ROCK CLIMBING

By Admin

പച്ചപ്പിന്റെ നടുവിലൂടെ ഉരുളന്‍ കല്ലുകള്‍ പാകിയ കാട്ടുപാത. മഹീന്ദ്രാ ഥാര്‍ ഒഴുകി നീങ്ങുകയാണ്, ഒരു കാട്ടരുവി പോലെ. ഡ്രൈവിങ്ങ് സീറ്റില്‍ ഞാന്‍ ഞെളിഞ്ഞിരിക്കുകയാണ്; ചാനല്‍ ക്യാമറ കണ്ട രാഷ്ട്രീയക്കാരനെപ്പോലെ. പെട്ടെന്ന് സ്റിയറിങ്ങ് ഒന്നു വെട്ടി. കാട്ടുപാതയുടെ വലതുവശത്തുള്ള ചെളിക്കുഴിയിലേക്ക് ഥാര്‍ തെന്നിയിറങ്ങി… ഞാന്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. “പ്ഭ.. വൃത്തികെട്ടവനേ, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ…? പാതിരായ്ക്ക് വന്നു കേറുന്നതും പോരാഞ്ഞ് കൊച്ചുവെളുപ്പാന്‍കാലത്ത് മര്‍മ്മത്തിനിട്ട് ചവിട്ടും…” ഞാന്‍ ഞെട്ടിയുണര്‍ന്നു. കാടും കാട്ടുപൊന്തയുമൊന്നുമില്ല, മുകളില്‍ കറങ്ങുന്ന ഫാന്‍, വലതുവശത്ത് ഉറക്കം പോയതിന്റെ അരിശത്തില്‍ പുലമ്പുന്ന സുഹൃത്ത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്വപ്നത്തിലും ദുസ്വപ്നത്തിലും മഹീന്ദ്രാ ഥാര്‍ നിറഞ്ഞു നില്‍ക്കുകയാണ്. ട്രാവലോഗിനുപോകാന്‍ തന്റെ ഥാറുമായെത്താമെന്ന് വാക്കു തന്ന ഒരു ചങ്ങാതി പലതവണ വാക്കു മാറ്റി ത
ന്റെ തനിസ്വരൂപം കാണിച്ചു തന്നതിനാലാണീ പ്രശ്നം. ഞാന്‍ വാച്ചില്‍ നോക്കി. സമയം ആറുമണി. മൂന്നു മണിക്കൂര്‍ കൂടിക്കഴിഞ്ഞാല്‍ ‘ഓവര്‍ടേക്ക്’ ഓഫീസില്‍ അവനെത്തും, മഹീന്ദ്രാ ഥാര്‍… അതോടെ ദുസ്വപ്നങ്ങളേ.. നിങ്ങള്‍ക്കു വിട.തൃശൂര്‍ ഐ.ടി.എല്‍ മോട്ടോഴ്സില്‍ നിന്നുമെത്തിയ മെറ്റാലിക് മെറൂണ്‍ നിറമുള്ള മഹീന്ദ്രാ ഥാര്‍ സി.ആര്‍.ഡി.ഇ എന്നെയും കാത്ത് ഓഫീസിനു മുന്നില്‍ കിടപ്പുണ്ടായിരുന്നു. താക്കോല്‍ എന്റെ കയ്യിലേക്ക് നല്‍കി ഐ.ടി.എല്ലി ന്റെഡ്രൈവര്‍ തൃശൂര്‍ക്ക് വണ്ടികയറിയതോടെ പുതിയൊരു പ്രശ്നം മുന്നിലവതരിച്ചു. എങ്ങോട്ട് പോകണം…?

