ചവിട്ടുകാര്‍- ഉണ്ണി. ആര്‍.

By Admin

എന്റെ കാര്‍ ഓടിക്കുന്നത് ഞാനല്ല ദൈവമാണ് – പ്രശസ്ത കഥാകൃത്ത് ഉണ്ണി ആര്‍. എഴുതുന്നു. ബിഗ് ബി, അന്‍വര്‍, ബ്രിഡ്ജ് ( കേരളാ കഫെ) എന്ന ഹിറ്റ് സിനിമകളുടെ തിരക്കഥ, സംഭാഷണ രചയിതാവ് കൂടിയാണ് ഉണ്ണി.

നാലു ചക്രങ്ങള്‍, കൈയില്‍ മറ്റൊരു  ചക്രം, പോക്കറ്റില്‍ ഓടാന്‍ വേണ്ട ഹിമ്പിടി ചക്രം ഇങ്ങനെ ചക്രങ്ങളുടെ ഒരു കളിയാണ് ഞാനും കാറും തമ്മിലുള്ള ബന്ധം. ഇതിലേതെങ്കിലും ഒരു ചക്രമില്ലെങ്കില്‍ വണ്ടി തിരുനക്കരത്തന്നെ എന്നു പറഞ്ഞ് സുല്ലിട്ടിറങ്ങണം. മണിക്കൂറിന് പെട്രോള്‍ വില കൂടിക്കൊണ്ടിരിക്കുന്ന ഈ നാട്ടില്‍ നാലു ചക്രമുള്ളവനേ നാലുചക്രമുള്ളതിനേ പൊറുപ്പിക്കാനാവൂ എന്ന സ്ഥിതിയാണുള്ളത്. ലോണെടുത്ത് കാര്‍ വാങ്ങിയ എന്നെപ്പോലൊരു ശരാശരിക്കാരന് ഓടിച്ചില്ലേലും കാര്‍ പുരപ്പുറത്തിടാനുള്ള ട്ടആ› മോഹമുണ്ടല്ലോ. അതുപൊട്ടിമുളച്ചാണ് ഐ 10 എന്ന കറുത്ത കാര്‍വരെ ചെന്നെത്തിയത്. കാര്‍ വാങ്ങും മുന്‍പ്  അഭിപ്രായം  ചോദിക്കലായിരുന്നു പ്രധാനപണി. നൂറുപേര്‍ ആയിരം അഭിപ്രായം എന്ന നിലയ്ക്ക് കിട്ടിത്തുടങ്ങി. ആള്‍ട്ടോ വാങ്ങാന്‍ നിന്ന എന്നെ ഐ 10 വരെ എത്തിച്ചത് ഈ അഭിപ്രായ സര്‍വേയാണ്. ആളുകൂടിയാല്‍ പാമ്പുചാകില്ല, കാറും വാങ്ങില്ല എന്ന ഗതിവന്നപ്പോള്‍ ഭാര്യ പറഞ്ഞു: ഇനി മിണ്ടരുത്. മര്യാദയ്ക്ക് ഒരഭിപ്രായം പറഞ്ഞോണം. ഞാന്‍ അഭിപ്രായം പറഞ്ഞില്ല. അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നു അവള്‍ക്കുമറിയാം. എന്നാല്‍ പെന്‍ഷന്‍പറ്റി, നാലു നേരം വേണമെങ്കില്‍ അഞ്ചുനേരം അമ്പലത്തില്‍ കുളിച്ചു തൊഴുതോളാമേ എന്ന് പറഞ്ഞു നില്‍ക്കുന്ന എന്റെ അമ്മായിയമ്മ നില്‍ക്കുന്നിടത്തു നിന്ന് എനിക്കൊരു ക്ളാസെടുത്തു. ടിപ്പര്‍ ലോറി, ഓട്ടോ, കാര്‍ തുടങ്ങി പലജാതി വണ്ടികളില്‍ കയറിയിറങ്ങിയുള്ള ഒരു ക്ളാസായിരുന്നു അത്. അറുപത് പിന്നിട്ട ഈ നാട്ടിന്‍പുറത്തുകാരിക്ക് ഇതെല്ലാം എങ്ങനെ അറിയാമെന്ന് അന്തംവിട്ട് നില്‍ക്കുമ്പോള്‍ കാറിന്റെ വില, മൈലേജ് തുടങ്ങിയവ വിശദീകരിച്ചുകൊണ്ട് മറ്റൊരു ക്ളാസ് തുടങ്ങി. അത് മാറിമറിഞ്ഞ് ഐ 10ല്‍ എത്തി. ഒടുവില്‍ അത് വാങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ കറുത്ത മൂരിക്കുട്ടനെപ്പോലെ തോന്നിക്കുന്ന ആ കാര്‍ എന്റെ വീട്ടുമുറ്റത്തെത്തി.

