പ്രകാശിക്കുന്നു വീണ്ടും- രഘുനാഥ് പലേരി

By Admin

”അയാള്‍ എരന്തുപോച്ച്” എന്നു പറഞ്ഞ് പൊലീസും നാട്ടുകാരും നടുറോഡില്‍ ഉപേക്ഷിച്ചിരുന്ന ഒരു പ്രാണനെ രക്ഷിച്ചെടുത്ത നിമിഷങ്ങള്‍. റോഡുകളിലെ അപകടങ്ങളെ നിസ്സംഗരായി നോക്കി നില്‍ക്കുന്ന മനസുകള്‍ക്കെല്ലാം ഈശ്വരപ്രകാശം പകരുന്ന ജീവിതാനുഭവം  – രഘുനാഥ് പലേരി എഴുതുന്നു. പ്രശസ്ത ചെറുകഥാകൃത്തും, ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയുടെ സംവിധായകനും മേലേപ്പറമ്പില്‍ ആണ്‍വീട്, പൊന്മുട്ടയിടുന്ന തട്ടാന്‍ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ രചയിതാവുമാണ് ലേഖകന്‍.’

ചെന്നൈയിലെ ഏതോ അര്‍ദ്ധരാത്രിയില്‍ അരികില്‍ കിടന്നുറങ്ങുന്ന സ്മിത പെട്ടെന്നെഴുന്നേറ്റ് എന്നെ വിളിച്ചുണര്‍ത്തി കാര്യമായി ചോദിച്ചു:
ട്ടനമുക്ക് സ്വന്തമായി ഒരു വീട് വേണ്ടേ…?’
എനിക്കൊന്നും മനസിലായില്ല. ഉറക്കത്തിന്റെ കയത്തില്‍ മുങ്ങിത്തപ്പി സ്വപ്നങ്ങളുടെ മുത്തെടുക്കുന്ന നേരം. ഇവള്‍ക്കെന്ത് പറ്റി. പാതിരാത്രിക്ക് യാതൊരു മുഖവുരയും ഇല്ലാതെ പെട്ടെന്നെഴുന്നേറ്റ് വീടു വേണ്ടെ എന്നു ചോദിച്ചാല്‍ ഈ നേരത്ത് കട്ടിലില്‍ നിന്നിറങ്ങിച്ചെന്ന് ഞാനെവിടെ വീട് തപ്പും.
”വേണം. എന്തേ നിന്റെ കയ്യില്‍ വല്ല വീടും ഉണ്ടോ..?”
”ഇന്ന് ഫ്ളാറ്റിന്റെ ഉടമസ്ഥന്റെ അനുജത്തിയും ഭര്‍ത്താവും വന്നിരുന്നു. വീടെല്ലാം നന്നായി വെച്ചിട്ടുണ്ടെന്നൊക്കെ അവര്‍ പറഞ്ഞു. എന്നാലും എനിക്കൊരു പേടി. അവര്‍ ഒഴിഞ്ഞു തരാന്‍ പറഞ്ഞാല്‍ എന്ത് ചെയ്യും.”
ട്ടവേറെ ഫ്ളാറ്റ് നോക്കും. ഏതായാലും പുലരുന്നത് വരെ സമയം ഇല്ലേ. നീ ഉറങ്ങ്. അല്ലെങ്കില്‍ എഴുന്നേറ്റിരുന്ന് നാമം ജപിക്ക്.’
അവള്‍ നാമം ജപിച്ചോ ഞാന്‍ ഉറങ്ങിയോ എന്നൊന്നും എനിക്കോര്‍മയില്ല. പെട്ടെന്ന് നേരം വെളുത്തു.
