DADDY’S ANGEL: Asin- Exclusive Interview

By Admin

എന്തിഷ്ടമാണെന്നോ ! ഈ പെണ്‍കുട്ടിയോട് മലയാളികള്‍ക്ക്. തെന്നിന്ത്യയുടെ ഒന്നാം നമ്പര്‍ നായിക – ബോളിവുഡിന്റെ പുതുതാരറാണി – ഉയരങ്ങളിലെ നക്ഷത്രമാകുമ്പോഴും അസിന്‍ ഇതാ ഇത്ര അരികില്‍. ഇന്ത്യയുടെ മോസ്റ് വാണ്ടഡ് ഹീറോയില്‍ തന്റെ കാര്‍ കിനാവുകളുമായി……
മുംബൈയില്‍ മെഹബൂബ് സ്റുഡിയോ മുറ്റത്ത് എപ്പോഴും ബോളിവുഡ് താരങ്ങളുടെ ഘോഷയാത്രകളാണ്. എത്രവലിയ താരം നടന്നു പോയാലും അതിശയ ചിഹ്നമുള്ള ഒരൊറ്റ നോട്ടം പോലും സ്റുഡിയോ പരിസരത്ത് കറങ്ങി നടക്കില്ല. അവിടേയ്ക്കാണ് മാലാഖയുടെ ചിരിയുമായി അസിന്‍ വന്നിറങ്ങിയത്.  ഞൊടിയിടയില്‍ ആരാധക വേലിയേറ്റങ്ങള്‍ താരത്തിനു ചുറ്റും ഇരമ്പുന്നതു കണ്ടു. ബോഡിഗാഡുകളുടെ ഉരുക്കുവലയം തീര്‍ത്ത കവചത്തിനുള്ളില്‍ അസിന്‍ സ്റുഡിയോ ഫ്ളോറിലേക്ക് നടന്നു കയറി. ബോളിവുഡ് ഭരിക്കുന്ന ഖാന്‍ മാരുടെ (അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍….) പ്രിയ സ്ക്രീന്‍ റാണി. എവിടെയും ആരാധകരുടെ പ്രഭാവലയം തീര്‍ക്കുന്നതില്‍ അത്ഭുതമില്ല.
ചൂയിംഗം ചവച്ച് കൊച്ചുവര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുന്ന ബോളിവുഡ്  താരരീതികള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ട്ടഓവര്‍ടേക്ക് ടീം’. അത്തരം ധാരണകളെ കുസൃതിയും ഊര്‍ജവും പ്രസരിപ്പിക്കുന്ന ഉഷ്മളമായ ഒരു ചിരികൊണ്ട് അസിന്‍ ആദ്യമെ മായ്ച്ച് കളഞ്ഞു.
ഇന്റര്‍വ്യുവിന് തയാറായി വന്നപ്പോള്‍ അസിന്‍ ഇങ്ങോട്ട് ചോദിച്ചു: ട്ടബ്ള ഊണു കഴിച്ചോ ?” കൊച്ചിയിലെ തോട്ടുങ്കല്‍ വീട്ടിലില്‍ നിന്ന് ഇറങ്ങിവന്ന് അതിഥികളുടെ സുഖാന്വേഷണങ്ങള്‍ തിരക്കുന്ന ഒരു സാധാരണ പെണ്‍കൊടിയെപ്പോലെ. ആഢ്യത്വം നിറഞ്ഞ പെരുമാറ്റം കൊണ്ട് പ്രിയങ്കരിയാകുന്നവള്‍. മലയാളിയുടെ മുറ്റത്തുനിന്ന് വിളിച്ചാല്‍ വിളികേള്‍ക്കുന്ന അകലത്തിലാണ് അസിനിലെ വ്യക്തിയുടെ മനസ്. എന്നാല്‍, മലയാള സിനിമ സ്വപ്നം കാണാവുന്നതിലും എത്രയോ ഉയരെയാണ് അസിന്‍ എന്ന താരം.

