ORANGE COUNTY

By Admin

ഇത് നെല്ലിയാമ്പതി. തുടുത്ത ഓറഞ്ച് പഴങ്ങളിലൂടെ ഒഴുകിവന്ന മഴത്തുള്ളിയെ ഒരു മധുരനാരങ്ങയായി വിരല്‍ത്തുമ്പിലേക്ക് വെച്ചു തന്നും; തേയില കൊളുന്തിന്റെയും ചുവന്ന കാപ്പിക്കുലകളുടേയും ഇടയിലൂടെ കൈപിടിച്ചു നടത്തിയും, മഴയ്ക്കു കീഴെ മഞ്ഞുകൊണ്ട്  കുട ചൂടിച്ചും, കാപ്പിപ്പൂക്കളിലെ മണം തൂവിയും, അകം നിറയെ കുളുര്‍പ്പിച്ചും ചേര്‍ത്തു നിര്‍ത്തുന്ന മഞ്ഞിന്‍കൂടാരം. സീതാര്‍കുണ്ടിന്റെ ആകാശ ഉയരങ്ങളില്‍ കാറ്റേറ്റും മഴയേറ്റും  ധ്യാനിച്ചു നില്‍ക്കു ന്ന ആ ഒറ്റനെല്ലി മരത്തിനു കീഴെകൊണ്ടു നിര്‍ത്തി പ്രകൃതിസൌന്ദര്യങ്ങളിലേക്കുള്ള സാധ്യമായ എല്ലാ ജനാലകളും തുറന്നിട്ടുകൊണ്ട് “കണ്ടു തീര്‍ക്കാനാവുമെങ്കില്‍ കണ്ടോളൂ” എന്ന് വെല്ലുവിളിയോടെ കണ്ണുകളില്‍ വിസ്മയം നിറച്ചു തരുന്ന കാഴ്ച്ചാപഥം. ഏതൊരു യാത്രികന്റെയും യാത്രാദാഹ ങ്ങളെ ശമിപ്പിക്കാന്‍ കാഴ്ചകളുടെ മധുരനാരങ്ങാനീര്  ആവോളം വച്ചു നീട്ടുന്ന തളിര്‍ത്താലം…. ഇത് നെല്ലിയാമ്പതി…

ചെയ്സിങ് ദ മണ്‍സൂണ്‍: കൊച്ചിയില്‍ നിന്നുള്ള ഞങ്ങളുടെ യാത്ര സൂര്യനുണര്‍ന്നു കഴിഞ്ഞുള്ള നിമിഷങ്ങളില്‍ത്തന്നെ തുടങ്ങിയിരുന്നു. ആകാശത്ത് അല്ലികള്‍ പകുതിയോളം പകു ത്തുവെച്ചതുപോലൊരു ഓറഞ്ച് സൂര്യനേയും കണികണ്ട് വെരിറ്റോയുടെ ചില്ലുകൂട്ടിലിരുന്ന് മാനം നോക്കിയായിരുന്നു സഞ്ചാരം. ഒട്ടും കനിവു കാട്ടാതെ എവിടെയോ ഒളിച്ചിരുന്ന മഴമേഘങ്ങളെ വിളിച്ചുവരുത്താന്‍ ഋഷ്യശൃംഗനെ വരെ വിളിച്ചു പ്രാര്‍ത്ഥിച്ചു. തൃശൂര്‍ മണ്ണുത്തി വരെ ഋഷ്യശൃംഗന്‍ കടാക്ഷിച്ചില്ല. പിന്നെ ഏതാനും നിമിഷങ്ങള്‍…. മാനം മുഴങ്ങി. ധും ധും ധും ധുംധുമിനാദം… മഴ നൃത്തം തുടങ്ങി. വെരിറ്റോ പാലക്കാട ന്‍ റോഡുകളിലേക്ക് വെള്ളം തെറിപ്പി ച്ചും മഴ നൂലുകളുടെ ഇടയിലൂടെ കുട്ടിത്തം കാണിച്ചും ഓടിയോടി ഉത്സാഹിച്ചു. നാടക വേദികളിലെ രംഗത്തിനിടെ പലതരം കര്‍ട്ടനുകള്‍ തുടരെത്തുടരെ മാറ്റുന്നതുപോലെയാണ് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര. മണ്ണുത്തി വരെ നഗരത്തിന്റെ കടുംനിറ ജാങ്കോ കര്‍ട്ടന്‍. അല്‍പനേരം കഴിഞ്ഞ് പാടങ്ങളുടെ സീനറി കര്‍ട്ടന്‍. പിന്നെ, കരിമ്പനക്കൂട്ടവും കരിംപാറക്കെട്ടും, കാട്, മല, തേയിലത്തോട്ടം… ആര്‍ട്ടിസ്റ് സുജാതനെ തോല്‍പ്പിക്കുന്ന രംഗപടങ്ങള്‍ മാറു മ്പോള്‍ കാഴ്ചകളുടെ വൈവിധ്യത്തില്‍ വിസ്മയിച്ചു പോകും.

