KAKKAYAM with KAILASH

By Admin

കക്കയത്തിന്റെ കാഴ്ചകളില്‍ അനുരാഗവിലോചനനാകാന്‍ കൈലാഷ് യാത്ര പോകുന്നു. കൂട്ടിന് ഷെവര്‍ലെയുടെ ‘ചുള്ളന്‍ ചെക്കന്‍’  ബീറ്റും.


മനസുനിറയെ മധുരം നിറച്ചുവെച്ച മിഠായി ഭരണിയാണ് എനിക്കു കോഴിക്കോട്. തിരുവല്ലാക്കാരനായ ഒരു സാധാരണക്കാരനെ എംടി സാറിന്റെ മൌനം മുറിഞ്ഞ മൂളല്‍ നടനാക്കി മാറ്റിയതില്‍ത്തുടങ്ങി സ്നേഹത്തിന്റെയും പരിഗണനയുടെയും എത്രയോ മധുരങ്ങള്‍ കോഴിക്കോട് അനുഭവിപ്പിച്ചിരിക്കുന്നു. എനിക്കായി ഈ നഗരത്തിലെവിടെയും ഓര്‍മകളുടെ മിഠായിക്കടലാസുകള്‍ ചിതറിക്കടപ്പുണ്ട്. അവയിലൂറിയ മധുരം ഓര്‍മയില്‍ നുണഞ്ഞു കൊണ്ട് നമുക്കീ യാത്രപോകാം.
ട്ടആണ്‍ പിറന്ന വീട്› എന്ന പുതിയ ചിത്രത്തിന്റെ തിരക്കിട്ട ഷൂട്ടിങ് ദിനങ്ങളിലാണിപ്പോള്‍ ഞാന്‍. സൌഹൃദങ്ങളുടെ പൂക്കൂടകള്‍ എമ്പാടും തുറന്നു വെച്ചിരിക്കുന്ന കോഴിക്കോടന്‍ മണ്ണില്‍ എന്നും ജോലിത്തിരക്കുകളില്‍ മാത്രം വ്യാപൃതനാകാന്‍ എങ്ങനെ കഴിയും. ഹാവ് എ ബ്രേക്ക്.. ഹാവ് എ കിറ്റ് കാറ്റ്… എന്നാണല്ലോ ചൊല്ല്.
ട്ടഓവര്‍ടേക്ക്› വായനക്കാര്‍ക്കായി ഒരു വണ്‍ഡേ ബ്രെക്കിന് ഞാന്‍ തയ്യാര്‍. ട്ടഓവര്‍ടേക്ക്› ടീം നിശ്ചയിച്ച കക്കയം – പെരുവണ്ണാമൂഴി എന്ന യാത്രാ ലക്ഷ്യത്തിന് സഹൃദയം സ്വാഗതം. കാരണം, ട്ടപെണ്‍പട്ടണം› എന്ന ചിത്രത്തിലെ ഗാനചിത്രീകരണത്തിനായി മുമ്പൊരിക്കല്‍ കക്കയത്തിനടുത്തുള്ള തടാകക്കരയില്‍ പോയതോര്‍ക്കുന്നു. ജോലിത്തിരക്കില്‍ മനസില്‍ അത്രകണ്ട് പതിയാതെ പോയ ആ ദൃശ്യങ്ങളിലേക്കാവാം ഈ യാത്ര.
ഏതു യാത്രയും സഫലമാകുന്നത് കണ്ടുതീര്‍ത്തു എന്നു കരുതിയ ഇടങ്ങള്‍ മടക്കയാത്ര മുതല്‍ തിരികെ വിളിച്ചു തുടങ്ങുമ്പോഴല്ലേ.
ദെന്‍…ലെറ്റ്…സെറ്റ്..ഗാാാാാേ…