BIRTHDAY GIRL

ബിടൌണിലെ കൌതുകവാര്‍ത്തയാണ് അസിന്‍ ഇപ്പോഴും ഒരു പേരന്‍സ് കിഡ് ആണെന്നത്. അച്ഛന്‍ ബെര്‍ത്ത് ഡെ ഗിഫ്റ്റ് തരുന്നു, ആ ഘോഷി ക്കുന്നു. കേട്ടത്ത് ഓരോ ബെര്‍ത്ത് ഡെയ്ക്കും കാറുകളാണ് സമ്മാനിക്കുന്നതെന്നാണ് ?
(ചിരിക്കുന്നു) ബെര്‍ത്ഡേകളില്‍ കാര്‍ സമ്മാനമായി നല്‍കുന്നത് തുടങ്ങിയിട്ട് മൂന്നു നാലു വര്‍ഷമായി. പിന്നെ പേരന്റ്സ് നല്‍കുന്നതെന്തും നമുക്ക് സ്പെഷ്യലല്ലേ. അല്ലാതെ എനിക്ക് കാര്‍ ക്രെയ്സ് കൂടിയിട്ടൊന്നുമല്ല. ഇനിവരുന്ന ബെര്‍ത്ത്ഡെയ്ക്കും കാര്‍തന്നെ ഗിഫ്റ്റായി കിട്ടുമോ എന്നും അറിയില്ല.
അങ്ങനെ സര്‍പ്രൈസ് ഗിഫ്റ്റ് ആയിട്ടൊന്നുമല്ല, ബെര്‍ത് ഡേയ്ക്കു രണ്ടോ, മൂന്നോ ദിവസം മുമ്പേ കാര്‍ എത്തും. പോര്‍ച്ചില്‍ കിടക്കുന്നതു കണ്ടാലും ഞാനൊന്നും അച്ഛനോട് ചോദിക്കില്ല. ബെര്‍ത്ത്ഡെയുടെ അന്നാണ് സമ്മാനം തരുക. കഴിഞ്ഞ ജന്മദിനത്തിന് ഫോര്‍ച്യൂണര്‍ തന്നു. ഇനിവരുന്ന ബെര്‍ത്ഡേയ്ക്ക്…… ആവോ…..എനിക്കറിയില്ല (ചിരിക്കുന്നു).
അടുത്ത ഫ്രണ്ട്സില്‍ ചിലര്‍ പറയും അച്ഛനെ ഒരു വര്‍ഷത്തേയ്ക്കെങ്കിലും എക്സ്ചേഞ്ച് ചെയ്യാമോ എന്ന്.
(ഇനിയൊരു സ്വകാര്യം. അത് ഓവര്‍ടേക്ക് വായനക്കാര്‍ മാത്രം അറിഞ്ഞാല്‍ മതി. ഒക്ടോബര്‍ 26 ാം തീയതിയാണ് അസിന്റെ ബെര്‍ത് ഡേ. അന്ന് അസിന്റെ അച്ഛന്‍ ജോസഫ് തോട്ടുങ്കല്‍ മകള്‍ക്കു സമ്മാനിക്കാനായി കരുതി വച്ചിരിക്കുന്നത് മെര്‍സിഡസ് എസ്600 ആണ്. ഇന്ത്യയില്‍ ഇതുവരെ എത്താത്ത എസ് 600 നെ അടുത്ത ബെര്‍ത്ത്ഡെയ്ക്ക് ഡെലിവറി കിട്ടത്തക്ക വിധം ബുക്ക് ചെയ്തു കഴിഞ്ഞു. ട്ടഓവര്‍ടേക്ക്’ നോട് അച്ഛന്‍ സ്വകാര്യ രഹസ്യമായി പറഞ്ഞതാണിത്.)