കാടുകയറി മംഗലം ഡാം: വടക്കാഞ്ചേരിയില്‍ നിന്ന് കുറച്ചു ദൂരം കൂടി ഓടിയെത്തുമ്പോള്‍ മുടപ്പല്ലൂരായി. മുടപ്പല്ലൂരില്‍ നിന്നും വലത്തേക്കു തിരിയാ നുള്ള നിര്‍ദേശവുമായി മഞ്ഞ സൂ ചനാ ബോര്‍ഡ് കാണാം. അവിടെയാണ് മംഗലം ഡാം. മൂന്നോ നാലോ കിലോ മീറ്റര്‍ പോയപ്പോഴേക്കും ഡാമിന്റെ വിശാലമായ പനോരമിക് ഭംഗിയി ലേക്ക് വെരിറ്റോ ഒഴുകിയിറങ്ങി. ജലസേചനത്തിനായി പണി കഴിപ്പിച്ചതെങ്കിലും മംഗലംഡാം ഇപ്പോള്‍ ഏറെക്കു റെ ഉപേക്ഷിക്കപ്പെട്ട മട്ടിലാണ്. ചില മുഖം മിനുക്കലുകള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നതായി അരികിലെ നടപ്പാതയില്‍ പാകിയിരിക്കുന്ന ടൈലുകളും മറ്റും പറഞ്ഞു തരുന്നു. ഷാരൂ ഖ്ഖാന്‍ താടിവളര്‍ത്തിയാലെങ്ങനെയോ അതു പോലെയാണ് ഡാം ഭംഗിക്കുമേലെ കാടുപൊന്തകള്‍  കൈയേറിത്തുടങ്ങി യിരിക്കുന്നത്.  നെറ്റിയിലെ തങ്ക ഭസ്മക്കുറികളില്‍ തെറിച്ചുവീണ് ഭസ്മത്തിന്റെ മണവുമായി മഴ മാറുകയാണിപ്പോള്‍. നെന്മാറ എന്‍എസ്എസ് കോളജി ലേക്ക് പട്ടുപാവാടയുടുത്ത ഒരു സുന്ദരിക്കുട്ടിയായി ആ ഭസ്മ മഴ ഓടിക്കയറിപ്പോയി.

പോത്തുണ്ടി പൂന്തോട്ടം! : നെന്മാറയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് കൂറേദൂരം കൂടി പോയാല്‍ പോ ത്തുണ്ടി ഡാമിന്റെ പ്രവേശന കവാടമായി. പോത്തുണ്ടി ഉദ്യാനം എന്നു ബോര്‍ഡില്‍ വായിക്കാം. പുരാതനമായ ഉദ്യാന സങ്കല്‍പ്പത്തിലാണ് പോത്തുണ്ടി ഡാമിനു മുന്നിലെ കാഴ്ചകള്‍. നൃത്തം ചെയ്യുന്ന സുന്ദരി പ്രതിമയായി ഒറ്റക്കാലില്‍ നില്‍ക്കുന്നു. ഉദ്യാനത്തില്‍ നിന്ന് പടിക്കെട്ടുകള്‍ കയറിചെന്നാല്‍ ഡാമിനു മുകളിലെ റോഡിലെത്തും. മറുവശത്ത് നെടുങ്കന്‍ പാറക്കോട്ട. അതിനപ്പുറത്താകണം നെല്ലിയാമ്പതി എന്ന സുന്ദര സാമ്രാജ്യം. ഡാമിനു മുകള്‍വശത്ത് കുട ക്കീഴില്‍ പ്രണയം പങ്കിടുന്ന പ്രണയ ജോഡികളെ ധാരാളമായി കണ്ടു. ചിരിച്ചു ചിരിച്ച് ഡാമിലേക്ക് വീണുപോയാലും വേണ്ടില്ല, ആ നിമിഷത്തിന്റെ ധന്യതയില്‍ അലിഞ്ഞിരുക്കുന്നതെത്ര സുഖം എന്ന് അവരുടെ മുഖങ്ങള്‍ പറയുന്നു. മലമുകളില്‍ മഴയുടെ രൌദ്രതാളമുണ്ടാകണം. പാറക്കെട്ടുകളില്‍ അര ഞ്ഞാണങ്ങളായി ചുറ്റിക്കിടക്കുന്ന വെള്ളച്ചാട്ടങ്ങള്‍ക്കു കനം വെച്ചു തുടങ്ങിയിരിക്കുന്നു. മഴയുടെ കരുത്തു ചോരും മുമ്പേ നെല്ലിയാമ്പതിയിലെത്തണം. ധൃതിയില്‍  പോത്തുണ്ടിയില്‍ നിന്നും യാത്ര തുടര്‍ന്നു. ഡാമിനു മുന്നിലുള്ള വഴിയിലൂടെ ചുറ്റി ഡാമിന്റെ അപ്പുറത്തെ അരികിലെത്തി. ഇവിടെ നിന്നാല്‍ പോ ത്തുണ്ടി ഡാമിന്റെ മറ്റൊരു ദൃശ്യത്തിലേക്കു ചേരാം. അവിടെ കാഴ്ചയിലേക്ക് കണ്ണും നട്ടിരിക്കാനും വിശ്രമിക്കാനുമായി ചെറിയ ഗോപുരം കെട്ടിയിട്ടുണ്ട്. തൊട്ടുമുന്നിലെ ‘ഉന്തുവണ്ടിക്കട’യില്‍  നിലക്കടലയും കിട്ടും. കൈയില്‍ ആവോളം സമയമുള്ളവര്‍ക്ക് കടലകൊറിച്ച് ഡാമും നോക്കിയിരുന്ന് സ്വയം നഷ്ട പ്പെടാം.

