MINUS SIXTEEN DEGREE

By Admin

ഡെല്‍ഹി എയര്‍പോര്‍ട്ടില്‍ ശ്രീനഗറിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ത്തന്നെ തുടര്‍ന്നുള്ള അഞ്ചാറ് ദിവസങ്ങളില്‍ എന്നെ ഗ്രസിക്കാന്‍ പോകുന്ന കൊടും തണുപ്പിനെക്കുറിച്ച് എനിക്ക് ബോധ്യമായി. കാരണം, ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ച മൂലം വിമാനങ്ങളെല്ലാം വൈകിയാണ് പുറപ്പെടുന്നത്. അങ്ങനെ രാവിലെ 9ന് പുറപ്പെടേണ്ട എന്റെ വിമാനം ഡെല്‍ഹിയുടെ മണ്ണില്‍ നിന്ന് പറന്നുയര്‍ന്നപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി. ഒന്നരമണിക്കൂറോളം നീണ്ട വിമാനയാത്രയില്‍ മഞ്ഞിന്റെ തിരശീലമാത്രം ആകാശത്തെ മൂടി നിന്നു. എന്നാല്‍  താഴ്ന്നു തുടങ്ങിയ ഏതോ നിമിഷത്തില്‍ തിരശീല കീറിമുറിച്ച് വിമാനം ശ്രീനഗറിന്റെ കാഴ്ച തുറന്നു താന്നു. മഞ്ഞ്! താഴ്വരയിലാകെ മഞ്ഞിന്റെ വെള്ളപ്പുതപ്പ്.
മഞ്ഞിന്റെ കാഴ്ച വിമാനത്തിനുള്ളിലെ ഇരുന്നൂറോളം കണ്ണുകളില്‍ കുളിര് കോരിയിട്ടു. ‘മൈനസ് അഞ്ചാണ് പുറത്തെ തണുപ്പ്’ -എയര്‍ഹോസ്റസ് മുന്നറിയിപ്പു തന്നു. മുമ്പൊരിക്കല്‍ ഡെല്‍ഹിയില്‍ നിന്ന് കാറോടിച്ച് പുറപ്പെട്ടെങ്കിലും ജമ്മുകഴിഞ്ഞ്, പത്നിടോപ്പ് എന്ന സ്ഥലമെത്തിയപ്പോള്‍ മഞ്ഞു വീഴ്ച മൂലം ശ്രീനഗറിലെത്താന്‍ കഴിഞ്ഞില്ല. ഇത്തവണ ശ്രീനഗറിലെത്തുമെന്നുറപ്പ്. പിന്നീടുള്ള കാര്യങ്ങള്‍ ദൈവം തമ്പുരാന് വിട്ടുകൊടുത്തുകൊണ്ട് ഞാന്‍ ശ്രീനഗറില്‍ കാല്‍ കുത്തി. ശ്രീനഗറിലെ ഹ്യുണ്ടായ് ഡീലര്‍ഷിപ്പായ ‘ക്രസ്റ് ഹ്യുണ്ടായ്’ യുടെ ജനറല്‍ മാനേജര്‍ നസീര്‍ ഭട്ട് ഊഷ്മളമായ ചിരിയുമായി പുറത്തുണ്ടായിരുന്നു. ശ്രീനഗറിന്റെ പലഭാഗത്തേക്കുമുള്ള റോഡുകളില്‍ മഞ്ഞുവീണതുമൂലം യാത്രകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് നസീര്‍ പറഞ്ഞു. കാലാവസ്ഥ പ്രവചനാതീതമാണത്രേ, എന്തു ചെയ്യാന്‍!
ഹ്യുണ്ടായ് സാന്റഫേയുടെ താക്കോല്‍ദാനമായിരുന്നു അടുത്ത ചടങ്ങ്. 12 കി.മീറ്റര്‍ ദൂരെയുള്ള ടൌണ്‍ വരെ താനും കൂടെ വരാമെന്ന് നസീര്‍ പറഞ്ഞു. സാന്റേഫേയില്‍ കയറി ഹീറ്റര്‍ ഓണ്‍ ചെയ്തപ്പോഴാണ് തണുപ്പിന്റെ കാഠിന്യം കുറഞ്ഞത്.  മെയ്വഴക്കമുള്ള അഭ്യാസിയെപ്പോലെ റോഡില്‍ ചിതറിക്കിടക്കുന്ന ഐസ് പാളികള്‍ക്കിടയിലൂടെ സാന്റഫേ പാഞ്ഞു.