പുലര്‍ന്നപ്പോഴേക്കും വീടിന്റെ കാര്യം സ്മിത മറന്നു. അവള്‍ക്കെല്ലാം അങ്ങിനെയാണ്. പെട്ടെന്നെന്തെങ്കിലും മനസില്‍ കയറിയാല്‍ ഒന്ന് ഉറയും. പിന്നെ ഉറഞ്ഞ കാര്യം വെളിച്ചപ്പാടിനു പോലും ഓര്‍മയുണ്ടാവില്ല. വെട്ടുകൊണ്ട ഭഗവതി മാത്രം വേദനയും സഹിച്ച് നില്‍ക്കും. പണം ഇല്ലെങ്കിലും ഒരു ഫ്ളാറ്റെവിടെയെങ്കിലും വാങ്ങിയാലോ എന്ന് ഞാനും ചിന്തിച്ചു. മനക്കോട്ടയുടെ കണക്കു പുസ്തകം തുറന്നു. കൂട്ടിയും കിഴിച്ചും  ഹരിച്ചും പെരുക്കിയും നോക്കി. സകല ദൈവങ്ങളോടും ചോദിച്ചു നോക്കി. ഒരു ദൈവത്തിന്റെ അക്കൌണ്ടിലും മിനിമം ബാലന്‍സുപോലുമില്ല. അപ്പോഴാണ് കോളനിയിലെ ഒരു സുഹൃത്ത് അണ്ണാനഗറില്‍ ശാന്തികോളനിയില്‍ അയാളുടെ ഒരു സുഹൃത്തിന്റെ ഫ്ളാറ്റ് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പണം ഗഡുക്കളായി ഒരു വര്‍ഷംകൊണ്ട് കൊടുത്താല്‍ മതിയെന്നും പറഞ്ഞത്.
മുട്ടി നോക്കാന്‍ മോഹം തോന്നി.
മുട്ടിയാലോ എന്നു സ്മിതയോടും ചോദിച്ചു.
മുട്ടുന്നതില്‍ അവളും അനുകൂലം.
സുഹൃത്തിന്റെ ഉത്സാഹത്തില്‍ ഞാന്‍ വീട്ടുകാരനോട് മുട്ടി.
ഗഡുക്കളായി  തന്നാല്‍ മതിയെന്ന് പറഞ്ഞത് സത്യമാണ്. പക്ഷേ മൂന്നര ലക്ഷം ഉടനെ കിട്ടണം. ബാക്കി അടുത്തമാസം. അങ്ങിനെയല്ല പറഞ്ഞതെന്നും പറഞ്ഞ് സുഹൃത്ത് അയാളോട് ചൂടായി. ഞാനത് വെള്ളമൊഴിച്ചു കെടുത്തി സുഹൃത്തിനെ രക്ഷിച്ചു. എന്റെ കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ മറ്റൊരാള്‍ എന്തിനാണ് തല്ല് കൊള്ളുന്നത്.
അന്നെനിക്കൊരു കാറുണ്ടായിരുന്നു. കെഎല്‍ഡി 8911. 1968 മോഡല്‍ അമ്പാസിഡര്‍. മഞ്ഞ ടാക്സിയായി ഓടിയവളെ വാങ്ങിച്ച് മതം മാറ്റി പ്രൈവറ്റ് ആക്കിയതാണ്. കറുപ്പ് നിറം. എന്നെ ജീവിതത്തില്‍ ഏറ്റവും അധികം സ്നേഹിച്ച വാഹനം. അവളെയും കൊണ്ട് ഞാന്‍ ലോകം മുഴുവന്‍ കറങ്ങിയിട്ടുണ്ട്. മനസിനകത്ത് അറ്റ്ലാന്റിക്ക് നിറച്ച് സുഖമായി ഓടിച്ചു കയറിയിട്ടുണ്ട്.
ആ കാര്‍ ഓടിക്കാന്‍ ചെന്നയില്‍ രമേശ് എന്നൊരാളെ ഞാന്‍ കണ്ടെത്തിയിരുന്നു. ഒരു സാധു മനുഷ്യന്‍. ഞങ്ങള്‍ക്കവനെ വലിയ ഇഷ്ടമായിരുന്നു. വീടു വാങ്ങാന്‍ ഞാനും സുഹൃത്തും ചെല്ലുന്നതിനും സംഭവം അടിപിടിയാവാതെ സുഹൃത്തിനെയും കൂട്ടി ഞാന്‍ തിരിച്ചുവരുന്നതിനും എല്ലാ സാക്ഷിയായ രമേശ് എന്റെ മുന്നില്‍ ഒരു ചോദ്യം എടുത്തിട്ടു.