വെല്‍ക്കം ടു നെല്ലിയാമ്പതി
കുറച്ചും കൂടി ചെന്ന് ചെക്ക് പോസ്റില്‍ വെരിറ്റോ നിന്നു. കാടിനേയും നാടിനെയും ഒരു പച്ചമുളന്തണ്ടു കൊണ്ട് വേര്‍തിരിക്കുകയാണ് അവിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വലിയബോര്‍ഡില്‍ പ്രവേശന നിരക്കുകള്‍ എഴുതി വെച്ചിട്ടുണ്ടെ ങ്കിലും ഉദ്യോഗസ്ഥര്‍ പൈസ വാങ്ങുന്നില്ല. വണ്ടിനമ്പരും യാത്രികരുടെ എണ്ണവും നല്‍കി. അതെല്ലാം കുറിച്ചെടുക്കുമ്പോള്‍ ഒരു സ്നേഹശാസനയും കിട്ടി “ഇന്നലെ വഴിയില്‍ രണ്ടു മൂന്ന് സ്ഥലങ്ങളില്‍ മരം വീണ് റോഡ് ബ്ളോക്കായിരുന്നു. ആനയും ഇറങ്ങുന്നുണ്ട്, 6 മണിക്കു മുമ്പ് തിരിച്ചെത്തണം. ഉം…പോയ്ക്കോ….” കാക്കിയിട്ടില്ലേല്‍ ഇദ്ദേഹം ഒരു ഹെഡ് മാഷായേനെ… വാക്കുകളില്‍ അത്രയ്ക്കുണ്ട് സ്നേഹത്തിന്റെ കനം. അപൂര്‍വയിനം കാക്കിക്കാരന്‍. ചെക്ക് പോസ്റ് കഴിഞ്ഞ് പോകുമ്പോള്‍ വെരിറ്റോയെ മറികടന്ന് ബൈക്കുകള്‍ ഓടിക്കയറുന്നു. അനധികൃത കയ്യേറ്റക്കാരും പട്ടയദാഹികളും കഴിഞ്ഞാല്‍ കൌമാരമാണ് നെല്ലിയാമ്പതിയുടെ കടുത്ത ഫാ ന്‍സ്. ബൈക്കില്‍ സുഹൃത്തുമൊത്ത് കറങ്ങാനും ഏതെങ്കിലും വെള്ളച്ചാട്ടത്തിന്റെയരികില്‍ കമ്പനികൂടിയിരുന്ന് ‘ലഹരി’ കൊള്ളാനും കുതിക്കുന്നവര്‍. പത്ത് കിലോമീറ്റര്‍ കൂടിച്ചെന്നാല്‍ കൈകാട്ടി എന്ന സ്ഥലമാകും. അതിനു തൊട്ടുമുമ്പ് വഴിയരികിലൊരു വെള്ളച്ചാട്ടമുണ്ട്. വഴുക്കന്‍പാറകളില്‍ ഓടിക്ക യറി പതഞ്ഞൊഴുകുന്ന വെള്ളത്തില്‍ നനയുന്നവര്‍. ഒരു കുടുംബത്തിലെ കുഞ്ഞുകുട്ടി പരാധീനങ്ങളടക്കം വെള്ളച്ചാട്ടത്തിനു കീഴെ നിന്ന് ഫോട്ടോയെ
ടുക്കുന്നു. ‘അമ്മച്ചിക്ക് മുട്ടുമേല… അവിടെ നിന്നാല്‍ മതി’ പാറയില്‍അള്ളിപ്പിടിച്ച് കയറി ആവേശത്തില്‍ പങ്കുകൊള്ളാന്‍ പുറപ്പെട്ട അമ്മച്ചിക്ക് പേരക്കു ട്ടികളുടെ വിലക്ക്. അമ്മച്ചി മ്ളാനമുഖവുമായി വെള്ളച്ചാട്ടത്തെ ദൂരെ നിന്നു നോക്കി നെടുവീര്‍പ്പിടുന്നു.

