ഞങ്ങളെയൊന്നു മോചിപ്പിക്കാമോ?

By Admin

”ഈ കര്‍ക്കടകം കൂടിയോന്നു കടത്തി വിടണേ ഈശ്വരാ…”
ആയുസ്സടുത്തു എന്നു ബോധ്യപ്പെടുന്ന ഗ്രാമവാര്‍ധക്യങ്ങള്‍ കര്‍ക്കടകകാലത്ത് ഈശ്വരന് അയയ്ക്കാറുള്ള പ്രാര്‍ത്ഥനയുടെ എസ്എംഎസ് ടെസ്റ് ആണിത്. കര്‍ക്കടകം കാലന്റെ ക്ളോസിങ് ടൈമാണ് എന്നാണല്ലോ സങ്കല്‍പ്പം. അഞ്ചുകൊല്ലത്തിലൊരിക്കല്‍ എത്തുന്ന തിരഞ്ഞെടുപ്പു കാലത്തിലും ഇതേ കര്‍ക്കടകം മോഡല്‍ എസ്എംഎസുകള്‍ മലയാളികള്‍ ഈശ്വരന് ഫോര്‍വേര്‍ഡ് ചെയ്യാറുണ്ട് എന്നത് മറ്റൊരു സത്യം.
ആത്മാവിനും ശരീരത്തിനും പരിക്കേല്‍ക്കാതെ, വഴിമധ്യത്തിലോ വഴിയരികിലോ നിശ്ചലജഡമാകാതെ, ഈ തിരഞ്ഞെടുപ്പു വൈതരണിയും നീന്തിക്കയറാന്‍ സഹായിക്കണേ ഈശ്വരാ എന്നാണ് ആ പ്രാര്‍ത്ഥനയുടെ അകം പൊരുള്‍.
ഇടതു വലതന്മാരരും താമര-തീപ്പന്തം-കോണി-കത്രിക-തീപ്പെട്ടി തുടങ്ങിയ മുപ്പത്തി മുക്കോടി രാഷ്ട്രീയ ഗണങ്ങളും ഈ കാലത്ത്  നിരത്തുകളിലൂടെ ഒഴുകുമ്പോള്‍ ആ നരകനദിയില്‍ വീഴരുതേ എന്ന് ജനം പ്രാര്‍ത്ഥിക്കാതിരിക്കുന്നതെങ്ങനെ?
രണ്ട് മാസം മുമ്പൊരു ദിനത്തില്‍ കൊച്ചിയിലെ വൈറ്റിലയില്‍ വെച്ച് ഞാനും അത്തരമൊരു നരക നദിയില്‍ വീണു – അവിടം മുന്നേറ്റമെന്നോ മോചനമെന്നോ  പേരിട്ട ഏതോ ഒരു തട്ടുപൊളിപ്പന്‍ യാത്രയുടെ സ്വീകരണ  സ്ഥലമായിരുന്നു. മണിക്കൂറുകളോളം ബ്ളോക്കില്‍പ്പെട്ടു വിഷമിച്ചിരുന്നപ്പോള്‍ മേല്‍പ്പറഞ്ഞതുപോലൊരു എസ്എംഎസ് ഞാനും ഈശ്വരന് അയച്ചതാണ്. ടാക്സിയില്‍ നിന്നിറങ്ങി നടന്ന് പോകാമെന്ന് കരുതിയെങ്കിലും കൊടിപ്പത്തല്‍ ഏന്തിയ അണികള്‍ എനിക്കുനേരെ ജയ് വിളിക്കുകയും മസില്‍ പെരുപ്പിച്ചു കാണിച്ച് കണ്ണുരുട്ടി, ഭയപ്പെടുത്തുകയും ചെയ്തു.
ഫോര്‍ ദി പീപ്പിള്‍ ബൈ ബൈ കാണിച്ച് പോകുമ്പോള്‍ വാഹനങ്ങള്‍ ഓഫ് ചെയ്ത് ജനങ്ങള്‍ സഹിക്കണം എന്നാണോ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന മറ്റൊരു നിര്‍വചനം !
വെറും പാവയ്ക്കാ വലുപ്പത്തിലുള്ള ഈ കൊച്ചുകേരളത്തിലെ പ്രധാന നിരത്തുകളില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടോളം യാത്രകളും അതിലുമേറെ ശക്തി തെളിയിക്കല്‍ പ്രകടനങ്ങളും അവകാശ പ്രഖ്യാപന ജാഥകളുമാണ് കടന്നുപോയത്.  നടുറോഡില്‍ ഒരു പാണ്ടിലോറി കാലുളുക്കി കിടക്കുമ്പോഴേക്കും കിലോ മീറ്ററുകള്‍ നീളുന്ന ബ്ളോക്കുകള്‍ ഉണ്ടായേക്കാവുന്ന ഇടമേയുള്ളൂ നമ്മുടെ മിക്ക റോഡുകളിലും. അവിടേക്കാണ് കൊടിയും ടാറ്റായുമായി രാഷ്ട്രീയ കോമരങ്ങളെല്ലാം തുള്ളിയാര്‍ത്ത് എത്തുന്നത്. ഇതിനിടയിലൂടെ ഊര്‍ന്നും ശ്വാസം മുട്ടിയും പെടാപാടുപെട്ട് ജീവിതം രക്ഷിച്ചെടുത്ത് ഓടാന്‍ വെമ്പുകയാണ് നാമെന്ന പാവം ജനത.