”അണ്ണന് ഫ്ളാറ്റ് വേണോ…സ്ഥലം വേണോ…?’
”തല്‍ക്കാലം രണ്ടും വേണ്ട. നീ മുന്നോട്ട് നോക്കി ഓടിക്ക്.’
രമേശ് വണ്ടി ഓരം ചേര്‍ത്തു. അവന്‍ സംഗതി പറഞ്ഞു.
”എന്റെ മാമന് സ്ഥലം വില്‍ക്കലാണ് പണി. മാമന്‍ ഇപ്പോള്‍ വില്‍ക്കുന്ന സ്ഥലത്ത് ഒരു പ്ളോട്ട് മാത്രം ബാക്കിയുണ്ട്. അണ്ണന് ആ സ്ഥലം വാങ്ങിക്കൂടെ. സാവകാശം വീട് കെട്ടിക്കൂടെ…?
‘ കയ്യില്‍ പൈസ ഇല്ലെടോ…’
അവന്‍ ചുറ്റുംമുളച്ച് പന്തലിച്ചു നില്‍ക്കുന്ന കെട്ടിടങ്ങളിലേക്ക് ചൂണ്ടി.
‘ഈ കാണുന്ന സ്ഥലം മുഴുവന്‍ ആള്‍ക്കാര് വാങ്ങിയത് പൈസ് ഇല്ലാണ്ടാ..’
ട്ട നീ വണ്ടി വീട്’
അവര്‍ വണ്ടി എടുത്തില്ല.
ട്ട അണ്ണന്‍ ഗഡുക്കളായി പൈസ കൊടുത്താല്‍ മതി. മാമന്‍ നല്ലവനാണ്.’ അവന്‍ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കോര്‍മയില്ല. വൈകുന്നേരം അവന്റെ മാമന്‍ വന്നു. ഞാനും മാമനും രമേശും സ്ഥലം കാണാന്‍ ചെന്നു. നല്ല സ്ഥലം. പ്ളോട്ട് തിരിച്ച് അതിരിട്ട് വെച്ചിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും എല്ലാ അനുമതി പത്രങ്ങളും വാങ്ങിയിരിക്കുന്നു. പണം കുറേശെയായി കൊടുത്താല്‍ മതി. എനിക്ക് നീണ്ടു നിവര്‍ന്ന് കിടക്കാനുള്ള സ്ഥലം ഉണ്ട്.
കയ്യിലുള്ള കുറച്ച് പണം കൊടുത്ത് ആ സ്ഥലം ഞാന്‍ ഉറപ്പിച്ചു. പണം കൊടുത്തു തീര്‍ക്കുന്നതോര്‍ത്ത് പിന്നീടുള്ള രാത്രികളില്‍ സ്മിതയ്ക്കു പകരം ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കാന്‍ തുടങ്ങി.
ആ സ്ഥലം സ്വന്തമായ ശേഷം പിന്നീടുള്ള വൈകുന്നേരങ്ങളില്‍ മോളേയും കൂട്ടി ഞാനും സ്മിതയും അവിടേക്ക് പോകും. ആ സ്ഥലം ഞങ്ങളുടെ പൂങ്കാവനമാക്കും. കാറ്റുകൊള്ളും. പരിചയമുള്ള ആള്‍ക്കാര്‍ വന്ന് കുശലം പറയും. ഭാവിയില്‍ പണിയാന്‍ ആഗ്രഹിക്കുന്ന വീടിന്റെ പ്ളാന്‍ മനക്കോട്ട തുറന്ന് പുറത്തെടുത്ത് ആ മണ്ണില്‍ വെക്കും. സമയമായിട്ടില്ലെടാ പോത്തേ എന്നു പറഞ്ഞ് എല്ലാം ദൈവം തട്ടി നിരത്തും.