MORNING BEATS
സിറ്റി ഡ്രൈവിനൊരു ക്യൂട്ട് കാര്‍. ബീറ്റിനെപ്പറ്റിയുള്ള എന്റെ ധാരണ ഇത്രയേയുള്ളൂ: ബാക്കി ബീറ്റ് തന്നെ പറഞ്ഞു തരട്ടെ…. രാവിലെ ആറിന് മഹാറാണി ഹോട്ടല്‍ മുറ്റത്ത് ഓവര്‍ടേക്ക് ടീമിനൊപ്പം ബീറ്റും എന്നെക്കാത്തു കിടന്നു; ഒറ്റനോട്ടത്തില്‍ ബീറ്റ് കൊള്ളാം – ചുള്ളന്‍ ചെക്കന്‍!
നഗരം ഉണര്‍ന്നു തുടങ്ങിയിട്ടില്ല. ബീറ്റെന്ന ട്ടയോ യോ… മുട്ടായിപ്പയ്യന്‍› ആരാധകരുടെ  നോട്ടങ്ങള്‍ കവരുന്നു. നഗരത്തില്‍ ബീറ്റ് മിടുമിടുക്കന്‍ സിറ്റി കാര്‍ തന്നെ. നെന്മണ്ടയില്‍ നിന്നും ബാലുശേരി കടന്ന് വലത്തേക്ക്. നഗരത്തിന്റെ വമ്പന്‍ എടുപ്പുകള്‍ മായുമ്പോള്‍ മനം കുളിര്‍പ്പിക്കുന്ന ഗ്രാമദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. യൂണിഫോമിട്ട കൊച്ചു സുന്ദരിമാര്‍ നിരന്നുനില്‍ക്കുന്ന ബസ് സ്റോപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ ബീറ്റിന് ഒരു പൂവാലന്റെ ഛായ. വെയില്‍നാളങ്ങളേല്‍ക്കാന്‍ സൌന്ദര്യമുള്ള മൊഞ്ചത്തികളുടെ കുസൃതിച്ചിരികളില്‍ പ്രഭാതത്തിന്  കൂടുതല്‍ തെളിച്ചവും വശ്യതയും. എസ്റേറ്റ് മുക്ക് എന്ന കൊച്ചു കവലയാണ് ഈ യാത്രയിലെ പ്രധാന ടേണിങ് പോയിന്റ്. ഇവിടെ നിന്ന് ഇടത്തേക്കു തിരിഞ്ഞ്, മുപ്പതോളം കിലോ മീറ്റര്‍ പോയാല്‍ കക്കയമായി. പ്രഭാത ഭക്ഷണം ഇവിടെയാകാം. ഭക്ഷണത്തിലും സ്നേഹത്തിലും എപ്പോഴും ട്ടഹെവി› മനസാണ് കോഴിക്കോടിന്. കൊച്ചുവെളുപ്പാന്‍ കാലത്തും ബീഫും മട്ടനും തട്ടുന്ന കോഴിക്കോടന്‍ രുചിപ്രേമികള്‍ക്കിടെ ഞാനെന്ന പാവം തീറ്റക്കാരന്‍ ഒതുങ്ങിയിരുന്നു. ട്ടബ്ള ഇടിയപ്പവും ഗ്രീന്‍പീസും മതി›› ഹോട്ടല്‍ ബോയ് ഒരു കുട്ടിയെ നോക്കുന്നതുപോലെ നോക്കുന്നു. മേശയ്ക്കെതിര്‍വശത്തൊരാള്‍ ഒരു മുട്ടന്‍ മീന്‍ കിടന്നു തുടിക്കുന്ന കറിയില്‍ സ്പൂണിന്റെ തുഴയെറിഞ്ഞ് ഉഷാറാവുന്നു – ചെമ്മീന്‍ സിനിമയിലെ പഴനിയെപ്പോലെ.

MALABAR’S OOTTY

ഊട്ടിയെന്ന് എവിടെ കേട്ടാലും ചാടിപ്പുറപ്പെടുന്ന മനസാണ് എന്റേത്. എന്റെ യമഹയില്‍ ഊട്ടിയിലേക്ക്  എത്രയോ തവണ ബൈക്കോടിച്ചു പോയിരിക്കുന്നു – വെറുതെ ഒരു രസത്തിന്. എന്നിലെ സഞ്ചാരിയുടെ ആദ്യ കാമുകിയാണ് ഊട്ടിയെന്ന് പറയാം. അതിനാല്‍ ഊട്ടിയെന്നു കേള്‍ക്കുമ്പോഴേ ആ പഴയ യാത്രകളുടെ ഓര്‍മകള്‍  മനസില്‍ തുളുമ്പുന്നു.

ഓവര്‍ടേക്കുകാര്‍ എന്റെ ഊട്ടിപ്രമം എങ്ങനെയാണ് അറിഞ്ഞത്?
അല്ലേലും ഈ പത്രക്കാരെക്കൊണ്ടു തോറ്റു. മലബാറിന്റെ ഊട്ടിയാണ് കക്കയമെന്ന് വിളിച്ചുപറയുന്ന ബോര്‍ഡുകള്‍ വനംവകുപ്പിന്റേതായി വഴിയരികില്‍ കാണാം.
വന്യജീവി പരിപാലന കേന്ദ്രങ്ങളുടെ അസംബ്ളിയില്‍ പതിനാറാമനായി കേരളം പിടിച്ചു നിര്‍ത്തിയ കുട്ടിയാണ് കക്കയമെന്ന് ബോര്‍ഡില്‍ നിന്നു വായിക്കാം. 680 തരം അപൂര്‍വയിനം പൂച്ചെടികള്‍, 39 തരം പുല്‍വര്‍ഗങ്ങള്‍ 22 തരം ഓര്‍ക്കിഡുകള്‍….
അങ്ങുദൂരെ കക്കയത്തെ കാടുംമേടും ഒരുങ്ങി സുന്ദരിയായിട്ടാണ് ഇരിപ്പ്. ഇനി പേടിക്കില്ലെങ്കില്‍ മറ്റുചിലതുകൂടി പറയാം. ആന, കരടി, കാട്ടുപോത്ത്, പുള്ളിപ്പുലി….. ഏതു സൌന്ദര്യത്തിനു പിന്നിലും പേടിപ്പിക്കുന്ന ചിലതു കൂടിയുണ്ടെന്ന് കാരണവന്മാര്‍ പറഞ്ഞത് മറക്കേണ്ട.