രണ്ട്

എന്തിനും ഒരു ആമുഖം വേണമെന്നുള്ള പഴയ ഏര്‍പ്പാടിലാണ് ഇത്രയും പറഞ്ഞത്. ഇനിയുള്ളത് ഭൂതകാലത്തിലേക്കുള്ള ഒരു ഓട്ടമാണ്. ഓടാന്‍ താല്‍പര്യമുള്ളവര്‍ക്ക് കൂടെ ഓടാം. താല്‍പര്യമില്ലെങ്കില്‍ ദാ ഇവിടെവച്ച് സലാം പറഞ്ഞ് പിരിയാം. എനിക്ക് യാതൊരു വിഷമവുമില്ല. അപ്പോള്‍ നമ്മള്‍ ബോധധാരാ സമ്പ്രദായത്തില്‍ തിരിച്ചോടുകയാണ് – ഓണ്‍ യുവര്‍ മാര്‍ക്ക് സെറ്റ് സ്റാര്‍ട്ട്…
ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് ഭൂതകാലത്തിലാണ് – 1970 നും 1985നും ഇടയില്‍, കുടമാളൂര്‍ എന്ന ചെറിയൊരു നാട്ടിന്‍പുറത്ത് വഴികള്‍ ടാറിന്റെ കണ്ണെഴുതി അസുന്ദരിയായിട്ടില്ല. ഒന്നൂതിയാല്‍ പൊടിപറക്കും. നല്ല ചുവന്ന മണ്ണ്. ഇടവഴി ഇടയ്ക്കിടെ ചില കാറുകള്‍ കടന്നു പോകും. ഇ.എം.എസിന്റെ ഭാര്യ വീട്ടിലെ കാര്‍ പിന്നെ ലണ്ടനില്‍ നിന്ന് നാലഞ്ച് എഫ്ആര്‍സിഎസ് എടുത്ത ഒരു ഡോക്ടറിന്റെ, ചിത്രാകൃഷ്ണന്‍ കുട്ടിയുടെ മെഡിക്കല്‍ കോളെജില്‍ നിന്നും വരുന്നത്, പിന്നെ കല്യാണത്തിന് വരുന്നവ. ഇതില്‍ കാറുകളുടെ ജാതി ഭേദങ്ങള്‍ അറിയില്ല. മൂട്ടക്കാര്‍ എന്നു വിളിക്കുന്ന ഒരു കാറും അതുവഴി പൊടിയൂതി പറപ്പിച്ച് വന്നിരുന്നു. അത് ആരുടേതാണെന്ന് അന്നും ഇന്നും അറിയില്ല. അങ്ങനെയെല്ലാം ഓടിയും ഇടയ്ക്കു നിന്നും കുടമാളൂരിലെ വഴിയിലെ പൊടികളെ ആകാശത്തിലേക്ക് ഉണര്‍ന്നിവിട്ടിരുന്ന കാറുകളെയെല്ലാം എനിക്ക് ഇഷ്ടം (ഇഷ്ടമെന്ന് വാക്ക് എത്രയോ ചെറുത്. അതിലും വലിയ മറ്റൊരു വാക്ക് ഓര്‍മവരുന്നില്ല). വിക്ടറി പ്രസ്സിന്റെ ഉടമയുടെ വീട്ടിലെ കാറായിരുന്നു. ബസില്‍ പോകുമ്പോള്‍ മതിലിനപ്പുറത്ത് ആ വലിയ വീടിന്റെ മുറ്റത്തുകൂടി ആ വീട്ടിലെ കുട്ടികള്‍ ഒരു കാര്‍ ഓടിക്കുന്നതു കാണാം. ചിലപ്പോള്‍ മുറ്റത്ത്, ചിലപ്പോള്‍ നല്ല വീതിയും വിസ്താരവുമുള്ള വീട്ടുതിണ്ണയിലൂടെ ആ കാര്‍ ഓടിക്കൊണ്ടിരിക്കും. രണ്ടു കൈകള്‍ വളയം പോലെ പിടിച്ച് സാങ്കല്‍പ്പിക വളയത്തെ തിരിച്ചും ഒടിച്ചും ഓടിക്കുന്ന എന്നെപ്പോലെയൊരു സാധാരണക്കാരന്‍ ചെറുക്കന് എന്റെ അതേ പ്രായത്തിലുള്ള രണ്ട് ചെറുക്കന്മാര്‍ സാങ്കല്‍പ്പിക ലോകത്തെ ലംഘിച്ച് ഒരു വളയത്തില്‍ പിടിമുറിക്കിയിരിക്കുന്നത് കാണുമ്പോള്‍ ചങ്കിടിക്കുന്നു ! കാലുകള്‍ ചക്രങ്ങളാക്കി രൂപാന്തരപ്പെടുത്തുന്ന അത്ഭുതനിമിഷങ്ങളോട് പോടാ അവിടുന്നെന്നു പറഞ്ഞ് നാലു ചക്രത്തില്‍ തന്നെ ഓടുന്ന അവന്റെ കാറ്.
കഥകളുടെ മെറ്റമോര്‍ഫസിസ് അന്ന് ആ നാട്ടിലെ (എല്ലാ നാട്ടിലെയും കാശില്ലാത്ത പിള്ളാരെ) എല്ലാ പിള്ളേരിലും സംഭവിച്ചിരുന്നു. അത് അവരെ കാറായും തീവണ്ടിയായും കുറുക്കനായും പുലിയായുമൊക്കെ മാറ്റിയിരുന്നു. എന്നാലും മതിലനപ്പുറത്തെ ആ കാഴ്ചയുണ്ടല്ലോ… അഞ്ചും ആറും വയസുള്ള പിള്ളേര്‍ കാറുമോടിച്ച് വീടുചുറ്റുന്നത് ! ദൈവമേ ഓര്‍ക്കാന്‍ വയ്യ ! ഒരിക്കല്‍ കോട്ടയെത്ത കെ.കെ. റോഡിലുള്ള രത്ന മഹാള്‍ എന്ന ( ഇന്ന് ഈ കടയുമില്ല അവിടുത്ത വലിയ വയറും കഥകളി പ്രിയക്കാരനുമായ കുട്ടന്‍ ചേട്ടനുമില്ല) തുണിക്കടയില്‍ ജൌളി വാങ്ങാന്‍ പോയപ്പോള്‍ മുന്നിലുള്ള ചെക്കൂര്‍ എന്ന കടയില്‍ ഇതുപോലൊരു കാറിരിക്കുന്നത് കണ്ടു. അതിനുള്ളില്‍ രണ്ട് പെഡലുകള്‍ ഉണ്ട്. അതിലാണ് ചവിട്ടേണ്ടത്. ചവിട്ടുമ്പോള്‍ ഓടുന്ന കാര്‍! മീശക്കാരനും മൂക്കിനു തുമ്പില്‍ ദേഷ്യം നിറച്ചു വച്ചിരിക്കുന്നവനുമായ എന്റെ അച്ഛനോട് ആ കാര്‍ വാങ്ങിത്തരാന്‍ മാത്രമുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. ധൈര്യമുണ്ടായിരുന്നാലും  അത് വാങ്ങാന്‍ മാത്രമുള്ള കീശ വീട്ടിലുണ്ടാവില്ല എന്നുമറിയാവുന്നതുകൊണ്ട് എന്റെ  കണ്ണില്‍ ഒഴിപ്പിക്കാവുന്നിടത്തോളം ഞാന്‍ ആ ചുവന്ന കാറിനെ കോരിയെടുത്തു.  ഇന്നും അത് വറ്റിയിട്ടില്ല.