ഏതായാലും പോകുക തന്നെ. ഞാനുറച്ചു. “പോയി ജയിച്ചു വാ.” പത്രാധിപര്‍ യാത്രാമൊഴി നേരുമ്പോള്‍അദ്ദേഹത്തിന്റെ സ്ഥാനത്ത്’ജഗ്ഗു’വിനെ ദൌത്യമേല്‍പ്പിച്ച് യാത്രയാക്കുന്ന ജോസ്പ്രകാശിന്റെ ടിപ്പിക്കല്‍ വില്ലന്‍മുഖമുണ്ടോ…? ഹേയ് ഇല്ല..ഞാന്‍ ഡ്രൈവര്‍ സീറ്റിലേറുമ്പോള്‍ അനിയന്‍ ജോസിന്‍ അടുത്ത സീറ്റിലമര്‍ന്നു. ഥാറിന്റെ സി.ആര്‍.ഡി.ഇ. ഹൃദയമുണര്‍ന്നു. എന്‍ജിന്റെ താളത്തിനൊത്ത് പുറത്ത് മഴപെയ്തു തുടങ്ങി. വൈറ്റിലയെത്തുമ്പോള്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അനീഷ് വെള്ളത്തൂവല്‍ നനഞ്ഞുകുതിര്‍ന്ന് നില്‍പ്പുണ്ടായിരുന്നു. മഴയെപ്പേടിച്ചും ശപിച്ചും മൂവര്‍സംഘം കോതമംഗലത്തേക്ക് നീങ്ങി. തൃപ്പൂണിത്തുറയില്‍ വെച്ച് മുന്നിലുള്ള കാറിലിടിച്ച ആപെക്കാരനെ ചുംബിക്കാതിരിക്കാന്‍ ഞാന്‍ ബ്രേക്ക് ചെയ്തു, ഥാര്‍ എന്റെ കണക്കുകൂട്ടലുകള്‍ക്കും മുന്‍പേ മടിയേതും കൂടാതെ നിന്നു. “നല്ല ബ്രേക്ക്…” മൂവരും ഒരേസ്വരത്തില്‍ പറഞ്ഞു. കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയെത്തുമ്പോള്‍ മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായ മെല്‍വിന്‍ മാത്യു ഞങ്ങളെ കാത്തുനിന്നിരുന്നു. ഫേസ്ബുക്ക് പരിചയത്തിനിപ്പുറം നേരില്‍ കാണുമ്പോള്‍ സൌഹൃദത്തിന്റെ പുത്തന്‍ കാഴ്ചകളും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. “ഇടമലയാര്‍ ഡാമിനപ്പുറത്ത് ഒരു ട്രൈബല്‍ കോളനിയുണ്ട്… താളുകണ്ടം.. കാട്ടുവഴിയാ.. അങ്ങോട്ടു പോയാലോ..?” മെല്‍വിന്‍ ഞങ്ങളുടെ നേര്‍ക്കെറിഞ്ഞ ചോദ്യത്തിലെ പ്രലോഭനത്തെ അതിജീവിക്കാനായില്ല. അങ്ങനെ വണ്ടി നേരെ ഭൂതത്താന്‍കെട്ടിലേക്ക് നീങ്ങി. വഴിക്ക് ഡാമിന്റെ ജലസംഭരണി അഥവാ തട്ടേക്കാട് തടാകം. അതില്‍ അവിടവിടെയായി ജലസമാധിയിലാണ്ട പഴയ ബോട്ടുകളുടെയും വള്ളങ്ങളുടെയും അസ്ഥിപഞ്ജരങ്ങള്‍, 2007 ല്‍ പതിനഞ്ചുകുട്ടികളുടെയും മൂന്ന് അധ്യാപകരുടെയും ജീവനെടുത്ത ബോട്ടപകടത്തിന്റെ സ്മാരകശിലകളായി നിലകൊള്ളുന്നു.