STOPPING BY THE WOODS
കക്കയത്ത് എത്തുന്നതിനു തൊട്ടുമുമ്പ് തലയാട്  കഴിഞ്ഞ് ഇടത്തേക്ക് തിരിയാം. ഒരു സാധാരണ ഇടവഴി കടന്ന് കുറച്ച് കൂടി പോകുമ്പോള്‍ ആരും അത്ഭുത ലോകത്തിലെത്തിയ ആലീസിനെപ്പോലെ കണ്‍മിഴിച്ചു പോകും. വഴി തെറ്റി എത്തിയത് തേക്കടിയിലോ എന്ന ആശ്ചര്യചിഹ്നമിട്ടു നില്‍ക്കും മനസ്. മരങ്ങള്‍ക്കിടയില്‍ ധ്യാനനിരതമായി ഒഴുകിപ്പരന്നു കിടക്കുന്ന തെളിഞ്ഞ വെള്ളം. സൌന്ദര്യം നിശ്ചലമായതു പോലൊരു ജലാശയം. മരങ്ങള്‍ കണ്ണാടി നോക്കിനില്‍ക്കുമ്പോള്‍ ജലപ്പരപ്പിന്റെ സ്വച്ഛതയെ ധൃതിയില്‍ വന്നുതൊട്ട് കൊക്കില്‍ മിനിനേയും കോര്‍ത്ത് ഉയര്‍ന്നു പോകുന്ന നീലപ്പൊന്മാനുകള്‍. മരക്കൂട്ടങ്ങളും ജലപ്പരപ്പും ചേര്‍ന്ന അഭൌമമായ കാഴ്ച.
ജലാശയത്തിനു മറുകരയില്‍ ഉണങ്ങിയ പുല്‍പ്പരപ്പിലും പ്രതീക്ഷയുടെ പച്ചകള്‍ തേടി കാലിക്കൂട്ടങ്ങള്‍ മേയുന്നു. മറുകര ഒരു മൊട്ടക്കുന്നാണ്. ചൂളമരങ്ങളും അക്കേഷ്യയും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരക്കാട്. ആകാശത്ത് വെളുവെളുത്ത കാലിക്കൂട്ടങ്ങളുടെ രൂപത്തില്‍ മേയാനിറങ്ങിയ മേഘങ്ങള്‍. ഇവിടെവെച്ചാണ് പെണ്‍പട്ടണത്തിലെ നായികയുമൊത്ത് പാട്ടിന് ഞാന്‍ നൃത്തം വച്ചത്.
യഥാര്‍ഥ ജീവിതത്തിലെ നായികാനായകന്മാര്‍ ഓര്‍മകളുടെ ആല്‍ബങ്ങളില്‍ മധുരസ്മരണകള്‍ ചേര്‍ത്തുവെയ്ക്കാനായി കല്യാണ വീഡിയോ ഗ്രാഫര്‍മാര്‍ക്കു മുന്നില്‍ അഭിനയിക്കുന്ന കാഴ്ചകളും ഇവിടെ സജീവം. കല്യാണ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇത് പാവങ്ങളുടെ തേക്കടിയായിരിക്കാം. വെള്ളം തെറുപ്പിച്ചുകൊണ്ട് ഭര്‍ത്താവിനു നേരെ ജലത്തുള്ളികളുടെ കിലുക്കം പോലെ ചിരിക്കുകയാണ് ഒരു പുതുപ്പെണ്ണ് – ഈ ട്ടസീനില്‍› എന്തു ചെയ്യണമെന്നറിയാതെ ബേജാറാകുന്നു പുതുപ്പയ്യന്‍.
‘അനുരാഗ വിലോചനനായി’ എന്ന പാട്ടാണ് കല്യാണ വീഡിയോകളില്‍ ഇന്നും ഏവര്‍ക്കും പ്രീയപ്പെട്ടതെന്ന് പരിചയപ്പെടാന്‍ വന്ന വീഡിയോഗ്രാഫര്‍ പറയുന്നു. അവിടെ പാടി ട്ടഅഭിനയിച്ചു›കൊണ്ടിരുന്ന എല്ലാ അനുരാഗവിലോചനന്മാര്‍ക്കും കുട്ടിമാളുമാര്‍ക്കും ആശംസകളര്‍പ്പിച്ച് തത്ക്കാലം വിട. വൈകും മുമ്പേ കാടിറങ്ങണം. വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരങ്ങളില്‍ ഒരു ശല്യക്കാരനാകാന്‍ എന്നെക്കിട്ടില്ല. വെയിലാറും മുമ്പ് തിരിച്ചിറങ്ങണമെന്നാണ് കണക്കുകൂട്ടല്‍. കാടും കടലും എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണെന്നറിയാം.. ബാക്കിയെല്ലാം മനസുപറയും പോലെയാകട്ടെ.


