A TALL MAN IN THE MIST

By Admin

ചിന്നക്കനാല്‍, ദേവികുളം, രാജാക്കാട്, ആനയറ…..മൂന്നാറിന്റെ വന്യസൌന്ദര്യം തേടി എക്സ്യുവി 500 ല്‍ ആക്ഷന്‍ ഹീറോയുടെ യാത്ര…….

ഡബിള്‍ ധമാക്കാ…” ചില പരസ്യ വാചകങ്ങള്‍ പറയുന്നത് പോലെ ഇരട്ടി മധുരം തന്നെയാണ് ഓവര്‍ടേക്ക് ഈ ലക്കം യാത്രയിലൂടെ പങ്കുവയ്ക്കുന്നത്.മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ താരം ബാബു ആന്റണിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ത്യന്‍ നിരത്തുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ചീറ്റപ്പുലി എക്സ്യുവി 500 ഉം ഒരുമിക്കുന്നു… ഒരു മൂന്നാര്‍ യാത്രയ്ക്കു വേണ്ടി.

ഒരു കരുത്തന്റെ വരവറിയിച്ചുകൊണ്ട് കൊച്ചി, പനമ്പിള്ളി നഗറിലെ ഫ്ളാറ്റ് സമുച്ചയത്തിനുള്ളിലേക്ക് സില്‍വര്‍ നിറത്തിലുള്ള എക്സ്യുവി 500 വന്നു നിന്നു. ചീറ്റപ്പുലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എക്സ്യുവി 500 ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് മഹീന്ദ്ര ആവര്‍ത്തിച്ചു പറയുന്നതില്‍ തെറ്റൊന്നുമില്ല. അധികം താമസിയാതെ തന്നെ ബാബു ആന്റണിയും എത്തി… നിറഞ്ഞ ചിരിയോടെ എക്സ്യുവി 500 ന്റെ സൌന്ദര്യം ഒരു നിമിഷം ആസ്വദിച്ച ശേഷം അദ്ദേഹം വേഗം തന്നെ വാഹനത്തിനുള്ളില്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ ഘടിപ്പിക്കുന്നതില്‍ വ്യാപൃതനായി. കുട്ടികള്‍ക്കായി സ്വന്തം പിതാവൊരുക്കുന്ന സുരക്ഷാ കവചം. അപകടങ്ങള്‍ കുട്ടികളെ ബാധിക്കാതിരിക്കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍. പല രാജ്യങ്ങളിലും ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ നിര്‍ബന്ധമാണ്.
എക്സ്യുവി 500 നീങ്ങി തുടങ്ങി. ഒപ്പം ബാബു ആന്റണിയും ഭാര്യ കാതറിനും കുട്ടികള്‍ ആര്‍തറും അലക്സും. കാര്‍ണിവല്‍ എന്ന ചിത്രത്തില്‍ മരണക്കിണറില്‍ ബൈക്ക് ഓടിച്ചും ട്വിന്റി-ട്വന്റി എന്ന ചിത്രത്തില്‍ അമിത വേഗത്തില്‍ റേസിംഗ് കാര്‍ പായിച്ചും നമ്മള്‍ അറിഞ്ഞിട്ടുള്ള ബാബു ആന്റണി പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ നേരെ മറിച്ചാണ്. സേഫ് ഡ്രൈവിംഗ് മാത്രം ഇഷ്ടപ്പെടുന്ന അദ്ദേഹം ഒരിക്കലും 60-70 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ എട്ടാമത്തെ വയസില്‍ മോറിസ് മൈനര്‍ ഓടിച്ച് തുടങ്ങിയ അദ്ദേഹം കൈവക്കാത്ത വാഹനങ്ങളില്ല. പിന്നീട് പതിനാലാം വയസില്‍ ബുള്ളറ്റും തന്റെ വരുതിയിലാക്കി. ഇപ്പോള്‍ ഓട്ടോമാററിക് വേരിയന്റുകള്‍ ഇഷ്ടപ്പെടുന്ന ബാബു ആന്റണി, പക്ഷെ കേരളത്തിലെ ട്രാഫിക് സംസ്കാരത്തില്‍ മനം മടുത്ത് ഇന്ത്യയിലെ ഡ്രൈവിംഗ് തന്നെ നിര്‍ത്തിയിരിക്കുകയാണത്രെ.
