഡ് എന്ന തോന്നലാണ് പിന്നിലുണ്ടാകുന്നത്. IMG_2222ഇതിനു പ്രഥമ കാരണം ടെയ്ല്‍ ലാമ്പും മഡ്ഫഌപ്പുമാണ്. എല്‍ഇഡി നിബിഡമാണ് ടെയ്ല്‍ ലാമ്പ്. മനോഹരമായ ചതുരാകൃതി പാരമ്പര്യത്തനിമ നിലനിര്‍ത്തുന്നു. പിന്നിലെ വലിയ ടയര്‍, ഉയരത്തിലുള്ള മഡ്ഫഌപ്പ് എന്നിവ ഒരു വലിയ വാഹനത്തിന്റെ രൂപഭംഗി സിബിആര്‍ 650ക്ക് നല്‍കുന്നു. അണ്ടര്‍ ബെല്ലി ടൈപ്പ് എക്‌സ്‌ഹോസ്റ്റ് രൂപഭംഗിയാണ് പ്രദാനം ചെയ്യുന്നത്. സ്‌പോര്‍ട്‌സ് ബൈക്ക് എന്നു കേട്ട് അലറുന്ന ശബ്ദകോലാഹലമൊന്നും ഇവനില്ല. ഹോണ്ട പറയുന്നതും അങ്ങനെതന്നെയാണല്ലോ, ”THE WILD DOESN’T ALWAYS SCREAM”

എന്‍ജിന്‍
ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ നാലുസിലിണ്ടര്‍ ഡിഓഎച്ച്‌സി എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ് 648.72 സിസിയാണ്. പിജിഎം-ഫ്യുവല്‍ ഇന്‍ജക്ഷന്‍ സര്‍ക്യൂട്ട് ഫ്യുവല്‍ സംവിധാനം വാഹനത്തിന് റേസി സ്‌പെക് നല്‍കുന്നു. 648 സിസി എന്‍ജിന്റെ പരമാവധി കരുത്ത് 11000 ആര്‍പിഎമ്മില്‍ 64 ബിഎച്ച്പിയാണ്. 8000 ആര്‍പിഎമ്മില്‍ 62.9 എന്‍എം ടോര്‍ക്ക്. മിഡ് റേഞ്ച് പ്രകടനത്തില്‍ ഇവനൊപ്പമെത്താന്‍ എതിരാളികളായ കാവസാക്കിയും, ഹ്യോങ്ങും പാടു
പെടുമെന്ന് തീര്‍ച്ച. മികച്ച ഹാന്‍ഡ്‌ലിങ് ഉറപ്പുവരുത്താന്‍ ഹോണ്ട നിര്‍മിച്ചിരിക്കുന്ന ട്വിന്‍ സ്പാര്‍ സ്റ്റീല്‍ ഫ്രെയിം ഏറെ ഉപകാരപ്രദമാണ്.

