Up The Hills and into The Trees

By Admin
ചുരമിറങ്ങി തിരുമൂര്‍ത്തിയിലേക്ക് ഫിയറ്റ് ലീനിയയില്‍

കൊച്ചിയുടെ നഗരവഴികളില്‍നിന്നും യാത്ര തുടങ്ങിയ ഫിയറ്റ് ലീനിയയുടെ ഇളംതണുപ്പില്‍ ചാഞ്ഞിരിക്കുമ്പോള്‍ വരാനിരിക്കുന്ന മഴക്കാടുകള്‍ മാത്രമായിരുന്നു മനസ്സില്‍. ആനയും കരടിയും കാട്ടുപോത്തും കടുവയും പുലിയുമെല്ലാമുള്ള കാട്. എവിടെ നോക്കിയാലും വേഴാമ്പലും മൈനയും തത്തയും ബുള്‍ബുളുമെല്ലാം കൂടുകൂട്ടുകയും ചേക്കിരിക്കുകയും ചെയ്യുന്ന മാമരങ്ങള്‍. അതിന്റെ നിത്യഹരിതമായ മേലാപ്പുകള്‍. നട്ടുച്ചയ്ക്ക് പോലും സൂര്യവെളിച്ചം കടന്നെത്താന്‍ മടിക്കുന്ന, പശ്ചിമഘട്ടത്തിലെ ജൈവസമ്പന്നമായ അപൂര്‍വ്വം മഴക്കാടുകളിലൊന്ന്. അതാണ് ഷോളയാര്‍.
കൊച്ചിയുടെ തിരക്കൊഴുകി തുടങ്ങും മുന്‍പേ നഗരത്തിന് പുറത്തുകടന്നു. കൊച്ചി മുതല്‍ ആലുവ വരെ രാവും പകലും മെട്രോറെയിലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പലയിടങ്ങളിലും ട്രെയിന്‍ സര്‍വീസിനുള്ള തൂണുകള്‍ ഉയര്‍ന്നുവരുന്നു. കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ നഗരസഞ്ചാരികളുമായി തലയ്ക്കുമുകളിലൂടെ അത്യാധുനികമായ ചെറുട്രെയിനുകള്‍ ഇരമ്പിപ്പായും.
മെട്രോ നിര്‍മ്മാണസ്ഥലത്തെ വീതികുറഞ്ഞ റോഡിലൂടെ അസാമാന്യമായ മെയ്‌വഴക്കത്തോടെ ഫിയറ്റ് ലീനിയ ഒഴുകിനീങ്ങി. ഒരു വേഗപ്പൂട്ടിനും ഋഷിരാജ്‌സിംഗിനും കടിഞ്ഞാണിടാന്‍ കഴിയാത്ത കൊച്ചി-ആലുവ സ്വകാര്യബസുകളെ ക്ഷണനേരത്തിനുള്ളില്‍ മറികടന്നു. ആലുവ കഴിഞ്ഞതോടെ റോഡിന്റെ വീതി പൂര്‍വ്വാവസ്ഥയിലായി. പിന്നെയങ്ങോട്ട്, കൊച്ചരുവിയില്‍നിന്നും വലിയ പുഴയിലെത്തിയ വേഗമത്സ്യത്തെ പോലെയായി ഫിയറ്റ് ലീനിയ. കുണ്ടും കുഴിയുമില്ലാത്ത നിരത്തിലൂടെ വായുപോലെ കടന്നുപോകുമ്പോള്‍ യാത്രാസുഖവും കൂടി.
ചാലക്കുടിയില്‍നിന്നും യാത്രയുടെ ദിശ മാറി. ഇനിയങ്ങോട്ട് കിഴക്കുഭാഗത്തുള്ള പശ്ചിമഘട്ടത്തെ തേടുകയാണ്. നാലുവരിപ്പാതയില്‍നിന്നും വിഴിപിരിഞ്ഞതോടെ റോഡിന്റെ വീതി കുറയുകയും കൂടുതല്‍ പരുക്കനാവുകയും ചെയ്തു. പക്ഷെ അതൊന്നും ലീനിയയെ ബാധിച്ചതായി തോന്നിയതേയില്ല. ഗിയറുകളുടെ ആരോഹണാവരോഹണങ്ങള്‍ക്കൊപ്പം വഴിയോരത്തെ കാഴ്ചകളെല്ലാം പിന്നില്‍ മറഞ്ഞുകൊണ്ടിരുന്നു.