നിശ്ചലമാകുന്ന നിരത്തുകളില്‍ കിടന്ന് എത്രയോ ഗര്‍ഭിണികള്‍ പേറ്റുനോവെടുക്കുന്നു; അറ്റാക്കുകാര്‍ നെഞ്ചില്‍ കൈവച്ച് ആംബുലന്‍സുകളില്‍ നൊന്തു കിടക്കുന്നു; വീട്ടില്‍ വിശന്ന് വാപിളര്‍ന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളെയോര്‍ത്ത് അമ്മമാരും ഗൃഹനാഥന്മാരും വാഹനങ്ങളില്‍ ഉരുകിത്തീരുന്ന മെഴുകുതിരികളാകുന്നു….
പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞിനോടും ആലപ്പുഴയിലെ രമേശനോടും “ദേ തിരഞ്ഞെടുപ്പ് അടുക്കാറായി, കേരളത്തെ മോചിപ്പിക്കണ്ടേ” എന്ന് ഇവരാരും ചോദിച്ചിട്ടില്ല. മന്ത്രിക്കസേരയില്‍ ചാഞ്ഞും ചരിഞ്ഞുമിരുന്നിട്ട് എകെജി സെന്ററില്‍ പോയി പഴംപൊരിയും തിന്നിരിക്കുന്ന  കോടിയേരിയോടോ, കരീമിനോടോ “നിങ്ങള്‍ വികസിപ്പിച്ചതിനെക്കുറിച്ച് ഞങ്ങളറിഞ്ഞില്ല – വേഗം വികസനയാത്ര നടത്ത്” എന്നും ഇവര്‍ പറഞ്ഞിട്ടില്ല. ശക്തി തെളിയിച്ചു കാട്ടിയാലേ ഞങ്ങള്‍ വോട്ടുചെയ്യൂ  എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ഈ പാവം ജനങ്ങള്‍ പറഞ്ഞിട്ടില്ല.
ആള്‍ബലവും തിണ്ണമിടുക്കും കാണിച്ച് വോട്ട് വാങ്ങാനും കൂടുതല്‍ സീറ്റുകള്‍ പ്രധാന കക്ഷികളില്‍ നിന്ന് വാങ്ങിച്ചെടുക്കാനും ആണെങ്കില്‍ അതെല്ലാം ഏകെജി സെന്ററിന്റേയോ ഇന്ദിരാ ഭവന്റേയോ മുറ്റത്തായിക്കൂടേ. എന്തിനാണ് നിരത്തുകളുടേയും ജനങ്ങളുടേയും നെഞ്ചത്തേക്ക് കൊടിയും പിടിച്ചിറങ്ങുന്നത്?
പൊതുവഴികള്‍ക്കരികെ യോഗങ്ങള്‍ നിരോധിക്കണമെന്ന് കോടതി വിധിച്ചപ്പോള്‍ ജനപ്രതിനിധികളെല്ലാം കൂടി കോടതിയെ കൊഞ്ഞനം കുത്തിക്കാണിച്ച നാടാണിത്. എങ്കിലും ഒന്നു പറഞ്ഞോട്ടെ, പൊതുവഴികളില്‍ മനസമാധാനത്തോടെ യാത്ര ചെയ്യാനുള്ള സാഹചര്യം ഏതുകാലത്തും ജനങ്ങള്‍ക്കു ലഭ്യമാകണം. നിങ്ങള്‍ യാത്ര നടത്തിയാലും ഇല്ലെങ്കിലും വോട്ടുചെയ്യാനും ടേം വെച്ച് ഇടതിനേയോ വലതിനേയോ അധികാരത്തിലെത്തിക്കാനും വിധിക്കപ്പെട്ടവരാണല്ലോ ഞങ്ങള്‍. റോഡുകളില്‍ രാഷ്ട്രീയക്കാരും പാര്‍ട്ടികളും അഴിഞ്ഞാടുമ്പോള്‍ അതുണ്ടാക്കുന്ന ദുരിതങ്ങളില്‍ വീണുപോകുന്ന ജനങ്ങളെയാണ് കുഞ്ഞൂഞ്ഞും രമേശനും ആദ്യം മോചിപ്പിക്കേണ്ടിയിരുന്നത്. റോഡുകളെയെങ്കിലും അല്‍പസ്വല്‍പ്പം വികസിപ്പിച്ചുവേണമായിരുന്നു കോടിയേരിയും കരീമും നിരത്തുകളുടെ വിരിമാറിലൂടെ വികസനയാത്ര നടത്തേണ്ടിയിരുന്നത്.
ജനാധിപത്യത്തിന്റെ ചക്രം തിരിക്കാനുള്ള “കുട്ടി” സ്രാങ്കുമാരെ തിരഞ്ഞെടുക്കാന്‍ റോഡുകളില്‍ക്കിടന്ന ഇഞ്ചപ്പരുവമാകേണ്ടിവരുന്ന ഞാനുള്‍പ്പെടെയുള്ളവര്‍ അങ്കക്കലിയോടെ ആഞ്ഞുകുത്തുന്നതു പോലെയാണ് പോളിങ് ബൂത്തുകളില്‍ ചെന്ന് ചിഹ്നങ്ങളുടെ നേരെ ചൂണ്ടുവിരല്‍ അമര്‍ത്തുന്നത് – എന്നിട്ട് മനസില്‍പ്പറയുകയും ചെയ്യും – സ്വാഹ.

നവീന്‍ ഭാസ്കര്‍

Related Articles

No related posts.

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 5 + 11 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.