ശ്രീനഗര്‍ നഗരത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ കണ്ട പല സ്ഥലങ്ങളുടെയും  പേര് ഞാന്‍ ഞെട്ടലോടെ ഓര്‍ത്തെടുത്തു. സ്ഫോടനം, ഭീകരാക്രമണം എന്നിങ്ങനെയുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വായിച്ചിട്ടുള്ള പേരുകള്‍. എല്ലായിടവും പക്ഷേ, ഇപ്പോള്‍ പരമശാന്തത. മൂന്നോ നാലോ കിലോ മീറ്റര്‍ കൂടുമ്പോള്‍ ഒരു പട്ടാളവാഹനമോ മറ്റോ കണ്ടാലായി. എന്റെ കണ്ണുകളിലെ ഉത്കണ്ഠ കണ്ടറിഞ്ഞിട്ടാവണം, നസീര്‍ പറഞ്ഞു. ‘ഇപ്പോള്‍ പേടിക്കാനൊന്നുമില്ല. ഞങ്ങള്‍ പഴയ നിലയിലേക്ക് തിരിച്ചു വന്നു കഴിഞ്ഞു. എന്‍ജോയ് യുവര്‍ സ്റേ  ഇന്‍ കാശ്മീര്‍….›
നഗരമധ്യത്തിലെ സുപ്രസിദ്ധമായ ലൌല്‍ചൌക്ക് തെരുവിനോടു ചേര്‍ന്നുള്ള ‘ജേഎന്‍’ ബേക്കറിയിലായിരുന്നു ആദ്യ സ്റോപ്പ് ഓവര്‍. ചൂടന്‍ മട്ടണ്‍ കബാബും ചായയും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത ദിവസങ്ങളിലെ യാത്ര ചാര്‍ട്ട് ചെയ്തു – നാളെ ഗുല്‍മാര്‍ഗ്, മറ്റന്നാള്‍ ശ്രീനഗര്‍. തിരികെ വന്ന് പഹല്‍ഹാം, തുടര്‍ന്ന് സോനാമാര്‍ഗ്…
റൂം ബുക്ക് ചെയ്ത് വെല്‍ക്കം ഹോട്ടലിലേക്ക് സാന്റഫേ കുതിച്ചു. ഹോട്ടല്‍ എത്താറായപ്പോള്‍ ദാല്‍ തടാകം ദൃശ്യമായി. പകുതിയിലേറെ തണുത്തുറഞ്ഞ് ഐസായിപ്പോയ തടാകം. വെല്‍ക്കം ഹോട്ടല്‍ ദാല്‍ലേക്കിന് അഭിമുഖമാണ്. ഹോട്ടലുകളെല്ലാം സെന്‍ട്രലി ഹീറ്റഡാണ്.
പുതപ്പിന്റെ ചൂടില്‍ കയറിയാല്‍ പിന്നെ പുറത്തിറങ്ങാന്‍ തോന്നില്ല. തണുപ്പിനോട് ഗുഡ്ബൈ പറഞ്ഞ് പുതപ്പിനടിയില്‍ നുഴഞ്ഞുകയറി. കാശ്മീരിലെ ആദ്യ രാത്രി !. രാത്രിയിലെപ്പോഴോ തണുപ്പ് വീണ്ടും വര്‍ധിച്ച് മൈനസ് 9 വരെ എത്തിയത്രേ. രാവിലെ ജനല്‍ കര്‍ട്ടന്‍ മാറ്റിയപ്പോള്‍ മഞ്ഞു പാളികള്‍ അതേപടിയുണ്ട്. എട്ടുമണിയായപ്പോഴും വെളിച്ചം കടന്നു വരാന്‍ മടിച്ചു നില്‍ക്കുകയാണ്. ശരീരത്തോട് ഒട്ടിനില്‍ക്കുന്ന തെര്‍മല്‍ വെയറുകള്‍, സ്വെറ്റര്‍, വുളന്‍ സോക്സ്, ജാക്കറ്റ്, ഗ്ളൌസ് എന്നിവയൊക്കെ ധരിച്ച് , റൂം വെക്കേറ്റ് ചെയ്ത് സാന്റഫേയില്‍ കയറി. രാത്രിയില്‍ പൊഴിഞ്ഞു വീണ മഞ്ഞ് വൈപ്പര്‍ തൂത്തെറിഞ്ഞു. സാന്റഫേയുടെ ഹീറ്റര്‍ പ്ളസ് 20 ലേക്ക് തിരിച്ചു. 92.7 ബിഗ് എഫ്എം ഓണായി. ഗുല്‍മാര്‍ഗിലേക്ക് യാത്ര തുടങ്ങി.
