രണ്ടു കാര്‍യാത്രകള്‍

By Admin

 

ഈ സ്മരണകളില്‍ രണ്ട്കാറുകളുടെ നിലയ്ക്കാത്ത സഞ്ചാരങ്ങളുണ്ട്. സൌമ്യമായ സ്നേഹ ശബ്ദങ്ങളില്‍ നിന്നും മോനെ….മോനെ… എന്ന് വിളിച്ച് ഭൂമിയുടെ ഏത് അതിരോളവും പിന്തുടരുന്ന വെല്ലുവിളികളായി അവ പരിണമിക്കുന്നു. പിതൃസ്മൃതികളുടെ ഇത്തിരച്ചാരത്തില്‍ നിന്നും തീഷ്ണമായ അനുഭവം പകരുകയാണ് പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്റുമായ സുഭാഷ് ചന്ദ്രന്‍.

സത്യസായിബാബ മീശവച്ച് മുണ്ടും ഷര്‍ട്ടുമിട്ടാല്‍ ഏലൂക്കരയിലെ ഖാലിദാകും. ഖാലിദും ഒരു അത്ഭുത പുരുഷനായിരുന്നു. കാരണം ഖാലിദ് ഒരു ടാക്സിഡ്രൈവറായിരുന്നു.
കുട്ടിക്കാലത്തെ വീരപുരുഷന്മാരില്‍ ആനപ്പാപ്പാന്മാരും ഡ്രൈവര്‍മാരും ആദ്യം വരുന്നു. കടുങ്ങല്ലൂരമ്പലത്തിലെ ഉത്സവത്തിനുകൊണ്ടുവരുന്ന കൂറ്റന്‍ കൊമ്പനാനകളെ അമ്പലപ്പറമ്പിലെ തെങ്ങില്‍ തളയ്ക്കുന്ന കറുത്തുമെലിഞ്ഞ പാപ്പാന്മാരുടെ കൈയിലെ ഇരുമ്പുകൊളുത്തു പിടിപ്പിച്ച ചെവിത്തോട്ടികള്‍… പിന്നെ ഖാലിദിന്റെ ഇടംകൈപ്രയോഗത്തിലൂടെ നാലുതരം വേഗതകളിലേക്ക് കാറിനെ തട്ടിയിടുന്ന കറുത്ത മകുടംപിടിപ്പിച്ച ഗിയര്‍… കുട്ടിക്കാലത്തെവിമോഹിപ്പിച്ചിരുന്ന രണ്ടുതരം മാന്ത്രികദണ്ഡുകള്‍ ഇവയായിരുന്നു.
പുഴയിലേക്കുപോകുന്ന ഇടവഴിയിലെ ആദ്യത്തെ മതിലും ഗേറ്റും ഞങ്ങളുടേതായിരുന്നു. അതുകഴിഞ്ഞുള്ള വീടുകള്‍ക്കൊന്നും ഗേറ്റില്ല, വെറും വേലികള്‍ മാത്രം. ഇടവഴിയുടെ അങ്ങേയറ്റത്ത് പുഴയോടുചേര്‍ന്നാണ് തെക്കേക്കുടിയിലെ പേരമ്മയുടെ വീട്. അമ്മയുടെ അകന്ന സഹോദരി. തെക്കേക്കുടിക്കാര്‍ക്കുമുന്ന് ഗേറ്റ്. ഒരു വ്യത്യാസം- അവിടെ ഒരു  വെളുത്ത അംബാസിഡര്‍കാര്‍ കാണാം. സ്കൂളില്‍നിന്നുമടങ്ങുന്ന വഴി വെളുത്ത കാറും കറുത്ത കാക്കയേയും ഒരുമിച്ചുകണ്ടാല്‍ വീട്ടിലെത്തുമ്പോള്‍ മധുരം ലഭിക്കുമെന്നുള്ളത് ഞങ്ങള്‍ കുട്ടികളുടെ വിശ്വാസമായിരുന്നു. അതുകൊണ്ട് തെക്കേക്കുടിക്കാരു
ടെ കാറ് പോകുമ്പോഴൊക്കെ ഞാനും ചേച്ചിമാരും കാക്കയെകാണുവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു.
ഒരിക്കല്‍ ഞങ്ങളും കാറുവാങ്ങുമെന്നായിരുന്നു ഞങ്ങള്‍ അഞ്ചുമക്കളുടേയും വിശ്വാസം. കാറിനു കടന്നുവരാന്‍ കഴിയുംവിധം വിസ്താരമുള്ള ഗേറ്റ് അച്ഛന്‍ പണിയിച്ചിരിക്കുന്നത് അതിനാണ്. ഇടവഴിയിസല്‍ നിന്ന് വീട്ടുമുററത്തേയ്ക്ക് കാറിന് അനായാസമായി കയറിവരാന്‍ സിമന്റിട്ട് ഒരു സ്ളോപ്പുമുള്ളത് അതിനാണല്ലോ.
