മരണത്തില്‍ നിന്നൊരു ഡെഡ് സ്ലോ

By Admin

റോഡപകടം നടന്ന ചോരമണക്കുന്ന വഴികളിലെവിടെയും പ്രജേഷ്സെന്‍ എന്ന  മാധ്യമ പ്രവര്‍ത്തകന്‍ ഒരു ക്യാമറാ ക്ളിക്കിനരികിലുണ്ടാകും. അതിന് പ്രജേഷിനെ പ്രേരിപ്പിക്കുന്നത് മരണം മുഖാമുഖം വന്നു നിന്ന റോഡപകടവും. ‘ഡെഡ് സ്ലോ’  എന്ന പേരില്‍ റോഡപകടങ്ങളുടെ ഫോട്ടോകളുമായി കേരളത്തിലങ്ങോളമിങ്ങോളം ഫോട്ടോ പ്രദര്‍ശനം നടത്തുന്ന ഫോട്ടോ ജേണലിസ്റിന്റെ അപൂര്‍വ അനുഭവകഥ.

2003 സെപ്തംബര്‍ 11
വലിയൊരു ശബ്ദം, കണ്ണാടിച്ചില്ലുകള്‍ എന്റെ മുകളിലൂടെ ചിതറിവീണു. വലിയൊരാഘാതത്തോടെ എന്തിന്റേയോ ഇടയിലേക്ക് ശരീരം അമര്‍ന്നു. പല മനുഷ്യരുടെ ചോരകള്‍ വായിലും മുഖത്തും തെറിച്ചുവീഴാന്‍ തുടങ്ങി. നിലവിളികള്‍ക്കൊപ്പം ഞരക്കങ്ങളും തേങ്ങലുകളും കാതുകളിലേക്ക് ഒഴുകി. ആരും സഹായത്തിനില്ലാതെ വലിയൊരു പാറക്കടിയില്‍ കുടുങ്ങിയതുപോലെ തോന്നി. കാലുകള്‍ അനക്കാന്‍ ശ്രമിച്ചു, കൈകളും. ശരീരം എനിക്ക് അനുകൂലമായി ഒട്ടും പ്രതികരിക്കുന്നില്ല. നിലവിളിക്കാന്‍ തോന്നി. കൂട്ടക്കരച്ചിലുകളുടെ ഇടയില്‍ അത് തൊണ്ടയിലുടക്കി അവസാനിച്ചു.
ആരൊക്കെയോ വന്നു ബസ്സിന്റെ സീറ്റുകള്‍ വെട്ടിത്തുറന്നു. അതിനിടയില്‍ കുടുങ്ങിക്കിടക്കുന്ന കുറച്ചു മനുഷ്യാവശിഷ്ടത്തോടൊപ്പം എന്റെ ശരീരവും പുറത്തേക്ക് മാറ്റപ്പെട്ടു. ടാര്‍വിരിച്ച് ചൂടുപറ്റിയ ആ റോഡില്‍ ശരീരം കിടത്തി. പിന്നെ, ഏതോ വാഹനത്തില്‍ കയറ്റി അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി.
ഓണക്കാലമായിരുന്നു. തിരുവോണം കഴിഞ്ഞ് രണ്ടാം ദിവസം. ആളുകള്‍ വിരുന്ന് സല്‍ക്കാരത്തിനായി വീടുവിട്ട് പോവുകയായിരുന്നു. ഞങ്ങളുടെ ബസ്സിലെ മിക്കയാത്രക്കാരും ഓണ ലഹരിയിലായിരുന്നു. ഒരുപക്ഷേ, ഞങ്ങളുടെ ബസ്സിനെ ശക്തമായി ഇടിച്ചുതെറിപ്പിച്ച സ്വകാര്യ ബസ്സിന്റെ ഡ്രൈവറും ആ ലഹരിയിലായിരുന്നിരിക്കണം.
ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ പ്രഭാതഭേരി ലേഖകനായി ജോലിനോക്കുകയായിരുന്നു ഞാന്‍. ഒരു തമിഴന്റെ കടയില്‍നിന്നും തൈരും പച്ചരിച്ചോറും കഴിച്ചിട്ടാണ് അന്ന് ജോലി അവസാനിപ്പിച്ചത്. വൈകുന്നേരം നാലുമണി. ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്നും ബസ് കയറണം. കിളിമാനൂരിലെത്തി റെക്കോര്‍ഡ് ചെയ്ത കാസറ്റ് ആകാശവാണിയിലേക്ക് കൊറിയര്‍ ചെയ്യണം. അഞ്ചുമണിക്ക് മുമ്പേ കിളിമാനൂരില്‍ എത്തണം. ആദ്യം കണ്ട സ്വകാര്യ ബസ്സില്‍ കയറിക്കൂടി. നല്ലതിരക്ക്.