‘റോസാപ്പൂക്കളുടെ വീഥി’ എന്നാണ് ഗുല്‍മാര്‍ഗ് എന്ന വാക്കിന്റെ അര്‍ത്ഥം. ലോകത്തിലെ തന്നെ ഏറ്റവും വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്ന് എന്ന് ഗുല്‍മാര്‍ഗിനെ വിളിക്കാം. ശ്രീനഗറില്‍ നിന്ന് 52 കി.മീറ്റര്‍ മാത്രമേ ദൂരമുള്ളൂ. സമുദ്രനിരപ്പില്‍ നിന്ന്  8825  അടി ഉയരെ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗിന്റെ 12 കിലോമീറ്റര്‍ താഴെ താങ്മാര്‍ഗ്വരെ മാത്രമേ മഞ്ഞുകാലത്ത് സാധാരണ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. അവിടെനിന്നുള്ള മലമ്പാതയില്‍ മഞ്ഞുവീണുറഞ്ഞാല്‍ വാഹനമോടിക്കുക എളുപ്പമല്ല. ഗ്രിപ്പ് ലഭിക്കാനായി ടയറുകളില്‍ ഇരുമ്പ് ചെയ്ന്‍ ചുറ്റിയ ടാറ്റാസുമോകളാണ് തുടര്‍ന്നുള്ള യാത്രകള്‍ക്കായി വിനോദസഞ്ചാരികളെ കാത്തുകിടക്കുന്നത്.
ശ്രീനഗറില്‍ നിന്ന് വിശാലമായ ഹൈവേയാണ് ഗുല്‍മാര്‍ഗിന്റെ ബേസ് സ്റേഷനെന്നു വിളിക്കാവുന്ന താങ്മാര്‍ഗ് വരെ നീളുന്നത്. ഈ വഴിയില്‍ ചിനാര്‍ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു. റോഡിന്റെ ഇരുവശവും ആകാശത്തിലേക്ക് തുളച്ചു കയറുന്നതുപോലെയാണ് അവയുടെ നില്‍പ്പ്. നിരവധി സിനിമകളില്‍ ഈ ചിനാര്‍ മരങ്ങളുടെ വശ്യത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് താങ് മാര്‍ഗിലെത്തി. സാന്റഫേ
നിര്‍ത്തിയ ഉടന്‍ പത്തുപതിനഞ്ചു സുമോ ടാക്സികള്‍ ചുറ്റും കൂടി. ഗുല്‍മാര്‍ഗില്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവരുന്നതിന് 1000 രൂപയാണ് നിരക്ക്. പിറ്റേന്നു മാത്രമേ തിരിച്ചു പോരുന്നുള്ളൂ എന്നു കേട്ടപ്പോള്‍ ഗൈഡുകളും പ്രത്യക്ഷപ്പെട്ടു. ഗുല്‍മാര്‍ഗ് ചുറ്റി നടന്നു കാണിക്കുന്നതിന് 500 രൂപ. കൂട്ടത്തില്‍ മാന്യനെന്നു തോന്നിയയാളെ തിരഞ്ഞെടുത്തു. ഗുല്‍മുഹമ്മദ് എന്നു പേര്. താങ്മാര്‍ഗിലെ ഹോട്ടലില്‍ നിന്ന് തവാ റൊട്ടിയും മട്ടണ്‍ കറിയും കഴിച്ച്, സാന്റഫേ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് ഗുല്‍മുഹമ്മദിനും ഡ്രൈവറിനുമൊപ്പം ഗുല്‍മാര്‍ഗിലേക്ക് പുറപ്പെട്ടു.
ഗുല്‍മാര്‍ഗ് വരെയുള്ള 12 കിലോമീറ്റര്‍ വളഞ്ഞു പുളഞ്ഞ വഴിയാണ്. സാധാരണ, രാവിലെകളില്‍ റോഡിലെ മഞ്ഞ് നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ഗുല്‍മാര്‍ഗിലേക്കുള്ള പാതയില്‍ മഞ്ഞ് പുതഞ്ഞുകിടക്കുന്നു. സുമോയുടെ ടയറുകളിലെ ഇരുമ്പ് ചെയ്നുപോലും ഇടയ്ക്കിടെ അടിപതറുന്നുണ്ട്.