അക്കാലത്താണ് ഖാലിദിന്റെ കാറ് ഒരു വിസ്മയമാകുന്നത്. ആലുവയിലെ പങ്കജം, സീനത്ത്, കാസിനോ തുടങ്ങിയ തീയേറ്ററുകളില്‍ നസീറിന്റെ പുത്തന്‍പടങ്ങള്‍ വരുമ്പോള്‍ അച്ഛന്‍ ഖാലീദിന്റെ ടാക്സിക്കാറ് ഏര്‍പ്പാടാക്കും. ഉച്ചതിരിയുമ്പോഴേക്കും സിനിമയ്ക്കുപോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കും. വൈകീട്ട് നാലരയാകുമ്പോഴേക്കും ഖാലീദിന്റെ കാറ് ഗേറ്റില്‍ പ്രത്യക്ഷപ്പെടും. കാറില്‍ ചാരി ബീഡിവലിച്ചുകൊണ്ട് ഖാലീദ് അക്ഷമനായി കാത്തുനില്‍ക്കും.
പെണ്ണുങ്ങള്‍ക്ക് പിന്‍സീറ്റാണ്. മുന്നില്‍ അച്ഛനും ഖാലീദിനുമിടയ്ക്കാണ് ഞാനിരിക്കുന്നത്. ഡോറുകളെല്ലാം നന്നായി അടഞ്ഞുവെച്ച് ഉറപ്പുവരുത്തയതിനുശേഷം ഖാലീദ് എന്നോടു ചോദിക്കും:ബ്ള എന്നാ പോകാല്ലേ?’
ഇടയ്ക്കിടയക്ക് ഹോണടി മുഴക്കാനായി ഖാലീദ് എന്തുസൂത്രമാണ് പ്രയോഗിക്കുന്നതെന്ന് എത്ര ആലോചിച്ചാലും എനിക്കു മനസ്സിലാകില്ല. അയാളുടെ രണ്ടു കൈകളും സ്റിയറിങ്ങില്‍ത്തന്നെയുണ്ട്. പക്ഷേ ഇടയ്ക്കിടയ്ക്ക് ഹോണടി കേള്‍ക്കുന്നുമുണ്ട്. കുറേ നേരം ശ്രമിച്ചിട്ടും രഹസ്യം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ അച്ഛനോടുചോദിച്ചു.
കറുത്ത  സ്റ്റിയറിങ്ങിന്റെ അകത്തുള്ള തിളങ്ങുന്ന ഉള്‍വട്ടം ചൂണ്ടി അച്ഛന്‍ പറഞ്ഞു:ബ്ള മോന്‍ അതിലൊന്നു ഞെക്കിനോക്ക്യേ’
ഖാലീദിന്റെ കള്ളച്ചിരി കുഴച്ച മൌനാനുവാദത്തോടെ ഞാന്‍ സ്റ്റിയറിങ്ങിന്റെ തണുപ്പുള്ള ഉള്‍വട്ടത്തില്‍ കൈയമര്‍ത്തി: കീയെന്ന് കാറു കരഞ്ഞു.
ആദ്യമായി ഒരു സ്ത്രീയെ സ്പര്‍ശിച്ച ഓര്‍മ്മപോലെ തന്നെ എന്റെ മനസ്സില്‍ മരണംവരെയും പച്ചപിടിച്ചുനില്‍ക്കാനിരിക്കുന്ന സ്പര്‍ശവും ഒച്ചയുമായിരുന്നു അത്.
പിന്നെ ഓരോ വട്ടവും ഖാലീദിന്റെ ടാക്സിക്കാറില്‍ നസീറിന്റെ സിനിമയ്ക്കുപോകുമ്പോള്‍ ഹോണടിക്കാനുള്ള അവകാശം എനിക്കു വന്നുചേര്‍ന്നു. മുന്നില്‍ വഴിമുടങ്ങിയപ്പോള്‍ മാത്രമല്ല, വെറും വിജനതയിലേക്കും ഞാന്‍ ഹോണടിച്ചു. പിന്നിലിരിക്കുന്ന ചേച്ചിമാരെ നോക്കി ഗമകാണിച്ചു.