തിരുവാങ്കുളം കടന്ന് മൂവാറ്റുപുഴ റോഡില്‍ കയറിയതും എക്സ്യുവി 500 തനി സ്വരൂപം കാണിച്ചു തുടങ്ങി. ആക്ഷന്‍ താരത്തിന്റെ മഹത്വം മനസിലാക്കിയാകാം എക്സ്യുവി 500 അല്‍പ്പമെങ്കിലുമൊന്ന് അഹങ്കരിച്ചിരിക്കണം. ഒരു മാന്‍ലി ലുക്ക് ഉണ്ടെന്നു സാക്ഷാല്‍ ബാബു ആന്റണി തന്നെയല്ലേ അല്‍പ്പം മുമ്പ് പറഞ്ഞത്. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് കോതമംഗലത്ത് എത്തി.
ഉച്ചഭക്ഷണവും കഴിഞ്ഞ് കോതമംഗലത്തു നിന്നും യാത്ര ആരംഭിച്ചു. ഇവിടെ പ്രകൃതി കുറച്ചൊന്ന് വില്ലന്‍ കളിച്ചു. നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ ദേ പോയി… ദാ വന്നു എന്ന വാചകം ഓര്‍മപ്പെടുത്തും പോലെയായിരുന്നു മഴമേഘങ്ങള്‍ കണ്ണുപൊത്തി കളിക്കാന്‍ നിന്നത്. ഉടന്‍ തന്നെ മഴ പെയ്യാന്‍ തുടങ്ങി.
ശക്തമായ മഴയുടെ അകമ്പടിയോടെയാണ് നേര്യമംഗലവും റാണിക്കല്ലും കഴിഞ്ഞത്. മറ്റു ഹൈറേഞ്ച് പാതകളെ അപേക്ഷിച്ച് ഇവിടെ ഹെയര്‍ പിന്‍ വളവുകള്‍ കുറവാണ്. എങ്കിലും മോശമല്ലാത്ത രീതിയില്‍ തന്നെ കയറ്റവും ഇറക്കവും വളവും തിരിവും എല്ലാം ഉണ്ട്. കേരളത്തിനിമ ശരിക്കും വിളിച്ചോതുന്ന തകര്‍ന്ന റോഡും. പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിന്റെ മോശം സ്ഥിതിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഹൈറേഞ്ച് ഡ്രൈവ് തുടങ്ങിയപ്പോള്‍ തന്നെ എക്സ്യുവിയുടെ എന്‍ജിന്‍ പവറും ബ്രേക്ക് എഫിഷ്യന്‍സിയും മനസിലാക്കാന്‍ സാധിച്ചു.
ചീയാപ്പാറ വെളളച്ചാട്ടത്തിനു മുമ്പിലാണ് എക്സ്യുവി നിന്നത്. മൂന്നാര്‍ യാത്രയിലെ ആദ്യത്തെ വെള്ളച്ചാട്ടമാണിത്. മഴക്കാലമായതിനാല്‍ തട്ട് തട്ടായി പതിക്കുന്ന വെള്ളച്ചാട്ടത്തിനു ഒരു പ്രത്യേക ഭംഗിയുണ്ട്. ആനവിരട്ടി കഴിഞ്ഞ് പ്രധാന പാത വിട്ടു മാറി ആനച്ചാല്‍ റോഡിലേക്ക് എക്സ്യുവി തിരിഞ്ഞു. ശരിക്കും മൂന്നാറിലേക്കുള്ള ഷോര്‍ട്ട് കട്ട് ആണിതെന്നു പറയാം. ഏകദേശം 5 കിലോമീറ്റര്‍ ലാഭമുണ്ടാകും. ഇരുവശവും പച്ചപ്പരവതാനി വിരിച്ചത് പോലെയുള്ള തേയിലത്തോട്ടങ്ങളെ മുറിച്ചു മുന്നോട്ടു പോകുന്നവീതി കുറഞ്ഞ പാതയിലൂടെ എക്സ്യുവി 500 കുതിച്ചു. ചിത്തിരപുരം എത്തിയപ്പോഴാണ് മഴ ഒന്ന് വിട്ടു നിന്നത്. തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ മൂടല്‍ മഞ്ഞിന്റെ അകമ്പടിയോടെ എക്സ്യുവി 500ന്റെ വന്യസൌന്ദര്യവും ഉള്‍ക്കൊള്ളിച്ചു ബാബു ആന്റണിയുടെയും കുടുംബത്തിന്റെയും കുറെ നല്ല ചിത്രങ്ങള്‍ പകര്‍ത്തിയെടുത്തു. ബാബു ആന്റണിയെ കണ്ടതോടെ മൂന്നാര്‍ യാത്ര കഴിഞ്ഞ് മടങ്ങി വന്ന ഒരു സംഘം അടുത്ത് കൂടി. അവരില്‍ എക്സ്യുവി യുടെ അടുത്ത് കൂടിയും തൊട്ടു നോക്കിയും നിന്നവരില്‍ ഒരാള്‍ പറയുന്നത് കേട്ടു തകര്‍പ്പന്‍ വണ്ടിയാണളിയാ…”