കൈകാട്ടി….ഊതിക്കോ: കൈകാട്ടി എന്ന സ്ഥലപ്പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് പോലീസുകാരന്‍ വഴിയരികില്‍ നിന്ന് കൈകാട്ടി. നെല്ലിയാ
മ്പതിയിലേക്ക് യാത്രയെത്തു ന്ന ചെറുപ്പത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മദ്യപാനമായതിനാല്‍ ചെക്കിങ് ശക്തമാണ്. മിക്കവാറും എല്ലാ വെള്ളച്ചാ ട്ടങ്ങളുടെ അരികിലും കാണാം ‘വെള്ള’മടിച്ചുള്ള ചില ചാട്ടങ്ങള്‍; അതും വെള്ളച്ചാട്ടം തന്നെ.കൈകാട്ടിയില്‍ ആകെയുള്ളത് ചെറിയൊരു ഹോട്ടലാണ്. അത് കുടുംബശ്രീ വക. ഉച്ചഭക്ഷ ണം കഴിഞ്ഞ് വെരിറ്റോ വലത്തേക്ക് ഇന്‍ഡിക്കേറ്ററിട്ടു. എ.വി.ടി എസ്റേറ്റുകളുടെ ഹരിത പ്രപഞ്ചം തുടങ്ങുകയാണ്. മണലാ രൂ, ലില്ലി എസ്റേറ്റുകളി ലേക്കുള്ള വഴികൂടിയാണ് മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നത്.

‘ഈറ്റക്കാടുകള്‍ ഓടിയകന്നപ്പോള്‍ അയാള്‍ താഴെ, വളരെ താഴെ കണ്ണുകള്‍ ഓടിച്ചു.’ മലനിരകള്‍ക്കിപ്പോള്‍ ഇളംനീലനിറമാണ്. ഉള്‍ക്കടലിന്റെ നീലി മ. ഗിരിശിഖരങ്ങളിലെ വെളുത്ത മഞ്ഞിന് നുരയുടെ ദൃശ്യമുണ്ടായിരുന്നു. ബസ്സിന്റെ ചക്രങ്ങളുടെ ഇരമ്പം വിരസമെങ്കിലും ഒരു വാദ്യസ്വരം പോലെ ശ്രവ ണേന്ദ്രിയത്തോട് ഇണങ്ങുന്നു. ഇരുപുറം കാഴ്ചകള്‍ ഭിന്നങ്ങളാണ്. പക്ഷേ, നേരെ മുന്നി ല്‍ കാണുന്നത് ഒന്നു മാത്രം. കാട്ടുപാത. ഭയന്നോടുന്ന ഉടുമ്പിനെ പ്പോലെ വണ്ടിചക്രങ്ങള്‍ക്കു മുന്നില്‍ കാട്ടുപാത ഓടിയോടി അകലുന്നു. പുറം കാഴ്ചയിലെ പുതുമ നശിക്കുമ്പോഴൊക്കെ അയാള്‍ കണ്ണുകള്‍ അടച്ച് ഇരിക്കും. ഏതെങ്കിലുംവളവ് തിരിയുമ്പോള്‍ വെളിച്ചത്തിന്റെ അനുഭൂതിതോന്നും. കണ്ണുകള്‍ തുറന്ന് നോക്കും. വീണ്ടും ഇളംനീലമഞ്ഞും മലയും മലയിടുക്കുകളില്‍ തിരു കിവച്ച കനത്ത മഞ്ഞിന്‍ ചീളും കാണാം. പുതുമയ്ക്ക് മാത്രം ചിലപ്പോള്‍ മലയുടെ മുതുകിലോ പള്ളയിലോ വിവിധ നിറത്തിലോ ആകൃതിയിലോ പാറകള്‍ കാണാം. ഇന്നും ഈ ഭൂപ്രദേശം അറിയപ്പെടുന്നതു തന്നെ അങ്ങനെയല്ലേ… അനേകം പാറകളുടെ പേരില്‍…. (സിവിശ്രീരാമന്റെ പുറം കാഴ്ചകള്‍ എന്ന ചെറുകഥയില്‍ നിന്ന്…)അതെ, ഇന്നും നെല്ലിയാമ്പതി അറിയപ്പെടുന്നത് അനേകം പാറകളുടെ പേരില്‍ തന്നെയാണ്.. പോത്തുപാറ, കേശവന്‍പാറ, കരടിപ്പാറ… പുറം കാഴ്ചകയിലെ പുതുമനശിക്കാതെ കാഴ്ചകളുടെ അനുഭൂതികള്‍ ഒരുക്കിവെച്ചിട്ടുണ്ട് ഇന്നും നെല്ലിയാമ്പതി.