അടഞ്ഞ ചെക്ക്‌പോസ്റ്റിന് മുന്നില്‍വാഴച്ചാലിലെത്തിയപ്പോള്‍ തൊട്ടുമുന്നില്‍ വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് അടഞ്ഞുകിടക്കുന്നു. വനപാതയിലൊരിടത്തും മറ്റു വാഹനങ്ങളൊന്നും കാണാനില്ല. ഇനിയങ്ങോട്ട് കൊടുംവനമാണ്. ജൈവവൈവിധ്യങ്ങളുടെ കലവറയായ മഴക്കാട്. അതുകൊണ്ടുതന്നെ യാത്രയ്ക്ക് ചില നിയന്ത്രണങ്ങളുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണി വരെ മാത്രമെ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. വഴിയിലൊരിടത്തും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നിയമനടപടി നേരിടേണ്ടിവരും. വാഹനത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം ചെക്ക്‌പോസ്റ്റില്‍ എഴുതിവാങ്ങി. കാടിനപ്പുറത്ത് മലക്കപ്പാറയിലെ ചെക്ക്‌പോസ്റ്റിലെത്തുമ്പോള്‍ വീണ്ടും പരിശോധനയുണ്ട്. ലിസ്റ്റിലുള്ള സാധനങ്ങളെല്ലാം അപ്പോഴുമുണ്ടാകണം. ഒന്നും കാട്ടില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം. യാത്രാനുമതി ലഭിച്ചതോടെ ഞങ്ങള്‍ക്കുമുന്നില്‍ ചെക്ക്‌പോസ്റ്റ് തുറന്നു. കേരളത്തിലെ ഏറ്റവും മികച്ച വനപാതകളിലൊന്നിലൂടെ ഫിയറ്റ് ലീനിയ തലയെടുപ്പോടെ കുതിച്ചു. തലയ്ക്കുമുകളില്‍ തലമുറകളുടെ പഴക്കമുള്ള കാട്ടുമരങ്ങള്‍ കുടപിടിച്ചുനിന്നു. ഇലച്ചാര്‍ത്തുകള്‍ക്കിടിയിലിരുന്ന് ചിലയ്ക്കുന്ന ഏതെല്ലാമോ പക്ഷികള്‍. വലതുവശത്തായി ചാലക്കുടിപ്പുഴയിലെ നീരൊഴുക്കിന്റെ ശബ്ദം. തലേന്നുപെയ്ത വേനല്‍
മഴയുടെ കരുത്തില്‍ പുഴ തിമിര്‍ത്തൊഴുകുകയാണ്.
പഴയതില്‍നിന്നും വ്യത്യസ്തമായി അകത്തും പുറത്തും ഒട്ടേറെ പുതുമകളുമായാണ് പുതിയ ലീനിയ വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. ക്രോം ഗ്രില്‍, ഡ്യുവല്‍ ബാരല്‍ ഹെഡ്‌ലൈറ്റ്, ബൂട്ട് ഡോറിലെ നമ്പര്‍പ്ലേറ്റ്, ഡ്യുവല്‍ടോണ്‍ ഡാഷ്‌ബോര്‍ഡ്, ഇന്റീരിയറിലുള്ള ഗുണമേന്മ തുടങ്ങിയവയെല്ലാം ഇതില്‍ ചിലതുമാത്രം. കെട്ടിലും മട്ടിലുമുള്ള ഇത്തരം പുതുമകളെപ്പറ്റി ആലോചിച്ചിരിക്കവെ ഷോളയാര്‍ കാടിന്റെ വന്യതയിലൂടെ ലീനിയ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.