പക്ഷേ, ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ തീര്‍ത്ത പെയിന്റിങ് പോലെയുള്ള ഗുല്‍മാര്‍ഗിന്റെ ഭംഗി എന്നെ ഭ്രമിപ്പിച്ചു തുടങ്ങിയിരുന്നു. മരങ്ങളുടെ തടിമാത്രം കറുപ്പ്. ബാക്കി റോഡ് അടക്കം വെള്ള നിറം ! ആ കാഴ്ച 12 കിലോ മീറ്റര്‍ തുടര്‍ന്നു…. മലകയറി മേലെ എത്തിയത് ഗുല്‍മാര്‍ഗ് നഗരത്തിലേക്ക്. നഗരമെന്നു വിളിക്കാനാവില്ല, എട്ടുപത്ത് കടകള്‍, അത്ര തന്നെ ഹോട്ടലുകള്‍. സ്കീയിങ് ഉപകരണങ്ങള്‍ വാടകയ്ക്കു നല്‍കുന്ന കടകളാണ് ഏറെയും.
ഞാന്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ടൂറിസത്തിന്റെ ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നു. ലഗേജുകള്‍ അവിടെ സ്ഥാപിച്ചതിനു ശേഷം ഗുല്‍മാര്‍ഗ് കാണാനിറങ്ങാമെന്നു കരുതി. തടികൊണ്ടു നിര്‍മിച്ച ‘ഹട്ട്’ ആണ് അനുവദിച്ചു കിട്ടിയത്. നെരിപ്പോട് എരിയുന്ന ഒരു സ്വീകരണ മുറിയും റൂം ഹീറ്റര്‍ സ്ഥാപിച്ച ബെഡ്റൂമും. രാത്രിയില്‍ മൈനസ് 15 വരെ ഗുല്‍മാര്‍ഗിലെ താപനില താഴും. അതുകൊണ്ട് ഇത്തരം മുന്‍കരുതലുകള്‍ ആവശ്യമാണ്.
അപ്പോഴേക്കും സമയം 3 മണികഴിഞ്ഞിരുന്നു. ഗുല്‍മാര്‍ഗിലെ ഗണ്ടോല എന്നറിയപ്പെടുന്ന കേബിള്‍ കാറിന്റെ ടിക്കറ്റ് 3.30 വരെയേ കിട്ടൂ. അതുകൊണ്ട് ഗുല്‍മുഹമ്മദ് എന്നെയും കൊണ്ട് ഗണ്ടോല സ്റേഷനിലേക്ക് പാഞ്ഞു.
പക്ഷേ, മൂടല്‍മഞ്ഞിന്റെ ആധിക്യം മൂലം അന്ന് നേരത്തേ തന്നെ കേബിള്‍ കാര്‍ യാത്ര അവസാനിപ്പിച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും വലിയ മിസ്’  –  ഗുല്‍മുഹമ്മദിന്റെ വാക്കുകള്‍ എന്റെ നഷ്ടബോധത്തിന് ആക്കം കൂട്ടി.
തീര്‍ച്ചയായും ഗുല്‍മാര്‍ഗിലെ ഗണ്ടോലറൈഡ് കാണേണ്ട കാഴ്ചതന്നെയാണ്. 13,500 അടി ഉയരം വരെ എത്തുന്ന ഗുല്‍മാര്‍ഗ് ഗണ്ടോല, ഏഷ്യയിലെ ഏറ്റവും ഉയരമുള്ള  കേബിള്‍ കാറാണ്. രണ്ടു ഘട്ടങ്ങളാണ് കേബിള്‍ കാറിനുള്ളത്. ആദ്യ ഘട്ടം 10,000 അടി ഉയരെ വരെ എത്തിക്കുന്നു. ഇവിടെ നീരാവി ഒഴുകുന്ന, പ്രകൃതിയുടെ ഏഴ് ജലധാരകളുണ്ട്. ഇവിടെ നിന്ന് 30 മിനിട്ട് കുതിരപ്പുറത്തു സഞ്ചരിച്ചാല്‍ ഖിലന്‍ മാര്‍ഗ് എന്ന വിസ്തൃതമായ പുല്‍മൈതാനത്തെത്തും. രണ്ടാം ഘട്ടം അല്‍പ്പാന്തര്‍ മലയുടെ മേലെയ്ക്കാണ്. പലപ്പോഴും മേഘങ്ങള്‍ക്കുമേലെയാണ് ഗണ്ടോലയുടെ സഞ്ചാരം. മലയുടെ മേലെ എത്തിയാല്‍ കാശ്മീര്‍ താഴ്വര മുഴുവനും കാണാം.