റൈഡ് & ഹാന്‍ഡ്‌ലിങ്
ഒരു റൈഡിന് വാഹനത്തില്‍ കയറുമ്പോഴേ ഇവന്റെ സ്വഭാവം പ്രവചിക്കാം. ഡെയ്‌ലി യൂസ് കമ്മ്യൂട്ടറായും രാത്രികാലങ്ങളില്‍ ഹൈവേ ഹാക്കറായും ഇവന്‍ നന്നേ ഇണങ്ങും. സ്റ്റാര്‍ട്ടിങ്ങില്‍ എന്‍ജിന്‍ സ്മൂത്ത്‌നെസ് പ്രകടമാണ്. റിഫൈന്‍മെന്റിന്റെ കാര്യത്തില്‍ ഹോണ്ടയുടെ എന്‍ജിനെ വെല്ലാന്‍മാത്രം കഴിവുള്ളവര്‍ വിപണിയിലില്ലെന്നതാണല്ലോ വസ്തുത. റൈഡിങ് പൊസിഷനും മികവാര്‍ന്നതാണ്. മടുപ്പുളവാക്കാത്ത സ്‌പോര്‍ടി പൊസിഷനില്‍ ഒരുപാട് ലീനിങ് ഇല്ലെന്നതു തന്നെ വലിയകാര്യം. പടക്കുതിരയെപ്പോലെ ഓടാനും, പൂച്ചക്കുറിഞ്ഞിയെപ്പോലെ ഇണങ്ങിനില്‍ക്കാനും ഇവനു മടിയില്ല. കംഫര്‍ട്ടിന്റെ പാരമ്യതയാണ് വേഗത കുറയ്ക്കാന്‍ തോന്നില്ലെന്ന വസ്തുത. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇന്‍ഫോപാര്‍ക്ക് ബൈപാസില്‍ ഇവന്‍ മൂന്നക്കവും മറികടന്ന് കുതിച്ചുപാഞ്ഞു. ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. ഗിയറുകള്‍ തമ്മില്‍ കൃത്യമായ അകലം സമ്മാനിക്കാനും ഹോണ്ടയുടെ കലാസൃഷ്ടിക്ക് സാധിച്ചു.
ഒപ്പം മുന്നിലെ ഇരട്ട ഡിസ്‌കും, പിന്നിലെ ഡിസ്‌കും എല്ലാത്തിലുമുള്ള എബിഎസും റൈഡര്‍ക്ക് അപാരമായ ആത്മവിശ്വാസം നല്‍കുന്നു. കേവലം ഒരു ബൈക്കിനെക്കാളുപരി ഹോണ്ടയുടെ കാവ്യാത്മകമായ സൃഷ്ടി തന്നെയാണ് സിബിആര്‍ 650എഫ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

റൈഡേഴ്‌സ് നോട്ട്
തെരഞ്ഞെടുക്കാന്‍ അധികം മത്സരാര്‍ത്ഥികളില്ല എന്നതായിരുന്നു 500-750 കാറ്റഗറിയില്‍ ഉപയോക്താക്കളെ അലട്ടിയിരുന്നത്. IMG_2428ഇവന്റെ വരവോടെ അതിനു പരിഹാരമായി. മിഡില്‍ വിഭാഗം സ്‌പോര്‍ട്‌സ് സെഗ്മെന്റില്‍ ഇവന്‍ താരമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പതിവായി ഓഫീസില്‍ പോകാനും, വീക്കെന്‍ഡ് അഡ്രിനാലിന്‍ മോഡ് ആക്ടിവേറ്റാക്കിയാല്‍ ടേക്കോഫ് ചെയ്ത് പറപറക്കാനും ഇവന്‍ മിടുക്കനാണ്. മൈലേജിനെക്കുറിച്ച് സ്‌പോര്‍ട്‌സ് ബൈക്കിലിരുന്ന് ചിന്തിക്കുന്നത് തന്നെ ലോകത്തിലെ ഏറ്റവും മോശം കാര്യമാണെന്ന് റൈഡര്‍മാര്‍ക്കറിയാമല്ലോ. വിലയുടെ കാര്യത്തില്‍ മാത്രമാണ് ഒരു ചെറിയ പിന്‍വലിവ് തോന്നിയത്. 7.73 ലക്ഷം രൂപയാണ് ഇവന്റെ കൊച്ചി എക്‌സ് ഷോറൂം വില. കുറച്ച് ലക്ഷങ്ങള്‍ കൂടി മുടക്കിയാല്‍ ലിറ്റര്‍ ക്ലാസ് സൂപ്പര്‍ബൈക്ക് കിട്ടുമായിരിക്കും. പക്ഷെ, എബിഎസ് അടക്കം സുരക്ഷാ സംവിധാനങ്ങളുള്ള ഒരു ഡെയ്‌ലി യൂസ് സ്‌പോര്‍ട്‌സ് ബൈക്ക് കിട്ടില്ലെന്ന് ഉറപ്പ്.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 12 + 7 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.