രാവിലെ ആയതുകൊണ്ടാവണം, നിരത്തില്‍ കാര്യമായി വാഹനങ്ങളൊന്നുമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ വാഴച്ചാല്‍ എത്തുന്നതിനും മുന്‍പ് അതിരപ്പള്ളിയില്‍ ഞങ്ങള്‍ കാഴ്ച തേടിയിറങ്ങിയിരുന്നു. അവിടുത്തെ പീടികകള്‍ തുറന്നുവച്ചിരുന്നുവെങ്കിലും വിനോദസഞ്ചാരികള്‍ നാമമാത്രം. അങ്ങിങ്ങായി മൂന്നോ നാലോ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. പുഴയില്‍ നീരൊഴുക്കുണ്ടെങ്കിലും വര്‍ഷകാലത്ത് വെള്ളച്ചാട്ടം കണ്ടിട്ടുള്ളവര്‍ക്കൊന്നും ഇപ്പോള്‍ തീരെ ഇഷ്ടമാവില്ല. തിരക്ക് കുറയാനുള്ള കാരണവും അതായിരിക്കാം. മുന്നോട്ട് നീങ്ങുമ്പോള്‍ കാട് കൂടുതല്‍ നിബിഡമായിക്കൊണ്ടിരുന്നു. വീതി കുറവാണെങ്കിലും കുണ്ടും കുഴിയുമില്ലാത്ത റോഡ് മനോഹരമാണ്. പാതയോരങ്ങളില്‍ മുളങ്കാടുകളും ഈറ്റക്കാടുകളും കാഴ്ച മറച്ചുനില്‍ക്കുന്നു. കാട്ടുപക്ഷികളുടെയും കുരങ്ങന്മാരുടെയും ശബ്ദം മാത്രമെ കേള്‍ക്കാനുള്ളൂ. ഇടയ്‌ക്കൊരിടത്ത് വഴിയോരത്തുനിന്ന സ്വര്‍ണനിറമുള്ള കേഴമാന്‍, 1368 സി.സി എന്‍ജിന്റെ കരുത്തും ഇറ്റാലിയന്‍ രൂപഭംഗിയുമായി കടന്നുപോകുന്ന കാറിനെ തലയുയര്‍ത്തി നോക്കി. പിന്നെ പൊന്തക്കാടിറങ്ങി മരക്കൂട്ടത്തില്‍ മറഞ്ഞു.

മഴക്കാട്ടില്‍ ലീനിയയുടെ മുഴക്കം
യാത്ര തുടരുംതോറും കാട് കൂടുതല്‍ ഇരുണ്ടതായി. ചില പഴുതുകളിലൂടെ മാത്രം സൂര്യവെളിച്ചും പുല്ലില്‍വീണ് ചിതറികിടപ്പുണ്ട്. മറ്റു വനപാതകളെ അപേക്ഷിച്ച് കൂടുതല്‍ വളഞ്ഞുതിരിഞ്ഞ നിരത്താണെങ്കിലും അതിന്റെ ക്ലേശമൊന്നും ഞങ്ങളറിഞ്ഞതേയില്ല. കടന്നുവന്ന ശരവേഗതയില്‍ തെല്ലും കുറവുവരുത്താതെ ലീനിയ വളഞ്ഞും തിരിഞ്ഞും മഴക്കാട്ടിലൂടെയൊഴുകി. മലമ്പാതയുടെ ചാഞ്ചാട്ടം ഒരിക്കല്‍പോലും കാറിനുള്ളില്‍ അറിയേണ്ടിവന്നില്ല. അത്രയ്ക്ക് സുഗമമായ യാത്ര. ഒരുപക്ഷെ, മറ്റു പല വാഹനങ്ങളില്‍നിന്നും ഫിയറ്റ് ലീനിയയെ വ്യത്യസ്തമാക്കുന്നതും ഇതേ യാത്രാസുഖമാണ്.