കാലം ഖാലീദിന്റെ കാറിനേക്കാള്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞു. മൂന്നു ചേച്ചിമാരേയും കെട്ടിച്ചുവിട്ടപ്പോഴേക്കും അച്ഛന്‍ പാപ്പരായിത്തീര്‍ന്നിരുന്നു. ഞങ്ങളുടെ ഗേറ്റിലൂടെ അച്ഛന്‍ ഒരിക്കല്‍ ഒരു പുത്തന്‍ സൈക്കിളുമായി കടന്നുവന്നിട്ട് എന്നോടു പറഞ്ഞു:ബ്ള അച്ഛന് ഈ ഹെര്‍ക്കുലീസ് വാങ്ങിക്കാനേ കഴിഞ്ഞുള്ളൂ. കാറൊക്കെ മോന്‍ വലുതാവുമ്പോ വാങ്ങിക്കോ!’
എനിക്ക്് അച്ഛനോട് വലിയ ദേഷ്യം തോന്നി. കാറിനുള്ള ഗേറ്റിലൂടെ സൈക്കിളുമായി വന്നതിന്. അലൂമിനിയം കമ്പനിയിലെ തൊഴിലാളിക്ക്, അന്നുമക്കളുള്ള ഒരു പ്രാരാബ്ധക്കാരന്, സൈക്കിള്‍ തന്നെ ഒരു സ്വപ്നവാഹനമാണെന്ന സത്യം  അന്ന് കുട്ടിയായിരുന്ന എനിക്ക് മുഴുവന്‍ തെളിഞ്ഞുകിട്ടിയിരുന്നില്ല.
വലുതായി , ജോലിക്കാരനായി, എഴുത്തുകാരനായി പ്രശസ്തനായിക്കഴിഞ്ഞപ്പോള്‍  ആദ്യത്തെ കൊതി ഒരു കാറു സ്വന്തമാക്കാനായിരുന്നു. അച്ഛന്‍ മരണാസന്നനാവുകായാണെന്ന് അറിയാമായിരുന്നു. അച്ഛന്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പേ ഒരുക്കി വച്ച വലിയ ഗേറ്റിലൂടെ, കോണ്‍ക്രീറ്റുസ്ളോപ്പിലൂടെ, എന്റെ കാറില്‍ അച്ഛനെ കാണാന്‍ ചെല്ലണമെന്ന് വലിയ മോഹമായിരുന്നു.
വീടുപണിതപ്പോള്‍ ആദ്യം എല്ലാ മലയാളികളേയും പോലെ കാര്‍പോര്‍ച്ചും പണിഞ്ഞു. ഡ്രൈവിങ്ങില്‍ വിദഗ്ധനാവുന്നതിനുമുമ്പേ ആള്‍ട്ടോ കാറുവാങ്ങി. പുത്തന്‍ ഹലുവാക്കഷ്ണം പോലിരുന്ന കാറ് ആദ്യമായി കോഴിക്കോട്ടെ ഞാന്‍ കെട്ടിയ പുതിയ വീട്ടില്‍ നിന്നു പുറത്തിറക്കുന്ന നേരത്ത് അയല്‍ക്കാരന്റെ മതിലിലിടിച്ച് മുന്‍ലൈറ്റുകള്‍ തകര്‍ന്നു. കുടുംബവുമായി ഒന്നിച്ച് നാട്ടിലേക്കു പോകാന്‍ തയ്യാറെടുത്തിരിക്കുമ്പോള്‍ ഒരു പുലര്‍ച്ചയില്‍ അഞ്ചുമണിക്ക് ആലുവയില്‍ നിന്ന് അമ്മയുടെ ഫോണ്‍ വന്നു: ട്ടവേഗം പുറപ്പെട്ടോ മോനേ. അച്ഛന്‍ പോയി!’