കൂടാതെ 365 ദിവസവും തണുത്തുറഞ്ഞു കിടക്കുന്ന അല്‍പ്പാന്തര്‍ തടാകവും ഇവിടെ കാണാം.
ഗുല്‍മാര്‍ഗില്‍ നിന്ന് 16 കിലോ മീറ്ററേയുള്ളൂ പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക്. അതുകൊണ്ട് പട്ടാളത്തിന്റെ സാന്നിധ്യം എവിടെയുമുണ്ട്. ഇവിടെയുള്ള മൌണ്ടനയറിങ് – സ്കീയിങ് ഇന്‍സ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളിലും ഏറെയും പട്ടാളക്കാരാണ്.
ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്സ് ഗുല്‍മാര്‍ഗിലാണ്. ഈ 18 ഹോള്‍ ഗോള്‍ഫ് കോഴ്സിന് 100 വര്‍ഷം പഴക്കമുണ്ട്. 110 വര്‍ഷം പഴക്കമുള്ള സെന്റ് മേരീസ് പള്ളിയാണ് മറ്റൊരു പ്രധാന കാഴ്ച.
സീസണില്‍ 20,000 കുതിരകളാണ് മലകയറാനായി വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാല്‍ കൊടും മഞ്ഞില്‍ കുതിരകള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഇടയ്ക്കിടെ വീശിയടിക്കുന്ന ശീതക്കാറ്റും മൂടല്‍മഞ്ഞും മഞ്ഞുവീഴ്ചയും മൂലം സഞ്ചാരികള്‍ വൈകുന്നേരത്തോടെ ഗുല്‍മാര്‍ഗിനെ കൈയൊഴിയുന്നു. അവശേഷിക്കുന്ന വളരെക്കുറച്ച് വിനോദസഞ്ചാരികളിലൊരുവനായ ഞാന്‍ മഞ്ഞില്‍ തെന്നിവീഴാതെ ‘ഹട്ട’ ലക്ഷ്യമാക്കി നടന്നു.
ശ്രീനഗറിനു നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലമുകളിലാണ് ആദിശങ്കരാചാര്യക്ഷേത്രം. ശ്രീനഗറില്‍ എവിടെ നിന്നുനോക്കിയാലും ഈ ക്ഷേത്രം ദൃശ്യമാണ്. 350 മീറ്റര്‍ ഉയരമുള്ള ഗോപദാരി എന്ന ഈ മലയുടെ മുകളിലേക്കുള്ള വളഞ്ഞുപുളഞ്ഞ പാതയില്‍ പ്രവേശിക്കാന്‍ പട്ടാളത്തിന്റെ കര്‍ശന പരിശോധനയ്ക്കു വിധേയനാകണം. പക്ഷേ മല കയറുന്തോറും മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ശ്രീനഗര്‍ ചുരുള്‍ നിവരുന്നു. അതിമനോഹരമായ കാഴ്ച.
വാഹനം നിര്‍ത്തി, ക്ഷേത്രത്തിലുള്ള ചെറുകുന്നിന്റെ പടവുകള്‍ കയറുംമുമ്പ് വീണ്ടും പരിശോധന. മൊബൈല്‍ ഫോണ്‍ പോലും കാറില്‍ ഉപേക്ഷിക്കണമെന്ന് ആജ്ഞ.  പടവുകള്‍ കയറി, മേലെ എത്തുമ്പോള്‍ കല്ലില്‍ തീര്‍ത്ത ചെറിയ ക്ഷേത്രം മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്നത് അലൌകികമായ കാഴ്ചയാണ്. കശ്മീര്‍ താഴ്വരയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം ക്രിസ്തുവിനു മുമ്പ് 2629 ല്‍ നിര്‍മിച്ചതാണ്. ശിവനാണ് പ്രതിഷ്ഠ. എഡി  820 ല്‍ സമാധിയാകുന്നതിനു മുമ്പ്  എപ്പോഴോ കാലടിയില്‍ നിന്ന് ശങ്കരാചാര്യന്‍ ഈ ക്ഷേത്രനടയിലെത്തി, ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറക്കെട്ടിനുള്ളിലെ ചെറുഗുഹയില്‍ ധ്യാനനിരതനായി. അദ്ദേഹത്തിന് ബോധോദയം ലഭിച്ചതും ചതുര്‍ധാമ രൂപീകരണത്തിനുള്ള വെളിപാടു ലഭിച്ചതും ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു.