വഴിയിലെമ്പാടും ധാരാളം ആനപിണ്ടം കണ്ടു. അതിലധികവും ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം പഴക്കമുള്ളവയാണ്. അടുത്തുതന്നെ ആനയുണ്ടെന്ന തിരിച്ചറിവ് ഞങ്ങളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കി. പലപ്പോഴും ഈറയൊടിക്കുന്ന ശബ്ദത്തിനായി കാതോര്‍ത്തെങ്കിലും ഒന്നും കേട്ടില്ല. ഇടമലയാര്‍ വനവും പറമ്പിക്കുളം വന്യജീവിസങ്കേതവുമായി ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിലെ അപൂര്‍വ്വം ആനത്താരകളിലൊന്നാണ്. നൂറ്റാണ്ടുകളായി കാട്ടാനകള്‍ ഉപയോഗിച്ചുവരുന്ന സഞ്ചാരപഥം. അതുകൊണ്ടുതന്നെ ഇതുവഴി കടന്നുപോകുമ്പോള്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മവന്നു. പശ്ചിമഘട്ടത്തില്‍ ഏറ്റവുമധികം മലമുഴക്കി വേഴാമ്പലുള്ള മേഖല കൂടിയാണ് ഷോളയാര്‍ മഴക്കാട്. അസാധാരണമാം വിധം ഉയരമുള്ള മരപ്പൊത്തുകളിലാണ് വേഴാമ്പലുകളുടെ കൂടുകൂട്ടല്‍. വന്മരങ്ങള്‍ ധാരാളമുള്ള ഈ കാട്ടുതാഴ്‌വരകളില്‍ വേഴാമ്പലുകളുടെ മലമുഴക്കം നിറയാനുള്ള കാരണവും മറ്റൊന്നല്ല. കേരളത്തില്‍ വേഴാമ്പലുകളെപ്പറ്റി പഠനം നടത്താനെത്തുന്ന വന്യജീവി നിരീക്ഷികരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഈ മഴക്കാടുകള്‍. ഇവിടുള്ളത്രയും വേഴാമ്പലുകളെ മറ്റൊരിടത്തും കാണാന്‍ കഴിയില്ലത്രെ.
പൊകലപ്പാറയും പുളിയിലപ്പാറയും പെരിങ്ങല്‍ക്കുത്ത് ഡാമും വാച്ചുമരവും ആനക്കയവും ഷോളയാര്‍ അണക്കെട്ടും പിന്നിട്ടു. കാട്ടിലൂടെ 30 കിലോമീറ്ററിലധികം സഞ്ചരിച്ചിരിക്കുന്നു. ഇനിയും 20 കിലോമീറ്ററെങ്കിലും കഴിഞ്ഞാല്‍ ാത്രമെ കാടിറങ്ങുകയുള്ളൂ. വല്ലപ്പോഴുമൊരിക്കല്‍ വാല്‍പ്പാറയില്‍നിന്നുള്ള ചില വാഹനങ്ങള്‍ എതിരെ വന്നു. കാട് കടന്നെത്തുന്ന കാറുകളിലധികവും മലയാളികളുടേതാണ്. തൃശൂര്‍, എറണാകുളം രജിസ്‌ട്രേഷനുള്ളവ. അപൂര്‍വ്വമായി തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറിയുമായെത്തുന്ന ലോറികളുമുണ്ട്.

കാട്ടിലെ മനുഷ്യര്‍
മഴക്കാലത്ത് ഷോളയാര്‍ വഴിയുള്ള യാത്ര കൂടുതല്‍ അപകടകരമാണ്. ദിവസങ്ങളോളം തോരാതെ മഴ പെയ്യുമ്പോള്‍ ആനയും പോത്തും പന്നിയുമെല്ലാം റോഡിലിറങ്ങും. തന്നെയുമല്ല കാറ്റില്‍ നിലംപൊത്തുന്ന മരങ്ങളുടെ എണ്ണവും അധികമാണ്. റോഡില്‍ വീഴുന്ന മരങ്ങള്‍ വെട്ടിനീക്കാന്‍ പോലും ആരുമുണ്ടാവില്ല. ചിലപ്പോള്‍ മണിക്കൂറുകളോളം കാട്ടില്‍ ഒറ്റപ്പെട്ടുപോയെന്ന് വരാം. അതുകൊണ്ട് വര്‍ഷകാലത്ത് ഏറെപ്പേര്‍ ഈ മലമ്പാതയെ ആശ്രയിക്കാറില്ല.