മൂന്ന്

ഇപ്പോള്‍ നമ്മള്‍ വര്‍ത്തമാനകാലത്തിലാണ്. കാറില്‍ തൊട്ടടുത്ത് ഇരിക്കുന്നത് എന്റെ ഭാര്യയാണ്. വണ്ടി, വണ്ടി നിന്നെ പോലെ വയറിലെനിക്കും (വയറും നെഞ്ചും തമ്മില്‍ വലിയ ദൂരമില്ലല്ലോ) തീയാണ് എന്ന പാട്ട് അവളുടെ ഉള്ളില്‍ നിന്ന് എനിക്ക് കേള്‍ക്കാം. കാരണം എന്റെ ഡ്രൈവിങ്ങില്‍ അവള്‍ക്ക് അത്ര മതിപ്പുപോര. അശ്രദ്ധ, സ്പീഡ് കൂടുതല്‍ തുടങ്ങിയ പല പരാതികളും ഞാനെന്ന ഡ്രൈവറെക്കുറിച്ച് അവള്‍ക്കുണ്ട്. മറ്റൊന്നും കൊണ്ടല്ല കാറിന്റെ ചുറ്റുമൊന്നു നോക്കിയാല്‍ ചില പാടുകള്‍, ചില ഏങ്കോണിപ്പുകള്‍ ഒക്കെ കാണാം. ദൈവമേ, എന്ന ഒറ്റവിളിവിളിച്ചാണ് ഞാന്‍ കാറില്‍ കയറുന്നത്. ഞാനല്ല, ദൈവമേ, നീയാണ് ഓടിക്കുന്നത് എന്ന് ദൈവത്തിനോട് ഞാന്‍ പറയാറുമുണ്ട്. അങ്ങനെ ദൈവം തിരുവനന്തപുരത്തു നിന്ന് ഓടിച്ചുവന്ന കാറില്‍ കോട്ടയത്തിയപ്പോള്‍ പഴയൊരു കൂട്ടുകാരനെ കണ്ടു. അവന്‍ വാ പൊളിക്കുന്നു. പിന്നെ രഹസ്യമായി ചോദിക്കുന്നു. നീ കാറോടിക്കുന്നോ ? ഞാനല്ല, ദൈവമാണ് ഓടിക്കുന്നതെന്ന് പറയാന്‍ പറ്റുമോ. ഞാന്‍ ചിരിച്ചു. നീയൊക്കെ വല്ല്യവിപ്ളവകാരികളല്ലായിരുന്നില്ലേ.. ? ചെ ഗുവേര വിപ്ളവം  നടത്തും മുന്‍പ് ബുള്ളറ്റില്‍ ചുറ്റിയടിക്കാന്‍ പോയത് ഈ അച്ചായനോട് പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ. കാറുമില്ല സൌന്ദര്യവുമില്ല. സിഎംഎസ് കോളജ്പോലൊരു പറുദീസയില്‍ ഇതുരണ്ടുമില്ലാത്തവന് വിപ്ളവകാരിയാവാതെ എന്തു രക്ഷ എന്ന് അവനോട് പറയാന്‍ പറ്റുമോ. അവനെ യാത്രയാക്കി വീണ്ടും ദൈവത്തിന് ഡ്രൈവിങ് സീറ്റ് വിട്ടുകൊടുത്ത് വീണ്ടും വീട്ടിലേക്ക് പോകുമ്പോള്‍ ഭാര്യ ചോദിച്ചു. ട്ടബ്ളഅയാള്‍ എന്നാ പറഞ്ഞേ ?›› ഞാന്‍ പറഞ്ഞു: ട്ടബ്ളഎന്നാ പറയാന്‍. ഒന്നും പറഞ്ഞില്ല.›› വിക്ടറിക്കാരുടെ  വീടിനു മുന്നിലൂടെ എന്റെ കാര്‍ പാഞ്ഞുവന്ന് എന്റെ വീട്ടിലേക്ക് കയറി.

നാല്

ഇതൊരു സ്വപ്നമാണ്. അത് മറ്റൊന്നുമല്ല.  ആ ചവിട്ടുകാര്‍ ഓടിക്കാന്‍ പറ്റാതെപോയ ചെറുക്കന്റെ സങ്കടത്തില്‍ നിന്നും തലനീട്ടിയതാണ്. എന്നാണ് എനിക്ക് ആ ചെറുകാര്‍ ഒന്ന് ഓടിക്കാന്‍ കഴിയുക? കുട്ടിത്തത്തിലേക്ക് വളരാന്‍ ദൈവമെന്നെ അനുവദിക്കുമെങ്കില്‍ ഞാനത് ഓടിക്കും. അപ്പോഴെങ്കിലും എന്റെ ഭാര്യയുടെ പേടിയൊന്നു മാറുമല്ലോ.

Related Articles

One Comment on “ചവിട്ടുകാര്‍- ഉണ്ണി. ആര്‍.”

  • Cannon wrote on 2 June, 2011, 10:49

    Kudos to you! I hadn’t touhght of that!

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 7 + 12 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.