കോതമംഗലത്തു നിന്നും 10 കിലോമീറ്ററാണ് ഭൂതത്താന്‍കെട്ട് ഡാമിലേക്ക്. തൃക്കരിയൂര്‍ ക്ഷേത്രത്തെ മുക്കിക്കളയാന്‍ ഭൂതങ്ങള്‍ കെട്ടിയടച്ചതെന്ന് പുരാണവും, നാലാം നൂറ്റാണ്ടിലും 1341ലുമുണ്ടായ പ്രളയത്താല്‍ രൂപം കൊണ്ടതെന്ന് ചരിത്രവും പരസ്പരം തര്‍ക്കിക്കുമ്പോള്‍ നിലവിലുള്ള അണക്കെട്ടിനടിയിലൂടെ ആരവത്തോടെ കുതിച്ചൊഴുകുന്ന പെരിയാര്‍ നദി. അണക്കെട്ടിലുടനീളം സഞ്ചാരികളുടെ നിര. ഭൂതത്താന്‍കെട്ട് കടന്ന് ഇടമലയാറിലേക്ക് ഥാര്‍ കുതിച്ചു. ഇടയ്ക്ക് കണ്ട ഒരിടവഴയിലെ ഉരുളന്‍ കല്ലുകള്‍ക്കു മുകളിലൂടെ കുതിച്ച ഥാര്‍ മുകളിലെത്തിയപ്പോള്‍ കണ്ട അരുവിയില്‍ നാല്‍വര്‍ സംഘം അര്‍മാദിക്കാനിറങ്ങി. പനിനീര്‍പോലുള്ള വെള്ളത്തില്‍ എത്രനേരമിറങ്ങിയിട്ടും മതിയാകുന്നില്ല. അരമണിക്കൂര്‍ കഴിഞ്ഞ് യാത്രതുടരുമ്പോള്‍ വഴിയോരത്തുകണ്ട പാറയിലേക്കും ഥാര്‍ വലിഞ്ഞു കയറി. ക്യാമറകള്‍ ആ അഭ്യാസം പകര്‍ത്താന്‍ മത്സരിച്ചു. ഭൂതത്താന്‍കെട്ടില്‍ നിന്ന് പന്ത്രണ്ടോളം കിലോമീറ്റര്‍ മാറിയാണ് ഇടമലയാര്‍ ഡാം. സ്ഥലമടുക്കാറായപ്പോള്‍ മുന്നിലൊരു ഗേറ്റ്. ഗേറ്റ്കീപ്പര്‍ചേട്ടന്‍ തന്റെ അമൃതേത്ത് കഴിഞ്ഞ് എഴുന്നേല്‍ക്കുന്ന രംഗമാണ്. സന്ദര്‍ശനോദ്ദേശ്യം അറിയിച്ചപ്പോള്‍ “അകത്തേക്ക് പോകാന്‍ പറ്റില്യാ..” എന്ന് സ്ത്രൈണഭാവത്തിലുള്ളമറുപടി. സ്ത്രൈണത ഭാവത്തിലേയുള്ളൂ, നിലപാടിലില്ല! മെല്‍വിന്‍ കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകനായ ലഫ്. ഹര്‍ഷയുമൊത്ത് ഇതുവഴി പോയിരുന്നു എന്ന ഒറ്റക്കാരണത്താലാണ് ഈ വഴി ഞങ്ങള്‍ തെരഞ്ഞെടുത്തത്.” അന്ന് ഈ അണ്ണനൊരു പ്രശ്നവുമില്ലായിരുന്നല്ലോ..” എന്ന് മെല്‍വിന്റെ ആത്മഗതം ഉച്ചത്തിലായിരുന്നതുകൊണ്ട് അണ്ണന്‍ വിശദീകരണവും തന്നു “തിരുവനന്തപുരത്തു നിന്നും എക്സിക്യൂട്ടിവ് എന്‍ജിനീയറും മറ്റും വന്നിട്ടുണ്ട്. ആരെയും വിടാന്‍ പാടില്ലെന്നാണ് ഓഡര്‍… ഞാനെന്തു ചെയ്യാനാ…?”