കാട്ടില്‍ ഒറ്റപ്പെട്ടുപോയാലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോള്‍ പാതയോരത്ത് ചിലരെ കണ്ടു. ആദിവാസികളാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ടോ പത്തോ പേര്‍ റോഡിലിരുന്ന് എന്തൊക്കെയോ പറഞ്ഞുചിരിക്കുന്നു. കാട്ടിലെ വിശേഷങ്ങളാവും. വാല്‍പ്പാറയിലേക്കും ചാലക്കുടിയിലേക്കും ദിവസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമെത്തുന്ന ബസ് കാത്തുനില്‍ക്കുന്നവരാണ്.

വളവുതിരിഞ്ഞെത്തിയ ഫിയറ്റ് ലീനിയയെ കണ്ടപ്പോള്‍ റോഡിലിരുന്നവര്‍ എഴുന്നേറ്റ് വശത്തേക്ക് മാറിനിന്നു. ആനക്കയത്തും ഷോളയാറിലും ആദിവാസികളായ കാടരുടെ കുടിയിരിപ്പുകളുണ്ട്. വനവിഭവങ്ങള്‍ ശേഖരിച്ചും

 

 പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളിലും ചാലക്കുടിപ്പുഴയിലും മത്സ്യബന്ധനം നടത്തിയുമാണ്

ഇവരുടെ ജീവിതം. പുരുഷന്മാര്‍ക്ക് വനംവകുപ്പില്‍ ചില്ലറ ജോലിയുണ്ട്. അതുകൊണ്ട് ജീവിതം വലിയ അലട്ടലില്ലാതെ മുന്നോട്ടുപോകുന്നു. ഇതൊന്നുമില്ലെങ്കിലും ആരോടും പരിഭവമില്ലാതെയാവും ഇവരുടെ നിത്യജീവിതം.
വരുന്ന വഴിയില്‍ കാട്ടിലൊരിടത്ത് നാട്ടുകാരായ നൂറോളം കുടുംബങ്ങള്‍ ജീവിക്കുന്ന ഒരു ഗ്രാമം കണ്ടിരുന്നു. നാലുവശവും കാടിനാല്‍ ചുറ്റപ്പെട്ട പുളിയിലപ്പാറ ഗ്രാമം. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നിര്‍മ്മാണത്തിനായി കാട്ടിലെത്തിയവരാണ്. അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിനുശേഷവും കാടിറങ്ങിയില്ല. അങ്ങനെ ഡാമിനരികിലായി അവര്‍ക്ക് സ്ഥലം നല്‍കി. അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് എത്തിയവരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
പുളിയിലപ്പാറയിലെ ഓരോ കുടുംബത്തിനും ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും കൃഷിചെയ്ത് ജീവിക്കാനാവില്ല. ആനയും പന്നിയും കുരങ്ങന്മാരും കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കും. കുട്ടികള്‍ക്ക് നാലാംക്ലാസ് വരെ പഠിക്കാന്‍ പ്രദേശത്തുതന്നെ ചെറിയൊരു സ്‌കൂളുണ്ട്. അതുകഴിഞ്ഞാല്‍ ദൂരെ കാടിനപ്പുറത്തുള്ള സ്‌കൂളില്‍ പോകണം. അങ്ങനെ പോകുന്നവര്‍ അധികമില്ല. മറ്റുള്ളവര്‍ കാടും പുഴയുമായി ബന്ധപ്പെട്ട ജീവിതം തുടരും.

വാല്‍പ്പാറയുടെ പുലിപ്പേടിയില്‍
50 കിലോമീറ്ററിലധികം നീണ്ട വനയാത്രയ്ക്കുശേഷം കാടിറങ്ങിയെത്തിയത് മലക്കപ്പാറ ചെക്ക്‌പോസ്റ്റിലേക്കാണ്. കാര്യമായ തിരക്കുകളൊന്നുമില്ലാത്ത സ്ഥലം. ചെക്ക്‌പോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നു. ഇനി വാല്‍പ്പാറയിലേക്ക് 28 കിലോമീറ്റര്‍ കൂടി ദൂരമുണ്ട്. വഴിയോരത്ത് ചായത്തോട്ടങ്ങള്‍ കണ്ടുതുടങ്ങി. ഇതിനിടെ മലക്കപ്പാറയ്ക്ക് അടുത്തുതന്നെ അപ്പര്‍ ഷോളയാര്‍ ഡാം. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍-പൊള്ളാച്ചി മേഖലയിലെ കൃഷിയിടങ്ങള്‍ നനയ്ക്കാനുള്ള ജലസംഭരണിയാണ്.