വീട് പണിയുന്നതിനു മുന്നോടിയായി അവിടെയൊരു കിണര്‍ കുഴിച്ചാലോ എന്നൊരു ചിന്ത വന്നു. അതിന് ദൈവം സമ്മതം തന്നു. തടസമില്ലാതെ കിണര്‍ ആഴം കണ്ടു. ഇഷ്ടം പോലെ വെള്ളം ഉറവപ്പൊട്ടി. താമസിക്കുന്ന സ്ഥലത്ത് വെള്ളത്തിന് ഭയങ്കര വിഷമമാണ്. സ്വന്തമായി ഒരു കിണര്‍ കിട്ടിയതോടെ, വലിയ പണക്കാര്‍ അവരുടെ എസ്റേറ്റുകളില്‍ നിന്നും വിലയേറിയ സാധനങ്ങള്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവരുന്നപോലെ, വീട്ടില്‍ വെള്ളമില്ലാത്തപ്പോള്‍ എട്ട് കിലോമീറ്ററോളം  ദൂരം കാറോടിച്ച് കിണറ്റില്‍ നിന്നും വെള്ളം കോരി കാറിനകത്തും ഡിക്കിയിലും കൊള്ളാവുന്നത്ര കാനുകളില്‍ നിറച്ച് ഞങ്ങളും കൊണ്ടുവരും.
അങ്ങിനെയിരിക്കേ 1994 ഡിസംബര്‍ മാസത്തിലെ ഒരു ദിവസം കൂടി സൂര്യന്‍ ഉദിച്ചു.
മഴപെയ്യുന്നുണ്ടെങ്കിലും കോളനിയിലെ ടാങ്കില്‍ വെള്ളമില്ല. യുകെജിയില്‍ പഠിക്കുന്ന മേഘയെ സ്ക്കൂളില്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ കടല്‍ വറ്റിയതുകൊണ്ട് തോണിയിറക്കാന്‍ പറ്റാത്ത മുക്കുവന്റെ ധര്‍മ സങ്കടത്തോടെ സ്മിത വീട്ടില്‍ ഇരിക്കുന്നു. അകത്ത് ഒരു തുള്ളിവെള്ളമില്ല. ജീവിതം തല്‍ക്കാലം നിശ്ചലമാണെന്ന തിരിച്ചറിവോടെ ഞാന്‍ കാറെടുത്തു. സഹായത്തിന് സ്മിതയേയും കൂട്ടി ഞങ്ങളുടെ കിണറിനടുത്തേക്ക് ചെന്നു. ചെറുതായി ചാറുന്ന മഴയില്‍ നനഞ്ഞുകൊണ്ടു തന്നെ അടുത്ത വീട്ടില്‍ നിന്നും ബക്കറ്റ് വാങ്ങി വെള്ളം കോരി എല്ലാ കാനുകളിലും നിറച്ച് ഹൈവേയിലൂടെ ഞങ്ങള്‍ തിരിച്ചു വരുകയാണ്. മഴ ശമിച്ചിരുന്നു. ഹൈവേ ആണെങ്കിലും ശരീരം ക്ഷീണിച്ച മനുഷ്യനെക്കാള്‍ കഷ്ടമാണ് റോഡിന്റെ സ്ഥിതി. മെലിഞ്ഞ് എല്ലുന്തി നിറച്ചും കുഴികളായി ആവശ്യത്തില്‍ കൂടുതല്‍ വാഹനങ്ങളേയും നെഞ്ചത്ത് കയറ്റി അവനങ്ങിനെ എന്തു ചെയ്യണമെന്നറിയാതെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. കുറച്ചുദൂരം മുന്നോട്ടു പോയില്ല, അകലെ വണ്ടികള്‍ വേഗത കുറച്ചു മുന്നില്‍ എന്തോ തടസം ഉള്ളതുപോലെ നിശ്ചലമാകുന്നത് കണ്ടു. ഞാനും വേഗത കുറച്ച് എന്തോ അപകടമാണെന്ന് ഞാന്‍ സ്മിതയോട് പറഞ്ഞു. അടുത്തുകൂടി ഒരു ഉറുമ്പ് ടാറ്റ് പറഞ്ഞ് പോയാലും പേടിക്കുന്ന സ്മിതയുടെ മുഖം വല്ലാതാവുന്നത് ഞാന്‍ കണ്ടു.