MARTYR RAJAN
‘കുഞ്ഞു തേക്കടി’ യില്‍ നിന്നും മൂന്നു കിലോ മീറ്റര്‍ ഓടിയെത്തുമ്പോഴേക്കും മുന്നില്‍ കക്കയം കവല സ്വാഗതം ചെയ്യുന്നു. ഇവിടെ നിന്നും നേരെ പതിനാലു കിലോ മീറ്റര്‍ ദൂരം താണ്ടിയാല്‍ കക്കയം ഡാം. ഇടത്തേക്കു തിരിഞ്ഞ് മൂന്നു കിലോ മീറ്റര്‍ കഴിഞ്ഞാല്‍ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ട്ടഊര്‍ജ്ജ കേന്ദ്രങ്ങളി›ല്‍ (പവര്‍ ഹൌസ്) ചെല്ലാം.
കവലയില്‍ ഓലകൊണ്ട് മേഞ്ഞുകെട്ടിയ പുരയില്‍ വിശ്രമിക്കുന്ന തൊഴിലാളികളെ കണ്ടു. ഷെഡിനരുകില്‍ അടിയന്തരാവസ്ഥക്കാലത്തിന്റെ രക്തസാക്ഷി രാജന്റെ പ്രതിമ  കരുണയില്ലാത്ത ഒരു ദുരന്ത കാലത്തിന്റെ സ്മാരകമായി സ്ഥാപിച്ചിട്ടുണ്ട്.
കക്കയം എന്നു കേള്‍ക്കുമ്പോള്‍ അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാംപാണ് ഓര്‍മയില്‍ വരിക. ഈച്ചരവാര്യര്‍ എന്ന പാവം അച്ഛന്റെ കാത്തിരിപ്പും  കണ്ണീരും – പോലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ രാജന്‍ എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ ദീനസ്വരങ്ങള്‍…. ചെകുത്താന്മാര്‍ കയറിപ്പോയ വഴികളിലൂടെയാണല്ലോ ദൈവമേ ഇപ്പോള്‍ ഈ യാത്ര.
രാജന്റെ നിലവിളികള്‍ അലിഞ്ഞു ചേര്‍ന്ന വിങ്ങല്‍ കൊണ്ടാകാം കാട് നിശബ്ദമാണ്. ഹെയര്‍പിന്നുകള്‍ വളഞ്ഞും പുളഞ്ഞും കാട്ടിലേക്കുകയറിപോകുന്ന കറുത്ത പെരുമ്പാമ്പിനെപ്പോലെ തോന്നിപ്പിച്ചുകൊണ്ടേയിരുന്നു. പൊട്ടിയും അടര്‍ന്നും വികൃതമായ പാമ്പിന്‍പടം പോലെ തന്നെ റോഡ്. സിറ്റിയുടെ സുഖകരമായ ആലസ്യത്തില്‍ നിന്നും ബീറ്റ് ഉണര്‍ന്നിരിക്കുന്നു. കാട്ടുപാതയുടെ വെല്ലുവിളികളില്‍ ബീറ്റ് ശരിക്കും പുലിക്കുട്ടി.
എസ്.കെ. പൊറ്റക്കാട് ട്ടനാടന്‍ പ്രേമ›ത്തില്‍ എഴുതിയ  വാങ്മയ ചിത്രങ്ങളില്‍ നിന്നും കോഴിക്കോടിന്റെ ഈ കിഴക്കന്‍ മലമ്പ്രദേശം അധികമൊന്നും മാറിയിട്ടില്ലെന്നു വ്യക്തം -ബ്ളബ്ള എഴുപതുകൊല്ലത്തിനപ്പുറത്തെ ഈ പ്രദേശത്തിന്റെ ചിത്രം വാങ്മയങ്ങളിലൂടെ എസ്കെ വരച്ചിടുന്നത് ഇങ്ങനെയാണ്:-
ട്ടബ്ളഇവിടെ നിന്ന് കിഴക്കോട്ട്, കാട്ടാനയും നരിയും മൂങ്ങനും മലമാനും പണിയനും പുലരുന്ന വന്‍കാടുകളാണ്. ഓടക്കാടും ഓമപ്പുല്ലും നിറഞ്ഞ ദുര്‍ഗ്ഗട മാര്‍ഗങ്ങളെ അവിടേക്കൂള്ളൂ. നായാടുവാനും മരം വെട്ടുവാനും മാത്രമേ ആരെങ്കിലും അതിനപ്പുറം പോകാറുള്ളൂ››
നായാടികളും മരംവെട്ടുകാരും ഇന്നില്ല. നിയമം അതിന്റെ മുള്‍വേലികൊണ്ട് സംരക്ഷിച്ചിരിക്കുന്ന ഈ വനമേഖലയ്ക്ക് പഴയ കാലത്തില്‍ നിന്നും വലിയ മാറ്റവുമില്ല. ആകെയുള്ള മാറ്റം ഓമപ്പുല്ലുകളെ വകഞ്ഞുമാറ്റിക്കൊണ്ടു നിര്‍മിച്ച ഇടുങ്ങിയ റോഡു മാത്രം.

