ഒരു റിട്ടയേര്‍ഡ് സുന്ദരി

By Admin

പണ്ട് എന്റെ അമ്മവീടിനടുത്തൊരു ബിഎസ്എ സൈക്കിളുണ്ടായിരുന്നു. ഈ സൈക്കിളിന്റെ പിന്നിലെ മഡ്ഗാര്‍ഡില്‍ കണ്ട ബിഎസ്എയുടെ ലോഗോ എന്താണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം, നേരെ നില്‍ക്കുന്ന മൂന്നുതോക്കുകളാണതിലുള്ളത്. അതേപ്പറ്റി പലരോടും അന്വേഷിച്ചെങ്കിലും എല്ലാവരും കൈമലര്‍ത്തി. വര്‍ഷങ്ങള്‍ കടന്നു പോയി. അടുത്തിടെ ആലപ്പുഴയിലൊരിടത്തു കണ്ട പഴയൊരു ബൈക്കിലെ ബിഎസ്എ എന്ന എംബ്ളം എന്നെ വീണ്ടുംപഴയ അന്വേഷണം തുടരാന്‍ പ്രേരിപ്പിച്ചു. അന്വേഷണം ഇനിയും അവസാനിച്ചില്ലെങ്കിലും ബര്‍മിങ്ഹാം സ്മോള്‍ ആംസ് എന്ന ബൃഹദ്സ്ഥാപനത്തെപ്പറ്റി അറിയാന്‍ അതുപകരിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് തോക്കുകളും മറ്റുപകരണങ്ങളും നിര്‍മിച്ചു നല്‍കിയിരുന്ന ബിഎസ്എയ്ക്കു ഉത്പന്നങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഇന്ന് ഇന്ത്യയിലെ ടിഐ സൈക്കിള്‍സിന്റെ കൈവശമുള്ള ബിഎസ്എ സൈക്കിളുകള്‍.
ബിഎസ്എ ബൈക്കുകളെപ്പറ്റി വിവരിക്കാന്‍ പോയാല്‍ ബ്രിട്ടീഷ് ബൈക്കുകളായ നോര്‍ട്ടണ്‍, ട്രയംഫ്, മാച്ച്ലെസ ് തുടങ്ങിയവരെപ്പറ്റിയെല്ലാം എഴുതേണ്ടിവരുമെന്നതു കൊണ്ട് അത്തരമൊരു സാഹസം വരും ലക്കങ്ങളിലേക്ക് മാറ്റിവച്ചുകൊണ്ട് നമുക്ക് ആലപ്പുഴയിലുള്ള പ്രദീപിന്റെ ബിഎസ്എ ബി33 350 എന്ന ബൈക്കിനെ ഒന്ന് അടുത്തറിയാം.
ഒറ്റനോട്ടത്തില്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നേ പറയൂ, കാരണം ബ്രിട്ടീഷ് ബൈക്കുകളുടെ പൊതുവായ രൂപമാണിത്.  ബുള്ളറ്റ് ആ രൂപം ഇപ്പോഴും നിലനിര്‍ത്തിയിട്ടുള്ളതുകൊണ്ട് നമ്മുടെ ബ്രിട്ടിഷ് ബൈക്ക് സങ്കല്‍പ്പം ബുള്ളറ്റില്‍ അധിഷ്ഠിതമാണ്. (അതുകൊണ്ടാവണം സിനിമാതാരം കമല്‍ഹാസന്റെ കൈവശമുള്ള 1953 മോഡല്‍ മാച്ച്ലെസ്റ് ബൈക്കിനെ മലയാളത്തിലെ പ്രമുഖപത്രം മാച്ച്ലെസ് ബുള്ളറ്റ് ബൈക്ക് എന്നു വിശേഷിപ്പിക്കാന്‍ തക്ക വങ്കത്തരം കാണിച്ചത്)നെഞ്ചുംവിരിച്ചു യോദ്ധാവിനെപ്പോലെ നില്‍ക്കുന്ന ബിഎസ്എ കണ്ടാല്‍ പ്രശസ്ത ഇംഗ്ളീഷ് ഹാസ്യചിത്രം ഹാങ്ങോവറിലെ അലനെപ്പോലെ യെന്ന് ആരും പറയും.
വൌ…ക്ളാസിക്… എന്നോ മസ്കുലര്‍ അല്ലെങ്കില്‍ മാച്ചോ എന്നോ, ഒക്കെ സ്വയം വിളിച്ച് ഫൈബറില്‍ തട്ടിക്കൂട്ടിയ ഏച്ചുകെട്ടലുമായിറങ്ങുന്ന അഭിനവ ബൈക്ക് കുമാരന്മാര്‍ ബിഎസ്എ പോലുള്ള ഇംഗ്ളീഷ് കാരണ