കുറേനേരത്തെ അഭ്യര്‍ത്ഥനയും ഫോണ്‍വിളികള്‍ക്കുമൊടുവില്‍ കെ.എസ്.ഇ.ബിയില്‍ നിന്നും ഒരു വെള്ള മഹീന്ദ്രാ എം.എം 540 ജീപ്പ് ഞങ്ങള്‍ക്കരികിലെ
ത്തി നിന്നു. ഞങ്ങളുടെ ഥാറിന്റെ മുഖത്ത് ജ്യേഷ്ഠസഹോദരനെക്കണ്ട സന്തോഷം… ദീപു എന്ന എ.ഈ ആയിരുന്നു അതില്‍ വന്നത്. അദ്ദേഹം ഞങ്ങളെ
യും കൂട്ടി പ്രോജക്ട് ഓഫീസിലെത്തി. ഡാമിന്റെയും റോഡിന്റെയും ചുമതലയുള്ള ഉദ്യോഗസ്ഥനെക്കാണാന്‍ ഉപദേശിച്ച് തിരക്കുകള്‍ക്കിടയിലേക്ക് അദ്ദേഹം നടന്നുകയറി. ആര്‍&ഡി വിഭാഗത്തിന്റെ ചുമതലയിലുള്ള ബിജു മര്‍ക്കോസ് എന്ന ഉദ്യോഗസ്ഥനെയായിരുന്നു ഞങ്ങള്‍ക്ക് കാണേണ്ടിയിരു
ന്നത്. അദ്ദേഹവും ഊണുകഴിക്കുന്ന തിരക്കിലായിരുന്നു. “സര്‍ ഓവര്‍ടേക്ക് മാഗസിന്റെ ട്രാവലോഗ്…” ഞാന്‍ മെല്ലെ പറഞ്ഞുതുടങ്ങി. “ഓവര്‍ടേക്ക്… എനിക്കറിയാം… ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്…” ഞാന്‍ മനസ്സാ ദൈവത്തിനു നന്ദി പറഞ്ഞു. ഡാമിനടുത്തുകൂടി പോകാന്‍ അനുമതി നല്‍കണമെന്ന് ഒരപേക്ഷ എഴുതി നല്‍കിയാല്‍ മതിയാവുമെന്ന് അദ്ദേഹം. അപേക്ഷയോടൊപ്പം പ്രസ് കാര്‍ഡിന്റെയും ലൈസന്‍സിന്റെയും പകര്‍പ്പ് കൂടി വാങ്ങി
അദ്ദേഹം ഞങ്ങള്‍ക്ക് യാത്രാനുമതി നല്‍കി.”താളുകണ്ടത്തേക്ക് പോകാം, പക്ഷേ ഡാമിന്റെ പടമൊന്നും എടുക്കല്ലേ…” അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ യാത്ര തുടര്‍ന്നു. പ്രോജക്ട് ഓഫീസില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയാണ് അണക്കെട്ട്. അവിടെയെത്തിയ പ്പോള്‍ റിസര്‍വ്വോയറിനോട്
ചേര്‍ന്ന് കടുന്തൂക്കത്തിരിക്കുന്ന ഒരു ചായക്കട. വിശപ്പും ദാഹവും മൂത്ത നാലാത്മാക്കള്‍ കടക്കുള്ളിലേക്ക് പാഞ്ഞുകയറി. കടക്കാരന്‍ ചേട്ടന്‍ തന്റെ മെലിഞ്ഞ ശരീരത്തിനു താങ്ങാനാവുന്നതിലേറെഭാരമുള്ള മീശയും പിരിച്ച് ഞങ്ങളെ സ്വീകരിച്ചു. മൊരിഞ്ഞ പരിപ്പുവടയും പുഴുങ്ങിയ മുട്ടയും മാത്രമുള്ള
ശുഷ്കമെന്നു തോന്നിയേക്കാവുന്ന മെനു ഞങ്ങള്‍ക്ക് പക്ഷേ സെവന്‍ കോഴ്സ് ഡിന്നറായിരുന്നു. ഈ രണ്ട് ചായകൂടി കുടിച്ച് ചേട്ടന്റെ കണക്കും തീര്‍ത്ത് പോകാനൊരുങ്ങവെ പേരു ചോദിച്ചപ്പോള്‍, ഒരു പേരിലെന്തിരിക്കുന്നു എന്ന ഭാവത്തിലൊരു ചിരി മാത്രമായിരുന്നു മറുപടി. പിന്നില്‍ ഇടമലയാര്‍ അണക്കെട്ട് മൂകമായി നില്‍ക്കുന്നു. 