സ്റ്റാന്‍ഡില്‍നിന്നും പുറപ്പെട്ടുകഴിഞ്ഞാല്‍ സ്വകാര്യബസ്സുകള്‍ക്ക് ടയര്‍ ഉണ്ടാകില്ലെന്ന് പറയാറുണ്ട്. ടാറിന് മുകളിലൂടെ അത് പറക്കും. നിറയെ യാത്രക്കാരും. ഓണത്തിന്റെ ലഹരിയും കൂടിയായപ്പോള്‍ ആ ബസ്സും നിലത്തുനിന്നും പറന്നുയരാന്‍ തുടങ്ങി. ആദ്യസ്റ്റോപ്പില്‍ ഒന്നു രണ്ടുപേര്‍ ഇറങ്ങിയപ്പോള്‍ പിന്നിലെ മൂലയിലുള്ള ഒരു സീറ്റില്‍ എനിക്കൊരിടം കിട്ടി.
കുറച്ചുദിവസത്തെ തിരക്കും യാത്രയും കാരണം അറിയാതെ ഉറക്കത്തിലേക്ക് വഴുതിപ്പോയി. ആ ഉറക്കമൊരുതെറ്റായിരുന്നില്ലൈന്ന് പിന്നെ എനിക്ക് മനസ്സിലായി. എവിടെയൊക്കെയോ നിര്‍ത്തി ആളുകളെ ഇറക്കി കയറ്റി പിന്നെ മറ്റൊരു ബസ്സുമായി മത്സരിച്ച്  മുന്നേറിക്കൊണ്ടിരുന്നു. കിളിമാനൂരിനും നഗരത്തിനുമിടയില്‍ രാലൂര്‍കാവിനടുത്തെത്തിയപ്പോഴാണ്  അതു സംഭവിച്ചത്.
ആശുപത്രിയിലും ഓണത്തിരക്കായിരുന്നു. രോഗികളുടെ തിരക്ക് ഡോക്ടര്‍മാരും ജീവനക്കാരും കുറവായിരുന്നെന്ന് ബോധ്യപ്പെടുത്തി. എന്റെ കിടപ്പ് അത്യാഹിത വിഭാഗത്തില്‍നിന്ന് വരാന്തയിലേക്കും മറ്റൊരു വാഹനത്തിലേക്കും മാറ്റപ്പെട്ടു. ‘വേഗം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോവണം’ ആരോ പറഞ്ഞു. ഒപ്പം ‘ഇനി നോക്കേണ്ട ആള്‍ മരിച്ചു’ എന്നും  ആരൊക്കെയോ പതുക്കെ പറയുന്നുണ്ടായിരുന്നു.
വാഹനം എന്നെയും വഹിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്  കൂവിവിളിച്ചുകൊണ്ടുള്ള യാത്രതുടങ്ങി.  ഞാന്‍ സര്‍വവിധ പരിഗണനയോടും അതില്‍ കിടന്നു. ഒലിച്ചിറങ്ങിയ ചോര തുണികൊണ്ട് തുടയ്ക്കപ്പെട്ടു. ‘പാവം…. നല്ലൊരു ചെറുപ്പക്കാരന്‍…… എത്രനാള്‍ ജീവിക്കേണ്ടതാ….’ഇങ്ങനെ അവര്‍ പറയുന്നതെല്ലാം എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു. ‘പാവം മരിച്ചുപോയി’, ആ വിലാപം നിറഞ്ഞ നെടുവീര്‍പ്പുകള്‍ പലപ്പോഴും കേട്ടുകൊണ്ടിരുന്നു.