URAKKUZHI FALLS
കക്കയം ഡാമിന് മൂന്നു കിലോമീറ്റര്‍ ഇപ്പുറത്തേക്കുള്ള ഇടുങ്ങിയ വഴി. ഒരരികില്‍ പാറക്കെട്ടിന്റെ ഭീമാകാരത. അരികില്‍ ഉണങ്ങിയ ഞാങ്ങണം പുല്ലുകള്‍ – താഴെ അഗാധമായ കൊക്ക. ആകാശത്തേക്കു ഇവിടെ നിന്നും ഏതാനും നാഴിക കൂടിപ്പോയാല്‍ മതിയെന്ന് തോന്നിപ്പോകും ഈ വഴിത്താര കണ്ടാല്‍.
മേഘങ്ങള്‍ക്കു മുകളില്‍ നിന്നും ദൈവം ഇറങ്ങിവരുന്നുണ്ടെങ്കില്‍ അതിവിടേക്കായിരിക്കും. ഈ പാറക്കെട്ടിന് മുകളിലിരുന്ന് താഴെ പരന്നു കിടക്കുന്ന ഭൂവിഭാഗങ്ങളെ നോക്കി നിര്‍ന്നിമേഷനായിരുന്ന് ദൈവം തിരികെ പോകുന്നുണ്ടാകും….
ദൈവത്തിന് മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഏകാന്തപൂര്‍ണമായ അനുഭവത്തില്‍ നിന്നൊരു തുണ്ട് മനുഷ്യനും കിട്ടുന്നു ഇവിടെ നില്‍ക്കുമ്പോള്‍.
പാറക്കെട്ടിന്റെ മലയുടെ തുമ്പത്തേക്കു തിരിഞ്ഞ് വീണ്ടുമൊരു കാടിനുള്ളിലേക്ക് ഓടിയെത്തി ചെന്നു നില്‍ക്കുന്നത് കക്കയം വനം പരിസരത്തേക്കാണ്. ഇവിടെ ഫോട്ടോഗ്രാഫി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ഒരു പോലീസുദ്യോഗസ്ഥനും കെഎസ്ഇബി ഉദ്യോഗസ്ഥനുമുണ്ട്. സഞ്ചാരികളെ ഈ ദിനങ്ങളില്‍ ഇവിടേക്കു കടത്തിവിടാറില്ലെന്ന് അവര്‍ അറിയിച്ചെങ്കിലും കൂടുതല്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ കനിവുകാട്ടി. പത്തുരൂപ പാസുവാങ്ങി ഡാം ചുറ്റി വീണ്ടും നടന്നു.
ഈ ഡാമില്‍ നിന്നുമുള്ള വെള്ളം പൈപ്പുകളിലൂടെ കടത്തിവിട്ട് കിലോ മീറ്ററുകള്‍ ദൂരം മലകളിലൂടെയും മറ്റും കടന്ന് പ്രൊപ്പല്ലറുകളില്‍ വീഴിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കൂറ്റന്‍ ഇരുമ്പു പൈപ്പുകള്‍ മലകള്‍ തുരന്നും പാറകള്‍ക്കിടയിലൂടെ പുളഞ്ഞും നീണ്ടു നീണ്ടു പോകുന്നത് യാത്രയ്ക്കിടെ പലതവണ കണ്ടിരുന്നു. ഇവ പതിനാലു കിലോ മീറ്റര്‍ സഞ്ചരിച്ചെത്തുന്നത് കുറ്റ്യാടി പവര്‍ ഹൌസിലേക്ക്. അവിടെ നിന്നും വെള്ളം പുഴയിലൂടെ ഒഴുക്കി പെരുവണ്ണാമുഴിയിലെത്തുന്നു. ജലസേചന പദ്ധതികള്‍ക്കായാണ് ഈ വെള്ളം തുടര്‍ന്നുപയോഗിക്കുക.
ഡാമില്‍ നിന്നും ഒരു കിലോ മീറ്റര്‍ കാട്ടിനുള്ളിലൂടെ നടക്കണം. നടന്നു ചെന്നപ്പോള്‍ പാറകള്‍ക്കുമേല്‍ കാട്ടാര്‍ മദിച്ചുപായുന്ന ഹുങ്കാര ശബ്ദം കേട്ടുതുടങ്ങി – ഉരക്കുഴി വെള്ളച്ചാട്ടം.
വെള്ളച്ചാട്ടത്തിനു കുറുകെ റോപ്പ് ബ്രിഡ്ജ് ഉണ്ട്. ബ്രിഡ്ജില്‍ കയറി ശ്വാസം പിടിച്ച് കുറച്ചു നടന്നാല്‍ ഹൃദയം നിന്നുപോകുന്ന തരിപ്പുപ്പടര്‍ത്തുന്ന ഒരു കാഴ്ച കാണാനാകും. ഭൂമിയുടെ അഗാധങ്ങളിലേക്ക് പായുന്ന വെള്ളച്ചാട്ടം. മൂടല്‍മഞ്ഞുമൂടിക്കിടക്കുന്ന പാറക്കെട്ടുകള്‍ കടന്നാല്‍ നിതാന്തമായ ശൂന്യത.
പ്രകൃതിയുടെ ഇന്ദ്രജാലങ്ങളില്‍ ശ്വാസഗതിപോലും നിന്നുപോകുന്ന അനുഭവം. പ്രപഞ്ചത്തിന്റെ അവസാന വാതിലെന്നപോലെ മൂടല്‍മഞ്ഞുമൂടിയ ആ കാഴ്ചയിലേക്കു കുറേ സമയം നോക്കി നിന്നാല്‍ സ്വയമൊരു ഇലത്തുണ്ടുപോലെ അവിടേക്ക് പാറിവീഴുന്നതുപോലെ തോന്നും. കാലുകളില്‍ നേരിയ തരിപ്പ് തോന്നി. ഭയവും ഉത്കണ്ഠയും ചേര്‍ന്ന നെഞ്ചിടിപ്പു കൂടുന്ന മുഹൂര്‍ത്തം. അധികനേരം നില്‍ക്കാതെ ഇളകിയാടുന്ന റോപ്പ് ബ്രിഡ്ജില്‍ നിന്നും പാറയിലേക്കു ചാടിയിറങ്ങി.
ഊരക്കുഴി വെള്ളച്ചാട്ടത്തിനരികിലാണ് രാജന്റെ മൃതദേഹം പഞ്ചസാരയിട്ട് കത്തിച്ചതെന്ന് പറയപ്പെടുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഊരക്കുഴി ചെകുത്താന്റെ പണിപ്പുരപോലൊരു സ്ഥലം തന്നെ.
ഊരക്കുഴി വെള്ളച്ചാട്ടത്തിന്റെ അരികിലൊരു നീരുറവകാണാം. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ശുദ്ധവും ധാതുലവണങ്ങള്‍ നിറഞ്ഞതുമായ ജലം ഇവിടെയാണുള്ളത്. മുത്തുപോലെ ചിതറി പാറക്കെട്ടില്‍ നിന്നും വീഴുന്ന വെള്ളം കൈക്കുമ്പിളില്‍ കോരിക്കുടിക്കുമ്പോഴേക്കും ക്ഷീണമെല്ലാം എവിടെയോപൊയൊളിച്ചു. കാട്ടിനുള്ളിലെ മറ്റു കാഴ്ചകളിലേക്ക് പിന്നെ ഊര്‍ജ്ജസ്വലതയോടെ ഒറ്റ നടത്തം വച്ചുകൊടുത്തു…