അടുത്തെത്തുന്തോറും വാഹനങ്ങളുടെ കുരുക്ക് സാവകാശം അഴിയുകയായി. ഉദ്ദേശിച്ചത് തന്നെ സംഭവിച്ചു. വാഹനങ്ങള്‍ക്ക് സ്ഥലം ഒരുക്കി കൈ വീശുന്ന പോലീസുകാരന് അരികില്‍ എത്താറായതും സ്മിതയാണ് ആ കാഴ്ച കണ്ടത്. നിരത്തോരത്തായി മഴ കുഴിച്ചെടുത്ത ചളിയില്‍ ഒരാള്‍ കമിഴ്ന്നു കിടക്കുന്നു. അരികില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മറിഞ്ഞു കിടക്കുന്നു.

എന്താണെന്നറിയില്ല, പോ..പോ.. എന്നു പറയുന്ന പൊലീസുകാരന്റെ അരികില്‍ ഞാന്‍ കാര്‍ നിര്‍ത്തി കാര്യം തിരക്കി.
”ബൈക്കും ലോറിയും ഇടിച്ചതാ സാറേ..”
”എന്താ ആശുപത്രിയില്‍ കൊണ്ടുപോവാത്തെ…”
ട്ടഅതപ്പവേ എരന്ത് പോച്ച്…’
പിറകില്‍ ഹോണ്‍ മുഴക്കുന്ന വാഹനത്തിന് വഴിയൊരുക്കാന്‍ പോലീസുകാരന്‍ ധൃതി കൂട്ടി. പെട്ടെന്നാണ് സ്മിത പറഞ്ഞത്.
ട്ടമരിച്ചിട്ടില്ല. അതാ തലയിളക്കുന്നുണ്ട്.’
ഞാനും കണ്ടു. കമിഴ്ന്ന കിടപ്പില്‍ നിന്നും അയാള്‍ തല ഉയര്‍ത്താന്‍ നോക്കുന്നുണ്ട്. ഞാന്‍ കാറെടുത്തില്ല. അയാള്‍ മരിച്ചിട്ടില്ലെന്ന് ഞാന്‍ പൊലീസുകാരനോട് പറഞ്ഞു. കൊണ്ടുപോയിട്ട് കാര്യമില്ലെന്നായി പൊലീസുകാരന്‍. അപകടം നടന്ത് അരമണി നേരമാച്ച്. അത് കേള്‍ക്കാതെ അയാളെ കാറില്‍ കയറ്റാന്‍ ഞാന്‍ പൊലീസുകാരനോട് പറഞ്ഞു. മുന്നിലും പിറകിലെ സീറ്റിലും വെള്ളം നിറച്ച കാനുകളില്‍ ചിലത് മാറ്റി സ്മിതയെ മുന്നിലെ സീറ്റിലേക്കാക്കി രണ്ടുപേരുടെ സഹായത്തോടെ  ഞാന്‍ അയാളെ കാറിലേക്കെടുത്തു.  അയാളുടെ തല രണ്ടായി പിളര്‍ന്നുപോയതുപോലെ കാണപ്പെട്ടു. ഭയപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു അത്. അവിടെ നിന്നും കില്‍പാക്ക് മെഡിക്കല്‍ കോളേജിലേക്ക് ഒരു പാട് ദൂരം ഉണ്ട്. ആ തിരക്കിലൂടെ, പെട്ടെന്ന് പെയ്ത മഴയിലൂടെ അയാളെ എങ്ങിനെയാണ് അവിടെ എത്തിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല. ആശുപത്രിയില്‍ എത്തിച്ച അയാളെ ഉന്തുവണ്ടിയില്‍ കയറ്റി ഡോക്ടര്‍ക്കു മുന്നില്‍ എത്തിക്കാന്‍ സഹായിച്ച ആളോടും പെട്ടെന്ന് പരിചരിക്കാന്‍ വന്ന ഡോക്റ്ററോടും എന്താണ് പറഞ്ഞതെന്നും ഓര്‍മയില്ല. അയാളുടെ കീശയില്‍ നിന്നും കിട്ടിയ കാര്‍ഡിലെ നമ്പറില്‍ വിളിച്ച് അപകടം നടന്ന കാര്യം ഞാന്‍ ആരെയോ അറിയിച്ചു. അവരെന്നോട് എന്തൊക്കെയോ ചോദിച്ചു. ഞാനും എന്തൊക്കെയോ പറഞ്ഞു. വീണ്ടും കാറിനടുത്തെത്തുമ്പോഴേക്കും അതിനകത്തെ രക്തക്കറ അത്രയും  കാനുകളിലെ വെള്ളം എടുത്ത് സ്മിത കഴുകിയിരുന്നു. അയാള്‍ക്കു വേണ്ടി മാറ്റെന്തെങ്കിലും ചെയ്യാന്‍ ഞാന്‍ അശക്തനായിരുന്നു.
സമയം ഒരുപാട് കഴിഞ്ഞു. മോള്‍ ക്ളാസ് കഴിഞ്ഞ് എന്നെയും കത്ത് നില്‍പ്പുണ്ടാവും. സ്കൂളില്‍ എത്തുന്നതുവരെ സ്മിത ഒന്നും സംസാരിച്ചില്ല. സ്കൂള്‍ ഗെയ്റ്റില്‍ കാത്തു നിന്ന മേഘ മാത്രം വീട്ടിലേക്കുള്ള യാത്രയില്‍ ക്ളാസിലെ വിശേഷങ്ങള്‍ പറഞ്ഞു. പിന്നെ ജിജ്ഞാസയോടെ കാറിന്നകത്തെന്താ ഒരു വാസനയെന്ന് ചോദിച്ചു.
ആ സംഭവം സ്മിത അവള്‍ക്കൊരു കഥപോലെ പറഞ്ഞു കൊടുത്തു. വെള്ളമില്ലാത്ത വീട്ടിലേക്ക് കാനുകളില്‍ ഒരു തുള്ളിവെള്ളംപോലും അവശേഷിക്കാതെ ഞങ്ങള്‍ തിരിച്ചു വന്നു. അന്നു മുഴുവന്‍ ഞങ്ങളുടെ ചിന്ത അയാളെക്കുറിച്ചു മാത്രമായിരുന്നു. ഒന്നിനും ഒരു ഉഷാറില്ല. ഞാന്‍ എന്റെ അച്ഛന്റെ മരണം ഓര്‍ത്തു. സന്ധ്യാനേരം വിളക്ക് തെളിച്ച് അയാള്‍ക്കൊന്നും സംഭവിക്കരുതേ എന്നു ഞാനും സ്മിതയും മോളും പ്രാര്‍ഥിച്ചു. നേഴ്സറിറൈം പോലെ മോള് പാടിയ പ്രാര്‍ഥന ഇംഗ്ളീഷ് പഠിച്ചിട്ടുണ്ടെങ്കില്‍ ദൈവത്തിന് മനസിലാകും എന്ന്  സ്മിതയോട് ഞാന്‍ പറഞ്ഞു.
രാത്രിയില്‍ ഉറക്കം വരാതെ ഞങ്ങള്‍ അയാളെക്കുറിച്ച് ഒരു കഥയുണ്ടാക്കി. കഥയില്‍ അയാള്‍ക്കൊരു ജോലികൊടുത്തു. രണ്ട് മക്കളെകൊടുത്തു. ഭാര്യയ്ക്കൊരു പേരു കൊടുത്തു. അനിയന്മാരെയും ഏട്ടന്മാരെയും കൊടുത്തു. അനി അഥവാ അയാള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ആ കുട്ടികളെ വളര്‍ത്താന്‍ സ്വന്തക്കാര്‍ ഉണ്ടാകുമെന്ന് ആശ്വസിച്ചു.