ദക്ഷിണേന്ത്യയുടെ ചിറാപ്പുഞ്ചിയാണ് വാല്‍പ്പാറ. ഇവിടെ മഴയുടെയും തണുപ്പിന്റെയും അളവ് കൂടുതലാണ്. ഇംഗ്ലീഷുകാരുടെ കാലത്തുതന്നെ വാല്‍പ്പാറ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കാടുകടന്നെത്തിയ ഇംഗ്ലീഷുകാര്‍ ആദ്യം കാപ്പികൃഷിയും പിന്നെ തേയിലകൃഷിയും നടത്തി. പില്‍ക്കാലത്ത് ഇവിടം ലോകപ്രശസ്തമായ സുഖവാസകേന്ദ്രമായി മാറി. സീസണായാല്‍ വാല്‍പ്പാറയുടെ തമിഴ്‌സംസ്‌കാരത്തിലൂടെ കാഴ്ച കണ്ടുനടക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള നിരവധി സഞ്ചാരികളെ കാണാം.
മൂന്നാറിനേക്കാള്‍ മനോഹരമാണ് വാല്‍പ്പാറയിലെ തേയിലത്തോട്ടങ്ങള്‍. വിസ്തൃതമായ പ്രദേശമാണെങ്കിലും നാലുവശവും കാടിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. സന്ധ്യയായാല്‍ ആനയും പോത്തും കരടിയുമെല്ലാം കാടിറങ്ങിവരും. അതുകൊണ്ടുതന്നെ ഇരുട്ടുവീണാല്‍ ഇവിടുത്തെ നാട്ടുവഴികളില്‍ ആള്‍സഞ്ചാരം കുറയുന്നു. വാല്‍പ്പാറക്കാര്‍ക്ക് ഏറ്റവും പേടി ചായച്ചെടികള്‍ക്ക് ഇടയിലൂടെ പതുങ്ങിയെത്തുന്ന പുലികളെയാണ്. ഇവിടെയടുത്തുള്ള നല്ലമുടിയിലെ ലയങ്ങളില്‍നിന്നും മൂന്ന് കുട്ടികളുമായി പുലി അപ്രത്യക്ഷമായിട്ട് നാല് മാസമായിട്ടേയുള്ളൂ.
വാല്‍പ്പാറയുടെ തെരുവുകളിലൂടെ ഫിയറ്റ് ലീനിയ കാറ്റുപോലെയൊഴുകി. തേയിലക്കുന്നുകള്‍ക്കിടയില്‍ കൊടുംതിരിവുകള്‍. ദീര്‍ഘമായ

സമതലം. ഇടയ്ക്കിടെ ചെറിയ കയറ്റങ്ങള്‍. പിന്നെ കുത്തനെയുള്ള ഇറക്കം.

ചുരമിറങ്ങി തിരുമൂര്‍ത്തിയിലേക്ക്
വാല്‍പ്പാറ ചുരം പ്രസിദ്ധമാണ്. മലമുകളില്‍നിന്നും അടിവാരത്തെ ആളിയാര്‍ ഡാം വരെ നാല്‍പത് കൊടുംവളവുകള്‍. ഇത്രയും മനോഹരമായൊരു മലമ്പാത പശ്ചിമഘട്ടത്തില്‍ മറ്റൊരിടത്തുമില്ല. ഇരുപുറങ്ങളിലും വന്യമൃഗങ്ങളാല്‍ സമ്പന്നമായ കാട്ടുചെരിവുകള്‍. 40, 39, 38… ഹെയര്‍പിന്നുകള്‍ ഓരോന്നായി ലീനിയ അനായാസം പാഞ്ഞിറങ്ങി. വളവും തിരിവുമുണ്ടാക്കുന്ന അസ്വസ്ഥത ഞങ്ങളെ ബാധിച്ചതേയില്ല.