1970ല്‍ നിര്‍മ്മാണം തുടങ്ങി 1985ല്‍ പൂര്‍ത്തീകരിച്ചതാണ് ഈ അണക്കെട്ട്. പെരിയാറിന്റെ പോഷകനദിയായ ഇടമലയാര്‍ നദിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ഡാം അടുത്തിടെ വാര്‍ത്തയായത് ഒരു മുന്‍മന്ത്രിക്ക് കാരാഗൃഹവാസം സമ്മാനിച്ചു കൊണ്ടാണ്.ഭാഗികമായി സോളിങ്ങ് മാത്രമുള്ള വഴിയാണ് താളുംകണ്ടത്തേക്കുള്ളത്. ഇതുവഴി ആകെ പോകാറുള്ളത് കോളനിയിലേക്കുള്ള ജീപ്പുകള്‍ മാത്രമാണെന്ന് വഴിയുടെ ലക്ഷണം കണ്ടിട്ടു തോന്നുന്നു. ചില സ്ഥലങ്ങളില്‍ റോഡ് എന്നത് ഒരു സങ്കല്‍പം മാത്രമാകുമ്പോള്‍ വെറും ടൂവീല്‍ഡ്രൈവില്‍ ഥാര്‍ അതിനെ അതിജീവിച്ചു പോന്നു. ഡാമില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ മുന്നിലതാ ഒരു വമ്പന്‍ തുരങ്കം! 150 മീറ്ററോളം നീളമുണ്ട് പൂര്‍ണ്ണമായും പാറയില്‍ നിര്‍മ്മിച്ച ഈ തുരങ്കത്തിന്. ജോസിനും മെല്‍വിനും തുരങ്കത്തിനുള്ളില്‍ കൂവി ‘എക്കോ’ ഉണ്ടാക്കിക്കളിക്കുകയാണ്. ഥാറിന്റെ സി.ആര്‍.ഡി.ഇ എന്‍ജിന്റെ മുരള്‍ച്ചടണലിന്റെ ഭിത്തികളില്‍ പ്രകമ്പനം തീര്‍ത്തു. തുരങ്കം കടന്ന് മുന്നോട്ടു ചെന്നപ്പോള്‍ റോഡ് കാണാതായി. ഇരുവശത്തും ഈറ്റ വളര്‍ന്നു നിക്കുന്ന ഒരു ഊടുവഴിക്കകത്തേക്ക് ഥാര്‍ നുഴഞ്ഞു കയറി. പിന്നെയും മുന്നോട്ടു ചെല്ലുമ്പോള്‍ വഴിയുടെ ഭീകരാവസ്ഥ മനസ്സിലായി വന്നു.

ചുറ്റുംകണ്ണോടിക്കുമ്പോള്‍ വന്മരങ്ങളുടെ തണല്‍ ഇരുട്ടിലേക്കു ലയിക്കുന്ന ഭീകരമായ കാനനസൌന്ദര്യം. ആനപ്പിണ്ടം വീണുകിടക്കുന്ന വഴിയില്‍ പലയിടത്തും കല്ലും ചെളിയും കലര്‍ന്ന വീല്‍ട്രാക്കുകള്‍ മാത്രം. ഫസ്റും സെക്കന്‍ഡുമല്ലാതെ മറ്റു ഗിയറുകള്‍ ഉപയോഗിക്കാനേ കഴിയാത്ത അവസ്ഥ. ഒരുകിലോമീറ്റര്‍ താണ്ടണമെങ്കില്‍ സാധാരണ റോഡിലേതിനെക്കാള്‍ ഇരട്ടിസമയം വേണ്ടി വരുമെന്നു ചുരുക്കം. ഇടയ്ക്കിടെ പെയ്യുന്ന മഴ ഞങ്ങളുടെ മനസ്സില്‍ ആശങ്കയുടെ വെള്ളപ്പൊക്കമുണ്ടാക്കുന്നു. നാലുകിലോമീറ്റര്‍ കൂടി ചെന്നപ്പോള്‍ വഴി രണ്ടായി പിരിയുന്നിടത്തൊരു വേലിക്കെട്ട്. അതിനുള്ളില്‍ ഒരു ഓടിട്ട വീട്. ചുറ്റും സമാനനിര്‍മ്മിതിയിലുള്ള വീടുകള്‍ കാണാം. “ഇതാണോ ആദിവാസി കോളനി..?” ആരോ സംശയാലുവായി. അടുത്തുകണ്ട വീട്ടിലേക്ക് നടന്നു കയറി. ലുങ്കി മാത്രമുടുത്ത് ഒരാള്‍ പുറത്തേക്കു വന്നു. കൃഷ്ണന്‍ എന്നാണ് മൂപ്പരുടെ പേര്. താളുംകണ്ടം കോളനിയെപ്പറ്റി ഞങ്ങള്‍ക്ക് ക്ളാസ്സെടുത്ത ടിയാന്റെ പല്ലുകളെല്ലാം കേടുവന്ന നിലയിലായിരുന്നു. അതില്‍ കാരണം കാട്ടില്‍ മാത്രം ലഭ്യമായ വീര്യം കൂടിയ കാടന്‍ വാറ്റുചാരായമായിരിക്കുമെന്ന ഞങ്ങളിലാരുടെയോ അനുമാനം അദ്ദേഹം നിര്‍ദ്ദാക്ഷണ്യം നിഷേധിച്ചു. കുറച്ചപ്പുറത്തു മാറി നിലകൊള്ളുന്ന ഒരു കുടിലിന്റെ ചിത്രമെടുക്കാന്‍ ജോസിനും അനീഷേട്ടനും മെല്‍വിനും നടന്നു നീങ്ങിയപ്പോഴാണ് അടുത്തൊരു വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങിവന്നത്. അല്‍പം വെളുത്തിട്ടാണ്. അനുസരണയില്ലാത്ത ചുരുണ്ടമുടിയും താടിമീശയുമെല്ലാം ചേര്‍ന്ന് ഒരു പ്രത്യേകരൂപം. തന്റെ കുടവയറിന്മേല്‍ താളം പിടിച്ച് മൂളിപ്പാട്ടും പാടിയാണ് വരവ്. രാജന്‍ എന്നാണദ്ദേഹത്തിന്റെ പേര്. വന്നപാടെ എല്ലാ വരും തങ്ങള്‍ ഫോട്ടോ എടുക്കുന്ന കുഞ്ഞു കുടില്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തോടായി ചോദ്യങ്ങള്‍. “ചേട്ടാ, ഈ കുടിലിലാരാതാമസം…?” ഒരു നായ കുടിലില്‍ നിന്നും പുറത്തേക്കു നോക്കി കുരച്ചു. “അതെന്റെ പുകപ്പുരയാണ്… റബ്ബര്‍ ഷീറ്റുണങ്ങാന്‍…” ശ്രീമാന്‍ രാജന്റെ മറുപടിയില്‍ ഷോട്ട് വൈഡായപ്പോഴാണ് അദ്ദേഹത്തിന്റെ വീടിനു ചുറ്റുമുള്ള റബ്ബര്‍ തോട്ടം ഞങ്ങള്‍ കാണുന്നത്. അഞ്ചേക്കറോളം റബ്ബര്‍കൃഷിയുണ്ട് ഈ കാനനപുത്രന്. പിന്നെ അവിടെ നിന്നില്ല കോളനിയുടെ അടുത്ത ഭാഗത്തേക്ക് ഥാര്‍ കുതിച്ചു. ഇടയ്ക്ക്പെട്ടെന്ന് സ്റിയറിങ്ങ് ഒന്നു വെട്ടി. കാട്ടുപാതയുടെ വലതുവശത്തുള്ള ചെളിക്കുഴിയിലേക്ക് ഥാര്‍ തെന്നിയിറങ്ങി… റിവേഴ്സെടുക്കാന്‍ നടത്തിയ ശ്രമം നനഞ്ഞ പുല്ലും റോഡിലെ ചെളിയും ചേര്‍ന്ന് വിഫലമാക്കി. ദൈവമേ…വെളുപ്പാന്‍കാലത്തു കണ്ട സ്വപ്നം…! നാലു പേരും പുറത്തിറങ്ങി വണ്ടി റോഡിലേക്കു കയറ്റാന്‍ ശ്രമമാരംഭിച്ചെങ്കിലും ടയറുകള്‍ ഹൈവേ ഉപയോഗത്തിനു പറ്റിയറേഡിയലുകളായിരുന്നതിനാല്‍ കൂടുതല്‍ പുതയുകയാണുണ്ടായത്. മുന്‍സസ്പെന്‍ഷന്റെ ലോവര്‍ ആമിന്റെ അടിയില്‍ ഒരു മുട്ടന്‍ കല്ലുകുടുങ്ങുക കൂടി ചെയ്തപ്പോള്‍ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായി. ആദ്യമൊക്കെ ചിരിച്ചെങ്കിലും കരച്ചിലിന്റെ വക്കിലെത്താന്‍ അധികനേരം വേണ്ടിവന്നില്ല ഞങ്ങള്‍ക്ക്. അപ്പോഴാണ് ഒരാള്‍വരുന്നത്. പേര് പ്രകാശന്‍. അദ്ദേഹം വണ്ടി കിടക്കുന്ന രീതിയും മറ്റും സൂക്ഷ്മമായി പഠിച്ച ശേഷം ഞങ്ങളോടു പറഞ്ഞു”വണ്ടിയൊക്കെ നമുക്കു കേറ്റാം, സാറുമ്മാരെ വാ ഓരോ കട്ടന്‍ചായ കുടിക്കാം… അപ്പോഴേക്കും നമ്മുടെ ആളെത്തും…” ഞങ്ങള്‍ അതനുസരിച്ച് മുന്നോട്ടു ചെന്നു. അവിടെ ഒരു ചെറിയ കട. അത്യാവശ്യം കിടുവടി സാധനങ്ങളൊക്കെയുണ്ട്. ഫെയര്‍ ആന്റ്ലവ്ലി മുതല്‍ പാരഗണ്‍ ചെരുപ്പ്വരെ. ഇറയത്ത് മൂന്നുനാലു പ്ളാസ്റിക് കസേരകള്‍. തകര്‍പ്പന്‍ കടുംചായയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. കടയുടമയെ പരിചയപ്പെടാന്‍ ചെന്നതും മൂപ്പര്‍ക്കാകെയൊരു ചമ്മല്‍…”എന്താ ചേട്ടാ പേര്…” പൂര്‍വ്വാധികം നാണത്തോടെ ചേട്ടന്റെ മറുപടി “ദേവേന്ദ്രന്‍…””കാട്ടിലെ ദേവേന്ദ്രന്‍…” ആരോ പിറുപിറുത്തു.ചായകുടിയും കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങുള്‍ കാലിലെന്തോ ഇഴയുന്നു. ജീന്‍സ് ഉയര്‍ത്തി നോക്കി… അട്ടകള്‍..! “തീ കൊണ്ടുവാ…” ഞാനലറി. മെല്‍വിന്‍ ലൈറ്ററുമായെത്തി, എന്റെ കാലില്‍ കടിച്ചുതൂങ്ങിയിരുന്ന രക്തദാഹികളെയൊന്നൊന്നായി പൊള്ളിച്ച് ഇറക്കി വിട്ടു. അടുത്ത ഊഴം മെല്‍വിന്റേതായി
രുന്നു. ഇഷ്ടന്റെ കാലിലുമുണ്ട് അരഡസന്‍ അട്ടകള്‍… അനീഷേട്ടനും ജോസിനും കാര്യമായെന്തോ ചെയ്യുന്ന തിരക്കിലാണ്. നോക്കുമ്പോള്‍ ഒരട്ടയെ എടുത്ത് തന്റെ കയ്യില്‍ വെച്ച് അനീഷേട്ടനെക്കൊണ്ട് അതിന്റെ ‘മാക്രോഫോട്ടോ’ എടുപ്പിക്കുകയാണ് ജോസിന്‍..! ഇതിനിടെ നമ്മുടെ ദേവേന്ദ്രന്‍ ചേട്ടന്‍ കുറെ പുകയിലയുമായി വന്നിട്ട് പറഞ്ഞു “വെള്ളം തൊട്ട് പൊകല കാലീ തേച്ചാ മതി… അട്ട അടുക്കില്ല…” അങ്ങനെ പുകയില വെള്ളം തേച്ച് ഞെരടി കാലില്‍ പുരട്ടി അവിടെ നിന്നും വണ്ടിക്കടുത്തെത്തിയപ്പോള്‍ പ്രകാശനും സംഘവും പണിതുടങ്ങിയിരുന്നു. വണ്ടി ഇറങ്ങിപ്പോയ വഴിയില്‍ കല്ലുകള്‍ പാകി അതിലൂടെ റോഡിലേക്ക് കയറാന്‍ ‘ട്രാക്ക്’ ഉണ്ടാക്കുകയെന്ന ശ്രമകരമായ ജോലിയിലാണവര്‍. ഇടയ്ക്ക് മഴ പെയ്തിട്ടും ദേഹമാകെ ചെളിപുരണ്ടിട്ടും അതൊന്നും കാര്യമാക്കാതെ പണിയെടുക്കുന്ന ഇവരെ കണ്ടു വേണം കോളറുടയാതെ നോക്കുകൂലി വാങ്ങുന്ന നാട്ടുരാജാക്കന്മാര്‍ പഠിക്കാന്‍.