രാവിലെ മോളെ ക്ളാസിലാക്കി ഞാന്‍ വീണ്ടും ആശുപത്രിയിലെത്തി. അപ്പോഴേക്കും ആദ്യത്തെ രക്ഷപ്പെടുത്തല്‍ കഴിഞ്ഞ് രാത്രി തന്നെ അയാളെ ചെന്നൈയിലെ പാരീസില്‍ ഉള്ള ഒരു ആശുപത്രിയിലേക്ക് അയാളുടെ ആള്‍ക്കാര്‍ മാറ്റിയിരുന്നു. പാരീസിലെ ആശുപത്രിയില്‍ അയാളെ ചെന്നു കണ്ട എന്നെ കില്‍പാക്ക് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു കൊടുത്ത അടയാളം വെച്ച് അയാളുടെ ഭാര്യയുടെ ഏട്ടന്‍ എന്നെ തിരിച്ചറിഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞ് തലയില്‍ കെട്ടും കെട്ടി ബോധം വരാതെ കിടക്കുന്ന അയാളെ കാണിക്കുന്നതിനു മുന്‍പായി ഏട്ടനും കൂട്ടരും ഒപ്പം വന്ന പെണ്ണുങ്ങളും എന്റെ കാലില്‍ വീണു.
കാലില്‍ തൊട്ടാല്‍ എനിക്ക് ഇക്കിളിയാവും. അതവര്‍ക്ക് അറിയില്ലായിരുന്നു. അവരുടെ പിടിത്തവും കരച്ചിലും എനിക്ക് കിട്ടുന്ന ഇക്കിളിയും അതില്‍ നിന്നുണ്ടാവുന്ന ചിരിയും എല്ലാം ചേര്‍ന്ന് എനിക്കും കരച്ചില്‍ വന്നു.
കണ്ണട ഉള്ളതുകൊണ്ട് കരയാനും വല്ല്യ വിഷമമാണ്.
അത് കണ്ണട വെച്ചവര്‍ക്കേ അറിയൂ.
അയാള്‍ ചെന്നൈയിലെ സെന്റര്‍ ബാങ്ക് ഓഫ് ഇന്‍ഡ്യയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. പേര് പ്രകാശം.
പ്രകാശത്തിന് മക്കള്‍ രണ്ട്.
രണ്ട് മക്കള്‍ക്ക് അമ്മ ഒന്ന്.
സന്തുഷ്ട കുടുംബം.
ബാങ്കിലേക്ക് പോകുന്ന വഴിക്കാണ് ലോറി ഇടിച്ചത്. പ്രകാശം രക്ഷപ്പെട്ടു എന്നറിഞ്ഞതോടെ  ഞങ്ങളുടെ ജീവിതത്തില്‍ അതുവരെ കാണാതിരുന്ന ഒരു ഉണര്‍വ്വു വന്നു.
പിന്നീട് ആറുമാസമെങ്കിലും ആയിക്കാണും. തല മൊട്ടയടിച്ച് നെറ്റിയുടെ മധ്യം മുതല്‍ പിറകില്‍ കഴുത്തുവരെ നീളുന്ന മുറിപ്പാട് മറയ്ക്കാനായി തൊപ്പിവച്ച് മക്കളുടെ കൈയും പിടിച്ച് അവരുടെ അമ്മയും ഏട്ടനും അച്ഛനും എല്ലാമായി വീട്ടില്‍ വന്നു കയറിയ ആ മനുഷ്യന്റെ മുഖം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ആ മുഖത്തുണ്ടായ വികാരം അഭിനയിച്ചു കാണിക്കാന്‍ ഒരു മഹാനടനും സാധിക്കില്ല. കാലില്‍ വീഴാന്‍ ഭാവിച്ച എല്ലാവരേയും ഇക്കിളിയുടെ കാര്യംപറഞ്ഞ് ഞാന്‍ വീണ്ടും മാറ്റി നിര്‍ത്തിയെങ്കിലും സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി കരച്ചില്‍ പിടിച്ചടക്കി അവര്‍ വീട്ടില്‍ ചെലവഴിച്ച നിമിഷങ്ങളും അവ വിതര്‍ത്തിയ പ്രകാശവും എന്റെ കണ്ണില്‍ നിന്നും ഈ ജീവിതാവസാനം വരെ മാഞ്ഞു പോകില്ല.