ശങ്കരാചാര്യരുടെ  പാദസ്പര്‍ശമേറ്റ ഗുഹയിലേക്കുള്ള വാതിലിന് ഉയരം കുറവാണ്. തലകുനിച്ച് ഉള്ളില്‍ കയറുമ്പോള്‍ മറ്റേതോ ലോകത്ത് എത്തിയതുപോലെ. പുറത്തെ കൊടും തണുപ്പിലും ആ ചെറുമുറിയില്‍ നേര്‍ത്ത ചൂടുണ്ട്. ഏതാനും ഈശ്വരചിത്രങ്ങളും ഒരു പീഠവും മാത്രമാണ് ഉള്ളില്‍.
പൂജാദ്രവ്യങ്ങളുടെ നിര്‍മല ഗന്ധം. അങ്ങകലെ കേരളത്തിലെ ഒരു ചെറുഗ്രാമത്തില്‍ നിന്ന് ഇവിടെ നടന്നെത്തിയ ആ യുഗപ്രഭാവനെ ആരും മനസാനമിച്ചു പോകും.
ശ്രീനഗറെന്നു കേള്‍ക്കുമ്പോള്‍ ദാല്‍ തടാകം മനസില്‍ ഉണരാതിരിക്കില്ല. നാലുചുറ്റും കോട്ടമതില്‍പോലെയുള്ള മലകള്‍ക്കു നടുവില്‍ 18 ചതുരശ്ര  കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദാല്‍ലേക്ക് പരന്നു കിടക്കുന്നു. വലിയ ഹൌസ് ബോട്ടുകളും ചെറിയ ഷിക്കാരകളും (കൊതുമ്പുവള്ളം) തിക്കിത്തിരക്കുന്ന ദാല്‍ തടാകത്തിന് നിരവധി ഉപകനാലുകളുമുണ്ട്. ഈ കനാലുകളുടെ ഇരുവശത്തും ചെറിയ ഷോപ്പുകളാണ്. ഷോപ്പുകളുടെ മുന്നില്‍ വള്ളമിറങ്ങി, ഷോപ്പിങ് നടത്താം.
വൈകുന്നേരമാണ് ദാല്‍തടാകത്തിലെത്തിയത്. ഒരു മണിക്കൂര്‍ റൌണ്ട് ട്രിപ്പിന് 300 രൂപ. തണുത്ത കാറ്റ് വീശുന്നുണ്ട്. ഷിക്കാരയില്‍ കയറി
യിരുന്നപ്പോള്‍ തുഴക്കാരന്‍  കളിമണ്ണില്‍ നിര്‍മിച്ച കനല്‍ എരിയുന്ന കുടം കൈയില്‍തന്നു. കൈ തണുക്കാതിരിക്കാനുള്ള മാര്‍ഗമാണിത്.
നേരം വൈകിയതുകൊണ്ട് തടാകത്തില്‍ ഏറെ ബോട്ടുകളൊന്നുമില്ല. കനാല്‍ ഇറമ്പിലെ ഷോപ്പുകളും അടച്ചു തുടങ്ങി. കനാല്‍ വഴികളിലെ ഫ്ളോട്ടിന് ഗാര്‍ഡന്‍, ഫ്ളോട്ടിങ് മാര്‍ക്ക് എന്നിവയെല്ലാം മഞ്ഞുവീഴ്ചമൂലം അടച്ചിട്ടിരിക്കുകയാണ്.
ദാല്‍തടാക യാത്ര ആസ്വദിക്കാന്‍ സീസണില്‍ത്തന്നെ വരണം.! തുഴക്കാരന്‍ പറഞ്ഞു. (കാശ്മീര്‍ യാത്ര തുടരും).

 

 

 

 

 

 

Our Sincere thanks to:
Mr. Anil puri (Crest Hyundai, Jammu),
Mr. Nazir Bhatt (Crest Hyundai, Srinagar),
Mr. Sanjay K. Pillai,
Ms, Devdatta Mulchandani,
Mr. Pankaj Tiwari (Hyundai motors India ltd.).

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 6 + 15 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.