എനിക്ക് എതിര്‍ക്കാന്‍ തോന്നി, കഴിയാതെ വന്നപ്പോള്‍ കരയാന്‍ ശ്രമിച്ചു. കാലുകള്‍ അനക്കണമെന്നും കൈകളുയര്‍ത്തി ഉറക്കെ നിലവിളിക്കണമെന്നും തോന്നി. പലവട്ടം ശ്രമിച്ചു, കഴിയുന്നില്ല. കാലുകളില്‍നിന്നും തണുപ്പ് മുകളിലേക്ക് കയറിവരുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞു. ഞാന്‍ ഉടന്‍തന്നെ മരിച്ചുപോകുമെന്ന് തോന്നി.  ഞാന്‍ ശരിക്കും മരിച്ചിട്ടില്ല എന്ന് വിളിച്ചുപറയാന്‍ ആഗ്രഹിച്ചു. പക്ഷേ, നാവ് അനങ്ങുന്നില്ല. പല്ലുകള്‍ നാവിനുമുന്നില്‍ മതിലുകെട്ടിയിരിക്കുന്നു. ചോരയും മാംസവും കട്ടപിടിച്ച് ചുണ്ടുകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. എങ്കിലും ഞാന്‍ സര്‍വശക്തിയുമെടുത്ത് നിലവിളിക്കാന്‍ ആഞ്ഞു. സാധിച്ചില്ല.
മരണത്തിന്റെ വെളുത്ത മഞ്ഞുകണങ്ങള്‍ എനിക്കുമേമ്പേ വീണു എന്ന സത്യം മനസ്സിനോട് ആര്‍ദ്രമായി പറയാന്‍ തുടങ്ങി.മനസ്സും ശരീരവും മരണത്തിന്റെ ഔദ്യോഗിക സ്ഥിതീകരണത്തിനായി കൊതിച്ചുകിടന്നു, ഒന്നുറക്കെ നിലവിളിക്കാന്‍പോലും കഴിയാതെ പഞ്ഞിക്കെട്ടുപോലെ.
വാഹനം അത്യാഹിത വിഭാഗത്തിലേക്ക് കുതിച്ചുകയറി. ആരൊക്കെയോ എന്നെ പുറത്തേക്ക് താങ്ങിയിറക്കി. പലരും മൃതദേഹം കാണാന്‍ അടുത്തുവന്നതുപോലെ കേട്ടു. പിന്നെ ആരോ എന്റെ കവിളില്‍ തലോടി. അതുവരെ ഏല്‍ക്കാത്ത ഒരു സ്പര്‍ശം എനിക്ക് ലഭിച്ചു. നല്ലചൂടുള്ള, കണ്ണീരിന്റെ നനവുള്ള ഒരു തലോടല്‍. ആ തലോടലിന് എന്റെ ഏട്ടന്റെ മണമായിരുന്നു.
ആരോ എന്റെ കാലുകളില്‍ ചരടുകെട്ടി. പഞ്ഞികള്‍ തിരുകിയടച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന്റെ സമയം കാത്ത് മൂക്കും ചെവിയും തുറന്നിരുന്നു. ഡെറ്റോളും അയഡിനും ചേര്‍ത്ത പഞ്ഞികൊണ്ട് മുഖം തുടയ്ക്കപ്പെട്ടു. ചോരയുടെ പശ ചുണ്ടുകളില്‍നിന്ന് അടര്‍ന്ന് മാറി. അയഡിന്‍ ലായനിയുടെ തുള്ളികള്‍ കണ്ണുകളിലൂടെ ഉള്ളിലേക്ക് അരിച്ചിറങ്ങി. പിന്നെ എപ്പോഴോ ആ പ്രഖ്യാപനത്തിന്റെ കേള്‍വിയില്‍ അവസാന പ്രതീക്ഷയും കൈവിട്ട് മനസ്സ് കരഞ്ഞു. ആ കരച്ചിലില്‍ കണ്ണീര്‍ പുറത്തേക്ക് ചാടി, കാലുകള്‍ അനങ്ങി വിറയലോടെ കൈകള്‍ ചുരുണ്ടു. മരണം അഞ്ചുസെക്കന്‍ഡ് നേരം എന്റെ പ്രതിഷേധത്തിന് അവസരം തന്നു മാറിനിന്നു. ആ അഞ്ചുസെക്കന്‍ഡ് നീളാന്‍ തുടങ്ങി. ട്രോളി ഉരുണ്ടു മോര്‍ച്ചറിയുടെ എതിര്‍ദിശയിലേക്ക്. ശരീരത്തില്‍ പല യന്ത്രങ്ങളും ഘടിപ്പിക്കപ്പെട്ടു. പച്ചനിറമുള്ള തുണികള്‍ തൂക്കിയ മുറിയിലേക്ക് ജീവിതം എന്നെ വിളിച്ചുവരുത്തി. പിന്നെ 62 ദിവസം കിടക്ക എനിക്ക് ആശുപത്രി വാസം വിധിച്ചു.