കേശവന്‍ പാറയിലെ കോടമഞ്ഞ്: കേശവന്‍ പാറയില്‍ നിന്നുള്ള കാഴ്ച ഏതു യാത്രികന്റേയുമുള്ളിലെ യാത്രാലഹരികളെ ഒന്നുകൂടി ഊതിത്തെളിക്കും. മഴയിലും ചിതറാത്ത മഞ്ഞിന്റെ ഗാഢതയാണ് കേശവന്‍ പാറയില്‍. ഒപ്പം കാറ്റിന്റെകൈയുകളില്‍ ആടിയുലഞ്ഞ് മൂളല്‍ കേള്‍പ്പിക്കു ന്ന മരക്കൂട്ടങ്ങളുടെ ചലനങ്ങളും കൂടിയാകുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളിലും അനുഭവവേദ്യമാകുന്ന അഭൌമസൌന്ദര്യത്തില്‍ നീരാടും. യാത്ര മണലാരൂ എസ്റേറ്റിലേക്ക്. ഈ എ സ്റേറ്റ് ആണ് ഇന്ത്യയിലേറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന ടീ എസ്റേറ്റ്. തേയില കൂടാതെ ഓറഞ്ചും, പൈനാപ്പിളും കുരുമുളകും കാപ്പിയും  തുടങ്ങിയ വയെല്ലാം വിളയുന്ന കൃഷിപ്പാടങ്ങള്‍. മണലാരൂ എസ്റേറ്റിലേക്കുള്ള വഴികള്‍ നീണ്ടു നീണ്ട് ഇടുങ്ങിയതായി മാറുന്നു. ഒരാള്‍പ്പൊക്കത്തിലുള്ള കാപ്പി ച്ചെടികളുടെ കീഴില്‍ ഇരുട്ട് കട്ടപിടിച്ചു നില്‍ക്കുന്നു. വളഞ്ഞുപുളഞ്ഞു പോകുന്ന വഴികള്‍. കാപ്പിച്ചെടികള്‍ മാത്രം അധിവ സിക്കുന്ന ഏക്കറുകള്‍ പരന്നു കിടക്കുന്ന തോട്ടത്തിന് വല്ലാത്തൊരു നിഗൂഢതയുണ്ടെന്നു പറയാതെവയ്യ. പുറം ലോകത്തു നിന്നും ഒറ്റപ്പെട്ട് കുട്ടികളുടെ മാസികയിലെ ‘വഴികാണിക്കാ മോ’ കളിയില്‍ എത്തിയതുപോലെ. ബ്രിട്ടീഷുകാരാണ് എല്ലായിടത്തേയും പോലെ നെല്ലിയാമ്പതിയിലേയും ഫാം പ്ളാനിങ്ങിനു പിന്നില്‍. അവരുടെ ദീര്‍ഘവീക്ഷണമാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ഇതേപോലെ നിലനിര്‍ത്തുന്നത്. നെല്ലിയാമ്പതിയിലെ അനധികൃത കൈയ്യേറ്റങ്ങളും റിസോര്‍ട്ട് നിര്‍മാണങ്ങളുമെ ല്ലാം അതിന് ഇളക്കങ്ങള്‍ വരുത്തിയുണ്ടെന്ന യാഥാര്‍ഥ്യത്തെ കാണാതിരിക്കാനാവില്ല. ഞങ്ങള്‍ നെല്ലിയാമ്പതിയില്‍ ചെല്ലുമ്പോ ള്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനങ്ങളുടെ ഭീഷണി മുനമ്പിലാണ് ചില എസ്റേറ്റുകളെങ്കിലും. അതിനാല്‍ പ്രൈവറ്റ് റോഡുക ളിലേക്ക് പ്രവേശിക്കുമ്പോള്‍ തടയാന്‍  ‘സെക്യൂരിറ്റികള്‍’ ഓടിവന്നു കൊണ്ടിരുന്നു.