അവരോടൊപ്പം ചേര്‍ന്ന് ഫോട്ടോ എടുക്കാനും ബാബു ആന്റണി സമയം കണ്ടെത്തി. വണ്ടി മൂന്നാര്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. മൂന്നാര്‍ ടൌണില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായി ഹെഡ് വര്‍ക്സ് ഡാമിനോട് ചേര്‍ന്നുള്ള മാട്ടുപ്പെട്ടി എസ്റേറ്റ് റോഡിലേക്ക് പ്രവേശിച്ചു. ഈ ഡാമില്‍ നിന്നും തിരിച്ചു വിടുന്ന ജലം ഉപയോഗിച്ചാണ് പള്ളിവാസല്‍ ജലവൈദ്യുത നിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. മൂന്നാറിന്റെ കുളിര്‍മ്മയും ശുദ്ധവായുവും ആസ്വദിക്കാന്‍ ബാബു ആന്റണിയും കുടുംബവും പുറത്തിറങ്ങി. ഒരു ചെറിയ ഫോട്ടോ സെഷന്‍. തുടര്‍ന്ന് അല്‍പ്പനേരം കൂടി അവിടെ ചെലവഴിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. സൂര്യന്‍ അസ്തമിച്ച് ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. രാത്രി ഡ്രൈവിനു എക്സ്യുവി ഒരുക്കിയിരുന്ന ലൈറ്റ് സെന്‍സര്‍ ഏറെ പ്രയോജനകരമാണെന്ന് അപ്പോഴാണ് മനസിലായത്. വളവുകള്‍ തിരിയുന്ന സമയത്ത് വെട്ടം കുറവുള്ള ഭാഗം സെന്‍സ് ചെയ്തു അവിടെ കൂടുതല്‍ പ്രകാശം പരത്തുന്നത് കാഴ്ച സുഗമമാക്കാന്‍ സഹായിക്കുന്നു. ഇതിനാല്‍ പകല്‍ ഡ്രൈവ് ചെയ്യുന്നത് പോലെതന്നെ രാത്രിയിലും സുഗമമായി ഡ്രൈവ് ചെയ്യാം.
മൂന്നാര്‍ കഴിഞ്ഞ് മറയൂര്‍ റോഡിലൂടെ 7 കിലോമീറ്റര്‍ സഞ്ചരിച്ചശേഷം ദി ടാള്‍ ട്രീസ് എന്ന ഇക്കോ റിസോര്‍ട്ടിന്റെ പ്രവേശന കവാടവും കഴിഞ്ഞ് എക്സ്യുവി 500 നിന്നു. പേര് സൂചിപ്പിക്കുന്ന പോലെതന്നെ വളരെഉയരത്തിലുള്ള അനേകം മരങ്ങള്‍ ചുറ്റിലും കാണാം. ഒരു മലയുടെ അടിവാരത്തായി സ്ഥിതി ചെയ്യുന്ന ഏലത്തോട്ടത്തിനു നടുവിലായാണ് ഈ റിസോര്‍ട്ട്. പരിസര പ്രദേശങ്ങള്‍ ഭംഗിയായി തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ ഒട്ടനേകം സാഹസിക- വിനോദ ഉപാധികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്നാറില്‍ നിന്നും കുറച്ചകലെയാണെങ്കിലും ഈ റിസോര്‍ട്ട് ആര്‍ക്കും മറക്കാനാകാത്ത അനുഭവം തന്നെ നല്‍കും.
രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ബാബു ആന്റണിയും കുടുംബവും റിസോര്‍ട്ടിന്റെ പരിസര പ്രദേശങ്ങള്‍ ചുറ്റിക്കറങ്ങാന്‍ ഇറങ്ങി. കോണ്‍ക്രീറ്റ് ടൈലുകള്‍ പാകിയ നടപ്പാതയിലൂടെ, ഇടതൂര്‍ന്നു നില്‍ക്കുന്ന വലിയ മരങ്ങളും, ചെടികളും, പലയിനം പക്ഷികളുടെ കള കള നാദവും, വഴിരികിലൂടെ ഒഴുകുന്ന ചെറിയ ചോലയും ആസ്വദിച്ചു നടന്നു. കുട്ടികള്‍ക്കായിരുന്നു അധികം സന്തോഷം. രണ്ടുവയസുകാരന്‍ അലക്സ് വളരെയധികം കൌതുകത്തോടെയാണ് ഓരോ കാഴ്ചയും ആസ്വദിക്കുന്നത്. എന്നാല്‍ ആര്‍തറിനെ ത്രസിപ്പിച്ചത് ഒരു ചെറിയ വെള്ളച്ചാട്ടത്തിനു മുന്‍
പില്‍ ഒരുക്കിയിരിക്കുന്ന ക്ളൈംബിംഗ് നെറ്റും ഒരു വലിയ പാറയില്‍ കൊരുത്തു വച്ചിരുന്ന റോപ് ലാഡറുമാണ്. ആര്‍തറിന്റെ സാഹസിക യജ്ഞത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒപ്പം ബാബു ആന്റണിയും.  വലിയ മരങ്ങളോട് ബൈ ബൈ പറഞ്ഞു ഞങ്ങള്‍ യാത്ര വീണ്ടും തുടര്‍ന്നു. മൂന്നാര്‍ ടൌണിലെ തൂക്കു പാലത്തിനു മുമ്പിലാണ് എക്സ്യുവി നിന്നത്. പാലം കണ്ടതോടെ ആര്‍തര്‍ വീണ്ടും ഇറങ്ങിയോടി. ബാബു ആന്‍ണി തടയാന്‍ ശ്രമിച്ചെങ്കിലും കുതറി മാറി മൂന്നു റൌണ്ട് പാലത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതിനു ശേഷമാണ് ആര്‍തര്‍ ഒന്നടങ്ങിയത്.

ഒരു ചെറിയ ഷോപ്പിംഗിനു ശേഷം വീണ്ടും യാത്ര തുടങ്ങി. പ്രസിദ്ധമായ കണ്ണന്‍ ദേവന്‍ എസ്റേറ്റ് ആണ് ഇവിടെ റോഡിനു ഇരുവശത്തുമായി വ്യാപിച്ചു കിടക്കുന്നത്. ദേവികുളം എത്തുന്നതിനു തൊട്ടുമുമ്പുള്ള വ്യൂ പോയിന്റില്‍ നിര്‍ത്തി, കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് കൈയില്‍ കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ചു. അലക്സ് ഇടയ്ക്കിടെ ഈശോ ഈശോ എന്ന് പറയുന്നുണ്ട്. അത് ഈശോയെ വിളിക്കുന്നതല്ലെന്നും ഇനിയും വേണമെന്ന് റഷ്യന്‍ ഭാഷയില്‍ അലക്സ് പറയുന്നതാണെന്നും ബാബു ആന്റണി വെളിപ്പെടുത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല.
അല്‍പ്പ നേരം വിശ്രമം. ഒരുവശത്ത് തെളിഞ്ഞ നീലാകാശം മുട്ടി നില്‍ക്കുന്ന പാറക്കെട്ടുകള്‍ കാണാം. മറുവശം അഗാധതയെ മൂടി നില്‍ക്കുന്ന മൂടല്‍ മഞ്ഞു
തുളച്ചു പുറത്തേക്കു ഉയര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകള്‍. ഇത് ലോക്ഹാര്‍ട്ട് ഗ്യാപ്പിന്റെ മാത്രം പ്രത്യേകതയാണ്. പിന്നീട് വലിയ മലയിടുക്കുകളും ചെറിയ അരുവികളും മനോഹരങ്ങളായ ചെറിയ വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ചിന്നക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തിനു സമീപത്തായി ഒതുക്കി നിര്‍ത്തി. പവര്‍ഹൌസ് വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. വളരെ ഉയരത്തിലുള്ള ഒരു പാറയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ ചാട്ടം ഒരു വിസ്മയക്കാഴ്ച തന്നെയാണ്. വഴുക്കലുള്ള പ്രദേശമായതിനാല്‍ വെള്ളച്ചാട്ടം കമ്പിവേലി കെട്ടി തിരിച്ചിരിക്കുകയാണ്.
ചിന്നക്കനാല്‍ പിന്നിട്ട് 3 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ എക്സ്യുവി 500 ഒരു ടീ എസ്റേറ്റ് പ്രവേശന കവാടത്തിനു മുന്നിലായി നിന്നു.