വന്മാരെ കണ്ടുപഠിക്കണം. തറവാടിത്തം എന്താണെന്നൊന്ന് പഠിക്കാമല്ലോ. ബലിഷ്ഠമായ ഫ്രെയിമില്‍ നിലകൊള്ളുന്ന ഈ ബൈക്കിനെ എങ്ങനെ വര്‍ണിച്ചു തുടങ്ങണമെന്ന് സത്യം പറഞ്ഞാല്‍ എനിക്കുമറിയില്ല. മുന്‍ഭാഗത്തു
നിന്നു തന്നെ തുടങ്ങാം. എന്‍ഫീല്‍ഡിന്റേതു പോലെ ഉരുണ്ട മെറ്റല്‍ മഡ്ഗാര്‍ഡ്, അതിനിരു
വശത്തുമുള്ള കരുത്തുറ്റ ഫോര്‍ക്കുകളില്‍ ടെലസ്കോപ്പിക് സസ്പെന്‍ഷനാണുള്ളത്. ഹെഡ്ലാമ്പിനു ചുറ്റുമുള്ള ഹൌസിംഗില്‍ സ്പീഡോമീറ്റര്‍, അമീറ്റര്‍, ഹെഡ്ലാമ്പ് സ്വിച്ച് തുടങ്ങിയവ വളരെ ഭംഗിയായി ഒരുക്കിയിരിക്കുന്നു. സ്പീഡോ മീറ്റര്‍ രസകരമാണ്. തലതിരിഞ്ഞ ലേ-ഔട്ട് ആരെയുമൊന്നു കുഴക്കും. പരമാവധി വേഗത കാണിച്ചിരിക്കുന്നത് 120 മൈല്‍. എന്റമ്മോ… എന്നു വിളിക്കാന്‍ വരട്ടെ. അതിശയോക്തിയല്ലിത്, ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിറങ്ങിയ ഇത്തരം ബൈക്കുകള്‍ക്ക് ആ വേഗത സാധാരണമായിരുന്നു. സ്പീഡോമീറ്ററിനു താഴെയായിക്കാണുന്ന കറുത്ത നോബ് എന്താണെന്ന് ഒരു പക്ഷേ അധികം പേര്‍ക്കും അറിയുകയുണ്ടാകില്ല. ഇന്ത്യന്‍ ബൈക്കുകളില്‍ അത്തരമൊരു സംവിധാനമില്ലല്ലോ. അതാണ് സ്റിയറിങ് ഡാംപര്‍. ഉയര്‍ന്ന വേഗതകളില്‍ ഹാന്‍ഡില്‍ മെക്കാനിസം അയഞ്ഞു
ണ്ടാകുന്ന അപകടം തടയാനാണിത്. ആവശ്യാനുസരണം ഹാന്‍ഡിലിന്റെ പ്ളേ കൂട്ടാം കുറയ്ക്കാം. കൊഴുത്തുരുണ്ട പെട്രോള്‍ ടാങ്കിന്റെ ശേഷി നാല് ഗ്യാലന്‍ അഥവാ 18 ലീറ്ററാണ്. അതിനിടയിലായി ബി33 ന്റെ ഹൃദയം
സ്ഥിതിചെയ്യുന്നു. 350 സിസി ഒഎച്ച്വി അഥവാ ഓവര്‍ഹെഡ് വാല്‍വ് എയര്‍കൂള്‍ഡ് എന്‍ജിന്‍. സിലിണ്ടറിനു ഒരു വശത്തു
കൂടി മുകളിലേക്ക് പോകുന്ന വാല്‍വ്, ഓപ്പറേറ്റിങ് മെക്കാനിസത്തെ മറയ്ക്കുന്ന അലുമിനിയം കവര്‍ എന്നിവ എഞ്ചിന്റെ പ്രത്യേകതകളാണ്. ബി33 സീരിയല്‍ 350/500സിസി ബൈക്കുകള്‍ക്കു മാത്രമാണിതുണ്ടായിരുന്നത്. ഇടതുവശത്താണ് ബ്രേക്ക്. വലതുഭാഗത്ത് കിക്ക് സ്റാര്‍ട്ടര്‍, ഗിയര്‍ തുടങ്ങിയവ. എഞ്ചിന്റെ ഇന്‍ലെറ്റ് പൈപ്പിലുറപ്പിച്ച അമാല്‍ കാര്‍ബുറേറ്റര്‍ വായിലൊരു ചെറിയ എയര്‍ ഫില്‍ട്ടറും കടിച്ചു പിടിച്ച് വഴിയിലേക്ക് നോക്കി നില്‍ക്കുന്നു. അപ്പോള്‍ എയര്‍ ഫില്‍ട്ടര്‍ ബോക്സില്‍ എന്താണുള്ളത് ? അതൊരു ചെറിയ ടാങ്കാണ്. ഒരു ഓയില്‍ റിസര്‍വോയര്‍. എഞ്ചിനില്‍ നിന്നും ഇതിലേക്ക് ഹോസ് കണക്ഷനുണ്ട്.ഓയില്‍ ലെവല്‍  താഴാതെ നോക്കണമെന്നത് ബിഎസ്എ ഉടമകളോട് ആരും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല, കാരണം അതവരുടെ ജീവിതചര്യകളിലൊന്നു മാത്രം.