PAZHASSI’S  FOOTPRINTS
” ആദിയുഷ സന്ധ്യ പൂത്തതിവിടെ…”  അറിയാതെ മൂളിപ്പോയതാണ് ഈ പാട്ട്. കാട്ടിലേക്കു കൂട്ടുവന്ന കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പാട്ടുകേട്ടതും കുറേ കഥകളുടെ കെട്ടഴിച്ചു. ബ്രിട്ടീഷുകാരോട് പടപൊരുതിയ വീരപഴശ്ശി ഈ കാടുകളും താവളമാക്കിയിരുന്നത്രേ! ഈ കാടുകളുടെ ഒരരിക് വയനാടന്‍ കാടുകളിലേക്കാണ് ചെന്നു ചേരുന്നത്. കുറിച്യര്‍ കാട്ടിക്കൊടുത്തവഴികളിലൂടെ പഴശ്ശിത്തമ്പുരാന്‍ മെയ്യും മനവും കണ്ണാക്കി ഈ കാടുകളും താണ്ടി. വീരദേശാഭിമാനിക്ക് എന്റെ പ്രണാമം.
ഇനി തിരിച്ചിറക്കം. വെയില്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. മങ്ങിയ വെയിലില്‍ ഉണങ്ങിയ പുല്ലുകളും ഇലകളുമെല്ലാം ചേര്‍ന്ന് സ്വര്‍ണവര്‍ണ്ണ മണിഞ്ഞുനില്‍ക്കുന്ന കാടിനെക്കാണുകയാണ്. ഇതും ഒരു പുതിയ കാഴ്ച തന്നെ.
കക്കയം കവലയില്‍ നിന്നും തിരിച്ചുപോരുമ്പോള്‍ വഴിയരികില്‍ കുരിശും ചെറിയൊരു ആരാധനാസ്ഥലവും കണ്ടു. കല്ലാനോട് കുടിയേറ്റത്തിന്റെ സ്മരണയ്ക്ക് എന്നെഴുതിയും വെച്ചിരിക്കുന്നു.
ദശാബ്ദങ്ങള്‍ക്കു മുമ്പേ മധ്യതിരുവിതാംകൂറില്‍ നിന്നും  ക്രിസ്ത്യാനികള്‍ കുടിയേറ്റക്കാരായി വന്നതായിരുന്നു ഇവിടെ. റോമന്‍ കത്തോലിക്കര്‍ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറിയപ്പോള്‍ അതിലൊരുകൂട്ടര്‍ കക്കയത്തേക്കും കയറിവന്നു. മലമ്പനിയോടും വന്യമൃഗങ്ങളോടും പടവെട്ടി ജീവിതം ഈ മലമുകളില്‍ നട്ടുപിടിപ്പിച്ച അധ്വാനികളുടെ വംശം. അതിലെ പിന്മുറക്കാരനാണ് ഞാനും. എന്റേയും കുറേ ബന്ധുക്കള്‍ കോഴിക്കോടിന്റെയും പലപ്രദേശങ്ങളിലുമുണ്ട്. ഈ വംശാവലിയിലെ പുതുതലമുറക്കാരെപ്പലരും കോഴിക്കോട്ട്വെച്ച് എന്റെ സൌഹൃദവൃന്ദങ്ങളുടെ ഭാഗമായിട്ടുണ്ട്.