മണലാരൂ എസ്റേറ്റ് കഴിഞ്ഞ് കുറേപ്പോയാല്‍ ‘കരടി’ എന്ന സ്ഥല മെത്തും. അവിടെ ഒരു പാറക്കെട്ട് കൈകുത്തി ചരിഞ്ഞ് ഒരു കറുത്ത സുന്ദരിയെപ്പോലെ കിടക്കുന്നു. അവളുടെ മുടിയിഴകളിലൂടെ വെള്ളച്ചാട്ടം ചിന്നി ചിന്നിച്ചിതറിയൊഴുകുന്നു… ഈ വെള്ളച്ചാട്ടം വരെയേ വാഹനം പോകൂ… ബാക്കി വഴി നട ന്നു പോകണം. അല്ലെങ്കില്‍ ജീപ്പില്‍ പോകണം. എങ്ങനെ യെത്തിച്ചേര്‍ന്നാലും മനോഹരമായ മറ്റൊരു നീര്‍ച്ചോലയും വെള്ളച്ചാട്ടവും അവിടെ കാത്തിരിക്കുന്നു. ഏതാനും കിലോ മീറ്റര്‍ നടന്നു പോയാലും
നിരാശപ്പെടേണ്ടിവരില്ല. മറ്റ് മലമ്പ്രദേശങ്ങളെപ്പോലെ തന്നെ നെല്ലിയാമ്പതിയുടെയും ഔദ്യോഗികവാഹനം ജീപ്പുതന്നെ. കൈകാട്ടിയില്‍ നിന്ന് തിരിഞ്ഞപ്പോള്‍ത്തന്നെ ജീപ്പ് ബ്രോക്കര്‍മാരായ ചെക്കന്മാര്‍ ജീപ്പില്‍പ്പോയി കാണാവുന്ന സ്ഥലങ്ങളുടെ പേരുപറഞ്ഞ് മോഹിപ്പിക്കാ നായെത്തിയി രുന്നു. നെല്ലിയാമ്പതിയിലെ മിക്ക സൈറ്റ് സീയിങ് സ്ഥലങ്ങളുംപ്രൈവറ്റ് കമ്പനികളുടെ കൈവശമാണ്. കയ്യേറ്റമൊഴിപ്പിക്കാന്‍ ഭീഷണിനില നില്‍ക്കു ന്നതിനാലും സര്‍ക്കാര്‍ പലസ്ഥലങ്ങളും ഏറ്റെടുത്തു കഴിഞ്ഞതിനാലും ജീപ്പുകള്‍ക്കും ലോക്കല്‍ ഗൈഡുകള്‍ക്കും പഴയ ഉത്സാഹമില്ല. ലില്ലി എസ്റേറ്റ്, കരടി എസ്റേറ്റുകളിലെല്ലാം ചുറ്റിയടിക്കുമ്പോള്‍ കാപ്പിത്തോട്ടത്തില്‍ ആനവണ്ടിയിറങ്ങിക്കിടക്കുന്നു…തോട്ടം തൊഴിലാളികള്‍ക്ക് ആകെയുള്ള ആശ്രയം ഈ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മാത്രം. നെല്ലിയാമ്പതിയുടെ മുക്കിലും മൂലയിലും ഓടിയെത്തുന്നതിനാല്‍ സഞ്ചാരികള്‍ക്കും കെഎസ്ആര്‍ടിസി ബസില്‍ യാത്രയാവാം. ചുരുങ്ങിയ ചിലവില്‍ നെല്ലിയാമ്പതി ചുറ്റാം.