ക്രൂരമായ വേദനയില്‍ പിടയുന്ന നട്ടെല്ലുപോലെ കിടക്കയില്‍ ഞാന്‍ പുളഞ്ഞമര്‍ന്നു. ജനാലയിലൂടെ ഒഴുകിവന്ന പ്രകാശത്തിന്റെ ചൂടുതട്ടിയപ്പോഴാണ് മരണമെന്നെ വിട്ടുപോയത് തിരിച്ചറിഞ്ഞത്. പിന്നെ കാലം കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാനും പിച്ചവെച്ചു നടക്കാനും എന്നെ പഠിപ്പിച്ചു.
ആകാശവാണിയിലെ കരാര്‍ ജോലി അപ്പോഴേക്കും എനിക്കന്യമായിക്കഴിഞ്ഞു. യാത്രകള്‍ ആവേശം ഒക്കെ വിട്ടുമാറി അലസത മനസ്സില്‍ കൂടുകെട്ടി. പിന്നെ വായന മടുപ്പുള്ള കിടപ്പിനെ ചെറുതായൊന്നു തഴുകി.
ആയിടക്കാണ് മാധ്യമം ദിനപത്രത്തില്‍ പ്രാദേശിക ലേഖകനെ ആവശ്യമുണ്ടൈന്ന പരസ്യം കാണുന്നത്. അപേക്ഷ നല്‍കി, പരീക്ഷയ്ക്ക് വിളിച്ചു, ജോലിയില്‍ കയറുകയും ചെയ്തു.  ആ ജോലിക്കിടയിലാണ് റോഡപകടങ്ങള്‍ പെരുകുന്ന വിവരം കൂടുതല്‍ മനസ്സിലാക്കിയത്. ഒരോ ദിവസവും വരുന്ന വാര്‍ത്തകളില്‍ അപകടമരണങ്ങളും ചിത്രങ്ങളും കൂടാന്‍ തുടങ്ങി. അങ്ങനെ ഞാനെന്റെ പഴയൊരു കാമറയുമായി ചോരമണക്കുന്ന വഴികളിലേക്ക് നടക്കാന്‍ തുടങ്ങി.
കാമറയില്‍ ചിത്രങ്ങള്‍ നിറക്കാന്‍ ഒരുപാട്കാലം കാത്തിരിക്കേണ്ടി വന്നില്ല. ഒരുവര്‍ഷത്തിനകം ഞാനൊരു ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ മാണിക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന വലിയൊരു കാര്‍ഷിക വ്യാവസായിക മേളയിലായിരുന്നു തുടക്കം. അവിടെ സ്റ്റാളില്‍ സൂക്ഷിച്ച  ബുക്കില്‍  ആയിരക്കണക്കിന് അഭിപ്രായങ്ങള്‍ നിറഞ്ഞു. പത്തുദിവസത്തെ ആ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍  ഫോട്ടോ പ്രദര്‍ശനം നടത്താന്‍ പലരും മുന്നോട്ടുവന്നു. അതില്‍ ഒരു ഡ്രൈവര്‍ ഉണ്ടായിരുന്നു. ആ മനുഷ്യന്‍ എന്റെ പ്രദര്‍ശനം കണ്ട് പൊട്ടി കരഞ്ഞു.   കാര്യം തിരക്കിയപ്പോഴാണ് കൈപ്പിഴ പറ്റിപ്പോയ ഒരപകടത്തിന്റെ വേദനയിലായിരുന്നു അയാള്‍. ആ അപകടത്തിന്റെ ചിത്രം വീണ്ടും കണ്ടപ്പോള്‍ അയാള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പിന്നെ വാഹനം ഓടിക്കുമ്പോള്‍  ആ മനുഷ്യന്റെ ഉള്ളില്‍ എന്റെ പ്രദര്‍ശനചിത്രങ്ങള്‍ തെളിഞ്ഞുവരും, വേഗത പതിയെ കുറഞ്ഞു കുറഞ്ഞു ഇല്ലാതാകും. അമിത വേഗതയില്‍ ബസ്സോടിച്ചിരുന്ന അയാള്‍ ഇപ്പോള്‍ ആ പണി നിര്‍ത്തിയെന്നും. ജീവന്റെ വില തിരിച്ചറിഞ്ഞതുകാരണം ഡ്രൈവിംഗ് തന്നെ നിര്‍ത്തിയെന്നാണ് എന്നെ വിളിച്ചു പറഞ്ഞത്. അത് വലിയ പ്രചോദനമായി. അങ്ങനെ എന്റെ ഫോട്ടോ പ്രദര്‍ശനം സജീവമായി. യാത്രകളില്‍ പരമാവധി ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. എപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്ന വഴിയിലൂടെയുള്ള യാത്രയായതിനാല്‍ ഡിജിറ്റല്‍ കാമറ എപ്പോഴും കയ്യില്‍ കരുതി. അങ്ങനെ ഒരു വര്‍ഷംകൊണ്ട് 500 ലധികം ചിത്രങ്ങള്‍ എടുത്തുകൂട്ടി. എത്ര വലിയയാത്ര ആയാലും അപകടം കണ്ടാല്‍ ഞാന്‍ അവിടെ ഇറങ്ങും . ഒരിക്കല്‍ തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത് യാത്രതുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ റോഡില്‍ അപകടം കണ്ടു. ഞാന്‍ ഇരുന്ന സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തിയില്ല. അവര്‍ ബ്ളോക്കില്‍ കുടുങ്ങാതെ വേഗം രക്ഷപ്പെടാന്‍ നോക്കി. എനിചിത്രം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല.
ജോലിമാറ്റം വന്ന് കോഴിക്കോട്ടേക്ക് വന്നപ്പോള്‍ സുഹ്യത്ത് ഷാനവാസ് എനിക്കൊരു ബ്ളോഗ് ഉണ്ടാക്കി തന്നു.www.accidentskerala.blogspot.com  തെക്കന്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നിന്ന എക്സിബിഷന്‍ വ്യാപകമാക്കണം എന്ന തോന്നല്‍ ആ ബേലോഗിന്റെ പ്രവര്‍ത്തനത്തോടെ ഉണ്ടായി. അങ്ങനെ 2008 മെയ്മാസത്തില്‍ ‘ഡെഡ് സ്ലോ’ എന്ന പേരില്‍ ഫോട്ടോപ്രദര്‍ശനം വീണ്ടും തുടങ്ങി. അന്നത്തെ എ.ഡി.ജി.പി ആയിരുന്ന ജംഗ്പാംഗി ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം കോഴിക്കോട്നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര പോയി. മോട്ടോര്‍ വാഹനവകുപ്പും പോലിസും പിന്നെ പൊതുജനങ്ങളും ട്ടഡെഡ് സ്ലോ› പ്രദര്‍ശനം നെഞ്ചേറ്റി. സ്കൂളുകളും പൊതു സ്ഥലങ്ങളുമടക്കം ആയിരത്തോളം  ഇടങ്ങളില്‍ പ്രദര്‍ശനം നടത്തി. ഇപ്പോഴും കേരളത്തിന്റെ പലഭാഗങ്ങളിലും ട്ടഡെഡ് സ്ലോ›  ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ട്. എന്നിട്ടും അപകടങ്ങള്‍ കുറയുന്നില്ല. വേദനയുണ്ട്, വേദനമാത്രം. പ്രദര്‍ശനം കണ്ട് പുറത്തിറങ്ങുന്നവര്‍ അഞ്ചു മിനിറ്റ് നേരമെങ്കിലും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യും ആ അഞ്ചു നിമിഷത്തേക്കെങ്കിലും ഒരു ജീവന്‍ നമുക്ക് സംരക്ഷിക്കാനാവും അതുമാത്രമാണ് ആശ്വാസം. സമാധാനവും.