ഗിഫ്റ്റ് ലഭിക്കുമ്പോള്‍ ഏതൊരു ജന്മദിനകുട്ടിയും സമ്മാനവുമായി ഒരു കറക്കമാണ്. പ്രിയപ്പെട്ടവരെ കാണിക്കാനും അല്‍പ്പസ്വല്‍പ്പം ഗമകാണിക്കാനുമൊക്കെയായി. അസിനിലെ ബെര്‍ത്ത് ഡേ ഗേള്‍ എങ്ങിനെയാണ് ?
ഷൂട്ടിംഗ് ഷെഡ്യുളുകള്‍ക്കിടയില്‍ ഒന്നിനും സമയം കിട്ടാറില്ല. ഗിഫ്റ്റ് ആയി കിട്ടിയ കാര്‍ 30 ദിവസം വരെ എന്നെക്കാത്ത് പോര്‍ച്ചില്‍ കിടന്നിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോള്‍ ഒന്നു ചുറ്റിനടന്നുനോക്കും. എത്രയോ ദിവസം  കൂടുമ്പോഴായിരിക്കും ഒന്നു ഫ്രീയാകുക.
സമയം കിട്ടുമ്പോള്‍ ഫ്രണ്ട്സിനൊപ്പം കാറിലൊന്നു ചുറ്റാനിറങ്ങും അത്രയേയുള്ളൂ.

GOLDEN MOMENTS
മെഹബൂബ് സ്റുഡിയോയുടെ മുന്നില്‍ ഓഡി ക്യു 7ല്‍ ‘ഓവര്‍ടേക്ക്’ വായനക്കാര്‍ക്കായി ഒരു ഫോട്ടോ സെഷന് തയാറാകുകയാണ് അസിന്‍. തൊട്ടടുത്ത് ഒരാള്‍ വന്നു നിന്നപ്പോള്‍ കണ്ണുകള്‍ വിടരുന്നു. പ്രിയദര്‍ശന്‍. ‘തേസ്› എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രണ്ടുമൂന്നു ദിവസമായി പ്രിയന്‍ മെഹബൂബ് സ്റുഡിയോയിലുണ്ട്. വര്‍ത്തമാനങ്ങള്‍ക്കൊടുവില്‍ പ്രിയന്‍ ഒരാളെക്കൂടി കാണാമെന്നു പറഞ്ഞു. ക്യാരവാനില്‍ നിന്നും അയാള്‍ അല്‍പം നാണത്തോടെ ഇറങ്ങിവന്നു – മോഹന്‍ലാല്‍. വിശേഷങ്ങള്‍ തിരക്കി മൂവരും അല്‍പനേരം വര്‍ത്തമാനങ്ങളില്‍ മുഴുകി.

ലാലേട്ടനൊപ്പം ഒരു ഫോട്ടോ വേണമെന്നായി അസിന്‍. സ്വതസിന്ധമായ ചമ്മല്‍ ചിരിയോടെ ലാലേട്ടന്‍ ചേര്‍ന്നപ്പോള്‍ മലയാളത്തിന്റെ സന്തോഷം പോലെ ജമേഷ് കോട്ടയ്ക്കലിന്റെ ക്യാമറ രണ്ടുമൂന്നു തവണ ചിരിച്ചു മിന്നി.

AJAY’S MASERATI
സ്റുഡിയോ ഫ്ളോറില്‍ ബിഗ് ബസാറിന്റെ പ്രചരണാര്‍ഥം നടത്തുന്ന പരസ്യ ചിത്രീകരണത്തിലാണ് അസിന്‍ ഇപ്പോള്‍. കോസ്റ്യും ചെയ്ഞ്ചുകള്‍ക്കായും മെയ്ക്കപ്പ് ഓവറുകള്‍ക്കായി ഇടയ്ക്കിടെ കാരവാനിലേക്ക് മുങ്ങി നിവരുന്നു. സ്റുഡിയോ മുറ്റം നിറയെ കാരവാനുകളുടെ തൃശൂര്‍പൂരമാണ്. എല്ലാത്തിന്റെയും പുറത്ത് അതാത് താരങ്ങളുടെ പേരുകള്‍ എഴുതി ഒട്ടിച്ചിരിക്കുന്നു.