ആരും ആരെയും രക്ഷപ്പെടുത്തുന്നില്ല. രക്ഷപ്പെടുത്തുന്നത് മറ്റാരോ. അയാളിലേക്ക് നമ്മള്‍ പ്രാണന്‍ പിടയുന്നവരെ കൈമാറുന്നുവെന്ന് മാത്രം. അങ്ങനെ രക്ഷപ്പെട്ട് തിരിച്ചെത്തുന്നവരില്‍ ആരോ ആയിരിക്കും ചിലപ്പോള്‍ നമ്മുടെ പ്രാണനും രക്ഷപ്പെടുത്താനായി ആ മഹാന് കൈമാറുന്നത്. പ്രകാശന്റെ കാര്യത്തില്‍ അത്  പരിപൂര്‍ണമായും ശരിയുമാണ്. അപകടത്തില്‍പ്പെട്ട് പിടയുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുന്ന ജോലി പ്രകാശം പന്നീട് സ്വയം ഏറ്റെടുത്തു. കുറേ കാലത്തിനു ശേഷം അങ്ങിനെ രക്ഷിച്ചവരില്‍ ഒരാള്‍ അയാള്‍ ”എരന്തു പോച്ച്’ എന്നെന്നോട് പറഞ്ഞ പൊലീസുകാരന്‍ തന്നെ ആയിരുന്നു എന്നത് എന്നെ ഇന്നും വിസ്മയിപ്പിക്കുന്ന ഒരു യാദൃച്ഛികം.
എന്തുകൊണ്ടോ ഞങ്ങളുടെ കിണറ്റില്‍ നിന്നും വെള്ളം എടുക്കാന്‍ പിന്നീട് പോകേണ്ടിവന്നിട്ടില്ല. അവിടെ ഇതുവരെ എനിക്കൊരു വീട് വെക്കാനും സാധിച്ചിട്ടില്ല. ഈയിടെയും ഞങ്ങള്‍ അവിടെ പോയി. പരിസരങ്ങളില്‍ പുതുവീടുകള്‍ ഉയര്‍ന്നു വരുന്നു. എന്നെങ്കിലും ഒരിക്കല്‍ ഞാനവിടെ ഒരു വീട് പണിതേക്കും. പക്ഷേ ഒരുകാര്യം എനിക്ക് തീര്‍ച്ചയാണ്. അര്‍ദ്ധരാത്രിയില്‍ അരികില്‍ കിടന്നുറങ്ങുന്ന സ്മിത പെട്ടെന്നെഴുന്നേറ്റ് എന്നെ വിളിച്ചുണര്‍ത്തി കാര്യമായി ചോദിച്ചത് നമുക്ക് സ്വന്തമായി ഒരു വീട് വേണ്ടേ…എന്നല്ല.
കേട്ടത് അങ്ങിനെയാണെങ്കിലും അവള്‍ ചോദിച്ചത്,
”നമുക്ക് പ്രകാശത്തെ രക്ഷിക്കണ്ടേ…”
എന്നാണ്.
മനസിലെ വിഷമിപ്പിക്കുന്ന എന്ത് ചോദ്യം കേട്ടാലും പെട്ടെന്ന് ശപിക്കരുത്.
ആ ചോദ്യത്തിനുള്ളിലെ ചോദ്യത്തിന്റെ ലക്ഷ്യം സത്യമായും മറ്റെന്തോ ആയിരിക്കും.

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 14 + 12 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.