കാറോടിച്ചു പരിചയമാകുന്നതേയുണ്ടായിരുന്നുള്ളൂ.  രാവിലേ ആറേമുക്കാലിനുള്ള ട്രയിനുകാക്കാന്‍ ക്ഷമയുണ്ടായില്ല. അങ്ങനെ പുലരിവെട്ടം വീഴുംമുമ്പേ ഞാന്‍ കാറില്‍ ഭാര്യയേയും മക്കളേയും കയറ്റി എന്റെ ആദ്യത്തെ ദീര്‍ഘമായ ഡ്രൈവിങ്ങിനിറങ്ങി. നാട്ടില്‍നിന്ന് തുടരെത്തുടരെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരുന്നു. എന്തിനാണ് കാറില്‍ വരുന്നത്? ടെന്‍ഷനടിച്ച് ഓടിച്ചാല്‍ വല്ല അപകടവും വന്നാലോ? പതുക്കെ വന്നാല്‍ മതി….ആരൊക്കെയോ നിര്‍ദേശങ്ങള്‍ വച്ചുകൊണ്ടിരുന്നു. എന്നാല്‍ എനിക്കു ടെന്‍ഷനൊന്നും തോന്നിയില്ല. കാരണം എന്റെ അരികത്ത് അച്ഛനിരിപ്പുണ്ടായിരുന്നു. മുന്നില്‍ പോകുന്ന വാഹനങ്ങളെ വെട്ടിച്ചുകടക്കാന്‍ വേണ്ടി ഓരോ തവണ ഹോണ്‍ മുഴക്കുംമുമ്പും ഞാന്‍ അച്ഛനെ നോക്കി. അന്നു ഖാലീദിന്റെ ടാക്സിക്കാറില്‍ ഇരുന്നപ്പോള്‍ ഹോണ്‍ ഏതാണെന്നുമാത്രമേ അച്ഛന്‍ പറഞ്ഞുതന്നുള്ളൂ. ഇപ്പോള്‍ ബ്രേക്കേതാണെന്നും ആകസിലേറ്റര്‍ ഏതാണെന്നും ഗിയര്‍ ഏതാണെന്നുമൊക്കെ അച്ഛന്‍ പറഞ്ഞുതന്നുകൊണ്ടിരുന്നു. കാറോടിക്കുന്ന ഈ ശരീരം അച്ഛന്‍ തന്നു. മുന്നിലേക്കും വശങ്ങളിലേക്കും നോക്കാനുള്ള കണ്ണുകള്‍ തന്നു. കാലും കൈയും തന്നു. പഞ്ചേന്ദ്രിയങ്ങള്‍ തന്നു. മോനേ എന്നു വിളിച്ച് അടുത്തിരുന്നു.
ഒരാഴ്ച ഞാന്‍ നാട്ടില്‍ നിന്നു. ഗേറ്റുമലര്‍ക്കെ തുറന്നിട്ട് എന്റെ കാറു വീട്ടിലേക്കു കയറ്റുമ്പോള്‍ ഉമ്മറത്തിരുന്ന് അച്ഛന്‍ ഓരോ തവണയും അഭിമാനത്തോടെ ചിരിച്ചു. അഞ്ചാം ദിവസം സഞ്ചയനത്തിന് ആലുവാപ്പുഴയിലേക്കു പോകാന്‍ ഞങ്ങള്‍ ഖാലീദിന്റെ ടാക്സിക്കാര്‍ വിളിച്ചില്ല. എന്റെ ആള്‍ട്ടോവില്‍ ഡ്രൈവര്‍ സീറ്റില്‍ ഞാനിരുന്നു. ഇടത്തേ സീറ്റില്‍ അച്ഛന്റെ അസ്ഥിക്കുടവും കൈയില്‍ പിടിച്ച് ചേട്ടന്‍. പണ്ട് ടാക്സിക്കാറില്‍ അച്ഛന്‍ സിനിമയ്ക്കുകൊണ്ടുപോകുമ്പോള്‍ ഇരിക്കാറുള്ളതുപോലെ പിന്‍സീറ്റില്‍ പെണ്ണുങ്ങള്‍ തന്നെ.
ഒന്നുകൂടിയുണ്ടായിരുന്നു. പിന്നിലെ ഡിക്കിയില്‍ ചുടലയില്‍ നിന്ന് വടിച്ചുകൂട്ടിയ ചാരം നിറച്ച ഒരു ചാക്ക്. അതില്‍ അച്ഛന്റെ ഭൌതിക ശരീരത്തിന്റെ അവസാന ധൂളികള്‍…
എല്ലാം കഴിഞ്ഞ് വീണ്ടും കോഴിക്കോട്ടേക്ക് തിരിക്കുന്നു. അങ്ങോട്ടുപോയ സ്പീഡിലായിരുന്നില്ല മടക്കം. വീട്ടിലെത്തി ഡിക്കിതുറന്ന് ബാഗുകളും മറ്റും ഇറക്കുമ്പോള്‍ കണ്ടു- പുത്തന്‍ഡിക്കിയക്കുള്ളില്‍ പുരണ്ടിരിക്കുന്ന ഭസ്മം!
മോനേ മോനേ എന്നു വിളിച്ച് കോഴിക്കോട്ടേക്കുമാത്രമല്ല, ഭൂമിയുടെ  ഏതതിരോളവും എന്നെ പിന്തുടരുന്ന ഇത്തിരി ചാരം.
ജീവിതത്തിന്റെ ഓട്ടച്ചാക്കില്‍ നിന്ന് ചോര്‍ന്നതുതന്നെ!

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 3 + 2 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.