അവരുടെ കൂട്ടത്തിലൊരാള്‍ നടനായതിന്റെ ആനന്ദത്തോടെയാണ് അവരെന്നോട് വര്‍ത്തമാനം പറയാറുള്ളത്.
കല്ലാനോടിലെ കുരിശും മൂട്ടില്‍ കാണിക്കയര്‍പ്പിച്ച് പ്രാര്‍ഥിച്ചു നിന്നു. ഈ മലഞ്ചരിവുകളിലേക്കു യാത്ര പുറപ്പെടുമ്പോള്‍ രക്തത്തില്‍ സംക്രമിച്ച യാത്രാഭ്രമത്തിന്റെ ഉറവിടങ്ങള്‍ മനസില്‍ തെളിഞ്ഞുവരുന്നു. എനിക്ക് മനസ്സുകൊണ്ട് ഇവിടെ നിന്ന് മടങ്ങാനാവില്ല. ഇതെന്റേയും വേരുകള്‍ പടര്‍ന്നുകിടക്കുന്ന മലഞ്ചരിവുകള്‍….. പ്രപിതാമഹന്മാരുടെ ആത്മാവ് ലയിച്ചു കിടക്കുന്ന മണ്ണ്….
എങ്കിലും ദൂരങ്ങളിലിരുന്ന് കോഴിക്കോടിന്റെ മധുരങ്ങളും സൌഹൃദങ്ങളും എന്നെ വിളിക്കുന്നു. ഇത് യാത്രപറയാതെയുള്ള തിരിച്ചിറക്കം. മടങ്ങി വരാന്‍വേണ്ടി എന്റെ യാത്രകള്‍ തുടങ്ങുകയാണ്.

നവീന്‍ ഭാസ്കര്‍

Related Articles

3 Comments on “KAKKAYAM with KAILASH”

 • musthafa wrote on 4 May, 2011, 9:41

  fantastic …………..kailash ……………nice

 • musthafa veliancode, wrote on 4 May, 2011, 9:43

  nice travel ”””””””””””””””””””’ da ……….

 • akbar wrote on 22 May, 2011, 13:00

  good one …

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 4 + 14 ?
Please leave these two fields as-is:

Photo Gallery

   
 1. Rony Jacob: Hello Sir, I am Rony Jacob f...
 2. Manu Suresh: I would like to subscribe over...
 3. garmin 1490t GPS problems: Thanks for your article I genu...
 4. moncler femme: Wow that was odd. I just wrote...
 5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.