തങ്ങളുടെ വരുതിക്കു വരാത്ത കല്ലുകളെ ഇടയ്ക്കിടെ ശാസിച്ചും, സമാധാനിപ്പിച്ചുമൊക്കെയാണ് ഇവരുടെ ജോലിയെന്നത് മനുഷ്യന്റെ ആശയസംവേദനത്തിന്റെ മറ്റൊരു തലം കൂടി കാട്ടിത്തരുന്നു. പ്രകാശനെക്കൂടാതെ ശിവദാസ്, കൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ട്. ഓരോ വീലിനും കൃത്യമായി കയറാന്‍ പാകത്തിലുള്ള ട്രാക്ക് ഉണ്ടാക്കുന്ന ആദിവാസിസഹോദരങ്ങളുടെ സാങ്കേതിക വൈദഗ്ധ്യത്തില്‍ മുന്നില്‍ ഓട്ടൊമൊബൈല്‍ എന്‍ജിനീയറും മറൈന്‍ എന്‍ജിനീയറും നഖം കടിച്ചു നിന്നു. സമയം ആറര കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഥാറിനെ റോഡിലെത്തിച്ചിട്ട് കാടിന്റെ മക്കളായ മൂവരും നെഞ്ചുംവിരിച്ചു നിന്നു. അവരോട് നന്ദി പറഞ്ഞ്മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്നൊരു മുന്നറിയിപ്പും കേട്ടു. “ഇനിയിപ്പോ വഴീല്‍ കോടയിറങ്ങും, ആനയും കാണും.. സൂക്ഷിച്ചു പോണേ..” അതും കൂടിയായപ്പോള്‍ തലയ്ക്കടി കിട്ടിയതു പോ
ലെയായി. വന്ന വഴിയേ തന്നെവളരെ സൂക്ഷിച്ച് മടക്കം. മഴയ്ക്ക് ശക്തി കൂടിയിട്ടുണ്ട്. ഇടയ്ക്ക്് രണ്ടുമൂന്ന് ജീപ്പുകള്‍ എതിരേ വന്നു, പുറത്ത് ഓരോരോ ആവശ്യങ്ങള്‍ക്കായി പോയവര്‍ തിരികെ ഊരിലെത്തുകയാണ്. കോതമംഗലമാണ് ഇവര്‍ക്ക് ഏറ്റവുമടുത്ത ടൌണ്‍. തിരികെയിറങ്ങുമ്പോള്‍ വളരെകരുത
ലോടെയായിരുന്നു ഡ്രൈവിങ്ങ്. ഇടയ്ക്ക് ഏതാനും കേഴകള്‍ മുന്നില്‍ വന്നു നിന്നിട്ട് നാണത്തോടെ കാട്ടിലേക്കോടി മറഞ്ഞു. മടക്കയാത്രയുടെ വിരസതയ
കറ്റാന്‍ വണ്ടിക്കുള്ളില്‍ പാട്ടുകള്‍ മുഴങ്ങി. പാടിപ്പതിഞ്ഞൊരു ഗാനം പോലെ കാടും അതിന്റെ വശ്യതയും പിന്നിലേക്കോടി. നെഞ്ചകത്ത് നേരിയ പേടിയു
ണ്ടെങ്കിലും അതിനെ അതിജീവിക്കാന്‍ പോന്നതായിരുന്നു കാടിനോടുള്ള പ്രണയം.

കോതമംഗലത്തെത്തി ഒരുകടയില്‍ കഴിക്കാന്‍ കയറുമ്പോഴാണ് എന്നെ നോക്കി ആളുകള്‍ എന്തൊക്കെയോ അടക്കം പറയുന്നു. നോക്കുമ്പോള്‍ എന്റെ വലതുകൈമുട്ടിലാകെ ചോര…! നിലയ്ക്കാതെ ഒഴുകുകയാണത്. ഒരു അട്ടച്ചേട്ടന്‍ പണിപറ്റിച്ചതാണ്. കുടിച്ചു വീര്‍ത്തപ്പോള്‍ ആത്മാഹുതി ചെയ്തതായിരിക്കണം. അതുകണ്ട് കൂട്ടത്തിലാരുടെയോ കമന്റ്”എ ബ്ളഡി എന്‍ഡ് ഓഫ് ദ് ട്രിപ്പ്..” അതെ, ഞങ്ങളുടെ യാത്രയ്ക്ക് രക്തരൂഷിതമായൊരവസാനം…

 

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 8 + 3 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.