ജി. പ്രജേഷ്സെന്‍

‘ഡെഡ് സ്ലോ’ പ്രദര്‍ശനത്തില്‍ അണിനിരക്കുന്ന ഏതാനും  ആക്സിഡന്റ് ചിത്രങ്ങള്‍ കാണാന്‍ ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക …

Related Articles

4 Comments on “മരണത്തില്‍ നിന്നൊരു ഡെഡ് സ്ലോ”

 • Feroze Babu wrote on 8 June, 2011, 4:33

  ‘ഡെഡ് സ്ലോ’ പ്രദര്‍ശനത്തില്‍ അണിനിരക്കുന്ന ഏതാനും  ആക്സിഡന്റ് ചിത്രങ്ങള്‍ കാണാന്‍ ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക … Where can I see the gallery?

 • Admin wrote on 8 June, 2011, 8:28

  hi feroze babu
  please go to photo gallery and click on the special features gallery. you can find more pictures

 • giffu melattur wrote on 8 June, 2011, 10:25

  good article dearr sen sir..

 • Abdul Vahid wrote on 13 August, 2011, 8:12

  Dear Sir,
  ജീവിതത്തെ കുറിച്ച് ഒരു നിമിഷം എന്നെ ചിന്തിപ്പിക്കുന്നു നിങളുടെ ഈ കഥ. ഓരോ ദിവസവും ഏറ്റവും പുതിയ മോഡല്‍ വാഹനങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നു എന്നല്ലാതെ എങ്ങിനെ ഒരു വാഹനാപകടം ഒഴിവാക്കാമെന്ന് ഞാന്‍ അടക്കമുള്ള സമൂഹം ചിന്തിക്കുനില്ല

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 3 + 13 ?
Please leave these two fields as-is:

Photo Gallery

   
 1. Rony Jacob: Hello Sir, I am Rony Jacob f...
 2. Manu Suresh: I would like to subscribe over...
 3. garmin 1490t GPS problems: Thanks for your article I genu...
 4. moncler femme: Wow that was odd. I just wrote...
 5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.