ബോളിവുഡ് നടന്മാരുടെ കാരവാനുകള്‍ മുംബൈയില്‍ പാര്‍ക്കിംഗ്  പ്രശ്നം കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട് ?.
ഇവിടെ ഭൂരിപക്ഷം പേരും റെന്റിനെടുത്താണ് ക്യാരവാനുകള്‍ ഉപയോഗിക്കുന്നത്. ഷാരൂഖാന് സ്വന്തമായി കാരവാന്‍ ഉണ്ട്. സല്‍മാന്‍ഖാന്‍ ഒരെണ്ണം കസ്റമൈയ്സ് ചെയ്യുന്നുണ്ടെന്നു കേട്ടു. എനിക്ക് സ്വന്തമായി ക്യാരവാനില്ല. ഉടന്‍ വാങ്ങാനും ഉദ്ദേശമില്ല. ഇപ്പോള്‍ നിലവിലുള്ള വാഹനങ്ങള്‍തന്നെ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല. അപ്പോള്‍ ഒരു കാരവാന്‍ കൂടി വന്നാല്‍ മുംബൈയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍… ഒരു ഐഡിയയും കിട്ടുന്നില്ല.

മലയാളത്തിലെ ഏറ്റഴും വലിയ കാര്‍ ക്രെയ്സുള്ള താരമെന്ന പദവി മമ്മൂട്ടിക്കാണ് ഇണങ്ങുക. ബോളിവുഡില്‍ ആ പട്ടം ആര്‍ക്കു നല്‍കാം?.
അജയ് ദേവ്ഗണ്‍. ലണ്ടന്‍ ഡ്രീംസിന്റെ ലൊക്കേഷനിലേയ്ക്ക് പുതുപുത്തന്‍ കാര്‍മോഡലുകളൊക്കെ ഓടിച്ചിട്ടാണ് അജയ് വന്നത്. അജയ്ക്ക് ഒരു മസ്റാട്ടിയുണ്ട്. ഹിന്ദി സിനിമാ ലോകത്ത് മറ്റാര്‍ക്കും മസറാറ്റിയില്ല.

ഒരുപാട് വാഹനങ്ങള്‍. അസിന്റെ ഇഷ്ടവാഹനം ഏത് ?

എനിക്ക് അങ്ങനെ വലിയ വാഹന ക്രെയ്സൊന്നുമില്ല. കംഫര്‍ട്ടബിളായി യാത്ര ചെയ്യണം – അത്രയേയുള്ളൂ. എന്റെ ഫേവറേറ്റ്് ഓഡിയാണ്.  ലക്ഷ്വറിയും കംഫര്‍ട്ടും ഏതു നോക്കിയാലും നമ്മള്‍ക്ക് എവിടെവേണമെങ്കിലും കൊണ്ടുപോകാം. എപ്പോഴും വാഹനം മാറ്റണം, പുതിയതുകിട്ടണം അങ്ങനെ ഒരാഗ്രഹക്കാരിയൊന്നുമല്ല ഞാന്‍. അങ്ങനെയൊരു ഡ്രീം വാഹനവും മനസിലില്ല.