അനാഥരായ കാട്ടുദൈവങ്ങള്‍: കൈകാട്ടിയിലേക്കു തന്നെ തിരികെ വരാം. കൈകാട്ടിയിലെത്തിച്ചേര്‍ന്ന ശേഷം ഇടത്തേക്കു തിരിഞ്ഞു നേരെ പോകാം. പോബ്സ് ഗ്രൂപ്പിന്റെ എസ്റേറ്റുകളിലൂടെയാണ് യാത്ര. തേയിലത്തോട്ടങ്ങളുടെ അരികിലൂടെ വെള്ളിച്ചില്ലും ചിതറിയോടുന്ന കാട്ടാറുകളുടെ യോര
ത്ത് സ്വതന്ത്രരായ പൈക്കള്‍ മേയുന്നു. കയറിന്റെ കെട്ടുപാടുകളില്ലാതെ പച്ചപ്പുല്ലുകളില്‍ മേഞ്ഞ് നടക്കുന്നു അവര്‍. നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകത ഓരോ നാട്ടു കവലകളിലുമുള്ള മലദൈവങ്ങളുടെ പ്രതിഷ്ഠകളാണ്. മനുഷ്യനൊപ്പം പുരാതനകാലത്ത് കുടിയേറി മനുഷ്യന്റെ ഭയങ്ങളെ ആട്ടിപ്പുറ
ത്താക്കാന്‍ മലകയറിവന്ന ദൈവങ്ങള്‍. മഞ്ഞളും സിന്ദൂരവുക്കെയണിഞ്ഞ കല്‍രൂപങ്ങളുടെ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജയും തേവാരവുമൊന്നുമില്ല. പ്രകൃതി ശക്തികള്‍ ഇപ്പോള്‍ മനുഷ്യനോടു കനിവുകാട്ടുന്നുണ്ടാകാം. മലയിടിച്ചിലും ഉരുള്‍പൊട്ടലുമൊന്നുമില്ലാത്തതു കൊണ്ടാകാം ഈ കാട്ടുദൈവങ്ങ
ള്‍ അനാഥരായത്. നെന്മാറ വല്ലങ്ങി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചെറിയ ക്ഷേത്രവും വഴിയരികില്‍ കണ്ടു. കേരളത്തിന്റെ നാട്ടാചാരങ്ങളേയും വേലയേയുമൊക്കെ യാത്രയുടെ ഭാഗമാക്കാനാഗ്രഹിക്കുന്നവര്‍ മാര്‍ച്ച് – ഏപ്രില്‍മാസങ്ങളില്‍ ഇതു വഴി വരിക. നെന്മാറ വല്ലങ്ങിവേലയും കണ്ട് പ്രകൃതി
യുടെ സുന്ദരമായ കൈവേലകളും കണ്ട് മടങ്ങാം.

സീതാദേവിയുടെ പ്രാര്‍ത്ഥനകള്‍: പോബ്സ് എസ്റേറ്റിലേക്ക് ഓടിക്കയറുകയാണ് വെരിറ്റോ. ഈ സ്ഥാപനത്തില്‍ നിന്ന് ഓര്‍ഗാനിക് ഫാമിങ്ങില്‍ തയ്യാറാക്കിയ തേയിലയും മറ്റു സുഗന്ധദ്രവ്യങ്ങളും വാങ്ങാന്‍ കിട്ടും. പോബ്സിന്റെ ചെറിയ കെട്ടിടത്തിനു മുമ്പില്‍ പാര്‍ക്കിങ് ബോര്‍ഡുകള്‍ കണ്ടു. പാര്‍ ക്കി ങ്ങിനു അഞ്ച് രൂപയാണ് ഫീസ്. വെരിറ്റോ പാര്‍ക്ക് ചെയ്ത് ഏതാണ്ട് നൂറു മീറ്റര്‍ നടന്നു. ഇരുവശത്തും പൂച്ചെടികള്‍ പാകി പോബ്സ് ഈ വഴിത്താര ഭംഗി
യായി സൂക്ഷിച്ചിട്ടുണ്ട്. ഇത് സീതാര്‍കുണ്ട് വ്യൂ പോയിന്റിലേക്കുള്ള നടപ്പാത. നടപ്പാതയ്ക്ക് വലത്തുവശത്ത് താഴ്വരയിലേക്ക് നോക്കി. മനോഹരമായ തേയില
ത്തോട്ടങ്ങള്‍ മഞ്ഞിന്‍പൊടിയണിഞ്ഞു കിടക്കുന്നു. മഞ്ഞിന്‍പാളികളുടെ നിരന്തരമായ തലോടലെന്ന വണ്ണം തൂമഞ്ഞ്നിറത്തിലുള്ള ഇലകളുമായി മരങ്ങള്‍ തലയാട്ടുന്നു. മഞ്ഞുവീണ താഴ്വാരങ്ങളില്‍ മനസ്സുപാറിപാറിപ്പോകും. കുറച്ചു കൂടി ചെന്നപ്പോള്‍ നെല്ലിയാമ്പതിയെക്കുറിച്ചുള്ള എല്ലാ ചിത്രങ്ങളിലും ‘എംബ്ളം’ പോലെകാണുന്ന ആ നെല്ലിമരം. ഇലച്ചാര്‍ത്തുകള്‍ മൂടിക്കിടക്കുന്ന നടവഴിയിലാകെ ഇരുട്ടുമൂടിയിരുന്നു. ആ ഇരുട്ടില്‍ നിന്നും പുറത്തേക്കു കണ്‍തുറക്കുമ്പോള്‍ വിസ്മയങ്ങളുടെ വാതായനം തുറന്നു കിട്ടുന്നതുപോലെ. സ്വര്‍ഗത്തില്‍ നിന്നുള്ള ജാലകക്കാഴ്ചയിലാണോയെന്ന മട്ടില്‍അത്ഭുതം വന്നുമൂടും. അഗാധതങ്ങള്‍ക്കു കീഴെ മഞ്ഞിന്റെ ശലകങ്ങള്‍ പാറിപ്പറന്നു നടക്കുന്നു. മേഘങ്ങളുടെ സ്വപ്നസഞ്ചാരങ്ങളാകാം. ഇതാണ് നെല്ലിയാമ്പതിയിലെ ഏറ്റവും വലിയ കാഴ്ചാവസന്തം…. ഒരു വശത്ത് ചെറിയൊരു ചോറ്റുപാത്രത്തില്‍ വെള്ളം നിറച്ചതു പോലെ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അണ
ക്കെട്ട് ഷോളയാര്‍ ഡാം കിടക്കുന്നു. ചെറുചെറു കള്ളികളായി പാടങ്ങള്‍. കറുത്ത മുത്തുകള്‍ ചേര്‍ത്തു വെച്ചതുപോലെ പാറക്കെട്ടുകള്‍ …. വനവാസക്കാലത്ത് സാക്ഷാല്‍ ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും ഇവിടെ കഴിഞ്ഞിരുന്നതായും സീതാദേവി സീതാര്‍കുണ്ടിനരികിലുള്ള ചെറുജലധാരയില്‍ നിന്നും വെള്ളം കൈക്കുമ്പിളിലാക്കി സൂര്യദേവനെ പ്രാര്‍ത്ഥിച്ചിരുന്നതായുമാണ് ഐതീഹ്യം.സീതാദേവിയുടെ പ്രാര്‍ത്ഥനകള്‍ അലിഞ്ഞ കാറ്റില്‍ കാട്ടു പൊന്തയി ലെക്കെവിടെയോ വിരിഞ്ഞ ഒറ്റപ്പൂവിന്റെ ഗന്ധം കൂടിയുണ്ടായിരുന്നു. ഈ പാറക്കെട്ടിനു മേലെ നിന്ന് നിസ്വനായി ശ്രീരാമനുംഇമയറ്റു മിഴിപ്പവളായി സീത
യും ഇതള്‍കൊഴിഞ്ഞു വീഴുന്ന പൂവുപോലെ മനസുകൊണ്ട് താഴേക്ക് പാറിയിരിക്കാം…ഇതിഹാസത്തോളം പോന്ന ദൃശ്യഭംഗിയില്‍ സീതാര്‍കുണ്ട് ധന്യമാകു
ന്നു. ഈയൊറ്റ കാഴ്ചകൊണ്ട് മാത്രം  ഏതു യാത്രികനും അലൌകികമായ ധ്യാനാവസ്ഥയിലേക്ക് യാത്ര പോകാം.

മധുരനാരങ്ങകളുടെ നെല്ലിയാമ്പതി: സീതാര്‍കുണ്ടിന്റെ സൌന്ദര്യത്തുമ്പില്‍ നിന്നും താഴേക്കിറങ്ങിക്കഴിഞ്ഞ് നെല്ലിയാമ്പതിയുടെ രുചിതേടിയായി യാത്ര. ഒരു കാലത്ത് തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും സുഗന്ധവ്യഞ്ജനങ്ങളുടേയും മണമായിരുന്നില്ല നെല്ലിയാമ്പതിക്ക്. മധുരനാരങ്ങകളുടെ
മധുരച്ചാറായിരുന്നു നെല്ലിയാമ്പതി എന്ന് ഉച്ചരിക്കുമ്പോള്‍ നാവില്‍ നിറഞ്ഞിരുന്നത്. സര്‍ക്കാര്‍ വക ഓറഞ്ചു തോട്ടങ്ങള്‍ ഇപ്പോഴുമുണ്ടെങ്കിലും മുമ്പ് കാലത്തെപ്പോലെ കൃഷി സജീവമല്ല. രണ്ടാള്‍ പൊക്കം ഉയരമുള്ള ഫെന്‍സിങ് കൊണ്ട് ഓറഞ്ചു തോട്ടങ്ങളെ സംരക്ഷിച്ചിട്ടുണ്ടെങ്കിലും തോട്ടത്തില്‍ നിറയെ പേരമരങ്ങളാണ് കായ്ച്ചു നില്‍ക്കുന്നത്. ഒരു വിധത്തില്‍ ഊര്‍ന്നു കയറി ഒരു ഓറഞ്ച് മരം കണ്ടുപിടിച്ചു. അതില്‍ നിന്നും കട്ടിയുള്ള പുറന്തോടി ല്‍ മധുരമൊളിപ്പിച്ചു വെച്ച ഒരു മധുരനാരങ്ങയും പൊട്ടിച്ചെടുത്തു. നെല്ലിയാമ്പതി പകര്‍ന്ന കാഴ്ചകള്‍ ആ മധുരനാരങ്ങയേക്കാളും മധുരിക്കുന്നുണ്ട്, ഇപ്പോഴും.

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 15 + 14 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.