ഏകദേശം ഒരു കിലോമീറ്റര്‍ തേയിലത്തോട്ടത്തിനുള്ളിലൂടെ തൂക്കുപാലത്തിനടുത്തെത്തി. മൂന്നാറില്‍ കണ്ട തൂക്കുപാലത്തിന്റെ ഒരു വലിയ പതിപ്പ്. അധികമാര്‍ക്കും അറിയാത്തതിനാലും ഇതൊരു സ്വകാര്യ എസ്റേറ്റിനുള്ളിലായതിനാലും സന്ദര്‍ശകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഒരു ചെറിയ പാറക്കെട്ടും താഴെ പച്ചപ്പരവതാനി വിരിച്ചത് പോലെയുള്ള പുല്‍മേടും. ഒരു റൊമാന്റിക് സോംഗ് എടുക്കാന്‍ പറ്റിയ സ്ഥലം. ഇതും പറഞ്ഞ് ബാബു ആന്റണി ഒരു വലിയ പാറക്കെട്ടിനു മുകളിലേക്ക് അനായാസം വലിഞ്ഞുകയറി.
ഒരു സിനിമ ഫീല്‍ കിട്ടിയതു കൊണ്ടാകണം അദ്ദേഹം തന്റെ സിനിമകളെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. തമിഴില്‍ അമീറിന്റെ ആദിഭഗവാന്‍ എന്ന ചിത്രത്തിലും കാഞ്ചന എന്ന തെലുഗു ചിത്രത്തിന്റെ കന്നഡ പതിപ്പിലുമാണ് ഇപ്പോള്‍ ബാബു ആന്റണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ഒരു ചിത്രം ഉടനെ തന്നെ സംവിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പിയാനോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിച്ചുകൊണ്ട് ഭാര്യ കാതറീനും സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആനയിറങ്കല്‍ ഡാം ലക്ഷ്യമാക്കി എക്സ്യുവി നീങ്ങി തുടങ്ങി. മലയിറങ്ങി ചെല്ലുമ്പോള്‍ തന്നെ ഡാമിന്റെയും അങ്ങിങ്ങായി ഒറ്റപ്പെട്ടു കാണുന്ന വലിയ ഓക്ക് മരങ്ങള്‍ നിറഞ്ഞ ഹരിതാഭമായ പരിസരപ്രദേശങ്ങളുടെയും ദൃശ്യഭംഗി കണ്‍മുന്നില്‍ തെളിഞ്ഞു തന്നെ കാണാന്‍ സാധിക്കും. അസ്തമയ സൂര്യന്റെ നേര്‍ത്ത ചുവന്ന കിരണങ്ങള്‍ അങ്ങകലെ ആകാശത്ത് പടര്‍ന്നു തുടങ്ങിയിരുന്നു. വളവുകളും തിരിവുകളും കയറ്റവും ഇറക്കുമെല്ലാം അനായാസം താണ്ടി എക്സ്യുവി സഞ്ചാരം തുടര്‍ന്നു കൊണ്ടേയിരുന്നു.
രാജാക്കാട് സിറ്റിയുടെ തിരക്കില്‍ ഒരു ചെറിയ ടീ ബ്രേക്ക്… തങ്ങളുടെ ആരാധനാപാത്രമായ താരത്തെ കണ്ടു സ്ഥലവാസികള്‍ ചുറ്റും കൂടി. ചിലര്‍ ഫോണ്‍ വിളിച്ചു തന്റെ സുഹൃത്തുക്കളെ കൂടി വിളിച്ചു വരുത്തുന്ന തിരക്കിലുമായി. അധികനേരം അവിടെ നിന്നുകഴിഞ്ഞാല്‍ ഒരു ജനസമുദ്രം തന്നെ രൂപപ്പെടുമെന്നു മനസിലാക്കി ഒതുക്കത്തില്‍ ഞങ്ങളങ്ങട് സ്കൂട്ട് ചെയ്തു. അടുത്ത് തന്നെയുള്ള പവര്‍ സ്റേഷനും കടന്ന് ഏകദേശം ഏഴര മണിയോടെ അടിമാലിയിലെത്തി.

അത്രയും നേരം ഞങ്ങള്‍ക്കു വേണ്ടി പ്രകൃതി അടങ്ങി നിന്നതായിരിക്കണം. വീണ്ടും മഴ തുടങ്ങി. പ്രകൃതീദേവിക്ക് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 5 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.