ഇനി ടെസ്റ് ഡ്രൈവ്
ആമ്പിയര്‍ നോക്കി കിക്ക് ചെയ്തു, ഒറ്റയടിക്ക് സ്റാര്‍ട്ടായില്ല. ക്ഷമ , കൂടുതല്‍ വിയര്‍ക്കാനുപകരിക്കുമല്ലോ… വീണ്ടും ചവിട്ടി. ഇത്തവണ ഇടിനാദം മുഴക്കി മൂപ്പരുണര്‍ന്നു. മെല്ലെ ഫസ്റ് ഗിയര്‍.. ബി33 ഉരുണ്ടു നീങ്ങുകയാണ്. ആ ഇംപ്പോര്‍ട്ടഡ് ഇംഗ്ളീഷ് മോട്ടോര്‍ സൈക്കിളില്‍ ഞാന്‍ ഗുരുവായൂര്‍ കേശവന്റെ മുകളിലെന്നപോലെ തലയുയര്‍ത്തിപ്പിടിച്ചിരുന്നു. റോഡില്‍ നല്ല സ്ഥിരതയുള്ള പ്രകടനമാണ് ബി33 കാഴ്ചവച്ചത്. ബ്രേക്കിങ്ങും അത്യുഗ്രന്‍. കോര്‍ണറിംഗ് സ്റെബിലിറ്റിയും വളരെ നല്ലത്. ടെസ്റ് ഡ്രൈവ് കഴിഞ്ഞപ്പോള്‍ മനസിലവശേഷിച്ച ഒരു സംശയം: എന്തുകൊണ്ട് ഇത്തരം ബൈക്കുകള്‍ നിര്‍മിച്ച ഒരു കമ്പനി 1937 ല്‍ അടച്ചുപൂട്ടിപ്പോയി.? ഉത്തരം കിട്ടിയത് ഇന്റര്‍നെറ്റില്‍ നിന്നാണ്. കടബാധ്യത !

Related Articles

Write a Comment

IMPORTANT! To be able to proceed, you need to solve the following simple math (so we know that you are a human) :-)

What is 12 + 5 ?
Please leave these two fields as-is:

Photo Gallery

   
  1. Rony Jacob: Hello Sir, I am Rony Jacob f...
  2. Manu Suresh: I would like to subscribe over...
  3. garmin 1490t GPS problems: Thanks for your article I genu...
  4. moncler femme: Wow that was odd. I just wrote...
  5. enfockice: Countertops convection ovens w...

Subscribe

Enter your email to receive updates:

Copyright © 2010 Overtakeonline.in. All rights reserved.