മലമുകളില്‍നിന്നുള്ള തമിഴ്‌നാടന്‍ കാഴ്ച സുന്ദരമാണ്. കണ്ണെത്താദൂരം തെങ്ങിന്‍തോപ്പുകളും പച്ചക്കറിപ്പാടങ്ങളും. ഇടയ്ക്കിടെ കടലാസുകൂന പോലെ ചെറുപട്ടണങ്ങള്‍. വരണ്ടും നിറഞ്ഞും കിടക്കുന്ന ജലസംഭരണികള്‍. ചുരമിറങ്ങുംതോറും ആളി
യാര്‍ ഡാമിന്റെ കാഴ്ച വലുതായികൊണ്ടിരുന്നു. ഒന്‍പതാമത്തെ വളവില്‍നിന്നുള്ള കാഴ്ചയാണ് ഏറെ മനോഹരം. മഞ്ഞും മലയും കാടും ആളിയാര്‍ ഡാമും വെളുത്ത മതില്‍ക്കെട്ടുള്ള മലമ്പാതയുമെല്ലാം ചേര്‍ന്ന മായികദൃശ്യം.
സഹ്യപര്‍വ്വതത്തിന്റെ കിഴക്കന്‍ചെരിവിലൂടെ താഴേക്ക് ഇറങ്ങുന്നതിനൊപ്പം താപനില ഉയര്‍ന്നുകൊണ്ടിരുന്നു. അടിവാരത്തെത്തിയപ്പോഴേക്കും കത്തുന്ന വെയിലായി. ആളിയാര്‍ ഡാമിനരികിലെ മരത്തണലിലിരുന്ന ഇളനീര്‍ കുടിക്കുന്ന സഞ്ചാരികളെ കണ്ടു. ചിലര്‍ ഉപ്പും മുളകുമിട്ട മാങ്ങ പൂളിക്കഴിക്കുന്നു.
പൊള്ളാച്ചിയിലേക്കുള്ള പാതയിലൂടെ അല്‍പംകൂടി മുന്നോട്ടെത്തിയപ്പോള്‍ സുങ്കം എന്ന സ്ഥലത്തെത്തി. അവിടെനിന്നും ധളിയിലേക്ക്. യാത്രയ്ക്കിടെ ഏക്കര്‍കണക്കിന് തെങ്ങിന്‍തോപ്പുകള്‍ കരിഞ്ഞുനില്‍ക്കുന്നത് കണ്ടു. വഴിയോരത്തിരുന്ന ഗ്രാമീണരുമായി സംസാരിച്ചതില്‍നിന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ തമിഴ്‌നാട്ടിലെ ഏറ്റവും രൂക്ഷമായ വേനലാണെന്നറിഞ്ഞു. ഒരു മഴ പെയ്തിട്ട് മാസങ്ങളായിരിക്കുന്നു.
തിരുമൂര്‍ത്തി ഡാമിലേക്ക് വഴിതിരിയുന്നത് ധളിയില്‍നിന്നാണ്. പാതയോരത്തെ കൃഷിയിടങ്ങളിലൊന്നും അധികമാരെയും കാണാനില്ല. വരള്‍ച്ചമൂലമുള്ള താല്‍ക്കാലികമായ പിന്മാറ്റമാവാം. അണക്കെട്ടിനോട് അടുക്കുംതോറും ചില കോവിലുകള്‍ കണ്ടു.
ദൈവങ്ങള്‍ക്കരികിലൂടെ ഫിയറ്റ് ലീനിയ തിരുമൂര്‍ത്തി അണക്കെട്ടിനടുത്തെത്തി. ജലസമൃദ്ധമല്ലാത്ത ഡാം. അതിന്റെ താഴ്‌വാരങ്ങളില്‍ വരണ്ടുണങ്ങിയ കൃഷിയിടങ്ങള്‍. കത്തുന്ന വെയില്‍. പുകയുയരുന്ന ഇഷ്ടികച്ചൂളകള്‍. അങ്ങകലെ തലയുയര്‍ത്തിനില്‍ക്കുന്ന പശ്ചിമഘട്ടം.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 9 + 12 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.