ANGEL ON CAR
ഷൂട്ടിങ് കഴിഞ്ഞ് തന്റെ പ്രിയപ്പെട്ട ഓഡിയില്‍ അപ്പാര്‍ട്ട്മെന്റിലേക്ക് മടങ്ങുകയാണ് അസിന്‍. നഗരത്തിരക്കുകളില്‍ ജീവിതവും നെഞ്ചോടടുപ്പിച്ച് തത്രപ്പാടുകളുമായി ഒഴുകുന്ന ജനം. കാഴ്ചകളിലേയ്ക്ക് നോക്കിയിരുന്ന് അസിന്‍ അല്‍പ്പനേരം നിശബ്ദയായി. അന്ധേരിയിലെ നഗരത്തിരക്കില്‍ റോഡ് ക്രോസ് ചെയ്യാന്‍ പകച്ച് ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ നിന്നു കരഞ്ഞ ഒരു കുട്ടിയെ അസിന്‍ രക്ഷപ്പെടുത്തിയത് മാസങ്ങള്‍ക്കു മുന്‍പ് മുംബൈ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്ന വാര്‍ത്തയാണ്. ബാരിക്കേഡ് മറികടന്ന് കുട്ടിയെ രക്ഷിക്കുമ്പോള്‍ അസിന്‍ റോഡില്‍ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  ഗജിനിയിലെ കല്‍പ്പന സ്ക്രീനില്‍ നിന്ന്  തന്നെ രക്ഷിക്കാനായി ഇറങ്ങിവന്നപ്പോള്‍ ആ കുട്ടി അമ്പരന്നിട്ടുണ്ടാകണം. അതേപ്പറ്റി പത്രക്കാര്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ അതെല്ലാം തികച്ചും വ്യക്തിപരമായ കാര്യമല്ലേ, കൂടുതലൊന്നും പറയാനില്ല എന്ന് അസിന്‍ ഒഴിഞ്ഞുമാറിയെന്നും വാര്‍ത്തയുണ്ടായി.


മുംബൈ പോലൊരു തിരക്കുള്ള നഗരത്തില്‍ ഡ്രൈവിങ് പ്രയാസമുള്ള കാര്യമല്ലേ ?

ഞാന്‍ കേരളത്തിലല്ലേ വാഹനമോടിച്ചു പഠിച്ചത്. കേരളത്തില്‍ ഡ്രൈവിങ് പഠിച്ചവര്‍ക്ക് എവിടെയും വാഹനമോടിക്കാം. കൊച്ചിയില്‍ വച്ച് അംബാസിഡറില്‍ വെച്ചായിരുന്നു പഠനം. സെന്റ് തെരേസാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ തനിയെ ഡ്രൈവ് ചെയ്തു പോകും. ചിലപ്പോള്‍ അച്ഛന്‍ ഡ്രോപ്പ് ചെയ്യും. ഡ്രൈവറുമുണ്ടായിരുന്നു. പൊതുവെ ഡ്രൈവറെ കൂട്ടാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍. ഷൂട്ടിങ്ങിനുപോകുമ്പോള്‍ ഡ്രൈവറെയും കൊണ്ടുപോകും. ഷൂട്ടിങ് കഴിഞ്ഞ് ആകെ ക്ഷീണിതയായി മടങ്ങുമ്പോള്‍ ഡ്രൈവിങ്ങിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാന്‍ കഴിയാതെ വരും

ടൂവീലര്‍ താത്പര്യങ്ങള്‍…?

ചെറുപ്പത്തില്‍ സൈക്കിള്‍, പിന്നെ സ്കൂട്ടറിലേക്കു പ്രമോഷന്‍. ഒന്‍പതാം ക്ളാസിലായപ്പോള്‍ ഡ്രൈവിങ് പഠിച്ചു. ആറു വര്‍ഷം മുമ്പ് ഒരു ഫ്രണ്ടിന്റെ ബൈക്ക് കണ്ടപ്പോള്‍ ഓടിക്കാന്‍ മോഹം തോന്നി. ഗിയര്‍ മാറ്റുന്നതെങ്ങനെയെന്നൊക്കെ പറഞ്ഞുതന്നത് കേട്ടുപഠിച്ച് രണ്ടും കല്‍പ്പിച്ച് ബൈക്കെടുത്തു. നേരെപോയി ഒരു മതിലിലിടിച്ചു. അതോടെ ടൂവീലര്‍ റൈഡിങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. സിനിമയ്ക്കു വേണ്ടിയല്ലാതെ ജീവിതത്തില്‍ ടൂവീലര്‍ ഡ്രൈവ് ഇല്ലേയില്ല.

AMBASSADOR MEMOIRS
ലോഖന്‍ഡ് വാലയിലെ അസിന്റെ ഫ്ളാറ്റ്. തബു, ശ്രീദേവി തുടങ്ങിയ താരങ്ങളെല്ലാം ഈ അപ്പാര്‍ട്ട്മെന്റിലാണ് താമസം. ഫ്ളാറ്റില്‍ പഴയ ഫോട്ടോകള്‍ക്കിടയില്‍ നിന്ന് കുഞ്ഞ് അസിന്‍ ഒരു അംബാസിഡറിന്റെ മുകളിലിരിക്കുന്ന ചിത്രം അസിന്റെ അച്ഛന്‍ കാട്ടിത്തന്നു. ഗജിനിയിലെ കല്‍പ്പന  എന്ന കഥാപാത്രവും അംബാസിഡറും തമ്മിലുള്ള ബന്ധം തന്നെയാണ് അസിന്റെ ജീവിതത്തില്‍ ഈ അംബാസിഡറിനുമുള്ളത്. ഗജിനിയില്‍ കല്‍പ്പന കുട്ടിക്കാലത്തെ ഫോട്ടോയിലേക്കു നോക്കി ഓര്‍മയില്‍ മുഴുകുമ്പോള്‍ സിനിമയില്‍ കാണിച്ചതും ഇതേ ഫോട്ടോ തന്നെ. കല്‍പ്പനയെപ്പോലെ അസിനേയും ആ അംബാസിഡര്‍ ഓര്‍മകളുടെ പൂക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

ഈ അംബാസിഡറില്‍ തന്നെയാണോ ഡ്രൈവിങ് പഠിച്ചത് ?
ഞാന്‍ ജനിച്ച സമയത്ത് വീട്ടിലുണ്ടായിരുന്ന കാര്‍ അതായിരുന്നു.
അതിന്റെ പുറത്ത് ഭയങ്കര കസര്‍ത്ത് ആയിരുന്നു. തീരെ കുട്ടിയായിരുന്നപ്പോള്‍ ആ കാറിനു ചുറ്റുമായിരുന്നു എന്റെ കുറുമ്പ് ലോകം. അമ്മ ഡോക്ടറാണല്ലോ, അമ്മയെ അച്ഛന്‍ ഹോസ്പിറ്റലില്‍ ഡ്രോപ്പ് ചെയ്യാന്‍ പോകുമ്പോള്‍ എന്നേയും മടിയിലിരുത്തിക്കൊണ്ടുപോകും. പിന്നെ ഞങ്ങളെല്ലാം കൂടി വൈകുന്നേരം പാര്‍ക്കിലേക്കു പോകും. അമ്മയുടെ മടിയില്‍ എഴുന്നേറ്റ് നിന്ന് കാഴ്ചകളൊക്കെക്കാണും.
വീടിനോട് ചേര്‍ന്ന് തന്നെയായിരുന്നു കാര്‍പോര്‍ച്ച്.  വീട്ടിലിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേരം ഞാന്‍ പോര്‍ച്ചിലായിരിക്കും. ഈ കാറിന്റെ മുകളിലേയ്ക്കൊക്കെ ചവിട്ടിക്കയറി ബോണറ്റില്‍ക്കയറിയിരിക്കും. കളറിങ് ബുക്ക്, ക്രയോണ്‍പെന്‍സില്‍ എന്നിവയൊക്കെ വച്ച് കളിയെല്ലാം അതിന്റെ പുറത്താണ്.
അപ്പാര്‍ട്ട്മെന്റ്സിന്റെ ജനാലച്ചില്ലിലൂടെ ബാന്ദ്രയിലെ റോഡില്‍ വാഹനങ്ങളുടെ പ്രകാശയാത്രകള്‍ നോക്കിയിരിക്കുകയാണ് അസിനിപ്പോള്‍. കളറിങ് ക്രയോണ്‍ വര്‍ണരാജികള്‍ വരച്ച ആ മാലാഖക്കുട്ടി ഓര്‍മകളിലേക്കു പറന്നു പോകുന്നു.

നവീന്‍ ഭാസ്കര്‍

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 9 + 10 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.